ഭൂമിയുടെ ഉപ്പ് (നോവല്‍ - 17)

ഭൂമിയുടെ ഉപ്പ് (നോവല്‍ - 17)

റോസിക്കുട്ടിയുടെ മനസ്സിലെ ശാന്തത നഷ്ടപ്പെട്ടു. എപ്പോഴും ഒരു വലിയ വിചാരം അവളെ അലട്ടിക്കൊണ്ടിരുന്നു.

പാതിരാക്കോഴി കൂവുന്ന ശബ്ദം കേട്ടു. കണ്ണുകള്‍ പൂട്ടിക്കിടക്കുവാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു.

ദിവസങ്ങളായി ഉറക്കം തന്നെ അനുഗ്രഹിക്കാറില്ലെന്ന സത്യം അവളോര്‍ത്തു. മനസ്സ് ഇത്രയേറെ പ്രക്ഷുബ്ധമാകുവാനുള്ള കാരണം കാണുന്നില്ല.

ജോസ്‌മോനെ കാണണം. ഹൃദയം തുറന്നു സംസാരിക്കണം എന്നൊക്കെ ആശയുണ്ട്. പക്ഷെ, എങ്ങനെയാണ് കാണുവാന്‍ കഴിയുക. എന്താണ് സംസാരിക്കുക.

അദ്ദേഹം ഇതുവരെ തന്റെ വീട്ടിലേക്കൊന്നു കടന്നുവന്നില്ലല്ലൊ. സമീപത്തുള്ള ചെറുപ്പക്കാരും ചെറുപ്പക്കാരികളും കുശലം ചോദിക്കുവാന്‍ കടന്നുവന്നു. ജീവിതത്തില്‍ കണ്ടിട്ടുപോലുമില്ലാത്ത എത്രപേര്‍ തന്റെ ശരീരാവസ്ഥ അന്വേഷിക്കുവാന്‍ എത്തിച്ചേരുന്നു. താന്‍ ആഗ്രഹിക്കുന്ന ആള്‍മാത്രം കടന്നുവരുന്നില്ല.

താന്‍ രക്ഷപ്പെടുത്തിയ പെണ്‍കുട്ടിക്കു എന്തു സംഭവിച്ചു എന്നറിയുവാന്‍ പോലും അദ്ദേഹം മനസ്സ് കാണിക്കുന്നില്ലല്ലൊ എന്ന വ്യഥ റോസിക്കുട്ടിയെ വിഷമിപ്പിച്ചു. പിന്നീടു സ്വയം ആശ്വാസത്തിലെത്തിച്ചേരുവാന്‍ അവള്‍ ശ്രമിക്കുകയും ചെയ്തു. എങ്ങനെ ജോസ്‌മോന്‍ കടന്നുവരും. പകയുടെ പുകകൊണ്ട് മൂടിക്കെട്ടിയ അന്തരീക്ഷം പൂര്‍ണ്ണമായും തെളിഞ്ഞിട്ടില്ലല്ലൊ.

