ഭൂമിയുടെ ഉപ്പ്‌ - (നോവല്‍ - 24)

ഭൂമിയുടെ ഉപ്പ്‌ - (നോവല്‍ - 24)

അന്നത്തെ പ്രഭാതത്തിന് ഒരു പ്രത്യേകത അനുഭവപ്പെട്ടു. ഗ്രാമം ഉണരുന്നതിനു മുന്‍പേ ഉണര്‍ ന്ന നാരായണന്‍ നായരുടെ ചുണ്ടില്‍ ഒരോമന പാട്ടിന്റെ ഈരടികള്‍ തുള്ളിനടന്നു.

നാരായണന്‍ നായര്‍ക്കു പ്രത്യേകമായി ആനന്ദിക്കാവുന്ന ഒരു ദിവസമാണ്. തന്റെ എല്ലാ ഉല്‍ക്കര്‍ഷത്തിനും കാരണഭൂതനായ ഔസേപ്പച്ചന്റെ വീട്ടില്‍ ഒരു വലിയ ആഘോഷം നടക്കുന്നു. രാവിലെ ചായക്കടയിലെ ഏര്‍പ്പാടുകള്‍ കഴിഞ്ഞാലുടനെ വടക്കുംതലയിലേക്ക് ചെല്ലണമെന്നും പാചകത്തിന്റെ മേല്‍നോട്ടം വഹിക്കണമെന്നും ഔസേപ്പച്ചന്‍ പറഞ്ഞേല്പിച്ചിരിക്കുകയാണ്. അസുലഭമായ ഒരു സന്ദര്‍ഭമാണത്.

ഗ്രാമത്തിലെ മിക്കവാറും ഭവനങ്ങളിലെ വിവാഹം, പതിനാറടിയന്തിരം മുതലായവയ്ക്കുള്ള സദ്യകളിലെ ''ദേഹണ്ഡം'' നാരായണന്‍ നായരാണ്. നാരായണന്‍ നായരുടെ പാചകത്തിന് ''നളപാകം'' എന്ന പേരു തന്നെയുണ്ടായത് അദ്ദേഹത്തിന് അതിലുള്ള നിപുണത വ്യക്തമാക്കുന്നു.

പക്ഷേ, തെക്കുംതലക്കാരോ അവരുടെ പ്രത്യക്ഷത്തിലുള്ള അടിയാരന്മാരോ നാരായണന്‍നായരെ വിളിക്കാറില്ല. അതുകൊണ്ടുതന്നെ അവരുടെ സദ്യകളില്‍ പങ്കെടുത്തു തിരിച്ചു വരുന്നവര്‍ പറയും ''ഒരു രുചിയുമില്ലാത്ത സദ്യ'' ആ നാരായണന്‍ നായരായിരുന്നെങ്കില്‍, കൈ കടിച്ചുപോകുമായിരുന്നു.

വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനും നാരായണന്‍ നായര്‍ക്ക് ഒരുപോലെയാണ്. സദ്യയില്‍ ഡോക്ടറേറ്റു കൊടുക്കുവാന്‍ തയ്യാറാകുന്നെങ്കില്‍ അതാ ഗ്രാമത്തില്‍ നാരായണന്‍ നായര്‍ക്ക് തന്നെ ലഭിക്കുമെന്നതിനു രണ്ടില്ല പക്ഷം.

വടക്കുംതലയില്‍ ഇന്നു കെങ്കേമമായ സദ്യയൊരുക്കണം. തലേ ദിവസം രാത്രി നാരായണന്‍ നായര്‍ അവിടെയായിരുന്നു. ഏകദേശം പന്ത്രണ്ടു മണിവരെ, സാധനങ്ങള്‍ ഒക്കെ അടുപ്പിച്ചതിനു ശേഷം രാവിലെയുള്ള കുറ്റിക്കാരുടെ പ്രാതലിന്റെ ആവശ്യം കഴിച്ചു തിരിച്ചുവരാമെന്നു പറഞ്ഞ് വന്നിരിക്കുകയാണ്. ഔസേപ്പച്ചനും ഭാര്യയും അതു പൂര്‍ണ്ണമായും സമ്മതിച്ചിരിക്കുന്നു.

