ഭൂമിയുടെ ഉപ്പ് – (നോവല്‍ – 5)

ഭൂമിയുടെ ഉപ്പ് – (നോവല്‍ – 5)
Published on

ഏ.കെ. പുതുശ്ശേരി

അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഒരു തരം പക്ഷിയാണ് 'കാട.' കാടയിറച്ചി രുചികരവും ഗുണപ്രദവുമാണ്. 'ആയിരം കോഴിക്ക് അരക്കാട' എന്നാണ് പഴമൊഴി. അതുകൊണ്ടുതന്നെ കാടയിറച്ചിയുടെ പ്രത്യേകത പ്രസ്താവ്യമാണ്.
പൗലോസ് മുതലാളിക്ക് കാടയിറച്ചിയാണ് ഏറ്റവും ഇഷ്ടം. വെടിക്കാരന്‍ തോമാച്ചന് വല്ലപ്പോഴും ഒരു കാടയെ കിട്ടിയാല്‍ അയാള്‍ അതു പൗലോസ് മുതലാളിക്ക് കൊടുക്കുക യുമില്ല. വലിയ സ്‌നേഹിതന്മാരും വെടിയിറച്ചും തെങ്ങിന്‍ കള്ളുമായി ഉല്ലസിക്കുന്നവരുമായ അവരുടെയിടയിലും ഇത്തരത്തിലൊരു ചെറിയ തകരാറുണ്ടായിരുന്നു.
കാടയിറച്ചി പങ്കുവെക്കുന്ന കാര്യത്തില്‍ വെടിക്കാരനും അതു തനിക്കു നല്കാത്തതില്‍ പൗലോസ് മുതലാളിക്കും അല്പസ്വല്പം വിഷമം അവരുടെ മനസ്സുകളില്‍ പതിയിരുന്നിരുന്നു.
ഒന്നു രണ്ടു പ്രാവശ്യം "ഇപ്പോ കാടയൊന്നും കിട്ടാറില്ലേ തോമാച്ചാ" എ ന്നു പൗലോസ് മുതലാളി ചോദിച്ചെങ്കിലും തോമാച്ചന്‍ ഒന്നു ചിരിക്കുക മാത്രമാണ് ചെയ്തത്.
അങ്ങനെ നീങ്ങുമ്പോഴാണ് സംഭവമുണ്ടായത്. ഒരു ദിവസം ഉച്ചകഴിഞ്ഞ് തോമാച്ചന്‍ പതിവുപോലെ വേട്ടയ്ക്ക് പോകുവാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ആകാശത്തു കൂടെ ഒരു കൂട്ടം കാടപക്ഷികള്‍ പറന്നുപോകുന്നതു കണ്ടു. പിന്നെ താമസിച്ചില്ല. തോ മാച്ചന്‍ കൊടുത്തുവെടി.
വെടിയുടെ ശബ്ദംകേട്ട് പൗലോസ് മുതലാളി ഇറങ്ങി പുറത്തേക്ക് വന്നു.
വെടിയേറ്റ കാടപക്ഷി കളില്‍ ഒരെണ്ണം പൗലോസ് മുതലാളിയുടെ മുമ്പില്‍ വന്നു വീണു. മുതലാളി പക്ഷിയേയും എടുത്തുകൊ ണ്ടു അകത്തേക്കുപോയി. കാടപക്ഷിയോടുള്ള അമിതമായ മോഹം മാത്രമല്ല, വെടിയിറച്ചിയില്‍ ഒരു പങ്ക് തന്റെ വീട്ടില്‍വച്ചുതന്നെയല്ലേ പാകം ചെയ്യുന്നത് എന്ന ചിന്തയാണ് പൗലോസ് മുതലാളിയെ കൊണ്ടതു ചെയ്യിച്ചത്.
