ഭൂമിയുടെ ഉപ്പ് - (നോവല്‍ 19)

ഭൂമിയുടെ ഉപ്പ് - (നോവല്‍ 19)

''തമ്പ്രാട്ടി ഒരു വിവരമറിഞ്ഞോ?'' ചീതന്‍ പുലയന്റെ മകള്‍ കറുകറെ കറുത്ത കാര്‍ത്തു. ജോസ്‌മോന്റെ അമ്മയോടു ചോദിച്ചു.

''എന്താ കാര്‍ത്തു.'' അവര്‍, ആകാംക്ഷയോടെ ചോദിച്ചു.

ഗ്രാമത്തിലെ വിശേഷങ്ങള്‍ ചിലപ്പോഴൊക്കെ ജോസ്‌മോന്റെ അമ്മയുടെ അടുത്തെത്തിക്കുന്ന ഒരു വാര്‍ത്താ ഏജന്റു കൂടിയാണ് കാര്‍ത്തു. തന്റേടിയും സുന്ദരിയുമായ അവള്‍ ആരേയും വകവയ്ക്കുന്നവളുമല്ല. നാട്ടിലെ ചെറുപ്പക്കാരുടെ അഭ്യാസങ്ങളൊന്നും അവളോടു മാത്രം ചെലവാകുകയില്ല. റൗഡി കാര്‍ത്തു എന്നാണു മിക്കവാറും എല്ലാവരും അവളെ വിളിക്കുന്നത്. ആ വിളി അവള്‍ കേള്‍ക്കെ വിളിച്ചാലും പ്രയാസമില്ല. റൗഡി കാര്‍ത്തു എന്ന പേര് കാര്‍ത്തുവിനും ഇഷ്ടമാണ്.

തെക്കുംതല തറവാട്ടിലെ റോസിക്കുട്ടിയെ ആപത്തില്‍നിന്നും തന്റെ മകന്‍ രക്ഷിച്ചതിനു ശേഷം ജോസ്‌മോന്റെ അമ്മയ്ക്കു ആ പെണ്‍കുട്ടിയോടു അമിതമായ സ്‌നേഹമുണ്ടായിരിക്കുന്നു. തെക്കുംതലക്കാരുമായുള്ള ശത്രുതപോലും അവരിപ്പോള്‍ ചിന്തിക്കാറില്ല. പല ദിവസങ്ങളായി റോസിക്കുട്ടിയെ ഒന്നു കാണണമെന്ന് അവര്‍ ആശിച്ചിരിക്കുകയുമാണ്. എങ്ങനെയാണ് തെക്കുംതലയില്‍ കയറിച്ചെല്ലുക. ധൈര്യമില്ലാഞ്ഞിട്ടല്ല തന്റെ ഭര്‍ത്താവിന്റെ അനുവാദത്തോടു കൂടിയല്ലാതെ അങ്ങോട്ടു പോകുന്നത് ശരിയല്ല. എന്നൊരു തോന്നല്‍ ഉള്ളിന്റെ ഉള്ളില്‍ ഉണ്ടാകുന്നു. ഔസേപ്പച്ചനോടു എങ്ങനെയാണ് എടുത്തു മുറിച്ച് തെക്കുംതലയില്‍ പോകുന്ന കാര്യം പറയുക.

ഒരു ദിവസം റോസിക്കുട്ടിയെ വടക്കുംതലയുമായി ബന്ധപ്പെടുത്തുന്ന കാര്യത്തെക്കുറിച്ചു സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ജോസ്‌മോന് അക്കാര്യത്തില്‍ തൃപ്തിയില്ലെങ്കിലോ എന്നാണ് ജോസ്‌മോനോട് എങ്ങനെയാണ് ഇക്കാര്യം ചോദിക്കുക. അമ്മയെന്ന നിലയ്ക്ക് മോനേ മോനുവേണ്ടി ഒരു പെണ്ണിനെ കണ്ടുവച്ചിട്ടുണ്ട്, മോനിഷ്ടമാണോ എന്ന് ചോദിക്കുന്നത് ഒരു യുക്തിഭംഗമാണ് എന്നവര്‍ക്കു തോന്നി പോകുന്നു.

വിദ്യാസമ്പന്നനും വിവേകിയും അനുസരണശീലനുമായ ജോസ്‌മോന്‍ താന്‍ പറയുന്നത് തട്ടുകയില്ലെന്ന് ആ അമ്മയ്ക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. പക്ഷേ, വിവാഹത്തിന്റെ കാര്യത്തില്‍ ഒരിക്കലും നിര്‍ബന്ധം ചെലുത്തുന്നത് ഉചിതമായിരിക്കുകയില്ലെന്നും അവര്‍ക്കറിയാം.

