ഏ.കെ. പുതുശ്ശേരി
വറീതു ചേട്ടന്‍ നടന്നു. തന്റെ വീട്ടില്‍നിന്നും അതിരാവിലെ എഴുന്നേറ്റ് കോട്ടയത്തേക്ക് പുറപ്പെട്ടതാണ്. തലേദിവസം ചാക്കോച്ചന്‍ പ്രത്യേകം പറഞ്ഞേല്പിച്ചിരുന്നതാണ് അതിരാവിലെ കോട്ടയത്തേക്കു പോകണമെന്നും ചില കോടതിക്കാര്യങ്ങള്‍ക്കായി വക്കീലിനെ കാണണമെന്നും. എങ്കിലും രാവിലെ പോകുമ്പോള്‍ ചാക്കോച്ചനെ കണ്ടു വിവരങ്ങള്‍ ഒന്നു കൂടി സംസാരിച്ചുപോവുകയാണല്ലോ ഭംഗി എന്ന ചിന്തകൊണ്ടു മാത്രമാണ് വറീതുചേട്ടന്‍ ഉടുത്തുരൊങ്ങി ചാക്കോച്ചന്റെ വീട്ടിലേക്കു നടന്നത്.
വെളിച്ചം വീണു തുടങ്ങിയ നടവരമ്പില്‍, മഴ വീണു ചളിഞ്ഞുകിടക്കുന്ന കാര്യം വറീതു ചേട്ടന്‍ അറിഞ്ഞിരുന്നില്ല.
വരമ്പിലൂടെ നിത്യം അനവധി പ്രാവശ്യം നടക്കുക പതിവുള്ള വറീതുചേട്ടന്‍ പതിവുപോലെ തന്നെ വേഗത്തില്‍ നടക്കുകയായിരുന്നു. പെട്ടെന്നു ചെളിയില്‍ ചവിട്ടി കാലുകള്‍ തെന്നി നിയന്ത്രണം വിട്ടു പാടത്തേക്കു മറിയുകയാണുണ്ടായത്.
മുഖംകുത്തി വീണില്ലായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും ആരും അറിയാതെ തന്നെ കയറിപ്പോരാമായിരുന്നു. പക്ഷേ, എന്തു ചെയ്യാന്‍, താന്‍ ഇനി ജീവിച്ചിരിക്കുമോയെന്ന ഭയമായിരുന്നു വറീതു ചേട്ടന്. ഭയം കൂടിയതുകൊണ്ടു കൈകാലുകള്‍ നിശ്ചലങ്ങളായി.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നിറഞ്ഞു കൂടിക്കിടക്കുന്ന ചെളി കോരിമാറ്റണമെന്ന് ചാക്കോച്ചന്‍ പറഞ്ഞതാണ്. അന്നു വറീതു ചേട്ടന്‍ സമ്മതിച്ചില്ല. കോടതി തിരുമാനത്തിലിരിക്കുന്ന സ്ഥലത്തു നിന്നും ചെളി കോരി മാറ്റിയാല്‍ അതെ ചൊല്ലി ഔസേപ്പച്ചന്‍ വീണ്ടും അന്യായം ഫയല്‍ ചെയ്യുമെന്നും മറ്റും ചാക്കോച്ചനെ പറഞ്ഞു മനസ്സിലാക്കുകയും ചെളി കോരി മാറ്റുന്ന സംരംഭത്തില്‍ നിന്നും പിന്‍തിരിപ്പിക്കുകയുമായിരുന്നു വറീത് ചേട്ടന്‍. നല്ലവനായ ഔസേപ്പച്ചനെതിരെ ഇല്ലാത്ത പൊല്ലാപ്പ് വലിച്ചു വച്ചതിന്റെ കൂലി ദൈവം തനിക്ക് തന്നതാണെന്ന വിചാരം വറീതു ചേട്ടനുണ്ടായി തുടങ്ങിയിരുന്നു.