ജോസ്‌മോന്റെ അച്ചാരക്കല്യാണം വടക്കുംതല, തെക്കുംതല തറവാടുകള്‍ ക്കിടയിലെ തലമുറ തലമുറയായി തലയുയര്‍ത്തി നടന്നിരുന്ന വൈരാഗ്യനാഗത്തിന്റെ തലയടിച്ചു താഴ്ത്തുന്ന ദിവസം.

ഡോക്ടര്‍ നമ്പ്യാരുടെ നേഴ്‌സിംഗ് ഹോമില്‍നി ന്നും പൂര്‍ണ്ണസൗഖ്യത്തോ ടെ തിരിച്ചു റോസിക്കുട്ടി. അവളുടെ രോഗ കാരണം, ഡോക്ടര്‍ നമ്പ്യാര്‍ ചാക്കോച്ചനോടു തറന്നു പറഞ്ഞപ്പോള്‍, ആദ്യം അദ്ദേഹത്തിന്റെ മുഖം ചുമന്നു. കണ്ണുകള്‍ വികസിച്ചു. അഞ്ചോ ആറോ പ്രാവശ്യം ദീര്‍ഘനിശ്വാസം ചെയ്തു. എന്നിട്ട് ചോദിച്ചു,

''അക്കാര്യം നടപ്പുണ്ടോ ഡോക്ടറേ?''

''എന്തുകൊണ്ടില്ല.''

നമ്പ്യാരും തിരിച്ചു ചോദിച്ചു.

''പൂര്‍വികന്മാര്‍ കൊളുത്തിവച്ച വൈരാഗ്യത്തിന്റെ തീ നാളം ഇതുവരെ അണഞ്ഞിട്ടില്ല.'' ചാക്കോച്ചന്‍ വ്യക്തമാക്കി.

''അതണയ്ക്കണം, ആട്ടേ ചാക്കോച്ചന് തൃപ്തിയുണ്ടോ?'' നമ്പ്യാര്‍ വീണ്ടും ചോദിച്ചു.

''എന്റെ തൃപ്തിയിലും വലുത് റോസിക്കുട്ടിയുടെ സന്തോഷമാണ്. പക്ഷെ, ഔസേപ്പച്ചന്‍ ഇതു സമ്മതിക്കുമോ?''

ചാക്കോച്ചന് അതായിരുന്നു സംശയം.

''ഔസേപ്പച്ചനെയല്ല ജോസ്‌മോനെയാണ് റോ സിക്കുട്ടി വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുന്നത്.''

ഡോക്ടര്‍ നമ്പ്യാരുടെ മുഖത്ത് ഒരു ഫലിതം പറ ഞ്ഞ ഭാവം ദൃശ്യമായിരുന്നു.

ചാക്കോച്ചന്‍ ചിരിച്ചു എന്നിട്ടു പറഞ്ഞു.

''ഡോക്ടര്‍ സാര്‍, ഇടപ്പെട്ടപ്പോള്‍ പിന്നെ ജോസ് മോന് അഹിതമുണ്ടാവില്ല എന്നറിയാം, നിങ്ങള്‍ തമ്മില്‍ അത്ര അടുപ്പമാണല്ലോ. പക്ഷേ, ഔസേപ്പച്ചന്‍.''

''അതൊക്കെ ഞാന്‍ പറഞ്ഞു ശരിപ്പെടുത്തിക്കൊള്ളാം. നിങ്ങള്‍ രണ്ടുപേരും ഉള്ളു തുറന്നു സംസാരിക്കുവാനുള്ള അവസരം ഞാനുണ്ടാക്കിതരും. അതുപോരെ.''

''മതി. ധാരാളം മതി. എനിക്ക് വിരോധമില്ല.''

