ഭൂമിയുടെ ഉപ്പ് - (നോവല്‍ - 20)

ഭൂമിയുടെ ഉപ്പ് - (നോവല്‍ - 20)

ഡോക്ടര്‍ നമ്പ്യാര്‍ സമഗ്രമായി പരിശോധിച്ചെങ്കിലും രോഗം എന്താണെന്നു കണ്ടുപിടിക്കുവാന്‍ കഴിഞ്ഞില്ല. എങ്കിലും പിന്മാറാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു.

റോസിക്കുട്ടിയുടെ ഓരോ ചലനങ്ങളും പ്രത്യേകം ശ്രദ്ധിക്കുവാന്‍ അദ്ദേഹം തന്റെ സ്റ്റാഫിനെ ചുമതലപ്പെടുത്തിയിരുന്നു.

എന്നും, ദുഃഖിതയും ക്ഷീണിതയും അവശയുമായി റോസിക്കുട്ടി കാണപ്പെട്ടു. റോസിക്കുട്ടിയുടെ അമ്മ അതിയായി ദുഃഖിച്ചു.

അകാരണമായി തന്റെ മകളില്‍ വന്ന മാറ്റം അവരെ ഭീതിപ്പെടുത്തി. എങ്കിലും ദൈവത്തില്‍ ശരണപ്പെട്ടുകൊണ്ട് അവള്‍ മകളുടെ അടുത്തുതന്നെ കഴിച്ചുകൂട്ടി.

തെക്കുംതല തറവാടിന് പൊതുവേ മന്ദത ബാധിച്ചു. ചാക്കോച്ചന് യാതൊരു കാര്യങ്ങളിലും ശ്രദ്ധയില്ലെന്നായി. കാര്യങ്ങളുടെ എല്ലാ ചുമതലകളും വറീത് ചേട്ടന്‍ വഹിച്ചു. ഒരു ദിവസം വറീത് ചേട്ടന്‍ ആലോചനയ്ക്കുള്ള ഒരു വിഷയം ചാക്കോച്ചന് എറിഞു കൊടുത്തു. ചാക്കോച്ചന്‍ അതേക്കുറിച്ചുതന്നെ ചിന്തിച്ചിരുന്നു. അയാളുടെ മനസ്സില്‍ വിവിധ വികാരങ്ങള്‍ സംഘട്ടനം നടത്തി. ഒന്നും ഒന്നിനോടും രമ്യപ്പെടാതെ കലങ്ങി മറിഞ്ഞുകൊണ്ടിരുന്നു.

തലമുറ തലമുറയായി കടുത്ത ശത്രുതയില്‍ കഴിഞ്ഞുകൂടുകയാണ്. വടക്കുംതലക്കാരും തെക്കുംതലക്കാരും. അതിന് ഒരു വിരാമം ഉണ്ടാക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. രണ്ടു തറവാട്ടുകാരും തമ്മില്‍ സ്‌നേഹത്തിലും അടുപ്പത്തിലുമായാല്‍ തങ്ങളെ പിന്നാര്‍ക്കും തോല്പിക്കാനാവില്ലയെന്നത് സത്യമാണ്. അതിനുള്ള ഉപാധിയാണ് വറീത് ചേട്ടന്‍ ഉപദേശിച്ചിരിക്കുന്നത്. ആയതിനു ചാക്കോച്ചന്‍ തന്നെ മുന്നിട്ടിറങ്ങണമെന്നുമാണ് നിര്‍ദ്ദേശം. അതാണ് ചാക്കോച്ചന് ഓര്‍ക്കുവാന്‍ വയ്യാത്തത്.