ജോസ്‌മോന് അത്രയേറെ അടുപ്പമുള്ള സുഹൃത്തുക്കളില്ല. പിന്നെങ്ങനെയാണ് ജോസ്‌മോന്റെ ഇംഗീതം മനസ്സിലാക്കുക. അതുകൊണ്ട് ജോസ്‌മോന്റെ അമ്മ ഉപയോഗിച്ചിരിക്കുന്ന ഒരു ചെറിയ സൂത്രമാണ് കാര്‍ത്തു.

തെക്കുംതല തറവാട്ടിലെ കാര്യങ്ങള്‍, പ്രത്യേകിച്ച് റോസിക്കുട്ടിയുടെ കാര്യങ്ങള്‍ അറിയാവുന്നത്ര അറിഞ്ഞു, വടക്കുംതല കാരണവത്തിയെ അറിയിക്കുവാനുള്ള ചുമതല കാര്‍ത്തുവിന്റേതാണ്. റോസിക്കുട്ടിക്ക് ഏതെങ്കിലും കല്യാണാലോചന വരുന്നുണ്ടോ അതാണവര്‍ക്ക് മുഖ്യമായി അറിയേണ്ടത്. മറ്റൊരു വീട്ടിലേക്ക് ആ പെണ്ണിനെ അയയ്ക്കരുത് എന്ന ആഗ്രഹമാണവര്‍ക്കുള്ളത്. കാര്‍ത്തുവിനും അക്കാര്യം അറിയാം. അവള്‍ക്ക് അതു വളരെ തൃപ്തിയാണ്. രാജകുമാരിയെപ്പോലെ സുന്ദരിയായ തെക്കുംതല റോസിക്കുട്ടി, ജോസ്തമ്പ്രാന്റെ മണവാട്ടിയായി വരണമെന്ന ആശ അവള്‍ക്കുമുണ്ട്. കാര്യസ്ഥന്‍ വറീത് ചേട്ടനെ അവള്‍ വിടാതെ പിടിച്ചിരിക്കുകയുമാണ്.

ചെളിയില്‍ പൂണ്ട് മരിച്ചുപോകുമായിരുന്ന തന്നെ രക്ഷിച്ചത് ജോസ്‌മോനും കാര്‍ത്തുവും ചീതനും കൂടിയാണെന്ന വസ്തുത, വറീത് ചേട്ടന്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പരസ്യം ചെയ്തിരിക്കുകയാണ്. പരസ്യക്കാരന്‍ പരമുവാകട്ടെ അതിനു കൊടുത്തപ്രചാരം വളരെ വലുതുമായിരുന്നു. അതുകൊണ്ട് റൗഡികാര്‍ത്തുവിന് എപ്പോള്‍ വേണമെങ്കിലും വറീതു ചേട്ടന്റെ വീട്ടില്‍ കടന്നുചെല്ലാം. അവരുടെ സല്‍ക്കാരങ്ങള്‍ സ്വീകരിക്കാം. സംഭാഷണങ്ങളില്‍ പങ്കുചേരാം. എന്നാലും തെക്കുംതലയിലേക്കു കടന്നുചെല്ലാന്‍ കാര്‍ത്തു ഇതുവരെ തുനിഞ്ഞിട്ടില്ല.

കാര്‍ത്തു അതിരാവിലെ കടന്നുവന്നു തമ്പ്രാട്ടി വിവരമറിഞ്ഞോ എന്നു ചോദിച്ചപ്പോള്‍ അല്പം ആശങ്ക, ജോസ്‌മോന്റെ അമ്മയ്ക്കുണ്ടായി.

''തെക്കുംതലയിലെ കൊച്ചമ്പ്രാട്ടിയെ...

കാര്‍ത്തു മുഴുവന്‍ പറഞ്ഞുതീര്‍ന്നില്ല അതിനു മുമ്പുതന്നെ ജോസ്‌മോന്റെ അമ്മ ചോദിച്ചു, ''ങേ... റോസിക്കുട്ടിയെ പറയൂ... പറയൂ...'' അവര്‍ ധൃതികൂട്ടി.