ഡോക്ടര്‍ നമ്പ്യാരും ചാക്കോച്ചനും പിരിഞ്ഞു. നമ്പ്യാര്‍ ഔസേപ്പച്ചനെ കാണുവാന്‍ വടക്കുംതലയിലേക്ക് ചെന്നു. ജോസ് മോന്‍ വീട്ടിലില്ലാത്ത അവസരമായിരുന്നു. ഔസേപ്പച്ചന്‍ അത്ഭുതം കൂറി. മഹാനായ ഒരു ഡോക്ടര്‍ അതും തിരിക്കൊഴിഞ്ഞ് വിശ്രമം അന്വേഷിക്കാത്ത ഡോക്ടര്‍ തന്നെ തേടി വന്നിരിക്കുന്നു.

ഔസേപ്പച്ചനുമായി കുശലങ്ങള്‍ ചോദിക്കുന്നതിനിടയില്‍ തന്നെ ജോസ് മോന്റെ അമ്മ വിഭവസമൃദ്ധമായ ചായ ഒരുക്കി. ചായകുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഡോക്ടര്‍ നമ്പ്യാര്‍ തന്റെ സന്ദര്‍ശനോദ്ദേശം വെളിപ്പെടുത്തി. ഭര്‍ത്താവും ഭാര്യയും പരസ്പരം നോക്കി. ഭാര്യയുടെ മുഖ ത്ത് തുള്ളിത്തുളുമ്പുന്ന അമിതമായ ആഹ്ലാദം ഔസേപ്പച്ചന് മനസ്സിലായി. പലപ്പോഴും അയാളുടെ ഭാര്യ ഇക്കാര്യം ഔസേപ്പച്ചനോട് സൂചിപ്പിച്ചിട്ടുള്ളതാണ്. അന്നൊക്കെ ഔസേപ്പച്ചന്‍ ഒഴിഞ്ഞു മാറുകയായിരുന്നു. കാരണം താനായിട്ട് ഇക്കാര്യത്തില്‍ മുന്‍കൈ എടുത്താല്‍, രണ്ടു തറവാടു കളിലെ പകതീരും എന്നത് ഒരു വലിയ കാര്യമാണെങ്കില്‍ തന്നെ. റോസിക്കുട്ടി തെക്കുംതലയിലെ ഒരേ ഒരു സന്താനമെന്ന നിലയില്‍ അവളെ വിവാഹം കഴിക്കുന്ന ചെറുക്കന് അവിടുത്തെ സ്വത്തുക്കള്‍ പൂര്‍ണ്ണമായും കൈവരുമെന്നിരിക്കെ, തന്റെ ജോസ്‌മോനെക്കൊണ്ട് ആ പെണ്‍കുട്ടി യെ വിവാഹം കഴിപ്പിക്കു വാന്‍ ശ്രമിച്ചാല്‍, അതിന്റെ പിന്നില്‍ അതിരുകടന്ന സ്വത്തിനുള്ള ആശയുണ്ടെ ന്ന് ആളുകള്‍ പറഞ്ഞു പരത്തും. അതൊന്നും കേള്‍ ക്കാന്‍ ഔസേപ്പച്ചന്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ട് തെക്കുംതലക്കാരുടെ ഭാഗത്തുനിന്നുതന്നെ നീക്കങ്ങള്‍ ഉണ്ടാവട്ടെ എന്നു കരുതുകയായിരുന്നു ഔസേപ്പച്ചന്‍. അതുകൊണ്ട് മാത്രമാണ് തന്റെ ഭാര്യയുടെ സമീപനങ്ങള്‍ ക്ക് അദ്ദേഹം യാതൊരു പ്രാതിനിധ്യവും കല്പിക്കാതിരുന്നത്.

ഡോക്ടര്‍ നമ്പ്യാര്‍ വിശദമായി സംസാരിക്കുകയും ചാക്കോച്ചന്‍ തന്നെയാണ് തന്നെ നിയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തപ്പോള്‍ അത്ഭുതംകൊണ്ട് ഔസേപ്പച്ചന്റെ മിഴികള്‍ വികസിച്ചു. തന്നെപ്പോലെ ചാക്കോച്ചനും തറവാട്ടു വഴക്കുകള്‍ അവസാനിപ്പിക്കുവാന്‍ ആശിക്കുന്നു എന്നയാള്‍ മനസ്സില്‍ കണ്ടു.