മാളികയുടെ മുകളിലുള്ള തന്റെ ശയമനമുറിയിലെ ചെറിയ ജനല്‍വാതിലിലൂടെ വടക്കോട്ടു നോക്കിയാല്‍ വടക്കുംതല തറവാടും പരിസരങ്ങളും ആകമാനം കാണാം. പുറത്ത് പലരേയും കാണാന്‍ കഴിയുന്നെങ്കിലും ഒരിക്കല്‍പോലും ജോസ്‌മോനെ കാണുവാന്‍ അവള്‍ക്കു കഴിഞ്ഞിട്ടില്ല. ഒരു കാലത്ത് അങ്ങോട്ടു നോക്കുന്നതുപോലും അവള്‍ക്കു വെറുപ്പായിരുന്നു. വലിയ തന്റേടികളായ വടക്കുംതലക്കാരുമായി ഒരിക്കലും ബന്ധപ്പെടരുതെന്നും, ഒരു തലമുറയും ബന്ധമുണ്ടാക്കുവാന്‍ ഇടവരരുതെന്നും അവള്‍ ആശിച്ചിരുന്നു. നിസ്സാരകാര്യത്തിനായി തന്റെ പ്രാപിതാമഹനെ കഠോരമായി കൊലചെയ്ത, ചെകുത്താന്‍ വസിച്ചിരുന്ന തറവാടായിട്ടായിരുന്നു വടക്കുംതലയെ അവള്‍ കരുതിയിരുന്നത്. ഒരു കാടപ്പക്ഷിയെ ചൊല്ലിയുണ്ടായ തര്‍ക്കം ഒരു കൊലപാതകത്തില്‍ ചെന്നെത്തുവാന്‍ കാരണക്കാര്‍ വടക്കുംതലക്കാര്‍ മാത്രമായിരുന്നെന്ന് അവളെ ധരിപ്പിച്ചിരുന്നു. അതവളുടെ മനസ്സില്‍ കൊടുംപക ഉയര്‍ത്തിയിരുന്നു. ആ പകയുടെ പുക വരുത്തിക്കൂട്ടിയ മറയില്‍നിന്നും റോസിക്കുട്ടിയുടെ മനസ്സ് മോചിക്കപ്പെട്ടിരുന്നില്ല. എന്നാലിപ്പോഴത്തെ സ്ഥിതിയോ, അവളുടെ മനസ്സിലെ താളങ്ങള്‍ പൂര്‍ണ്ണമായും തെറ്റിയിരിക്കുന്നു. ഒരിക്കലും ബന്ധപ്പെടുകിയില്ലെന്നു കരുതിയിരുന്ന വടക്കുംതലക്കാരെ കുറിച്ചു മാത്രം അവള്‍ ചിന്തിച്ചു കൊണ്ടിരിക്കുന്നു. ഊണിലില്ല രുചി. ഉറക്കം കടന്നുവരുന്നില്ല. സദാ ചിന്താമുഖിയായിതന്നെ അവള്‍ കാണപ്പെടുന്നു.

ഒരുപക്ഷെ, ജോസ്‌മോന് പകരം ഔസേപ്പച്ചനാണ് തന്നെ രക്ഷപ്പെടുത്തിയതെങ്കില്‍ താന്‍ ഇത്രയേറെ ആ കുടുംബത്തെക്കുറിച്ചു ചിന്തിക്കുമായിരുന്നോ? അവള്‍ സ്വയം ചോദിച്ചു. ഉത്തരം വളരെ വ്യക്തമായിരുന്നു. ഇത്രയേറെ ചിന്തിക്കുവാന്‍ കഴിയുകയില്ലായിരുന്നു എന്നത് സ്പഷ്ടം. അപ്പോള്‍ തന്നെ രക്ഷപ്പെടുത്തിയ സുന്ദരനായ മനുഷ്യനെയാണ് താന്‍ തേടുന്നത്. തന്റെ അനേഷണം ലക്ഷ്യപ്രാപ്തിയിലെത്തുകിയില്ലേ?