അവരുടെ അങ്കലാപ്പു കണ്ടപ്പോള്‍ കാര്‍ത്തു ഒന്നു ചിരിച്ചു. ചിരിക്കുമ്പോള്‍ കറുത്ത മേഘകെട്ടുകള്‍ക്കിടയിലൂടെ ചന്ദ്രപ്രകാശം പരക്കുന്നതുപോലെ അവളുടെ മുല്ലമുട്ടൊത്ത പല്ലുകള്‍ വിരിഞ്ഞു.

''റോസിക്കുട്ടി തമ്പ്രാട്ടിയെ ആശുപത്രിയില്‍ കിടത്തി.'' കാര്‍ത്തു അറിഞ്ഞതായ വിശേഷങ്ങള്‍ നിരത്തി.

ദിനംപ്രതി ക്ഷീണിച്ചുവരികയായിരുന്നു റോസിക്കുട്ടി. മാളികമുകളില്‍ താമസിച്ചിരുന്നതുകൊണ്ട് താഴെയുള്ളവര്‍ വിവരങ്ങളറിഞ്ഞിരുന്നില്ല. ഒരു ദിവസം ഡോക്ടര്‍ നമ്പ്യാര്‍ വന്നു പരിശോധിച്ചു. ആശുപത്രിയില്‍ കിടത്തിചികിത്സിക്കണമെന്ന് നിര്‍ദ്ദേശിച്ചതനുസരിച്ച് പട്ടണത്തിലുള്ള അദ്ദേഹത്തിന്റെ ആശുപത്രിയിലേക്കു കൊണ്ടുപോയിരിക്കുകയാണ്. വറീതു ചേട്ടന്റെ ഭാര്യയില്‍നിന്നാണ് വിവരമറിഞ്ഞത്.

ജോസ്‌മോന്റെ അമ്മയ്ക്കു വലിയ അമ്പരപ്പുണ്ടായി. അവര്‍ ഔസേപ്പച്ചന്റെ മുറിയിലേക്കോടി. അദ്ദേഹം എവിടെയോ പോകുവാന്‍ വസ്ത്രം മാറുകയായിരുന്നു.

ഭാര്യയുടെ മുഖത്തെ പാരവശ്യം കണ്ടപ്പോള്‍ അദ്ദേഹം ഭയന്നുപോയി. വിവരങ്ങളറിഞ്ഞപ്പോള്‍ നേരിയ ഒരു പുഞ്ചിരി ആ മുഖത്തു പരന്നു എന്നിട്ടു ചോദിച്ചു.

''തെക്കുംതലയിലെ പെണ്ണ് ആശുപത്രിയില്‍ കിടക്കുന്നതിനു നിങ്ങളെന്തിനാ മനുഷ്യേത്തി ഇങ്ങനെ പരവശപ്പെടുന്നത്.''

ജോസ്‌മോന്റെ അമ്മയ്ക്ക് തന്റെ ഭര്‍ത്താവിന്റെ നിസ്സാരമട്ടിലുള്ള നില്പും സംസാരവും തീരെ ഇഷ്ടപ്പെട്ടില്ലെന്ന് അവരുടെ മുഖഭാവം വിളിച്ചറിയിച്ചു.

''ശരി. ഞാന്‍ പോയി അന്വേഷിക്കാം. ഇന്നൊക്കുകയില്ല. ഇന്നു മറ്റൊരാവശ്യമുണ്ട്.''

ഔസേപ്പച്ചന്‍, മന്ദസ്മിതത്തോടെ ഭാര്യയുടെ മുഖത്തു നോക്കി. ആ മുഖം ദുഃഖം നിറഞ്ഞു നില്‍ക്കുകയാണ്. പെയ്യുവാന്‍ വെമ്പുന്ന കറുത്ത മേഘങ്ങള്‍ അവരുടെ കണ്ണുകളില്‍ ഉറഞ്ഞുകൂടി നില്‍ക്കുന്നു.

''എങ്കില്‍ ഞാനൊന്നു പോയി കാണട്ടെ.''

''യാതൊരു വിരോധവുമില്ല.''

ഭര്‍ത്താവിന്റെ അനുവാദം കേട്ടതോടെ അവര്‍ അപ്പുറത്തേക്കോടി. ജോസ്‌മോനെ കണ്ടുപിടി ക്കണം. അവനേയും കൂട്ടിവേണം ആശുപത്രിയിലേക്കു പോകുവാന്‍.

പക്ഷെ, ജോസ്‌മോന്‍ പാടത്തേക്ക് പോയിക്കഴിഞ്ഞു. ഇനി പത്തു പത്തരമണിയാകാതെ തിരിച്ചുവരികയില്ല. ജോസ്‌മോനെ പെട്ടെന്നു പറഞ്ഞയയ്ക്കുവാന്‍ കാര്‍ത്തുവിനെ ശട്ടംകെട്ടി അയച്ചു. എന്നിട്ട് അവര്‍ ആശുപത്രയില്‍ പോകുവാനുള്ള ശ്രമത്തില്‍ മുഴുകി.