കാലങ്ങള്‍ക്കു മുമ്പു തുടങ്ങിയതാണ് തെക്കുംതലക്കാരും വടക്കുംതലക്കാരും തമ്മിലുള്ള സ്പര്‍ദ്ധ. ഒരു കാലത്ത് ഒരേ കുടുംബക്കാരെപ്പോലെ എല്ലാ കാര്യങ്ങള്‍ക്കും ഒരുപോലെ പ്രവൃത്തിച്ചിരുന്നവരാണ് രണ്ടു കുടുംബക്കാരും. മൂന്നു തലമുറകള്‍ക്ക് മുമ്പ് തെക്കുംതല തറവാട് തോമ്മാച്ചന്‍ എന്ന കാരണവര്‍ ഭരിക്കുന്ന കാലം. തോമ്മാച്ചന്‍ കുറച്ചുകാലം പട്ടാളത്തില്‍ സേവനം ചെയ്തിരുന്ന ആളാണ്. കുടുംബത്തില്‍ ബുദ്ധിമുട്ടുണ്ടായിട്ടോ ആഹാരത്തിനു വക സമ്പാദിക്കാനോ വേണ്ടിയായിരുന്നില്ല തോമ്മാച്ചന്‍ പട്ടാള സേവനത്തിനു തുനിഞ്ഞത്. തടിമിടുക്കും തന്റേടവുമുള്ള തോമ്മാച്ചന്‍ പഠിത്തത്തില്‍ മിടുക്കനല്ലായിരുന്നു. അക്കാലത്തു തോമ്മാച്ചന്‍ തന്റെ പിതാവിന്റെ ശകാരത്തില്‍ നിന്നും രക്ഷനേടുവാന്‍ വേണ്ടിയാണ് പട്ടാളത്തില്‍ ചേര്‍ന്നത്. പട്ടാളത്തില്‍ പേരു കൊടുത്ത തന്റെ മകനെ തിരിച്ചു കൊണ്ടുവരാന്‍ തോമ്മാച്ചന്റെ പിതാവ് ശ്രമിച്ചെങ്കിലും അന്നത്തെ നിയമം അതിന് അനുവദിച്ചില്ല. തടിയും തന്റേടവുമുള്ള ആരേയും പട്ടാളത്തില്‍ എടുക്കുന്ന കാലം. പട്ടാളമെന്നു കേട്ടാല്‍ മര്യാദക്കാര്‍ അകത്തു പതുങ്ങിക്കഴിയുന്ന കാലം. അക്കാലത്തു പട്ടാളത്തില്‍ ചേരുവാന്‍ സ്വയം മുന്നോട്ടു ചെന്ന തോമ്മാച്ചനെ അധികാരികള്‍ക്കു വളരെ ഇഷ്ടപ്പെട്ടു.
പത്തു കൊല്ലം മാത്രമേ പട്ടാളത്തില്‍ സേവനം ചെയ്തിട്ടുള്ളൂ എങ്കിലും, പത്തുവര്‍ഷം പത്തു നൂറ്റാണ്ടിന് തുല്യമാണെന്നാണ് തോമ്മാച്ചന്റെ വാദം. മനുഷ്യനായാല്‍ കുറെക്കാലം പട്ടാളത്തില്‍ കഴിയണം. എങ്കിലേ "ഡിസിപ്‌ളിന്‍" മനസ്സിലാവുകയുള്ളൂ. പറയുന്ന വാക്കുകളില്‍ പലയിടങ്ങളിലും ഡിസിപ്‌ളിന്‍ എന്ന പദം ഉപയോഗിച്ചിരുന്നതുകൊണ്ട് പലരും തോമ്മാച്ചനെ "ഡിസിപ്‌ളിന്‍ തോമ്മാച്ചന്‍" എന്നുവരെ വിളിച്ചിരുന്നു. എങ്കിലും കനത്ത മീശയും ഉറച്ച ശരീരവുമായി നില്‍ക്കുന്ന അയാളുടെ നേരെ ആ പ്രയോഗം നടത്തുവാന്‍ ആളുകള്‍ മടിച്ചിരുന്നു.
സേവനം മതിയാക്കി തിരിച്ചു പോന്നതിനു ശേഷമാണ് തോമ്മാച്ചനു വേട്ടയില്‍ മോഹമുണ്ടായത്. അക്കാലത്ത് തെക്കുംതല തറവാട്ടില്‍നിന്നും രണ്ടരമൈല്‍ കിഴക്കോട്ടു പോയാല്‍ മരങ്ങള്‍ ഇടതിങ്ങി വളര്‍ന്നു നില്‍ക്കുന്ന കാട്ടുനിരകള്‍ കാണാം. മാനും മയിലും മുയലും കാട്ടുപന്നിയും ആ കാടുകളില്‍ സുലഭമായിരുന്നു.
