ഭൂമിയുടെ ഉപ്പ്

നോവല്‍ 14 - ഏ.കെ. പുതുശ്ശേരി
ഭൂമിയുടെ ഉപ്പ്

പരസ്പരം കലഹിച്ചും കാണുന്നിടങ്ങളില്‍ വച്ച് പല്ലുറുമ്മിയും നടന്നിരുന്ന രണ്ട് കുടുംബങ്ങളില്‍ പുകഞ്ഞുകൊണ്ടിരുന്ന പകയുടെ പുക, പുതുക്കെപ്പതുക്കെ താണു തുടങ്ങി.

റോസിക്കുട്ടിക്ക് സംഭവിച്ച അപകടവും അവളെ രക്ഷപ്പെടുത്താന്‍ വേണ്ടി ജോസ് മോന്‍ കാണിച്ച ധീരതയും ഹൃദയവിശാലതയും ഗ്രാമത്തിന്റെ ഹൃദയത്തില്‍ വീരഗാഥ രചിച്ചു.

അപകടസമയത്ത് അകലെയായിരുന്ന റോസിക്കുട്ടിയുടെ അപ്പച്ചന്‍ ചാക്കോച്ചന്‍, വിവരമറിഞ്ഞ് ആശുപത്രിയിലേക്കു പാഞ്ഞു. അദ്ദേഹത്തിന്റെ പരിവാരങ്ങളും ശിങ്കിടികളും കൂടെ ഉണ്ടായിരുന്നു.

അകലെനിന്നും തിരിച്ചു ഗ്രാമത്തിലെത്തിയ ചാക്കോച്ചന്റെ കാതില്‍ ആദ്യം വീണ ശബ്ദം റോസിക്കുട്ടി വെള്ളത്തില്‍ വീണു എന്നതാണ്.

''വെള്ളത്തിലോ, ഏതു വെള്ളത്തില്‍?'' ചാക്കോച്ചന്റെ ചോദ്യം.

''പുഴവെള്ളത്തില്‍.'' മറുപടി

''എന്നിട്ട്.'' ഉഗ്രമായ ശബ്ദത്തില്‍ ചാക്കോച്ചന്‍ അലറി.

''നമ്പ്യാരുടെ ആശുപത്രിയിലുണ്ട്.''

ഉത്തരംകേട്ട നിമിഷം 'വളവര ഓടം' മൂച്ചുപിടിച്ചു വലിച്ചു വലിക്കാര്‍.

മറ്റു വിവരങ്ങള്‍ ഒന്നും ചാക്കോച്ചന്‍ തിരക്കിയില്ല. നേരേ പോയത് നമ്പ്യാരുടെ ആശുപത്രിയിലേക്കാണ്.

ആശുപത്രിയുടെ വരാന്തയില്‍ ഔസേപ്പച്ചനെ കണ്ടപ്പോള്‍ അയാളുടെ മുഖം വിവര്‍ണ്ണമായി.

ഇവന്‍, ഉം ഇവന്‍ അന്വേഷിക്കുവാന്‍ വന്നതായിരിക്കും. ചത്തോ ഉണ്ടോ എന്നറിയാന്‍. അയാള്‍ മനസ്സില്‍ വിചാരിച്ചു. പക്ഷെ, പുറത്തേക്ക് പറഞ്ഞില്ല.

ഡോക്ടര്‍ നമ്പ്യാരുടെ മുറിയിലേക്ക് കയറിച്ചെന്നപ്പോള്‍ അയാള്‍ കണ്ട കാഴ്ച അയാളെ കോപാകുലനാക്കി.

നമ്പ്യാരും ജോസ്‌മോനും വര്‍ത്തമാനം പറഞ്ഞു പൊട്ടിച്ചിരിക്കുന്നു.

ഹും. ശവങ്ങള്‍ക്ക് പൊട്ടിച്ചിരിക്കുവാന്‍ കണ്ടനേരം. തന്റെ മകള്‍ മരണകരമായ ആപത്തില്‍ കിടക്കുമ്പോള്‍ അവളെ ശ്രദ്ധിക്കാതിരിക്കുവാന്‍ വേണ്ടി, ഡോക്ടര്‍ നമ്പ്യാരെ വിളിച്ചിരുത്തി കിന്നാരം പറയിക്കുന്ന തന്റെ ശത്രു. അയാള്‍ക്കു സഹിച്ചില്ല. ജോസ്‌മോനെ ഒന്നു തുറിച്ചുനോക്കിയിട്ട് അയാള്‍ നമ്പ്യാരോടു ചോദിച്ചു.

''അപ്പോഴേ എന്റെ ഡോക്ടറേ എന്റെ മകള്‍ക്ക് എന്തുപറ്റി?''

ഡോക്ടര്‍ നമ്പ്യാര്‍ അയാളുടെ മുഖത്തുനോക്കി. നമ്പ്യാര്‍ക്കു ചാക്കോച്ചനെ അറിയില്ല.

''ഏതാ നിങ്ങളുടെ മകള്‍?'' അദ്ദേഹം ചോദിച്ചു.

റോസിക്കുട്ടിയുടെ പിതാവാണ് അയാളെന്ന് ജോസ്‌മോന്‍ ഇംഗ്ലീഷ് പറഞ്ഞു.