ഔസേപ്പച്ചനും ചാക്കോച്ചനും തമ്മില്‍ കണ്ടു സംസാരിക്കുവാനുള്ള സൗകര്യം തന്റെ മുറിയില്‍ വച്ചുതന്നെയാവട്ടെ എന്ന തീരുമാനം അംഗീകരിച്ചുകൊണ്ടാണ് ഡോക്ടര്‍ നമ്പ്യാര്‍ വടക്കുംതലയില്‍ നിന്നിറങ്ങിയത്. നമ്പ്യാരെ യാത്രയാക്കിയതിനു ശേഷം ഔസേപ്പച്ചനും ഭാര്യയുമായി മണിക്കൂറുകളോളം സംസാരിച്ചു.

ചാക്കോച്ചനും ഔസേപ്പച്ചനും സംസാരിച്ചു. അച്ചാരക്കല്യാണത്തിന്റെ തീയതി നിശ്ചയിച്ചു. വടക്കുംതലയില്‍ വച്ചാണ് അച്ചാരക്കല്യാണം. ഡോ. നമ്പ്യാരാണ് മുഖ്യാതിഥി. കൃത്യസമയത്തുതന്നെ ചക്കോച്ചനും വറീതു ചേട്ടനും മറ്റു ചിലരുമായി വടക്കുംതലയില്‍ വന്നുചേര്‍ന്നു.

ഔസേപ്പച്ചന്‍ അവരെ ഹൃദ്യമായി സ്വീകരിച്ചു.

കുശലങ്ങള്‍ക്കു ശേഷം തീന്‍മേശ തയ്യാറായി. പ്രത്യേകമായി പാകം ചെയ്യുന്ന രുചികരമായ പദാര്‍ത്ഥങ്ങളുടെ ആസ്വാദ്യകരമായ സുഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നിരുന്നു.

വറീതുചേട്ടന്‍ നാസിക അല്പം ഉയര്‍ത്തിപ്പിട്ടിച്ചിരുന്നു.

മനസ്സമ്മതം കല്യാണം എന്നീ തീയതികള്‍ മുറപോലെ നിശ്ചയിച്ചു.

ചടങ്ങുകള്‍ ക്രമപ്രകാരം നടന്നു.

സ്ത്രീധനത്തെക്കുറിച്ചു സംസാരിച്ചു.

''സ്ത്രീധനം റോസിക്കുട്ടി മാത്രം.''

ഔസേപ്പച്ചന്റെ പ്രഖ്യാപനം. ചാക്കോച്ചന്റെ മുഖത്തു പ്രകാശം മറയുന്നത് നമ്പ്യാര്‍ ശ്രദ്ധിച്ചു. കാരണം ആവശ്യപ്പെടുന്നതെന്തും കൊടുക്കുവാന്‍ താന്‍ തയ്യാറാണെന്നാണ് ചാക്കോച്ചന്‍ പറഞ്ഞിരുന്നത്. പക്ഷെ, പെണ്ണിനെമാത്രം മതിയെന്നു ഔസേപ്പച്ചന്‍ പറയുമെന്ന് അയാള്‍ കരുതിയിരുന്നില്ല.

അല്പസമയം മൂകത. മൂകത ഭേദിച്ചത് നമ്പ്യാരുടെ ശബ്ദമാണ്.

''ചാക്കോച്ചന്റെ എല്ലാമെല്ലാം റോസിക്കുട്ടിയല്ലേ. പിന്നെ പ്രത്യേകമായ ഒരു സ്ത്രീധനം വേണ്ടല്ലോ?''

ചാക്കോച്ചന്‍ പുഞ്ചിരിച്ചു. അതിലടങ്ങിയിരിക്കുന്ന ധ്വനി ചാക്കോച്ചനു മനസ്സിലായി.