തനിക്ക് ജോസ്‌മോനെ ഇഷ്ടമാണ്. ഏറെ ഏറെ ഇഷ്ടമാണ്. പക്ഷെ, ആരോടാണതു പറയുക. അമ്മച്ചിയോടു പറയാമായിരുന്നു. പക്ഷെ, അതിനൊരു സന്ദര്‍ഭം ലഭിക്കട്ടെ. അമ്മച്ചിയുടെ മനോഭാവമറിയാതെ കടന്നുചെന്നു, അമ്മച്ചി എനിക്കു ജോസ്‌മോനെ ഇഷ്ടമാണ് ഉടനെ വിവാഹം കഴിപ്പിച്ചു തരണം എന്നു പറയുവാന്‍ കഴിയുമോ, അതൊരിക്കലും കഴിയുന്ന കാര്യമല്ല. ജോസ്‌മോനെ കണ്ടിട്ട് അങ്ങയെ ഇഷ്ടമാണെന്നു പറയുവാനുള്ള സന്ദര്‍ഭവും തനിക്കു ലഭിച്ചിട്ടില്ല. തന്റെ ഹൃദയവ്യഥ ആരോടെങ്കിലും പറയുവാന്‍ തനിക്കൊരു കൂട്ടുകാരി പോലുമില്ല. തനിക്കു ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരുന്നെങ്കില്‍ അവരോടെങ്കിലും മനസ്സിലെ വേദന പറയാമായിരുന്നു. ഇതാരുമില്ലാതെ, ഞാന്‍ പഠിച്ചിരുന്ന കാലത്തുണ്ടായിരുന്ന കൂട്ടുകാരില്‍ ആരും തന്നെ തിരക്കി വരാറില്ല. ആറും തോടും ചുറ്റപ്പെട്ടു കിടക്കുന്ന തന്റെ ഗ്രാമത്തിലേക്ക് അവരൊക്കെ കടന്നുവരുന്നതെങ്ങനെ.

റോസിക്കുട്ടി ജനലിലൂടെ പുറത്തേക്കുനോക്കി. പാലൊഴുകുന്ന പൂനിലാവ്. പരിസരമാകെ വെള്ളിയുരുക്കിയൊഴിച്ചതുപോലെ പ്രകാശിക്കുന്ന വടക്കുംതല തറവാടു പൂര്‍ണ്ണമായും ഉറങ്ങിക്കിടക്കുകയാണ്. നിലാവു പരത്തുന്ന പ്രകാശം ആ പഴയ ഇരുനില കെട്ടിടത്തെ പൂര്‍ണന്നൊഴുകുന്നതു നോക്കിനില്‍ക്കുക രസമായി തോന്നി. അവിടെ ഒരു മുറിയില്‍ പ്രകാശം കാണുന്നില്ലേ. റോസിക്കുട്ടിക്കു സംശയം. ഒരുപക്ഷേ അതായിരിക്കുമോ ജോസ്‌മോന്റെ മുറി. അദ്ദേഹം ഉറങ്ങാതെ കഴിയുകയായിരിക്കുമോ? തന്റെ മനസ്സിലെ വ്യാകുലപ്പെടുത്തുന്ന ചിന്തകള്‍ അദ്ദേഹത്തേയും വലയ്ക്കുന്നുണ്ടാവുമോ, ഒരാളെക്കുറിച്ചുതന്നെ അഗാധമായി ചിന്തിച്ചാല്‍, ആ ആള്‍ക്കും അപ്രകാരം ഒരു ചിന്തയുണ്ടാകുമെന്ന്, അതു ടെലിപ്പതിക്ക് ആക്ഷനാണെന്നും ആരോ എഴുതിയതായി ഓര്‍ത്തുപോയി. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ജോസ്‌മോനും തന്നെക്കുറിച്ചു ചിന്തിച്ചിരുന്നെങ്കില്‍ എന്നു റോസിക്കുട്ടി ആശിച്ചു.

വടക്കുംതലയിലെ പ്രകാശം വീശുന്ന മുറിയെ മാത്രം ശ്രദ്ധിച്ചുകൊണ്ട് റോസിക്കുട്ടി നിന്നു കുറെക്കഴിഞ്ഞപ്പോള്‍, ആ പ്രകാശം അണഞ്ഞതായി തോന്നി. അവളുടെ മനസ്സില്‍ നിരാശ നിറഞ്ഞു. എന്നിട്ടും അവള്‍ വടക്കുംതലയില്‍ പതിഞ്ഞുപോയ തന്റെ മിഴികള്‍ പറിച്ചെടുക്കുവാന്‍ തുനിഞ്ഞില്ല. അല്പം കഴിഞ്ഞപ്പോള്‍ ആരോ, പുറത്തൊക്കെ നടക്കുന്നതുപോലെ അവള്‍ക്കു തോന്നി. ആരായിരിക്കാം. നല്ല ഉയരമുള്ള ആളാണെന്നാണ് തോന്നിയത്. ഒരുപക്ഷെ, ജോസ്‌മോനായിരിക്കുമോ, അദ്ദേഹം ഉറങ്ങാതെ, ഈ സമയത്ത് എന്തിനാണ് പുറത്തൊക്കെ കറങ്ങി നടക്കുന്നത്. തന്നെപ്പോലെ ഉറക്കം അദ്ദേഹത്തേയും അനുഗ്രഹിക്കുന്നില്ലായിരിക്കും.