ജോസ്‌മോന്‍ ഓടിക്കിതച്ചു വന്നു. എന്തിനാണ് അമ്മ തന്നെ അത്യാവശ്യമായി കാണണെന്നു പറഞ്ഞതെന്ന് അയാള്‍ക്കു മനസ്സിലായില്ല.

''വല്ല്യതമ്പ്രാട്ടി അത്യാവശ്യമായി വീട്ടിലേക്ക് ചെല്ലുവാന്‍ പറഞ്ഞു.'' കാര്‍ത്തു ഇത്രയും പറഞ്ഞിട്ട് നടന്നകന്നു. എന്താണ് വിശേഷമെന്ന് അവള്‍ പറഞ്ഞില്ല.

പാടത്ത് പണികള്‍ ധൃതിയില്‍ നടക്കുകയാണ്. ചീതന്‍ പുലയനാണ് പണിക്കാരില്‍ മുമ്പില്‍, അയാള്‍ ജോലി ചെയ്യേണ്ട, ജോലി എടുപ്പിച്ചാല്‍ മതി എന്നു ജോസ്‌മോന്‍ പറയാറുണ്ട്. പക്ഷെ, അയാളതു സമ്മതിക്കുകയില്ല.

''ഇരുമ്പും തൊഴിലും ഇരിക്കെ കെടും'' എന്ന പല്ലവിയാണ് ചീതന്‍ പുലയുന്നുള്ളത്. അദ്ധ്വാനിക്കാത്ത ശരീരം ഒന്നിനും കൊള്ളുകയില്ല എന്ന ചീതന്‍ പുലയന്റെ തത്ത്വം ഒരര്‍ത്ഥത്തില്‍ നല്ലതാണെ ന്ന് ജോസ്‌മോനറിയാം. പ്രായം ഒത്തിരിയായിട്ടും ആ ശരീരത്തില്‍ ഒരു ചുളുക്കുപോലും വീണിട്ടില്ലയെന്നത് മറ്റൊരു കാര്യമാണ്.

ജോസ്‌മോന്‍ അമ്മയുടെ അടുത്തെത്തി. അവര്‍ പുറപ്പെടുവാന്‍ തയ്യാറായി. നില്‍ക്കുകയായിരുന്നു.

വിവരങ്ങള്‍ പറഞ്ഞ പ്പോള്‍ ജോസ്‌മോന്‍ നിരുത്സാഹിതനായി പറഞ്ഞു.

''അമ്മച്ചി പോയാല്‍ പോരെ ഞാനെന്തിനു വരണം?''

അവര്‍, അയാളുട മുഖത്തേക്ക് നോക്കി. അവിടെ യാതൊരു പ്രത്യേകതയുമില്ല. ഒരു നന്നുത്ത ഭാവം മാത്രം.

''റോസിക്കുട്ടി ആശുപത്രിയിലാണ് ഉടനെ പോകണം.'' പെട്ടെന്ന് പോകുവാന്‍ തിടുക്കം കൂട്ടുന്ന ഒരു ജോസ്‌മോനെയാണ് ആ അമ്മ പ്രതീക്ഷിച്ചത്. പക്ഷേ, തീരെ തണു ത്ത ഒട്ടും ഉത്സാഹമില്ലാത്ത അയാളുടെ നില കണ്ടപ്പോള്‍ ജോസ്‌മോന്റെ അമ്മയ്ക്കു വിഷമം തോന്നി.

''നീ തയ്യാറാകൂ. പോകാം.''

''എന്തിനാണമ്മച്ചി ഇത്ര തിടുക്കം. സൗകര്യം പോലെ ഡോക്ടര്‍ നമ്പ്യാരെ വിളിച്ചു വിവരം അറിഞ്ഞാല്‍ പോരേ.''

''പോരാ, എനിക്കിപ്പോള്‍ തന്നെ ആ കുട്ടിയെ കാണണം.''

അയാള്‍ അമ്മയുടെ മുഖത്ത് നോക്കി. ആ മുഖത്ത് വലിയ ദുഃഖമുണ്ട്. പിന്നെ ജോസ്‌മോന്‍ ഒന്നും സംസാരിച്ചില്ല.

''എന്നാല്‍ ഞാനൊന്നു കുളിച്ചിട്ടു വരാം.''

