ഭൂമിയുടെ ഉപ്പ് (നോവല്‍ - 15)

ഭൂമിയുടെ ഉപ്പ് (നോവല്‍ - 15)

ഇത്രയേറെ അസ്വസ്ഥത അനുഭവിച്ച നാളുകള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്ന വസ്തുത റോസിക്കുട്ടി ഓര്‍ത്തു.

തന്റെ ഭവനത്തേക്കാള്‍ സൗകര്യമുള്ള മുറിയിലാണ് താന്‍ കിടക്കുന്നത്. മഞ്ഞപ്പുള്ളികളുള്ള ജനല്‍വിരികള്‍ക്ക് മേലേക്കൂടി നോക്കിയാല്‍ നീലാകാശം കാണാം. ആകാശത്ത് അലഞ്ഞു നടക്കുന്ന മേഘശകലങ്ങള്‍ തന്റെ മനസ്സിലെ വിചാരങ്ങള്‍ പോലെ, വ്യക്തമാകാത്ത രൂപങ്ങള്‍ സൃഷ്ടിക്കുകയാണ്.

ഏകദേശം ഒരാഴ്ചക്കാലമായി താന്‍ ഈ സുഖസമ്പൂര്‍ണ്ണമായ തടവറയില്‍ കഴിയുന്നു. സ്വര്‍ണ്ണക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയല്ലേ.

എല്ലാ സൗകര്യങ്ങളുമുള്ള മുറി. ആവശ്യം എന്തെങ്കിലും തോന്നിയാല്‍ ഒരു ചെറിയ സ്വിച്ച് അമര്‍ത്തിയാല്‍ മതി വിടരുന്ന മന്ദസ്മിതവുമായി അറ്റന്റര്‍ ഗേള്‍ വന്നു കഴിയും.

''മാഡം എന്താണാവശ്യം?''

വിനയാന്വിതയായി തല കുനിച്ചു നില്‍ക്കന്ന സുന്ദരിയായ പെണ്‍കുട്ടിയെ എവിടെയോ വച്ചു കണ്ടതായി ഓര്‍ക്കുന്നു. പക്ഷെ, എവിടെ വച്ചായിരിക്കും? ഓര്‍മ്മകള്‍ വ്യക്തമാകുന്നില്ല. വെള്ളത്തില്‍ വീണതിനു ശേഷം ഓര്‍മ്മകളില്‍ എന്തോ പാളിച്ച പറ്റിയിരിക്കുന്നതുപോലെ തോന്നല്‍? എന്താണങ്ങനെ തോന്നാന്‍. ഒരുപക്ഷെ, പെട്ടെന്നുള്ള ഷോക്കുകൊണ്ടാവുമോ? അതുകൊണ്ടായിരിക്കാം, ഡോക്ടര്‍ നമ്പ്യാര്‍തന്നെ ഈ മുറിയില്‍ കുറച്ചുനാള്‍ കൂടി വിശ്രമിക്കുവാന്‍ ഉപദേശിച്ചിരിക്കുന്നത്.

ഒരു നിമിഷംമുമ്പേ വീട്ടില്‍ പോയാല്‍മതി എന്നോര്‍ക്കും. അപ്പഴൊക്കെ മറ്റൊരു ചിന്ത കടന്നാക്രമിക്കും. വീട്ടില്‍ പോയാല്‍, തനിക്കു പ്രിയങ്കരനായ ഒരാളെ കാണുവാന്‍ കഴയുകയില്ലല്ലോ എന്ന ചിന്ത.

എത്ര പെട്ടെന്നാണ് സംഭവങ്ങളുണ്ടാകുന്നത്. അപ്രതീക്ഷിത നിമിഷങ്ങളില്‍ എന്തെല്ലാം സംഭവിക്കുന്നു. അല്ലെങ്കില്‍, എന്നെങ്കിലും ആശിച്ചതാണോ ഇത്തരത്തിലൊരു സമാഗമം സാദ്ധ്യമാവുമെന്ന്.

അന്നത്തെ സംഭവം ഓര്‍ക്കുമ്പോള്‍, മനസ്സില്‍ കൊടുങ്കാറ്റടിക്കുന്നു. ആ കൊടുങ്കാറ്റിന്റെ ശക്തിയില്‍ താന്‍ പറന്നകന്നു പോകുമായിരുന്നു. ശക്തമായ ശൈലം കാറ്റിനെ തടഞ്ഞില്ലായിരുന്നെങ്കിലോ.

വഞ്ചിയില്‍ കയറിയപ്പോള്‍തന്നെ കുസൃതികളായ പിള്ളേര്‍ കമന്റടിച്ചതാണ്.

''കൊച്ചുതമ്പുരാട്ടി എന്താ അടിയങ്ങളോടൊപ്പം.''