വടക്കുംതല തറവാട്ടിലേയ്ക്കു കടന്നുചെല്ലുകയെന്നതിനെപ്പറ്റി ചിന്തിക്കുവാന്‍ പോലും വയ്യ. എങ്ങനെയാണ് കടന്നുചെല്ലുക. ഒരുപേക്ഷ, തന്റെ സന്ദര്‍ശനം അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതേറെ പ്രയാസകരവും നാണക്കേട് ആകും. തന്നെയുമല്ല, വറീത് ചേട്ടന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സംഗതിയല്‍ വടക്കുംതലക്കാര്‍ക്ക് തൃപ്തിയാകുന്നില്ലെങ്കില്‍ മറ്റൊരപമാനവും കൂടി വന്നുചേരും. എന്തു ചെയ്യും. അങ്ങനെ ചിന്തയില്‍ മുഴുകിയിരിക്കുമ്പോഴാണ് എത്തിപ്പിടിക്കുവാന്‍ ഒരു ഓലക്കണല്‍ കിട്ടിയതുപോലെ മറ്റൊരു ചിന്ത അയാളുടെ മനസ്സില്‍ വിരിഞ്ഞത്. പിന്നെ താമസിച്ചില്ല. ചാക്കോച്ചന്‍ ഇറങ്ങി നടന്നു. ഡോക്ടര്‍ നമ്പ്യാരെ കാണണം. സംഗതികള്‍ വിശദമായി സംസാരിക്കണം. കാര്യസ്ഥന്റെ നിഗമനം പോലെയാണ് സംഭവങ്ങളുടെ നീക്കമെങ്കില്‍ അപ്രകാരം തന്നെ നീങ്ങണം. തലയ്ക്കു മേലെ വെള്ളം വന്നാല്‍ അതിനു മേലേ വഞ്ചി അല്ലാതെന്ത്?

അപ്രതീക്ഷിതമായി ജോസ്‌മോനെ മുമ്പില്‍ കണ്ടപ്പോള്‍ ഡോക്ടര്‍ നമ്പ്യാര്‍ ചിരിച്ചു.

ജോസ്‌മോന്‍ ശത്രുവിനെ അന്വേഷിച്ചു വന്നതാവാം.

''എങ്ങനെയുണ്ട്. ഏതാ മുറി.''

ജോസ്‌മോന്‍ പെട്ടെന്നു ചോദിച്ചു. ജോസ്‌മോന്റെ ആകാംക്ഷ നമ്പ്യാര്‍ പ്രത്യേകം ശ്രദ്ധിച്ചു.

''റൂം നമ്പര്‍ എയ്റ്റില്‍.''

അപ്പോഴാണ് നമ്പ്യാര്‍ ജോസ്‌മോന്റെ പിന്നില്‍ നില്‍ക്കുന്ന അയാളുടെ അമ്മയെ കണ്ടത്.

''അല്ല. അമ്മയുമുണ്ടല്ലോ. ശരി കണ്ടിട്ടു വരൂ.''

ജോസ്‌മോനും അമ്മയും റൂം നമ്പര്‍ എട്ടിലേക്ക് നടന്നു. റൂം നമ്പര്‍ എട്ടില്‍ മറ്റാരുമില്ല. കട്ടിലിന്റെ തലയ്ക്കല്‍ വിദൂരതയിലേക്കു മിഴികളയച്ച് റോസിക്കുട്ടി നിന്നിരുന്നു.

ഒരു നിമിഷം അവളെ ആപാദചൂഡം നോക്കിയതിനു ശേഷം ജോസ്‌മോന്റെ അമ്മ കട്ടിലിനടുത്തേക്കു ചെന്ന് അവളെ തൊട്ടു. റോസിക്കുട്ടി ഞെട്ടിപ്പോയി.

''എന്തുപറ്റി മോളെ?''

സ്‌നേഹവും ആകാംക്ഷയും കലര്‍ന്ന സ്വരത്തില്‍ അവര്‍ ചോദിച്ചു. റോസിക്കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അടക്കാനാവാത്ത ദുഃഖം അവള്‍ക്കുണ്ടെന്ന് അവര്‍ മനസ്സിലാക്കി.

അവര്‍ കട്ടിലിലിരുന്നു. റോസിക്കുട്ടിയെ മാറോടു ചേര്‍ത്തിരുത്തി ആശ്വാസവചനങ്ങള്‍ പറഞ്ഞു.

