ഭൂമിയുടെ ഉപ്പ്‌ - (നോവല്‍ - 23)

ഭൂമിയുടെ ഉപ്പ്‌  - (നോവല്‍ - 23)

പോലീസുകാരില്‍ തല നല്ലപോലെ നരച്ച ഹെഡ്‌പോലീസ് ഔസേപ്പച്ചനെ കണ്ടപ്പോള്‍ സല്യൂട്ടു ചെയ്തു. മറ്റുള്ളവര്‍ അതനുകരിച്ചു.

''എടോ ഔസേപ്പേ തന്നെ കണ്ടിട്ട് നാളു ഏറെയായല്ലോ?'' അയാള്‍ ചോദിച്ചു.

''അല്ല കുട്ടന്‍പിള്ളയല്ലെ. ഇയാള് നരച്ചവശനായല്ലൊ.''

''ഓ ഇതു കേട്ടാല്‍ ഔസേപ്പിന് നരവന്നിട്ടില്ലെന്നു തോന്നും. താനൊ ന്നു കണ്ണാടി നോക്കടോ.''

എല്ലാവരും ചിരിച്ചു.

പെഴങ്ങന്‍ 'അയ്യട' എന്ന മട്ടില്‍ നില്‍ക്കുകയാണ്.

ഔസേപ്പച്ചനേയും കാര്‍ത്തു, ചീതന്‍ എന്നിവരേയും ഒരു പാഠം പഠിപ്പിക്കുവാന്‍ വിളിച്ചുകൊണ്ടു വന്നതാണ് പോലീസുകാരേയും ഹേഡങ്ങത്തയേയും. അവരിതാ മറുഭാഗം ചേര്‍ന്നിരിക്കുന്നു.

പെഴങ്ങന്‍ ഒരു പോലീസുകാരന്റെ നേരെ നോക്കി കണ്ണിറുക്കി കാണിച്ചു. പോലീസുകാരന് തങ്ങള്‍ വന്നതായ കാര്യം പിടികിട്ടി. അയാള്‍ ഏടങ്ങത്തയുടെ ചെവിയില്‍ എന്തോ പറഞ്ഞു. അങ്ങത്ത ഒന്നു ചിരിച്ചു. എന്നിട്ടു ചോദിച്ചു.

''എന്താ ഔസേപ്പേ നിങ്ങളൊക്കെ ചേര്‍ന്ന് ഈ പോഴനെ ഇടിച്ചു തകര്‍ത്തു എന്നൊരു പരാതി കിട്ടിയിട്ടുണ്ടല്ലോ എന്താ കഥ.''

''പോഴനോ'' ഔസേപ്പച്ചന്‍ ചോദിച്ചു.

''പോഴനല്ല ഏമാനെ പെഴങ്ങന്‍.'' പെഴങ്ങന്‍ ഭവ്യതയോടെ പറഞ്ഞു.

''രണ്ടും ഒന്നുതന്നെ.'' ഏടങ്ങത്ത ഒന്നുറക്കെ ചിരച്ചു.

ഏട് കുട്ടന്‍പിള്ളയും ഔസേപ്പച്ചനും പ്രൈമറി ക്ലാസ്സുകളില്‍ ഒരുമിച്ചു പഠിച്ചവരാണ്. ഔസേപ്പച്ചന്റെ സ്ഥിതികള്‍ ശരിയായും അറിയാവുന്ന ആളാണ് കുട്ടന്‍പിള്ള. പെഴങ്ങന്‍ ചോര ഒഴുക്കിക്കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചെന്നപ്പോള്‍, സബ് ഇന്‍സ്‌പെക്ടര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഏട് കുട്ടന്‍പിള്ളയായിരുന്നു ചാര്‍ജ്ജ്. അദ്ദേഹവും രണ്ടു പോലീസുകാരുമായി, പെഴങ്ങന്റെ മൊഴിയെടുത്തശേഷം മൊഴിയില്‍ പറയുന്ന ബൂര്‍ഷ്വാ മുതലാളിയേയും റൗഡി സംഘത്തേയും ശരിക്ക് ഉരുട്ടുവാന്‍ വേണ്ടിയാണ് ഉടനെ പുറപ്പെട്ടത്. പക്ഷെ, ഔസേപ്പച്ചനാണ് എതിര്‍കക്ഷി എന്നു മനസ്സിലായപ്പോള്‍, പെഴങ്ങന്റെ മൊഴിക്ക് സ്ഥാനമില്ലാതായിപ്പോയി.