വീട്ടുകാര്യങ്ങളും കൃഷിപ്പണിയും ആശ്രിതരായ പുലയരേയും മറ്റുള്ളവരേയും ഏല്പിക്കും അവരുടെ ജോലികളില്‍ ഇടയ്ക്കിടയ്ക്ക് മേല്‍നോട്ടം വഹിക്കുകയും നിര്‍ദ്ദേ ശങ്ങള്‍ കൊടുക്കുകയുമല്ലാതെ പൂര്‍ണ്ണമായും കൃഷി കാര്യങ്ങളില്‍ വ്യാപൃതനാകുവാന്‍ പട്ടാളക്കാരന് കഴിഞ്ഞിരുന്നില്ല. മറ്റു സമയങ്ങളില്‍ ചുമലില്‍ തോക്കും രണ്ടു നായകളുടെ അകമ്പടിയുമായി വനത്തിലേക്ക് വേട്ടയ്ക്കു പോകുന്ന തോമാച്ചന് മറ്റൊരു പേരുകൂടിയുണ്ടായി "വെടിക്കാരന്‍ തോമ്മാച്ചന്‍."
വെടിക്കാരന്‍ തോമ്മാച്ചന്‍ എന്നു പരസ്യമായി തോമ്മാച്ചനെ വിളിച്ചിരുന്ന ഒരേ ഒരാളാണ് വടക്കുംതലയിലെ അന്നത്തെ കാരണവരും തോമ്മാച്ചന്റെ ഉറ്റ സുഹൃത്തുമായ പൗലോസ്സച്ചന്‍ അഥവാ പൗലോസ് മുതലാളി. വടക്കുംതലക്കാര്‍ വലിയ ഭൂവുടമകളും കേമന്മാരും സ്വത്തുകാരുമായിരുന്നതുകൊണ്ട് നാട്ടുകാര്‍ അവിടത്തെ കാരണവന്മാരെ മുതലാളിയെന്ന പദം കൊണ്ട് വിശേഷിപ്പിക്കുകയായിരുന്നു പതിവ്. അങ്ങനെയാണ് പൗലോസ്സച്ചന്‍ എന്ന ഓമനപ്പേരുകാരനായ പൗലോസ് 'പൗലോസ് മുതലാളി' എന്ന പേരില്‍ അറിയപ്പെട്ടത്. പൗലോസ് മുതലാളി വടക്കുംതല തറവാട്ടിലെ മറ്റു കാരണവന്മാരില്‍ നിന്നും വളരെ വിഭിന്നനായിരുന്നു. അറുത്ത കൈക്ക് ഉപ്പുതേക്കാത്തവന്‍ എന്ന പേരുണ്ടായത് അദ്ദേഹത്തിന്റെ ലുബ്ധിന് അംഗീകാരമായിട്ടായിരുന്നു. ലുബ്ധന്‍ എന്നു പറഞ്ഞാല്‍ ആ നാട്ടില്‍ പരക്കെ അറിയപ്പെട്ടിരുന്നത് പൗലോസ് മുതലാളിയുടെ പര്യായമായിട്ടായിരുന്നു. എന്നാല്‍ തെക്കുംതല തോമ്മാച്ചന്‍ എന്ത് ആവശ്യപ്പെട്ടാലും പൗലോസ് മുതലാളി കൊടുക്കുമായിരുന്നു. അതിന് പ്രത്യേകമായി ഒരു കാരണവുമുണ്ടായിരുന്നു.