റോസിക്കുട്ടി നിറഞ്ഞ മിഴികളോടെ മൗനമായി നില്‍ക്കുന്ന ജോസ്‌മോനെ നോക്കി. ആ മിഴികള്‍ തന്നോട് എന്തോ പറയുന്നതുപോലെ ജോസ്‌മോന് തോന്നി.

ജോസ്‌മോന്‍ ചിന്താധീനനായി കാണപ്പെട്ടു.

ഈ കുട്ടിക്കെന്തു സംഭവിച്ചു. ഒരു മഹാരോഗിയെപ്പോലെ അവള്‍ അവശയായിരിക്കുന്നല്ലോ?

അയാള്‍ ചിന്തിച്ചു. ഏതായാലും നമ്പ്യാരെ കണ്ട് വിശദമായി സംസാരിക്കണം. ഇവിടം കൊണ്ടു പറ്റിയില്ലെങ്കില്‍ മറ്റേതെങ്കിലും വലിയ ആതുരാലയത്തിലേക്ക് റോസിക്കുടിയെ മാറ്റണം.

താനാരാ അതൊക്കെ തീരുമാനിക്കാന്‍. തനിക്കു ഈ പെണ്ണിന്റെ കാര്യതതില്‍ എന്തവകാശമിരിക്കുന്നു.

ജോസ്‌മോന്റെ അകമനസ്സില്‍നിന്നും ആരോ ചോദിച്ചു. ജോസ്‌മോന്റെ ആവേശം കെട്ടടങ്ങി. ഈ പെണ്‍കുട്ടിയുടെ കാര്യത്തില്‍ തീരുമാനം കൊള്ളാന്‍ താനാരുമല്ല എന്ന ബോധം അപ്പോഴാണ് അയാള്‍ക്കുണ്ടായത്.

പുറത്തുപോയിരുന്ന റോസിക്കുട്ടിയുടെ അമ്മ കടന്നുവന്നു.

തന്റെ മകളുടെ മുറിയിലുള്ളവരെ അവര്‍ ശ്രദ്ധിച്ചു നോക്കി.

തന്റെ മനസ്സിന്റെ മനസ്സില്‍ ആരെ കാണണമെന്ന് ആശിച്ചിരുന്നോ അവര്‍ വന്നിരിക്കുന്നു. തലമുറകള്‍ സൃഷ്ടിച്ച വിടവുകള്‍ അടയ്ക്കപ്പെട്ടിരിക്കുന്നതുപോലെ.

''ഇരിക്കു മോനേ.''

ഒരു കസേര നീക്കിയിട്ടുകൊണ്ട് അവര്‍ ജോസ്‌മോനോട് ആവശ്യപ്പെട്ടു. ജോസ്‌മോന്‍ അവരെ ശ്രദ്ധിച്ചു. റോസിക്കുട്ടി മുന്‍പ് ഇതേ ആശുപത്രിയില്‍ കിടന്നിരുന്ന നാളുകളില്‍ അവരെ ജോസ്‌മോന്‍ കണ്ടിരുന്നു. അതില്‍നിന്നും അവര്‍ ഏറെ മാറിയിരിക്കുന്നു. ക്ഷീണവും നിരാശയും അവരുടെ മുഖത്തെ ഓജസ്സുപോലും നഷ്ടപ്പെടുത്തിയിരിക്കുന്നു.

ജോസ്‌മോന്‍ യാതൊന്നും സംസാരിക്കാതെ കസേരയിലിരുന്നു.

റോസിക്കുട്ടി ജോസ്‌മോന്റെ അമ്മയുടെ ചുമലില്‍ ചാരിയിരിക്കുകയാണ്. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അവള്‍ അറിയുന്നേയില്ല. ജോസ്‌മോന്റെ അമ്മയുടെ മിഴികളും നിറഞ്ഞിട്ടുണ്ട്.