ഏതോ ഒരു തെമ്മാടി ചെറുക്കന്‍ ഉറക്കെ ചോദിച്ചു. അതുകേട്ടു വഞ്ചിയിലുണ്ടായിരുന്നവര്‍ മുഴുവനും ചിരിച്ചു.

''ചുമ്മാതിരിയെടാ പിള്ളേരേ.''

വഞ്ചിക്കാരന്‍ ഔസോ താക്കീതുപോലെ പറഞ്ഞെങ്കിലും അയാളുടെ ചുണ്ടിലും പരിഹാസം തിരയിട്ടു നിന്നിരുന്നു.

അപ്പച്ചന്‍ 'വളവര' ഓടവുമായി അകലെയെങ്ങോ പോയതുകൊണ്ടു മാത്രമാണ്, കടത്തുവഞ്ചിയില്‍ കയറുവാന്‍ നിര്‍ബന്ധിതയായത്. അപ്പച്ചന്‍ അന്നു പോയിരുന്നില്ലെങ്കില്‍ അപകടം ഒഴിവാകുമായിരുന്നില്ലേ?

വഞ്ചി നീങ്ങിയപ്പോള്‍ തന്നെ വഞ്ചിയില്‍ കൊട്ടും പാട്ടും തുടര്‍ന്നിരുന്നു. അതു സഹിക്കാതായപ്പോള്‍ താന്‍ വിളിച്ചു പറഞ്ഞു.

''ഔസോച്ചേട്ടന്‍ ഇങ്ങനെ പോകുന്നതു സഹിക്കുവാനാവുന്നില്ല.''

ഔസോച്ചേട്ടന്‍ മിണ്ടിയില്ല. അതിനു പകരം വഞ്ചിയുടെ ഒരറ്റത്തുനിന്നും ഒരു ശബ്ദം കേട്ടു.

''ടാ കേട്ടോ കൊച്ചുതമ്പുരാട്ടിക്ക് സഹിക്കുന്നില്ലെന്ന്.''

ആരാണു പറയുന്നതെന്നു ശ്രദ്ധിച്ചില്ല. തന്നെ കമന്റടിക്കുവാന്‍ താന്‍ അവസരം ഉണ്ടാക്കരുതെന്നു കരുതി മൗനം പാലിച്ചു.

''ഒന്നടങ്ങിയിരിയെടാ പാള്ളേരെ, അല്ലേല്‍ തുഴ വലിച്ചു ഞാനൊരു തട്ടുതരും.''

വഞ്ചിക്കാരന്റെ ശബ്ദം. പെട്ടെന്ന് അറിയാതെ വന്ന ഒരു വലിയ തിരയില്‍ വഞ്ചി ഒന്നു ചാഞ്ചാടി.

തന്റെ ഉള്ളു കിലുങ്ങി. അഥവാ വഞ്ചി മറിഞ്ഞാല്‍, തനിക്കു നീന്തുവാന്‍ പോലും അറിയില്ല.

നദിക്കരയില്‍ താമസിക്കുന്ന പെമ്പിള്ളേര്‍ കൊച്ചുവഞ്ചികളില്‍ അക്കരെയിക്കരെ തുഴഞ്ഞുപോകുന്നത് നോക്കി താന്‍ അത്ഭുതത്തോടെ നിന്നിട്ടുള്ള കാര്യങ്ങള്‍ റോസിക്കുട്ടി ഓര്‍ത്തു. അന്നൊക്കെ അവര്‍ക്കെങ്ങനെ കഴിയുന്നു എന്നു ചിന്തിച്ചിരുന്നു.

ചെറുപ്പം മുതലേ പുഴയില്‍ കുളിക്കുവാനോ ഇറങ്ങുവാനോ തന്നെ അനുവദിക്കില്ലായിരുന്നു. തെക്കുംതലക്കാരുടെ പുന്നാരമോള്‍ ആ ഗ്രാമത്തിന്റെ അന്തരീക്ഷത്തില്‍ വളരരുത് എന്ന നിര്‍ബന്ധം അപ്പച്ചനുണ്ടായിരുന്നതുകൊണ്ടാണ്, വളരെ ചെറുപ്പത്തിലെ പട്ടണത്തില്‍ കോണ്‍വന്റില്‍ നിറുത്തി തന്നെ പഠിപ്പിച്ചത്. വെക്കേഷന്‍ കാലങ്ങളില്‍ വീട്ടില്‍ വരുമെങ്കിലും പുറത്തിറങ്ങുവാന്‍ സമ്മതിക്കില്ലായിരുന്നു. യാതൊരു വിധത്തിലും ഗ്രാമാന്തരീക്ഷവുമായി അലിഞ്ഞു ചേരരുത് എന്ന് അപ്പച്ചന്‍ ആഗ്രഹിച്ചിരുന്നു.