അല്പം കഴിഞ്ഞപ്പോള്‍ തോമാച്ചന്‍ ഓടിവന്നു കാടയെ ആവശ്യപ്പെട്ടു. പൗലോസു മുതലാളിയതു പാകപ്പെടുത്തുവാന്‍ ഏല്പിച്ചു എന്നു പറഞ്ഞു. തന്റെ അനുവാദം കൂടാതെ താന്‍ വെടിവച്ചു വീഴ്ത്തിയ കാടപക്ഷിയെ തൊടുവാന്‍ പോലും പൗലോസ് മുതലാളിക്കു അവകാശമില്ലെന്ന് തോമാച്ചന്‍ വാദിച്ചു. വാദം മൂത്തു ബഹളമായി. ഓരോരുത്തരും പരസ്പരം ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. അവസാനം സഹികെട്ടപ്പോള്‍ പൗലോസ് മുതലാളി ചോദിച്ചു.
"ഈ ഒരു പക്ഷിക്കുവേണ്ടിയാണോ തോമാച്ചന്‍ ഇത്രയേറെ കലമ്പല്‍ കൂട്ടുന്നത്?"
"ഇതെന്റെ അഭിമാനത്തിന്റെ പ്രശ്‌നമാണ്. താന്‍ ചെയ്തതു പകല്‍കൊള്ളയാണ്."
തോമാച്ചന് ചൂടുകയറി.
"വാക്കുകള്‍ വെറുതെ ഉപയോഗിക്കരുത് തോമാച്ചാ."
പൗലോസ് മുതലാളി വളരെ ശാന്തനായി പറഞ്ഞു.
പൗലോസ് മുതലാളിയുട ശാന്തമായ സമീപനമൊന്നും തോമാച്ചന്റ കലി ഒതുക്കി തീര്‍ക്കുവാന്‍ പര്യാപ്തമായില്ല.
ശബ്ദം ഉയര്‍ന്നപ്പോള്‍ പൗലോസ് മുതലാളിയുടെ ആശ്രിതരില്‍ പലരും മുറ്റത്ത് നിരന്നു. അവരൊക്കെ പകച്ചുനിന്നു.
തോക്ക് കൈയില്‍പിടിച്ചുകൊണ്ടാണ് തോമാച്ചന്‍ അലറുന്നത്. അയാള്‍ തങ്ങളുടെ മുതലാളിയെ അപകടപ്പെടുത്തുമോയെന്നുപോലും ആശ്രിതരില്‍ ചിലര്‍ ഭയപ്പെട്ടു.
പൗലോസ് മുതലാളിയുടെ ഒരൊറ്റ ആംഗ്യം മാത്രം മതി തോമാച്ചനെ അവര്‍ ഇടിച്ചു പഞ്ചറാക്കിക്കളയാന്‍. പക്ഷെ, പൗലോ സ് മുതലാളി നിശബ്ദനായി നില്‍ക്കുകയാണ്.
പട്ടാളക്കാരന്‍ കവാത്തു നടത്തുന്നതുപോലെ ചുവടുവച്ചാണ് തോമാച്ചന്‍ അലറുന്നത്. തെക്കുംതല തറവാട്ടില്‍നിന്നും ആളുകള്‍ പുറത്തിറങ്ങി നിന്നു. അവരുടെ ആശ്രിതരായ പുലയരും മറ്റും ഓടിക്കൂടി തറവാടിന്റെ മുറ്റത്തു ഒത്തുചേര്‍ന്നു. ഒരു സംഘട്ടനത്തിനുള്ള കരുക്കള്‍ തയ്യാറാവുകയായിരുന്നു. തോമാച്ചന്റെ പുലഭ്യം പറയല്‍ മൂത്തപ്പോള്‍ പൗലോസ് മുതലാളി അകത്തേക്ക് പോയി. വെടിയേറ്റുവീണ കാടപക്ഷിയെ അന്വേഷിച്ചു. പക്ഷിയെ പാകപ്പെടുത്തുവാന്‍ അടുക്കളക്കാരി പെണ്ണിനെ ഏല്പിച്ചിരുന്നതാണ്. മുന്‍ വശത്തെ ബഹളവും ശബ്ദവും കേട്ടപ്പോള്‍ മറ്റുള്ളവരോടൊപ്പം അവളും അപ്പുറത്തേക്ക് പോയി. ഈ തരം നോക്കി ആ വീട്ടിലെ കണ്ടന്‍പൂച്ച കാടയെ വലിച്ചിഴച്ച് കൊണ്ടുപോയി കടിച്ചുകീറി.