''ആരാ റൗഡികാര്‍ത്തു.'' ഏടങ്ങത്ത് ഗൗരവം വിടാതെ ചോദിച്ചു.

അകലെ മാറി ഭവ്യതയോടെ കൈകെട്ടി നില്‍ക്കുന്ന എണ്ണക്കറുപ്പുള്ള, ആരോഗ്യവതിയായ സുന്ദരിപ്പെണ്ണിനെ ആപാദചൂഡം ഒന്നുഴിഞ്ഞു. തന്റെ നരച്ചമീശയുടെ തുമ്പൊന്നു പിരിച്ചുകൊണ്ടാണ് അങ്ങത്തെ ചോദിച്ചത്.

''ഇവളെയാ അങ്ങനെ വിളിക്കുന്നത്. പാവം പെണ്ണ്.'' ഔസേപ്പച്ചന്‍ പറഞ്ഞു.

മറ്റു രണ്ടു ചെറുപ്പക്കാരായ പോലീസുകാരും കാര്‍ത്തുവിനെ തന്നെ ശ്രദ്ധിച്ചു നില്‍ക്കുകയാണ്. ഒരുവന്‍ മറ്റവന്റെ ചെവിയില്‍ പറഞ്ഞു. ''പെണ്‍പോലീസ്സില്‍ ചേര്‍ത്താല്‍ ഇവളൊരു എസ്.പി. വരെ ആകാം അല്ലേ?''

''ഒരു പുടവയും വാങ്ങിക്കൊടുത്തു വിളിച്ചു കൊണ്ടുപോയ്‌ക്കോ.'' മറ്റേ പോലീസുകാരന്‍ അല്പം നീരസത്തിലാണ് പറഞ്ഞത്.

''ഇങ്ങോട്ട് നീങ്ങി നില്‍ക്കെടീ.''

അതുവരെ ശാന്തത അഭിനയിച്ചുകൊണ്ടു നിന്നിരുന്ന ഏടങ്ങത്തയുടെ മുഴക്കമുള്ള ഗൗരവശബ്ദം കേട്ടപ്പോള്‍ കാര്‍ത്തു അടക്കം എല്ലാവരും ഞെട്ടി.

പെഴങ്ങന്‍ 'വായ' പൊളിച്ചു നിന്നു. സംഗതി ഗൗരവത്തിലേക്കു വരുന്നുണ്ട്. ഏടങ്ങത്തയുടെ സ്വഭാവം ശരിക്കും പ്രയോഗിച്ചേക്കാം. അവന്‍ ആശ്വസിച്ചു.

കാര്‍ത്തു നീങ്ങിനിന്നു. വളരെ വിഷമിച്ചു നിവര്‍ന്നു നില്‍ക്കുകയാണ് ചീതന്‍.

''എടീ നിനക്ക് ആണുങ്ങളെ അടിക്കണമല്ലേടി, എന്തിനാടി നീ ഈ പോഴന്റെ മൂക്കിനിടിച്ചത്.''

കാര്‍ത്തു തന്റേടം വിടാതെയാണെങ്കിലും ഭവ്യതയോടെ നടന്ന സംഭവങ്ങള്‍ പറഞ്ഞു.

പെഴങ്ങന്‍ കാര്‍ത്തുവിനെ കയറിപ്പിടിച്ചതും ചീത്ത പറഞ്ഞതും അവള്‍ സഹിക്കെട്ട് അവനെ ഇടിച്ചതും. പെഴങ്ങന്‍ ചീതനെ തൊഴിച്ചു വീഴ്ത്തിയതുമൊക്കെ മണി മണിപോലെ കാര്‍ത്തു പറഞ്ഞപ്പോള്‍ ഏടങ്ങത്തയുടെ കണ്ണു ചുമന്നു. അയാള്‍ പെഴങ്ങന്റെ നേരെ നോക്കി. ഐ.പി.സി. ചട്ടങ്ങള്‍ തുരുതുരെ വിളിച്ചുപറഞ്ഞു. എന്നിട്ടു ചട്ടങ്ങള്‍പ്രകാരം പെഴങ്ങന്റെ പേരില്‍ അടി, ഇടി, സ്ത്രീ കയേറ്റം ഭീഷണി മുതലായ കുറ്റങ്ങള്‍ക്ക് കേസ് ചാര്‍ജ്ജ് ചെയ്യേണ്ടതാണെന്നും കള്ള പെറ്റീഷന്‍ കൊടുത്തതിനു അവനെ ശിക്ഷിക്കേണ്ടതാണെന്നും ഉറച്ചു പറഞ്ഞപ്പോള്‍ പെഴങ്ങനു തല ചുറ്റുന്നതുപോലെ തോന്നി.