തെക്കുംതലക്കാരും വടക്കുംതലക്കാരും തമ്മിലുളള പരമ്പരാഗതമായ വൈരാഗ്യത്തിന്റെ കാര്യങ്ങള്‍പോലും വളരെ പ്രായമായതിനു ശേഷമാണ് തനിക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞതെന്ന വസ്തുതയും റോസിക്കുട്ടി ഓര്‍ത്തു.

ഒരു വലിയ തിരയുടെ തള്ളിക്കയറ്റത്തില്‍ വഞ്ചി ഉലഞ്ഞു. പിന്നെ ഒന്നുമറിയില്ല. താന്‍ വെള്ളത്തില്‍ വീണതായി മാത്രം ഓര്‍മ്മയുണ്ട്.

''ഹയ്യോ അമ്മേ.''

എന്നു വിളിച്ചു. അത്രതന്നെ വെള്ളത്തിലേക്ക് കുത്തനെ താണുപോയി. താണുപോകുമ്പോള്‍ കണ്ണുകള്‍ മേലോട്ടുയര്‍ത്തി നോക്കി. ഒഴുകുന്ന വള്ളത്തിന്റെ മുകളില്‍ വെളുത്ത മേഘങ്ങള്‍ കാണാം. പിന്നെ അതു കാണാതെയായി.

എന്തു സംഭവിച്ചു എന്നറിയില്ല. ഓര്‍മ്മ വീണപ്പോള്‍ ചുറ്റും മുഖം മൂടിവച്ച ആളുകള്‍ കണ്ണുകള്‍ പൂട്ടി കരഞ്ഞു. ആരോ എന്തൊക്കെയോ പറയുന്നു.

സ്വന്തമായ ആരുടേയും ശബ്ദം കേട്ടില്ല.

അല്പം കഴിഞ്ഞു മനസ്സിലായി താന്‍ ആശുപത്രിയിലെ മുറിയിലാണ്.

ഒരു ദിവസം, ഈ മുറിയില്‍ കിടക്കുമ്പോള്‍, അമ്മച്ചിയാണ് വിവരം പറഞ്ഞത്. വെള്ളത്തില്‍ താണു മുങ്ങി മരിക്കാറായ തന്നെ അവസരത്തില്‍ പാഞ്ഞെത്തി രക്ഷിച്ചത് ജോസ്‌മോനാണെന്ന്.

ആദ്യം വിശ്വസിക്കാനായില്ല. കടുത്ത പകയോടെ പരസ്പരം വീക്ഷിക്കുന്ന രണ്ടു തുറവാട്ടുകാരാണ് തെക്കുംതലക്കാരും വടക്കുംതലക്കാരും. അതില്‍ ഒരാളെ രക്ഷിക്കുവാന്‍ മറ്റൊരാള്‍ സാഹസം കാണിച്ചിരിക്കുന്നു.

അമ്മച്ചിയുടെ വിശദീകരണം കേട്ടു കഴിഞ്ഞപ്പോള്‍ ആ മനുഷ്യനെ കാണുവാനുള്ള ആഗ്രഹം ഇരട്ടിച്ചു. ഓരോ നിമിഷവും അദ്ദേഹം ഒന്നു വന്നിരുന്നുവെങ്കില്‍ എന്നാശിച്ചു.

തന്നെ തോളില്‍ ചുമന്നാണ് ജോസ്‌മോന്‍ കരയില്‍ എത്തിച്ചത് എന്നു പറഞ്ഞപ്പോള്‍ റോസിക്കുട്ടിക്കു രോമാഞ്ചമുണ്ടായി. അതോടെ അതീവമായ ലജ്ജയും. ഒരന്യപുരുഷന്റെ തോളില്‍ തല ചായ്ച്ചു കിടക്കുക. ആ ചിത്രം ഒന്നാലോചിച്ചു നോക്കൂ. കൊച്ചു കുഞ്ഞിനെയെന്നപോലെ അദ്ദേഹം തന്നെ തൂക്കിയെടുത്തുകൊണ്ടു വന്നിരിക്കാം.

ധീരനായ മനുഷ്യന്‍. അന്നു വൈകുന്നേരം ഡോക്ടര്‍ നമ്പ്യാരുമൊത്ത് അദ്ദേഹം വന്നു.

''ദാ ജോസ്‌മോന്‍.''

അമ്മച്ചി പറഞ്ഞപ്പോള്‍ ചാടി എഴുന്നേല്‍ക്കുവാന്‍ തോന്നി. താന്‍ തത്രപ്പെടുന്നതു കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു.

''എഴുന്നേല്‍ക്കാന്‍ വരട്ടെ. എന്താ ഡോക്ടര്‍ ചാടി ഓടാറായില്ലല്ലൊ.''