റോസിക്കുട്ടി മിഴികള്‍ തിരുമ്മിനോക്കി അവള്‍ക്കു വിശ്വസിക്കുവാന്‍ കഴിയുന്നില്ല. ജോസ്‌മോന്‍ നടന്നുവരുന്നു. തെക്കുംതല തറവാടിനെ ലക്ഷ്യമാക്കിയാണ് അയാള്‍ നടക്കുന്നത്. എന്തൊരത്ഭുതം കാളിദാസന്റെ യക്ഷന്‍ മേഘങ്ങളിലൂടെ അകലെയുള്ള വിരഹിണിയായ തന്റെ പ്രേയസിക്ക് സന്ദേശമയച്ചുവെന്ന് വായിച്ചിട്ടേയുള്ളൂ. ഇപ്പോള്‍ തന്റെ ഹൃദയവ്യഥ, പാല്‍നിലാവിലൂടെ മനസ്സിലാക്കിക്കൊണ്ട്, പ്രിയങ്കരനായ ജോസ്‌മോന്‍ തെക്കുംതലയെ ലക്ഷ്യമാക്കി നടന്നുവരുന്നു. അത്ഭുതം! മനസ്സിന്റെ വിചാരങ്ങള്‍ക്ക് ഇത്രയേറെ ശക്തിയുണ്ടോ, അതോ അദ്ദേഹം നിത്യവും ഇങ്ങനെ പാതിരാത്രികളില്‍ ഇറങ്ങി നടക്കാറുണ്ടായിരിക്കുമോ ഏതായാലും ശ്രദ്ധിക്കുക തന്നെ. നിറഞ്ഞ നിലാവുണ്ടായതു മഹാഭാഗ്യം അല്ലെങ്കില്‍ കണ്‍കുളിര്‍ക്കെ തന്റെ പ്രിയങ്കരനായ ജോസ്‌മോനെ കാണുവാന്‍ കഴിയുമായിരുന്നോ.

അവള്‍ ആകാശത്തിലേക്കു നോക്കി. തെളിഞ്ഞ ആകാശത്ത് പാല്‍പ്പുഞ്ചിരി തൂവുന്ന അമ്പളിഅമ്മാവന്‍.

യുഗങ്ങള്‍ പിന്നിട്ടിട്ടും അമ്പിളി അമ്മാവന്‍ തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നു. ലോകത്തിലെ എത്രയേറെ യുവമിഥുനങ്ങളെ തന്റെ പാല്‍പുഞ്ചിരികൊണ്ട് അമ്മാവന്‍ സഹായിച്ചിരിക്കുകയില്ല.

പെട്ടെന്ന് പാല്‍പുഞ്ചിരിക്ക് മങ്ങല്‍ സംഭവിച്ചതായി അവള്‍ക്കു തോന്നി. എന്താണത് അവള്‍ സൂക്ഷിച്ചു നോക്കി. ഒരു കീറ് കാര്‍മേഘം അമ്മാവന്റെ മുഖം മറച്ചതാണ്. പെട്ടെന്ന് അവള്‍ താഴത്തേക്ക് നോക്കി. തന്റെ തറവാടിന്റെ അതിര്‍ത്തിയില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന കൂറ്റന്‍ മതിലിനു സമീപം ജോസ്‌മോന്‍ വന്നു നില്‍ക്കുന്നു. എന്തൊരത്ഭുതം. ജോസ്‌മോന്‍ മതില്‍ കയറുവാന്‍ ശ്രമിക്കുകയാണോ? തന്നെ കാണുവാനാണെങ്കില്‍ എന്തിനദ്ദേഹം രാത്രിയില്‍ കള്ളനെപ്പോലെ മതില്‍ കയറുന്നു. പകല്‍ അദ്ദേഹത്തിനു കടന്നു വരാമല്ലൊ. ആരും അദ്ദേഹത്തെ തടുക്കുകയില്ല.

