ചെമ്പോണി – അദ്ധ്യായം 4

ചെമ്പോണി – അദ്ധ്യായം 4

കാവ്യദാസ് ചേര്‍ത്തല

സ്കൂളിലേയ്ക്കും തിരികെ വീട്ടിലേയ്ക്കുമുള്ള യാത്ര അച്ചൂട്ടന് നന്നേ പിടിച്ചു. അച്ഛന്‍റെ ഒരു ആശ്രിതന്‍ കൂടിയായ ഗോപാലന്‍ എന്നൊരാളിന്‍റെ സൈക്കിള്‍റിക്ഷയിലാണ് അവന്‍റെ പോക്കുവരവ്. പ്രായഭേദമെന്യേ എല്ലാവരും അയാളെ 'കോവാലേട്ടന്‍' എന്നാണ് വിളിക്കുന്നത്. തികഞ്ഞ ഗാന്ധിഭക്തനായ ഗോപാലന്‍ 'ബാപ്പുജി' എന്ന പേര് നാലാള്‍ക്കു കാണത്തക്ക വിധത്തില്‍ തന്‍റെ റിക്ഷയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഗോപാലന്‍റെ അച്ഛന്‍ കിട്ടന്‍ ബ്രിട്ടീഷു പോലീസിന്‍റെ തല്ലും തൊഴിയുമേറ്റാണത്രേ മരിച്ചത്. അതുകൊണ്ട് വെള്ളക്കാരെന്നു കേള്‍ക്കുന്നതേ അയാള്‍ക്കു കലിയാണ്. വെള്ളക്കാരിലും നല്ലവരുണ്ടായിരുന്നുവെന്നാണ് അച്ഛന്‍ പറയുന്നത്. അച്ഛന്‍റെ മുത്തച്ഛനെ വെള്ളക്കാര്‍ പട്ടും വളയും നല്‍കി ആദരിച്ചിട്ടുണ്ട്.

'പ്രാവേ പ്രാവേ കൂടെവിടെ
വാവാ കൂട്ടിനകത്താക്കാം' – റിക്ഷയ്ക്കുള്ളില്‍ നിന്ന് പതിവു പല്ലവി ഉയര്‍ന്നുതുടങ്ങി. നേതൃത്വം വെങ്കിടേശനു തന്നെ. വെങ്കിടി എന്നാണ് വിദ്വാന്‍റെ ചുരുക്കപ്പേര്.
"ഹൊ, ശല്യം തൊടങ്ങി. ഒന്നു മിണ്ടാതിരി പിള്ളേരെ. റിക്ഷാ മുട്ടി വല്ലോരുടേം കൈയോ കാലോ ഒടിഞ്ഞാലേ എന്നേം കൊണ്ടാ പോലീസു പോകുന്നേ. അടങ്ങിയിരുന്നില്ലേ എല്ലാത്തിനേം ഞാന്‍ ചവിട്ടിക്കൂട്ടി പുറത്തിടും."

അങ്ങനെയൊക്കെ പറയുമെങ്കിലും ഇന്നോളം ഒരു കുട്ടിയേയും റിക്ഷയിലിരുന്ന് പാട്ടുപാടിയെന്ന കുറ്റത്തിന് ഗോപാലേട്ടന്‍ ശിക്ഷിച്ചതായി കേട്ടിട്ടില്ല. ചന്തക്കവലയില്‍ പതിവു തിരക്കു തന്നെ. പുത്തന്‍തോടിന്‍റെ കരയില്‍ കെട്ടു വെള്ളത്തില്‍ വന്നിറങ്ങിയ അരിച്ചാക്കുകള്‍ തലച്ചുമടായി ചന്തയിലെ പ്രമാണിമാരുടെ കടയിലേയ്ക്ക് ചുമന്നെത്തിക്കുന്ന പണിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് കൊച്ചുപാപ്പി നില്‍ക്കുന്നു. അരി ചന്തയിലെത്തിക്കേണ്ടതിന്‍റെ മേല്‍നോട്ടം അയാള്‍ക്കാണ്. ഗോപാലേട്ടനെ കണ്ടതും കൊച്ചുപാപ്പി റിക്ഷയ്ക്കരികിലേയ്ക്ക് ഓടി വന്നു. അവരിരുവരും ചങ്ങാതിമാരാണ്. ഒരു ചെറിയ കുശലാന്വേഷണം. റിക്ഷ വീണ്ടും മുന്നോട്ടുനീങ്ങി. യാത്രാമദ്ധ്യേ ഒരു വലിയ പാലം കടക്കേണ്ടതുണ്ട്. കുട്ടികളും അവരുടെ പുസ്തകക്കെട്ടുമായി റിക്ഷ അക്കരെയെത്തിക്കുന്നത് ഒരു പെടാപ്പാടു തന്നെയാണ്. തൊട്ടടുത്തുള്ള ചായപ്പീടികയിലിരിക്കുന്ന ആരെങ്കിലും അപ്പോള്‍ അവിടേയ്ക്കുവരും. ഗോപാലേട്ടന്‍ നിലത്തിറങ്ങി റിക്ഷ വലിച്ചു മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ പിന്നില്‍നിന്ന് ഉന്തി സഹായിക്കുന്ന സേവനസന്നദ്ധന് അങ്ങനെ പെട്ടെന്നു പോകുവാന്‍ കഴിയില്ല. കയറ്റം കയറുന്ന റിക്ഷയെ ഇറക്കത്തിലും സഹായിച്ചേ അയാള്‍ക്കു മടങ്ങാനാവൂ. നന്ദിയും ഒരു പത്തുപൈസ തുട്ടും ഗോപാലേട്ടന്‍റെ പക്കല്‍നിന്നും സഹായിക്കു കിട്ടും. "നാളെ കാണാം" – ഗോപാലേട്ടന്‍ മുന്നോട്ടേയ്ക്ക്… ഒപ്പം കുട്ടിപ്പട്ടാളവും.