ഇതിനിടയില്‍ വറീതു ചേട്ടന്‍ മറ്റു രണ്ടു പോലീസുകാരനില്‍ ഒരുവനെ വിളിച്ചു ദൂരെ നിറുത്തി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. വറീതുചേട്ടന്‍ പോലീസുകാരെ സ്വാധീനിക്കുവാനുള്ള ശ്രമം നടത്തുന്നതു കണ്ടപ്പോള്‍ പെഴങ്ങന് അല്പം ആശ്വാസം തോന്നി. അതു ശ്രദ്ധിച്ച് വടക്കുംതലക്കരുടെ ആശ്രിതന്മാരില്‍ ചിലര്‍ വറീതുചേട്ടന്റെ നീക്കം മോശമായല്ലോ എന്നു പരസ്പരം പറഞ്ഞു. വറീതുചേട്ടന്‍ തന്റെ വലിയപേഴ്‌സില്‍ നിന്നും കറന്‍സിനോട്ടുകള്‍ പോലീസുകാരന്റെ വായതുറന്നിരിക്കുന്ന പോക്കറ്റിലേക്കു ചാണ്ടുന്നതും ചിലര്‍ ശ്രദ്ധിച്ചു.

ഇതൊരു വലിയ കേസായിതീരുന്ന ലക്ഷണമാണ ല്ലോ എന്നവര്‍ പരസ്പരം പറഞ്ഞു. ശാന്തമായി വന്നിരുന്ന ഗ്രാമാന്തരീക്ഷം വീണ്ടും കലുഷിതമാകുന്ന സ്ഥിതിയുണ്ടാക്കി തീര്‍ത്ത പെഴങ്ങനോടും അവര്‍ക്കു പക തോന്നി.

കലിതുള്ളി നില്‍ക്കുന്ന ഏടങ്ങത്തയുടെ കണ്ണലെ തീപ്പൊരി കണ്ടപ്പോള്‍ പെഴങ്ങന്‍ ആപാദചൂഢം വിറച്ചു. വറീതു ചേട്ടന്റെ അടുത്തുനിന്ന് ഏടങ്ങത്തയെ സമീപിച്ച പോലീസുകാരന്‍ പറഞ്ഞു.

''ഇവന്റെ പേരില്‍ മറ്റു ചില കേസുകള്‍ കൂടി നിലവിലുണ്ട്. മോഷണം പിടിച്ചുപറി മുതലായവയാണ്.''

''കള്ളറാസ്‌ക്കല്‍ നിന്നെ ഞാന്‍ ശരിപ്പെടുത്താം.'' ഏടങ്ങത്തയുടെ ശബ്ദം.

പെഴങ്ങന് തലചുറ്റി. ഭൂമി കറങ്ങുന്നതുപോലെ അവന് തോന്നി. വറീതു ചേട്ടന്‍ പണം കൊടുത്തിട്ടുപോലും പോലീസുകാര്‍ തനിക്കെതിരാണല്ലോ എന്നോര്‍ത്ത് അവന്റെ നെഞ്ചുപൊട്ടി. പോലീസ് സ്റ്റേഷനിലേക്കു പോകേണ്ടതായ ആവശ്യമില്ലായിരുന്നു എന്നു പോലും അവനു തോന്നി.

പെഴങ്ങന്റെ സ്ഥിതിയോര്‍ത്തപ്പോള്‍ വറീതു ചേട്ടന്റെ ഉള്ളില്‍ ചിരിപൊട്ടി. എങ്കിലും അയാള്‍ അതൊന്നും പുറത്തുകാണിക്കാതെ നിന്നു.

''ഔസേപ്പ് മാപ്ലയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ? ഇവനെ കസ്റ്റഡിയിലെടുക്കുന്ന കാര്യം ഞാന്‍ ഏറ്റിരിക്കുന്നു.''