ഒരുപക്ഷെ, തന്റെ ഇംഗിതം അറിയുവാനായിരിക്കുമോ, തനിക്ക് അദ്ദേഹത്തെ ഇഷ്ടമാണോ എന്നു ചോദിക്കുവാനാവുമോ അങ്ങനെയാണെങ്കില്‍ തന്നെ അദ്ദേഹത്തിനെങ്ങനെ മതില്‍ ചാടിക്കടക്കാനൊക്കും. നാലാള്‍ പൊക്കത്തില്‍ കെട്ടിയിരിക്കുന്ന കരിങ്കല്‍ മതില്‍. അതിനപ്പുറം അഗാധമായ ഒരു കൈത്തോടും. വീതി കുറവാണെങ്കിലും തോടിന് ആഴമുണ്ടെന്ന കാര്യം മറക്കാവുന്നതല്ല. ആരെങ്കിലും മതില്‍ ചാടികടന്നാല്‍ തോട്ടിലേക്ക് വീഴണമെന്ന ഉദ്ദേശത്തിലായിരിക്കണം പൂര്‍വികന്മാര്‍ ആ മതില്‍ കെട്ടിന് സമീപത്ത് തോടു കുത്തിയിരിക്കുന്നത്. അതു വെറുതെ കുത്തിയതല്ല. അഗാധമായ ആഴമുള്ള ചെറിയതോടിന്റെ ഇരുവശങ്ങളിലും മണ്ണിടിഞ്ഞു വീഴാതിരിക്കത്തക്കവണ്ണം കരിങ്കല്‍ കെട്ടിയുറപ്പിച്ചിരിക്കുന്നു. പെട്ടെന്നു നോക്കിയാല്‍ രണ്ടു വശങ്ങളിലും കരിങ്കല്‍കെട്ടിയിരിക്കുന ഒരു 'ഓട'യാണ്. ആ ഓടയ്ക്കു രണ്ടാള്‍ താഴ്ചയിലേറെയുണ്ടെന്നറിയുമ്പോള്‍ ആരും മൂക്കത്തു വിരല്‍ വച്ചുപോകും.

ജോസ്‌മോന്‍ എത്ര ധീരനായാലും അങ്ങോട്ടു ചാടിയാല്‍ അദ്ദേഹതിന് ആപത്ത് സംഭവിക്കും എങ്ങനെയാണ് അദ്ദേഹത്തെ തടുക്കുക.

അല്ല അദ്ദേഹം മതില്‍ ചവിട്ടിപ്പൊളിക്കുന്നോ? ആഞ്ഞു ചവിട്ടിയാല്‍ കുലങ്ങാത്ത ഊക്കന്‍ മതില്‍ വെറുതെ ചവിട്ടിപ്പൊളിക്കുകയോ. ഇതെന്തുമായ വാമനാവതാരം പൂണ്ട മഹാവിഷ്ണു ആകാശം മുട്ടേ വളര്‍ന്നു 'ഒരടി' കൊണ്ട് ഭൂമിയെ മുഴുവനുമായി അളന്നു എന്ന ഹൈന്ദവ പുരാണങ്ങളിലെ കഥ താന്‍ വായിച്ചിട്ടുള്ളതുപോലെ ജോസ്‌മോന്‍ വളര്‍ന്നു പൊങ്ങുന്നല്ലൊ. ഹയ്യൊ ഇതെന്തൊരു കളി. അല്ലാ ഊക്കന്‍ മതില്‍ പൊളിഞ്ഞു വീണല്ലൊ. മതിലിന്റെ സമീപത്ത് രാത്രി മുഴുവനും ഓടി നടക്കുന്ന കൈസറിന്റെയോ ടൈഗറിന്റെയോ ശബ്ദം പോലും കേള്‍ക്കുന്നില്ലല്ലൊ, ഇതെന്തൊരത്ഭുതം! മതില്‍ പൊളിച്ചുമാറ്റി ജോസ്‌മോന്‍ നടന്നുവരുന്നു. ഹയ്യോ ഇതു വിശ്വാസിക്കാനാവുന്നില്ല.