അച്ചൂട്ടനെ വീട്ടുപടിക്കലിറക്കി സൈക്കിള്‍ റിക്ഷ തിരിച്ചുപോയി. പടിപ്പുര കടക്കുമ്പോള്‍ ആരുടെയോ ഉച്ചത്തിലുള്ള ചിരി കേട്ട് അവന്‍ ചെറുതായൊന്ന് ഞെട്ടി. അടുത്തു ചെന്നപ്പോഴാണ് അത് മേനോച്ചനാണെന്ന് മനസ്സിലായത്. മേനോച്ചന്‍ അച്ഛന്‍റെ ഒരകന്ന ബന്ധുവാണ്. ഹൈക്കോടതി വക്കീലായ മേനോച്ചന് ഒരു സിനിമാ ശാലയും രണ്ടു ബംഗ്ലാവുകളും ഉണ്ടെന്നാണ് ഒരിക്കല്‍ അച്ഛന്‍ പറഞ്ഞത്. "നുണ പറഞ്ഞ് കാശ് മേടിക്കുന്നവന്‍" എന്ന് അച്ഛച്ഛന്‍ ഇടയ്ക്കിടെ മേനോച്ചനെ കളിയാക്കാറുണ്ട്. അതിനു സമാധാനം എന്നോണം മേനോച്ചന്‍ പറയും: "ഞാന്‍ ജഡ്ജി ആയ്ക്കോട്ടെ, പിന്നെ സത്യേ പറയൂ."

അമ്മ നല്‍കിയ ഓട്ടടയും കാപ്പിയും കഴിച്ച് അച്ചൂട്ടന്‍ റേഡിയോ ഓണ്‍ ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അച്ഛന്‍ അതു കൊണ്ടുവന്നത്. ഒരു വലിയ പെട്ടിയാണെന്നേ ആദ്യം വിചാരിച്ചുള്ളൂ. "കുട്ടാ, ഇതാണ് റേഡിയോ. ഈ കറുത്ത സ്വിച്ച് വലത്തോട്ടു തിരിച്ചാല്‍ പാട്ടു കേള്‍ക്കാം." അച്ഛന്‍ റേഡിയോ പ്രവര്‍ത്തിപ്പിച്ചയുടന്‍ കേട്ടത് വാര്‍ത്തയാണ്. വാര്‍ത്ത കഴിഞ്ഞയുടന്‍ ഒരു പാട്ടും കേള്‍ക്കാന്‍ കഴിഞ്ഞു. പാട്ട് അച്ചൂട്ടന് പ്രാണനാണ്.

"അതേയ്, അച്ഛാ ഇത്രം വല്യ മനുഷ്യേര് എങ്ങന്യാ ഈ റേഡിയോയില് കേറി നില്‍ക്കണത്. അതോ അവരു കുഞ്ഞന്‍മാരാണോ"

ഗള്ളിവറുടെ സഞ്ചാരകഥ വാസുദേവന്‍ മാഷ് കഴിഞ്ഞ ദിവസം പറഞ്ഞത് അവന്‍റെ മനസ്സിലേയ്ക്കു കടന്നുവന്നു.

"എടാ മണ്ടച്ചാരേ, മനുഷ്യന്മാര്‍ക്ക് ഇതിനുള്ളില് കേറാന്‍ പറ്റ്വേ. ഇതിനുള്ളില് മുഴുവനും യന്ത്രഭാഗങ്ങളാ" – അച്ഛന്‍ പറഞ്ഞത് അവനത്ര വിശ്വാസമായിട്ടില്ല. ഒരു ദിവസം തീര്‍ച്ചയായും റേഡിയോയ്ക്കുള്ളിലെ അത്ഭുത മനുഷ്യരെ അവന്‍ കണ്ടുപിടിക്കും. അച്ചൂട്ടനോടാ കളി.

* * * * *

"നേരമെത്രയായി കുട്ടാ. കുളിച്ചിട്ട് വരൂ. നാമം ചൊല്ലണ്ടേ" – അച്ഛമ്മ നിലവിളക്ക് ഒരുക്കുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു.

"ദാ, എത്തിക്കഴിഞ്ഞു അച്ഛമ്മേ"

അച്ചൂട്ടന്‍ റേഡിയോ ഓഫ് ചെയ്തു. റേഡിയോയ്ക്കുള്ളില്‍ നിന്ന് ചരല്‍ക്കല്ലുകള്‍ വാരിവിതറുന്ന ഒച്ചയേ കേള്‍ക്കാനുള്ളൂ.

റേഡിയോയ്ക്കുള്ളിലെ കു ഞ്ഞന്മാരൊക്കെ ഇപ്പോള്‍ എന്തു ചെയ്യുകയാവും? അവര്‍ ചിലപ്പോള്‍ പൈലിമാപ്പിളയെപ്പോലെ കൈവണ്ടിയില്‍ ചരല്‍ കൊണ്ടു വന്ന് ചൊരിഞ്ഞിടുകയാവാം. അവരെ പരിചയമുണ്ടോന്ന് പൈലി മാപ്പിളയെ കാണുമ്പോള്‍ ചോദിക്കാം. അമ്മേടെ വീട്ടില്‍ അടുത്തയാഴ്ച പോകുമല്ലോ. അപ്പോള്‍ പൈലിമാപ്പിളയെ കാണാം. അവന്‍ മുത്തശ്ശിയോടൊപ്പം നാമം ജപിക്കാനിരുന്നു.
(തുടരും)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org