റോസിക്കുട്ടിയുടെ അമ്മ അതുതന്നെ നോക്കി നിന്നു. ആ മുറിയില്‍ വാചാലമായ ഒരു നിശബ്ദത പരന്നിരു ന്നു. എല്ലാവര്‍ക്കും സംസാരിക്കണമെന്നുണ്ട്. എങ്ങനെ തുടങ്ങണം എന്ന ചിന്തയിലാണ് എല്ലാവരും.

നിമിഷങ്ങള്‍ ഇഴഞ്ഞിഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. കടുത്ത നിശബ്ദതയ്ക്ക് ഒരു വിരാമം വീഴ്ത്തിയത് ജോസ്‌മോന്റെ ശബ്ദമായിരുന്നു.

''ഞാന്‍ ഒന്നു ഡോക്ടര്‍ നമ്പ്യാരെ കണ്ടിട്ടു വരാം.'' അയാള്‍ എഴുന്നേറ്റു.

''പ്രത്യേകം വിവരങ്ങള്‍ ചോദിക്കണേ മോനേ, അദ്ദേഹത്തെക്കൊണ്ടാവില്ലെങ്കില്‍ തീര്‍ത്തു പറയട്ടെ മറ്റാരേയെങ്കിലും കാണിക്കാം.''

റോസിക്കുട്ടിയുടെ അമ്മ പെട്ടെന്നു പറഞ്ഞു. അവരുടെ വാക്കുകളിലെ അതിവാത്സല്യം ജോസ്‌മോന്‍ ശ്രദ്ധിച്ചു.

''ശരി.''

അയാള്‍ മുറിയില്‍ നിന്നു പുറത്തിറങ്ങി. നേരേ നമ്പ്യാരുടെ മുറിയെ ലക്ഷ്യമാക്കി നടന്നു.

മനസ്സില്‍ പലവിധത്തിലുള്ള വിചാരങ്ങളുണ്ടായിരുന്നിട്ടും തന്റെ അമ്മച്ചി റോസിക്കുട്ടിയോടു കാണിക്കുന്ന അമിതമായ സ്‌നേഹാദരവുകള്‍, അവള്‍ അമ്മച്ചിയില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം. തങ്ങള്‍ അവളുടെ മുറിയില്‍ ചെന്നതിനുശേഷം അവളുടെ കണ്ണുകള്‍ തോര്‍ന്നിട്ടില്ല. എന്തോ അതിഭയങ്കരമായ വ്യഥ റോസിക്കുട്ടിയെ മഥിക്കുന്നുണ്ടെന്ന കാര്യം സ്പഷ്ടം. അതെന്താണെന്നു കുണ്ടുപിടിക്കേണ്ടതായിരിക്കുന്നു.

പുഴയില്‍ വീണ അവളെ രക്ഷപ്പെടുത്തുമ്പോള്‍, ചന്ദനക്കട്ടി പോലെയിരുന്നിരുന്ന റോസിക്കുട്ടിക്കു വന്ന മാറ്റം. നിറവും മങ്ങി, കോലവും കെട്ടു. ഇത്ര വളരെ വലിയ രോഗമെന്തായിരിക്കും.

ഡോ. നമ്പ്യാര്‍ അതിനിപുണനാണ്. ഏതു മാറാരോഗവും നമ്പ്യാര്‍ക്ക് ഒരു പ്രശ്‌നമല്ല - തന്നെയുമല്ല അദ്ദേഹത്തെക്കൊണ്ട് മാറ്റുവാന്‍ ആകുകയില്ല എന്നു തോന്നുന്ന രോഗമാണെങ്കില്‍ ആ നിമിഷത്തില്‍ മറ്റാരെയെങ്കിലും കാണിക്കുവാന്‍ ഉപദേശിക്കുന്ന ആളാണ് ഡോക്ടര്‍ നമ്പ്യാര്‍. അപ്പോള്‍ അദ്ദേഹത്തിനു ഭേദമാക്കുവാന്‍ കഴിയുന്ന ഒരു രോഗമായിരിക്കും റോസിക്കുട്ടിയുടേത്. എങ്കിലും അവള്‍ക്ക് വന്നുചേര്‍ന്ന പരിണാമം അതോര്‍ക്കുവാന്‍ കൂടി ജോസ്‌മോനു കഴിയുന്നില്ല. ഇത്രയേറെ അവശയാണ് റോസിക്കുട്ടി എന്ന വസ്തുത നേരത്തെ അറിഞ്ഞിരുന്നെങ്കില്‍...