അയാള്‍ കുളിക്കടവിലേക്ക് നടന്നു. അതിനിടയില്‍ 'ഓടം' ഒതുക്കി നിറുത്തുവാന്‍ ഓടക്കാരന് നിര്‍ദേശവും നല്കി.

മുങ്ങിക്കുളിക്കുമ്പോള്‍ ജോസ്‌മോന്‍ ആലോചിച്ചുകൊണ്ടിരുന്നു. റോസിക്കുട്ടിയെ കാണണമെന്നു അമ്മച്ചി വാശിപിടിക്കുന്നതെന്തിനാണ്. ഒരിക്കല്‍ താനവളെ ആപത്തില്‍ നിന്നും രക്ഷിച്ചു എന്നത് ശരിയാണ്. അന്നു ആശുപത്രിയില്‍ വന്നു അവളെ ഒന്നു കാണുവാന്‍ താന്‍ ആവശ്യപ്പെട്ടപ്പോള്‍ അമ്മച്ചിക്കു അത്ര വലിയ ഉത്സാഹമൊന്നുമുണ്ടായില്ലെന്ന കാര്യം ജോസ്‌മോന്‍ ഓര്‍ത്തു. പക്ഷേ, ആശുപത്രിയില്‍ വച്ച് ആ പെണ്ണു തന്റെ അമ്മച്ചിയെ കയറികെട്ടിപ്പിടിച്ചു. ശ്വാസംമുട്ടിച്ചു കളഞ്ഞു. അപ്പോള്‍ മുതല്‍ അമ്മച്ചിയുടെ സ്വഭാവം മാറിയിരിക്കുന്നു. എന്റെ എന്തെങ്കിലും കാര്യം പറയുന്നതിനിടയില്‍ റോസിക്കുട്ടിയുടെ കാര്യം പറയുവാന്‍ അമ്മച്ചി തുനിയാറുണ്ട്.

എന്തിനാണ് അമ്മച്ചി ഇത്രയേറെ സ്‌നേഹം ആ കുട്ടിയോട് കാണിക്കുന്നത്.

തണുത്ത വെള്ളത്തില്‍ മുങ്ങിക്കിടന്നപ്പോഴും ജോസ്‌മോന്റെ ചിന്തകള്‍ക്ക് ചൂടുകൂടുകയായിരുന്നു.

തെളിഞ്ഞ വെള്ളത്തിന്റെ അടിയിലൂടെ കെട്ടിമറിഞ്ഞു പോകുന്ന പരല്‍ മത്സ്യങ്ങളെ കണ്ടപ്പോള്‍, ജോസ്‌മോനു പഴയകാര്യം ഓര്‍മ്മയിലെത്തി. കൈകാലുകള്‍ പിടപ്പിക്കുന്ന റോസിക്കുട്ടിയെയും ചുമന്ന്, വെള്ളത്തിലൂടെ നീന്തിനീന്തി മുന്നോട്ട് നീങ്ങിയപ്പോള്‍ ഒരു ജീവനെ രക്ഷിക്കുകയെന്ന വിചാരം മാത്രമാണുണ്ടായത്. അത് സാധിക്കുകയും ചെയ്തിരുന്നു. പിന്നെ വീണ്ടും അവളെ ആശുപത്രിയിലാക്കിയതെന്തിനാണ്. അക്കാര്യം അറിയുവാന്‍ തനിക്കും അമ്മയെപ്പോലെ താല്പര്യം തോന്നുന്നില്ലേ? ജോസ്‌മോന്‍ ഒരിക്കല്‍ക്കൂടി ചിന്തിച്ചു.

പെട്ടെന്നു കുളിച്ച് അയാള്‍ കരയ്ക്കു കയറി.

അയാളുടെ തലച്ചോറില്‍ പലവക ചിന്തകള്‍ ഊളിയിട്ടു. ഒരുപക്ഷേ, വെള്ളത്തിലെ ഷോക്കു റോസിക്കുട്ടിയുടെ മനസ്സില്‍ എന്തെങ്കിലും വ്യതിയാനങ്ങള്‍ വരുത്തിയിരിക്കുമോ, അത്തരത്തില്‍ മറ്റൊരസുഖത്തിനു കാരണമായെങ്കില്‍... അതു കുറെ കഷ്ടംതന്നെയായിരിക്കുകയില്ലേ.

അമ്മച്ചിയെ കൂട്ടി പോകണം. വിവരമറിയേണ്ടത് ആവശ്യമാണ്.(തുടരും)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org