പൗലോസ് മുതലാളി കാടയെ അന്വേഷിച്ചപ്പോള്‍ കാടയില്ല. അടുക്കളക്കാരിയും അന്വേഷണമാരംഭിച്ചു. അപ്പോഴും ഉമ്മറവാതിയ്ക്കല്‍ തോമാച്ചന്റെ മുഴങ്ങുന്ന ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.
കണ്ടന്‍പൂച്ച കടിച്ചുകീറിയ കാടപക്ഷിയുടെ ഉടലുമായി പൗലോസ് മുതലാളി പുറത്തുവന്നു. കാടപക്ഷിയെ തോമാച്ചന്റ മുമ്പില്‍ വച്ചു.
അയാള്‍ അതു തിരിച്ചും മറിച്ചും നോക്കി. എന്നിട്ട് പൗലോസ് മുതലാളിയുടെ മുഖത്തേക്ക് എറിഞ്ഞുകൊണ്ട് നടന്നുപോയി.
ചീതന്‍ പുലയന്റെ പിതാമഹന് ആ ധിക്കാരം സഹിച്ചില്ല. അയാള്‍ മുന്നിലേക്കു ചാടി വന്നു തോമാച്ചനെ പ്രഹരിക്കുവാന്‍ മുതിര്‍ന്നു.
"അരുത് ചാത്താ."
പൗലോസ് മുതലാളി വിലക്കി.
"തെറ്റു എന്റേതാണ്. അമിതമായ എന്റെ മോഹം."
അരുത് എന്ന ശബ്ദം കേട്ടു തോമ്മാച്ചന്‍ തിരിഞ്ഞുനിന്നു. അപ്പോള്‍ കൈചുരുട്ടിയടുക്കുന്ന ചാത്തനേയും അവനെ വിലക്കുന്ന പൗലോസ് മുതലാളിയേയുമാണ് കണ്ടത്.
"ഓഹോ നീയെന്നോടു കയര്‍ക്കാറായോടാ, കൂലി ക്കു ചാവാന്‍ നടക്കുന്ന ശവം." തോമ്മാച്ചന്‍ തോക്കുചൂണ്ടി.
"കൊല്ലൂ, എന്നെ കൊല്ലൂ. പക്ഷേങ്കി ഏന്റെ വല്യാമ്പ്രാനെ തൊടാന്‍ ഏന്‍ സമ്മതിക്കേല."
ചാത്തന്‍ വീറോടെ പറ ഞ്ഞു. മറ്റുള്ളവര്‍ അവനെ പിടിച്ചുമാറ്റി. തെക്കുംതലക്കാരുടെ മുറ്റത്തുനിന്നും അവരുടെ പുലയര്‍ ഓടി വരുന്നത് പൗലോസ് മുതലാളി കണ്ടു. ഇത് ഒരു വലിയ സംഘട്ടനത്തിന് വഴിതെളിക്കുമെന്നും തന്മൂലം നാശനഷ്ടങ്ങള്‍ ഏറെ വന്നു ചേരുമെന്നും അദ്ദേഹം ചിന്തിച്ചു. നഷ്ടങ്ങള്‍ ഒരിക്കലും പൊറുക്കുന്നവനല്ല പൗലോസ് മുതലാളി അദ്ദേഹം ഉഗ്രമായ ശബ്ദത്തില്‍ വിളിച്ചു.
"ചാത്താ തിരിച്ചു പോ രൂ. നിങ്ങള്‍ തമ്മില്‍ അടി ക്കുവാന്‍ പാടില്ല. ഞങ്ങള്‍ തമ്മിലായിക്കൊള്ളാം."