"വെടിഇറച്ചിയും തെങ്ങിന്‍കള്ളും" ഏറെ ഇഷ്ടപ്പെട്ടിരുന്ന ആളാണ് പൗലോസ് മുതലാളി. അദ്ദേഹത്തിന്റെ പുരയിടത്തില്‍തന്നെ ധാരാളം ചെത്തു തെങ്ങുകള്‍ ഉണ്ടായിരുന്നു. സായംകാലങ്ങളില്‍ വെടിവച്ചു വീഴ്ത്തിയ മാന്‍, മുയല്‍ എന്നീ മൃഗങ്ങളേയും തൂക്കി നായകളുടെ അകമ്പടിയോടെ അകലെനിന്നും വരുന്ന തോമ്മാച്ചനെ സുസ്‌മേരവദനനായി പൗലോസ് മുതലാളി എതിരേല്‍ക്കുകയാണ് പതിവ്. വെടിമൃഗങ്ങളില്‍ ഒരു വലിയ പങ്ക് പൗലോസ് മുതലാളിയെ ഏല്പിച്ച് ബാക്കിയുള്ളവയും തൂക്കി തോമ്മാച്ചന്‍ തന്റെ ബംഗ്ലാവിലേക്ക് പോകും. ഒരു മണിക്കൂറിനകം കുളിച്ച് ടിപ്‌ടോപ്പില്‍ വസ്ത്രധാരണം ചെയ്തു വടക്കുംതലയില്‍ എത്തിച്ചേരുന്ന തോമ്മാച്ചനേയും കാത്ത് തയ്യാറാക്കിയ വെടിയിറച്ചിയും അന്തിക്കള്ള് നിറഞ്ഞ പാത്രങ്ങളുമായി വടക്കുംതലയിലെ പൗലോസ് മുതലാളി തന്റെ മുറിയിലിരിപ്പുണ്ടാവും. പിന്നെ കുടിയും തീറ്റയും ആരംഭിക്കുകയായി. അതങ്ങനെ നീണ്ടുപോകും. ചിലപ്പോള്‍ പാതിരാത്രി വരെ ആ സമ്മേളനങ്ങള്‍ നീണ്ടുപോകാറുണ്ട്. തീറ്റയ്ക്കും കുടിയ്ക്കും ഇടയില്‍ പരസ്പരം വീരപരാക്രമങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യും. തോമ്മാച്ചന്‍ തന്റെ പട്ടാളജീവിതത്തിലെ ചില സംഭവങ്ങള്‍ വിശദമായി പറഞ്ഞു കൊണ്ടിരിക്കും. ചിലപ്പോഴൊക്ക ചാടിയെഴുന്നേറ്റ് പട്ടാളച്ചിട്ടയില്‍ ശത്രുവിനെ നേരിടുവാനുള്ള തയ്യാറെടുപ്പില്‍ നില്‍ക്കും. അപ്പോഴൊക്കെ അതില്‍ ആഹ്‌ളാദം പ്രകടിപ്പിക്കുന്നതോടൊപ്പം വെടിയിറച്ചി തുണ്ടുകള്‍ കറുമുറെ കടിച്ചിറക്കുന്നതിലും പൗലോസ് മുതലാളി ബദ്ധശ്രദ്ധനായിരിക്കും.
പൗലോസ് മുതലാളി തന്റെ കുടുംബചരിത്രങ്ങള്‍ വ്യക്തമായി വിവരിക്കുമ്പോള്‍ തോമ്മാച്ചന്‍ ശ്രദ്ധിച്ചു കേട്ടിരിക്കും.
പാത്രങ്ങള്‍ കാലിയാകുമ്പോള്‍ രണ്ടുപരും എഴുന്നേറ്റ് കൈകഴുകി, തോമ്മാച്ചനോടൊപ്പം അല്പം നടന്നു പറമ്പിന്റെ അതിര്‍ ത്തിയിലെത്തുമ്പോള്‍ കൈകൊടുത്തു പിരിയും. ഇങ്ങനെ, വെടിയിറച്ചിയിലും അന്തിക്കള്ളിലും ആനന്ദം കൊണ്ടിരുന്ന രണ്ടു കാരണവന്മാരുടെ കാലത്ത് രണ്ടു കുടുംബക്കാരും തമ്മിലുള്ള സൗഹൃദം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിച്ചേര്‍ന്നു.
രണ്ടു തറവാടുകളിലും എന്തെങ്കിലും പ്രത്യേക കാരണങ്ങള്‍ വന്നാല്‍ ഒരേ കുടുംബത്തിലെ ആവശ്യംപോലെയാണ് അവര്‍ കഴിച്ചിരുന്നത്. വിവാഹം, മാമ്മോദീസാ മുതലായ ആഘോഷങ്ങളും മരണാവശ്യങ്ങളും അവര്‍ ഒരുപോലെ ഒരു കുടുംബത്തിലേതെന്ന മട്ടില്‍ ആ ചടങ്ങുകള്‍ അത്യാഢംബരപൂര്‍വ്വം ആഘോഷിക്കുമായിരുന്നു.
സമീപത്തുള്ള ചോട്ടാ പണക്കാരില്‍ പലരും ഇവരുടെ അമിതമായ സൗഹൃദത്തില്‍ അതിരു കടന്ന അസൂയക്കാരായിരുന്നു. അവരില്‍ പലരും സേവകൂടി ഇരുകുടുംബക്കാരേയും തമ്മില്‍ പിണക്കുവാന്‍ ശ്രമിച്ചിരുന്നെങ്കിലും അതൊന്നും നിറവേറിയില്ല. അങ്ങനെയിരിക്കുമ്പോള്‍ ഒരു സംഭവമുണ്ടായി.
(തുടരും)