പകുതി തന്നോടും പകുതി ഡോക്ടര്‍ നമ്പ്യാരോടുമായുള്ള സംസാരം. തന്റെ മിഴികള്‍ അദ്ദേഹത്തെ ആപാദചൂഡം വീക്ഷിക്കുകയായിരുന്നു.

ആരോഗ്യമുള്ള വിരിഞ്ഞ മാറും നീളമുള്ള കരങ്ങളുമുള്ള സുന്ദരനായ മനുഷ്യന്‍. പണ്ടെങ്ങോ താന്‍ മനസ്സില്‍ സ്വരൂപിച്ച രൂപം പോലെ അദ്ദേഹം നിന്നു. ആ ചിരി ഓര്‍മ്മയില്‍ നിന്നും മാറുന്നില്ല.

ഡോ. നമ്പ്യാരുടെ പരിശോധന കഴിഞ്ഞപ്പോള്‍, മുറിയില്‍നിന്നും അദ്ദേഹം പോയി. പോകുമ്പോള്‍ ഒന്നു തിരിഞ്ഞുനോക്കുമെന്നു താന്‍ ആഗ്രഹിച്ചു. പക്ഷെ, തിരിഞ്ഞു നോക്കിയില്ല. തന്റെ മനസ്സ് ശക്തമായി തുടിച്ചു.

അപകടത്തില്‍ നിന്നു തന്നെ രക്ഷിച്ചു എന്നതിലുമുപരി തന്നോടു മറ്റു കടപ്പാടുകള്‍ ഒന്നും അദ്ദേഹത്തിനില്ലല്ലൊ. പക്ഷെ, തനക്കങ്ങനെയാണോ? ജീവിതം പൂര്‍ണ്ണമായും അദ്ദേഹത്തിനു കടപ്പെട്ടിരിക്കുന്നു.

താന്‍ ചിന്തയില്‍ മുഴുകിയിരിക്കുമ്പോള്‍ അമ്മ പറഞ്ഞു.

''ഒരു പ്രത്യേക പ്രകൃതമാണ് മോളേ ജോസ്‌മോനുള്ളത്. നിനക്ക് ബോധം വീഴുന്നതുവരെ ഈ ആശുപത്രിയില്‍തന്നെയായിരുന്നു. പിന്നീട് ദിവസവും വരും ഡോക്ടര്‍ നമ്പ്യാരുമായി സംസാരിച്ചു തിരിച്ചുപോവും.''

അദ്ദേഹം ഒന്നു വന്നെങ്കില്‍ മനസ്സു നിറയെ സംസാരിച്ചെങ്കില്‍...

റോസിക്കുട്ടി, ആകാശത്തേക്കു നോക്കിക്കിടന്നു. ആകാശത്തു മേഘശകലങ്ങള്‍ തുള്ളിക്കളിച്ചു നീങ്ങുന്നു.

രണ്ടു ദിവസം കഴിഞ്ഞ് തനിക്ക് പോകാമെന്നല്ലേ ഡോക്ടര്‍ പറഞ്ഞത്. അതിനു മുമ്പ് ഒന്നു സംസാരിക്കുവാന്‍ കഴിഞ്ഞാല്‍ താന്‍ ധന്യയായി.

അടഞ്ഞുകിടക്കുന്ന മുറിയുടെ വാതില്‍ക്കല്‍ മുട്ടുകേട്ടു.

''കം ഇന്‍.''

കട്ടിലില്‍ കിടന്നുകൊണ്ട് അലസമായി മൊഴിഞ്ഞു.

വാതില്‍ പതുക്കെ തുറന്നു.

ഒറ്റനോട്ടം.

ഹോ ജോസ്‌മോന്‍. ഉള്ളില്‍ ആനന്ദം തിരതല്ലി. പുഞ്ചിരിക്കുന്ന വദനവുമായി ജോസ്‌മോന്‍ നില്‍ക്കുന്നു. തന്റെ ആഗ്രഹം സാധിച്ചിരിക്കുന്നു. മനസ്സുനിറയെ സംസാരിക്കുവാനുള്ള അവസരം.

പക്ഷെ, പിന്നാലെ കടന്നുവന്ന പ്രൗഢാംഗനയായ സ്ത്രീയെ കണ്ടപ്പോള്‍ ശരീരത്തിനു ക്ഷീണം തോന്നി. ആ സ്ത്രീ അടുത്തേക്കുവന്നു.

''മോള്‍ക്ക് എന്നെ മനസ്സലായോ? ജോസ്‌മോന്റെ അമ്മയാണ്.''

റോസിക്കുട്ടി കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റു അവരെ കെട്ടിപ്പിടിച്ചു.

(തുടരും)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org