ചാത്തനേയും കൂട്ടരേയും തന്റെ വീടിനകത്തേ ക്ക് കടത്തിവിട്ട് പൗലോസ് മുതലാളി വാതില്‍ പൂട്ടി.
തെക്കുംതലക്കാരുടെ പുലയര്‍ ഓടിക്കൂടി. തോമാച്ചനെ വലംവച്ചുനിന്നു. അവര്‍ എന്തിനും തയ്യാറായാണ് നില്‍ക്കുന്നത്. കുറുവടിയും കത്തിയും അവരുടെ കൈകളിലുണ്ട്.
"പേടിത്തൊണ്ടന്മാര്‍ അകത്ത് കയറി വാതിലടച്ചിരിക്കുന്നു. വരിനെടാ നമുക്ക് പോകാം."
തോമാച്ചന്റെ ശബ്ദം പൗലോസ് മുതലാളി കേട്ടു. പക്ഷേ, അദ്ദേഹം ശബ്ദിച്ചില്ല. എങ്കിലും ഒരു കാടപക്ഷിക്കുവേണ്ടി ഇത്രയും വലിയൊരു വഴക്കുണ്ടായതില്‍ അദ്ദേഹത്തിനു മനോദുഃഖമുണ്ടായി.
ഒരു ദുര്‍ബല നിമിഷത്തില്‍ താന്‍ ആ പക്ഷിയെ എടുത്തുകൊണ്ടുപോയതല്ലെ ഇതിനൊക്കെ കാരണം എന്നദ്ദേഹം ചിന്തിച്ചു.
തെക്കുംതലക്കാര്‍ അടങ്ങിയിരുന്നില്ല. അവര്‍ സ്വാധീനമുപയോഗിച്ച് പല കുഴപ്പങ്ങളുമുണ്ടാക്കി. തങ്ങളുടെ മുതലാളിയെ ആക്രമിക്കുവാന്‍ വന്നു എന്ന കാര ണം പറഞ്ഞു തെക്കുംതലക്കാരുടെ പുലയരില്‍ മൂപ്പനായ കറുമ്പന്‍ വടക്കുംതലയിലെ ചാത്തനെ കള്ളുഷാപ്പിന്റെ വാതില്‍ക്കല്‍ വച്ച് പതുങ്ങിയിരുന്നു ഇടിച്ചു. ചാത്തനും ഇടിച്ചു. രണ്ടുപേരും തമ്മില്‍ അതിഭയങ്കരമായ ഇടിതന്നെ നടന്നു.
ഇടികൊണ്ടു അവശനായ കറുമ്പനെ തെക്കുംതലക്കാര്‍ അകലെ പട്ടണത്തിലുള്ള ആശുപത്രിയില്‍കൊണ്ടുപോയി. ചാത്തന്റെ പേരില്‍ പോലീസ് കേസു ചാര്‍ജ്ജ് ചെയ്തു. ചെകുത്താന്‍ കുട്ടന്‍ എന്ന അപരനാമത്തില്‍ അറിഞ്ഞിരുന്ന പോലീസുകാരന്‍ ചാത്തനെ തൂക്കിയെടുത്തുകൊണ്ടുപോയി. വിവരമറിഞ്ഞ പൗലോസ് മുതലാളി ചെകുത്താന്‍ കുട്ടനെ വേണ്ടതുപോലെ സ്വാധീനിച്ചതുകൊണ്ടു ചാത്തന്റെ എല്ലുകള്‍ക്കൊന്നും കോട്ടംതട്ടിയില്ല. ഇല്ലെങ്കില്‍ ചെകുത്താന്‍ കുട്ടനും കൂട്ടുകാരും ചേര്‍ന്നു ചാത്തനെ തല്ലിനുറുക്കുമായിരുന്നു.