ചിന്തകളില്‍ മുഴുകിയ ജോസ്‌മോന്‍ പെട്ടെന്ന് ഉണര്‍ന്നു. താന്‍ നമ്പ്യാരുടെ മുറിയുടെ വാതില്‍ക്കല്‍ എത്തിയിരിക്കുന്നു.

അകത്ത് ആരോ ഉണ്ട്. എങ്കിലും ഹാഫ്‌ഡോറില്‍ മുട്ടി.

''കമിന്‍''

അകത്തുനിന്നും ശബ്ദം കേട്ടു. ജോസ്‌മോന്‍ ഹാഫ്‌ഡോര്‍ തള്ളിമാറ്റി അകത്തുചെന്നു. ഡോക്ടര്‍ ആരോ ഒരാളുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു.

''ജോസ്‌മോന്‍ ഇരിക്കൂ. രണ്ടുനിമിഷം ഇദ്ദേഹത്തെ വിട്ടേക്കാം.''

നമ്പ്യാര്‍ എന്തോ കുറിച്ചു കൊടുത്തതും വാങ്ങി അകത്തുണ്ടായ ആള്‍ സ്ഥലംവിട്ടു. ഡോ. നമ്പ്യാരുടെ അടുത്തേക്കു ജോസ്‌മോന്‍ നീങ്ങിയിരുന്നു.

''ഡോക്ടര്‍ എന്താണാ കുട്ടിക്കു അസുഖം. അതിന്റെ രൂപം കണ്ടാല്‍ ഭയന്നുപോകുമല്ലോ?''

ജോസ്‌മോന്റെ ശബ്ദത്തിലെ ജിജ്ഞാസ ഡോക്ടറെ ആലോചനാനിരതനാക്കി. എങ്കിലും അല്പം സ്മിതം കലര്‍ത്തി അദ്ദേഹം ചോദിച്ചു.

''ആ കുട്ടിയുടെ രൂപത്തില്‍ അത്രയേറെ മാറ്റമുണ്ട് അല്ലെ?''

''സംശയമുണ്ടോ?''

ജോസ്‌മോന്‍ ചോദിച്ചു, ''എന്താണ് ഈ കുട്ടിക്കു രോഗം?''

''രോഗം...'' നമ്പ്യാര്‍ നിര്‍ത്തി. എന്നിട്ടു ജോസ്‌മോന്റെ മുഖത്തുനോക്കി നിന്നിട്ടു അല്പം ഉറച്ചശബ്ദത്തില്‍ പറഞ്ഞു.

''ഞാന്‍ പൂര്‍ണ്ണമായും പരിശോധിച്ചു. ആ കുട്ടിക്കു ഹൃദയസംബന്ധമായ രോഗമാണ്.''

''ഹാര്‍ട്ട്.''

ജോസ്‌മോന്റെ ശബ്ദം ഉയര്‍ന്നിരുന്നു. അയാളുടെ മുഖം കണ്ടപ്പോള്‍ നമ്പ്യാരുടെ ഉള്ളിന്റെ ഉള്ളില്‍ ഒരു ചെറുചിരി പൊട്ടിവിരിഞ്ഞു.

''എങ്കിലും ജോസ്‌മോന് ആ കുട്ടിയെ രക്ഷിക്കാനാവും.''

''എനിക്കോ?''

ജോസ്‌മോന്‍ ആകാംക്ഷയോടെ നമ്പ്യാരുടെ മുഖത്തേക്കു നോക്കി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org