നിറഞ്ഞ തീന്‍മേശ.

സുഖവും രുചികരവുമായ ആഹാരം യഥേഷ്ടം ആഹരിക്കുകയാണ് വിരുന്നുകാര്‍.

റോസ്റ്റ് ചെയ്ത പ്രത്യേക തരം ഇറച്ചി എടുത്തു കടിച്ചുകൊണ്ട് ചാക്കോച്ചന്‍ ചോദിച്ചു.

''ഇതെന്തിറച്ചിയാണ് പ്രത്യേകമായ സ്വാദുണ്ടല്ലോ?''

''കാടയിറച്ചി.''

ഔസേപ്പച്ചന്‍ പറഞ്ഞു. ''കാടപ്പക്ഷിയുടെ ഇറച്ചി, പ്രത്യേകമായി തയ്യാര്‍ ചെയ്തിരിക്കുകയാണ്.''

കടിച്ചകഷ്ണം പാത്രത്തില്‍ വച്ചുകൊണ്ട് ഒരു നിമിഷം ചാക്കോച്ചന്‍ നിശബ്ദനായിരുന്നു.

തീന്‍ മേശയുടെ മുമ്പില്‍ എല്ലാവരും നിശബ്ദരായി.

''ഒരു കാടപ്പകഷിയെ ചൊല്ലിയാണ് നമ്മുടെ പൂര്‍വ്വികന്മാര്‍ ശത്രുക്കളായത്. തെക്കുംതല കാരണവര്‍ക്ക് അവകാശപ്പെട്ടത് വടക്കുംതല കാരണവര്‍ കൊടുത്തില്ല. തലമുറ തലമുറയായി ആ ശത്രുത മുറ്റിവളര്‍ന്നു. എന്റെ പൂര്‍വികരുടെ കടം ഞാന്‍ വീട്ടുന്നു.''

ഔസേപ്പച്ചന്‍ പറഞ്ഞു. അയാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

ചാക്കോച്ചന്റെ മിഴികള്‍ നിറഞ്ഞു. ജീവിതത്തില്‍ ആദ്യമായാണ് ചാക്കോച്ചന്റെ മിഴികള്‍ നിറയുന്നതായി വറീതു ചേട്ടന്‍ കാണുന്നത്.

''ഇപ്പോള്‍ കാടയിറച്ചി കിട്ടുക എളുപ്പമല്ലല്ലോ ഔസേപ്പച്ചാ.''

ചാക്കോച്ചന്റെ സ്‌നേഹനിര്‍ഭരമായ ശബ്ദം.

''കാട്ടിലെ വേടന്മാരെ പിടിച്ച് പ്രത്യേകമായി സംഘടിപ്പിച്ചതാണ്.''

ഔസേപ്പച്ചന്‍ ഉത്തരം പറഞ്ഞു.

തയ്യാറാക്കി പ്‌ളേറ്റില്‍ വച്ചിരുന്ന കാടയിറച്ചി മുഴുവനായി ഭക്ഷിച്ചശേഷം ചാക്കോച്ചന്‍ എഴുന്നേറ്റു. എല്ലാവരും നോക്കി നിന്നു. അദ്ദേഹം കൈകഴുകി തിരിച്ചു വന്നു.

ഔസേപ്പച്ചന്‍ മിഴിച്ചു നില്‍ക്കുകയാണ്.

ഔസേപ്പച്ചനെ ഇറുകെ കെട്ടിപ്പിടിച്ചുകൊണ്ട് ചാക്കോച്ചന്‍ പറഞ്ഞു.

'നമ്മുടെ കടങ്ങള്‍ വീടിയിരിക്കുന്നു.''

എല്ലാവരും അതു ശ്രദ്ധിച്ചു നിന്നു. ഔസേപ്പച്ചന്റേയും മിഴികള്‍ നിറഞ്ഞു തുളുമ്പി.

ഡോക്ടര്‍ നമ്പ്യാരും വറീതു ചേട്ടനും അതു നോക്കി നിന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org