അങ്ങനെ ഒരു കാടപക്ഷിയുണ്ടാക്കിയ ബഹളം അലഞ്ഞുനടന്നു. പുലയര്‍ പല സ്ഥലങ്ങളില്‍ വച്ചു പരസ്പരം തല്ലി. പലതിലും തെക്കുംതല പുലയരായിരുന്നു കാരണക്കാര്‍. എന്നാലും വടക്കുംതലക്കാര്‍ അടിവാങ്ങി തിരിച്ചുപോരുവാന്‍ തയ്യാറായിരുന്നില്ല. അവരും ഒരു പോരിനുതന്നെ ഒരുങ്ങി നടന്നു.
ഗ്രാമാന്തരീക്ഷം കലുഷിതമായി. തെക്കുംതലക്കാരുടെ ആശ്രിതര്‍ വടക്കുംതലക്കാരേയും തിരിച്ചും കാണുന്നിടങ്ങളില്‍ വച്ചു കയ്യേറ്റം ചെയ്യാന്‍ തുടങ്ങി. ഗ്രാമത്തില്‍ വൈദ്യുതി ഉണ്ടെങ്കിലും സമ്പത്തുള്ളവര്‍ക്കു മാത്രമേ പ്രയോജനമുള്ളു. കുടിലുകളില്‍ താമസിക്കുന്നവര്‍ മണ്ണെണ്ണ വിളക്കിനെതന്നെ ആശ്രയിക്കണം. ടെലഫോണ്‍ സൗകര്യ മില്ല. ആകെയുള്ള വാഹനം വഞ്ചിയാണ്. ഗ്രാമത്തിലും ഗ്രാമത്തിനു പുറത്തേക്കുമുള്ള യാത്രാവാഹനവും വഞ്ചിതന്നെ. ഏതാനും ചിലരുടെ പക്കല്‍ സൈ ക്കിള്‍ ഉണ്ട്. അതവരുടെ സ്വന്തം ആവശ്യത്തിനാണ് ഉപയോഗിക്കുക. നടപ്പാതകളില്‍ തെക്കുംതല വടക്കുംതല രീതിയായി. തെക്കുംതലക്കാരുടെ വഴികളിലൂടെ തെറ്റി നടന്നാലും അടിഉറപ്പ്. ഗ്രാമത്തിലെ പൊതുവഴി എല്ലാവരുടേതുമാണെന്നു പറഞ്ഞാല്‍ പോലും അടിയുണ്ടാക്കും. കയ്യാങ്കളിയല്ലാതെ ആയുധം കൊണ്ടാരേയും മുറിപ്പെടുത്തരുതെന്നും വടക്കുംതല കാരണവര്‍ തന്റെ ആശ്രിതര്‍ക്ക് ഉപദേശം കൊടുത്തു. ആയുധവുമായി വരുന്നവരില്‍ നിന്നും ഓടി വടക്കുംതല തറവാട്ടിലെത്തിച്ചേരണമെന്നും അദ്ദേഹം കല്പിച്ചു. തന്റെ ജോലിക്കാരില്‍ ചൂരും ചൂണയുമുള്ള ആറുപേരെ തിരഞ്ഞെടുത്തു പുഴയ്ക്കക്കരെ കളരി അഭ്യസിപ്പിക്കുന്ന ഗുരുക്കളുടെ അടുക്കലയച്ചും പഠിപ്പിച്ചു. അക്കൂട്ടത്തില്‍ ചാത്തനും ഉണ്ടായിരുന്നു. പഠിച്ചുവരുന്നവര്‍ മറ്റുള്ളവര്‍ക്കു ശിക്ഷണം കൊടുക്കാനും ഏര്‍പ്പാടു ചെയ്തു. വടക്കുംതല തറവാടിന്റെ കിഴക്ക് പുഴയ്ക്കരികെ ഒരു നെടുപുര പണിതു അഭ്യസനം തുടരാനായി. ആത്മരക്ഷ യ്ക്ക് മാത്രമേ അഭ്യാസം പ്രകടിപ്പിക്കാവൂ എന്ന താക്കീതും നല്കി. കാലവൃക്ഷത്തിന്റെ ഓലകള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org