ഒന്നു കൂടി നോക്കി. ജോസ്‌മോന് ഏറെ ഉയരം വച്ചിരിക്കുന്നു. പൊളിച്ചു മാറ്റിയ മതിലിനിടയിലൂടെ അദ്ദേഹം കൈകള്‍ ഉയര്‍ത്തുന്നു, ഇത്രയേറെ നീളമുണ്ടോ ആ കൈകള്‍ക്ക്. കൈകള്‍ തന്റെ അടുത്തേക്കാണല്ലൊ നീങ്ങി നീങ്ങി വരുന്നത്. മനോഹരമായ വിരലുകളുള്ള നീണ്ട കൈകള്‍. നീളമുള്ള കൈകള്‍ ഭാഗ്യത്തിന്റെയും ധൈര്യത്തിന്റേയും ലക്ഷണമാണെന്നല്ലേ താന്‍ പഠിച്ചിരിക്കുന്നത്. പഞ്ചപാണ്ഡവന്മാരിലെ അര്‍ജ്ജുനന്റെ പാണികള്‍ ഏറെ നീളമുള്ളതായിരുന്നെന്നു താന്‍ പഠിച്ചിട്ടില്ലേ. വില്ലാളി വീരനായ അദ്ദേഹം എന്തെല്ലാം അത്ഭുതങ്ങള്‍ കാണിച്ചു തന്റെ ജോസ്‌മോനും അത്ഭുതങ്ങള്‍ കാണിക്കുകയാണ്.

അല്ല, ആ കൈകള്‍ അടുത്തടുത്തു വരുന്നു. ഒന്നു തൊട്ടാലോ? തൊടാമോ? തൊടുന്നതിനെന്താ? അദ്ദേഹം തന്നെ തോളില്‍ ചുമന്നതല്ലെ. വെള്ളത്തിലൂടെ നിന്തിയതും. ശരി ആ വിരലുകളില്‍ തൊട്ടു നോക്കട്ടെ.

റോസിക്കുട്ടി വിരലുകളില്‍ കടന്നുപിടിക്കുവാനായി മുന്നോട്ടാഞ്ഞു. പെട്ടെന്ന് അവളുടെ തല ജനല്‍കമ്പികളില്‍ തട്ടി. അവള്‍ കണ്ണുകള്‍ മിഴിച്ചുനോക്കി. നെറ്റിത്തടം വേദനിക്കുന്നു. താന്‍ സ്വപ്നം കാണുകയായിരുന്നെന്നു അവള്‍ക്കു മനസ്സിലായി. മനസ്സിന്റെ മനസ്സില്‍ ഒതുങ്ങിക്കൂടിയിരിക്കുന്ന ചിന്തകള്‍ രൂപംപ്രാപിച്ച് ഉറക്കമില്ലാത്ത രാത്രികളില്‍ സ്വപ്നം മെനയുന്നു. നെറ്റിതിരുമ്മി അകലെ നോക്കി വടക്കുംതല തറവാട് നിറനിലാവില്‍ കുളിച്ചു നില്‍ക്കുന്നു. ഊക്കന്‍ കല്‍മതില്‍ നിശ്ചലം നില്‍ക്കുന്നു.

ശരീരം മുഴുവനും വേദനിക്കുന്നുപോലെ അവള്‍ക്കു തോന്നി. അവള്‍ കിടക്കയിലേക്കു വീണു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org