ഏടങ്ങത്തയുടെ ശബ്ദം. വാദി പ്രതിയായി മാറിയ സ്ഥിതി. പെഴങ്ങനു ബോധക്ഷയം. ഔസേപ്പച്ച നു പോലും മാറ്റം വിശ്വസിക്കുവാനായില്ല. തന്റെ ചീതനെ ഇടിച്ചവനോടു പ്രതികാരം ചെയ്യുവാനുള്ള അവസരം കൈവന്നിരിക്കുന്നു. തന്നെയുമല്ല പലപ്പോഴും പെഴങ്ങന്‍ തനിക്കൊരു തലവേദനയാണ്. എന്നാലും അവനോടു പ്രതികാരം ചെയ്യുന്നത് ന്യായമാണോ, ഔസേപ്പച്ചന്റെ മനസ്സാക്ഷി ഉണര്‍ന്നു. താന്‍ ഒരു വാക്കു പറഞ്ഞാല്‍ കുട്ടന്‍പിള്ളയും കൂട്ടരും അവനെ തൂക്കിയെടുക്കും. ഇടിച്ചു പഞ്ചറാക്കും. അതുകൊണ്ടു വലിയ പ്രയോജനമില്ല. പോലീസ് സ്റ്റേഷനില്‍ നിന്നും വിട്ടാല്‍ വീണ്ടും അവന്‍ ഈ ഗ്രാമത്തിലേക്കല്ലേ വരുന്നത്. വീണ്ടും അലോസരങ്ങള്‍ സൃഷ്ടിക്കുകയല്ലേ. തന്നെയുമല്ല താന്‍ തന്നെ അതിനൊരു വഴി സൃഷ്ടിക്കുന്നതു ശരിയുമല്ല. പക്ഷെ, പെഴങ്ങനെ ശിക്ഷിച്ചില്ലെങ്കില്‍ തന്റെചീതനോടു താന്‍ ചെയ്യുന്ന ഒരു നേരുകേടാവുകയില്ലേ. ഔസേപ്പച്ചന്‍ അല്പം നേരം ആലോചിച്ചു നിന്നു. എന്നിട്ടു പറഞ്ഞു.

''ചീതനെ ഇടിച്ചവശനാക്കിയവനാണിവന്‍ അവന്‍ ചീതന്റെ കാലുപിടിച്ചു മാപ്പുപറയട്ടെ. മറ്റൊന്നിലും എനക്കു താല്പര്യമില്ല.''

''എടാ റാസ്‌ക്കല്‍ പറഞ്ഞത് കേട്ടില്ലേ?'' എടങ്ങത്തയുടെ ശബ്ദം.

മുങ്ങിച്ചാകാന്‍ പോകുന്നവന് ഊന്നിക്കുറ്റി പിടികിട്ടിയതുപോലെയായിരുന്നു പെഴങ്ങന്റെ സ്ഥിതി. അവന്‍ പെട്ടെന്ന് ചീതന്റെ അടുത്തേക്കു ഓടി. അയാളുടെ കാലുപിടിച്ചു കരഞ്ഞു. മേലിലൊരു തെറ്റും ചെയ്യുകയില്ലെന്നു ഏറ്റു പറഞ്ഞു.

ഔസേപ്പച്ചന്റെ ക്ഷണപ്രകാരം പോലീസുകാരും എടങ്ങത്തയും അയാളെ അനുഗമിച്ചുപോകുന്നതിനു മുമ്പ് ഏടങ്ങത്ത പെഴങ്ങ നെ ചൂണ്ടിപ്പറഞ്ഞു.

''സൂക്ഷിച്ചോ മേലാല്‍ ഒന്നും എന്റെ ചെവിയില്‍ എത്തരുത്.''

ആ താക്കീത് പെഴങ്ങന്‍ തലകുമ്പിട്ടു നിന്നു ശ്രദ്ധിച്ചു.

നടന്നുനീങ്ങുന്ന പോലീസുകാരേയും ഔസേപ്പച്ചനേയും നോക്കി വറീതു ചേട്ടന്‍ നിന്നു. അയാളുടെ മിഴികളില്‍ ആനന്ദത്തിന്റെ നീര്‍ നിറഞ്ഞു.

വരാന്‍ പോകുന്ന ഒരു നല്ല അവസരത്തെക്കുറിച്ചുള്ള മധുരസ്വപ്നം അയാളുടെ മുഖത്തു മിന്നി മറഞ്ഞപ്പോള്‍, പാതികൊയ്ത പാടങ്ങളില്‍ അന്തിക്കാറ്റ് തന്നാനം പാടുന്നുണ്ടായിരുന്നു. ചാഞ്ചാടുന്ന നെല്‍ക്കതിരുകളോടൊപ്പം വറീത് ചേട്ടന്റെ മനസ്സും തുള്ളിക്കളിച്ചു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org