''ഓ, ഐസി. കുട്ടിക്ക് കുഴപ്പമൊന്നുമില്ല; സുഖമായി കിടക്കുന്നു. പതിനൊന്നാം നമ്പറില്‍.''

ഉടനെ ചാക്കോച്ചന്‍ മുറിയില്‍നിന്നും വെളിയിലേക്കിറങ്ങി. പതിനൊന്നാം നമ്പര്‍ മുറിയിലേക്ക് പാഞ്ഞു. പക്ഷേ, മുറിയുടെ മുമ്പില്‍ ശരിയായി കാവല്‍ ഏല്പിച്ചിരുന്നതുകൊണ്ട് അയാള്‍ക്ക് അകത്തു കടക്കുവാന്‍ കഴിഞ്ഞില്ല. അറ്റന്റര്‍ അയാളെ തടഞ്ഞുനിറുത്തി.

''മൂപ്പിന്നേ എങ്ങോട്ടാണ് മൂരിക്കുട്ടന്‍ പായുന്ന പോലെ.'' അറ്റന്റര്‍ ചോദിച്ചു.

''എടോ എന്റെ മോള്‍ അകത്തു കിടക്കുന്നു. അവളെ കാണണം.''

''പറ്റില്ല.'' അറ്റന്റര്‍ ഉറപ്പിച്ചു പറഞ്ഞു.

''പറ്റില്ലെ ഞാനവളുടെ തന്തയാണ്.''

''തന്തയല്ല, ദൈവം തമ്പുരാന്‍ വന്നാല്‍പോലും അകത്തു വിടരുതെന്നു ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.''

''എന്താടോ എന്റെ മോളെ കാണാന്‍ പോലും എനിക്കു അവകാശമില്ലേ?'' ചാക്കോച്ചന്റെ ശബ്ദം ഉയര്‍ന്നു.

''ഇവിടെ നിങ്ങളുടെ മോളല്ല; ഞങ്ങളുടെ പേഷ്യന്റാണ് ഈ മുറിയില്‍. ഇവിടത്തെ സ്റ്റാഫ് അല്ലാതെ മറ്റൊരാളെ അകത്തു കടത്തുവാന്‍ പാടില്ല. അറിയാമോ?'' അറ്റന്റര്‍ പറഞ്ഞു.

''എടോ ഇതു ചാക്കോച്ചനാ, തെക്കുംതല ചാക്കോച്ചന്‍. തന്നെ തള്ളിമാറ്റി ഞാനകത്തുകേറും കാണണോ?''

''ഒന്നുപോ വല്യപ്പാ. ജോസ്‌സാറിനെപ്പോലും അകത്തു കടത്തിവിട്ടിട്ടില്ല. പിന്നല്ലേ ഈ വല്യപ്പനെ വിടാന്‍ പോകുന്നു.''

''ഏതാടാ നിന്റെ ജോസ് സാര്‍.''

''അപ്പഴേ കാര്‍ന്നോരേ എടാ പോടാന്ന് വിളിക്കാന്‍ നിങ്ങളുടെ അടിയാരൊന്നുമല്ല ഞാന്‍. അറിയാമോ?'' അറ്റന്റര്‍ അല്പം ഗൗരവത്തില്‍ പറഞ്ഞു.

ഇതിനിടയില്‍ റോസിക്കുട്ടിയുടെ അമ്മ സ്ഥലത്തെത്തി. ചാക്കോച്ചനെ പതുക്കെ വിളിച്ചുകൊണ്ട് അല്പം അകലത്തേക്കു പോയി.

നടന്നതായ സംഗതികള്‍ വിശദമായി അയാളെ പറഞ്ഞു കേള്‍പ്പിച്ചു. റോസിക്കുട്ടിയെ പത്തു മണിക്കൂര്‍ നേരത്തേക്ക് ആരും അലട്ടരുതെന്നും അവള്‍ക്ക് യാതൊരു അപകടവും ഉണ്ടാവുകയില്ലെന്നുമാണ് ഡോക്ടര്‍ പറഞ്ഞതെന്നും അവര്‍ അറിയിച്ചു.

ചാക്കോച്ചന്റെ മിഴികള്‍ നിറഞ്ഞു. താന്‍ എത്രയേറെ വൈരാഗ്യത്തോടെയാണ് വടക്കുംതലക്കാരോട് പെരുമാറിയിരുന്നതെന്ന വസ്തുത അയാള്‍ ഓര്‍ത്തു. ഈ സമയത്തുപോലും ഔസേപ്പച്ചനേയും ജോസ്സിനേയും കണ്ടപ്പോള്‍ തന്റെ മനസ്സില്‍ തോന്നിയ വൈരാഗ്യാഗ്നിയെക്കുറിച്ചും അയാള്‍ ഓര്‍ത്തു. കാര്യമില്ലാത്ത പലതും പറഞ്ഞ് തന്നെ വടക്കുംതലക്കാര്‍ക്ക് എതിരായി തിരിച്ചുവിട്ട വറീത് ചേട്ടനെ അയാള്‍ ശപിച്ചു.

മുത്തപ്പന്മാര്‍ തമ്മില്‍ കലഹിക്കുകയും ബഹളമുണ്ടാക്കുകയും തമ്മിലടിക്കുകയും ചെയ്തത് തീരെ നിസ്സാരകാര്യത്തിനായിരുന്നു. ആ കാര്യവും പറഞ്ഞ് പിന്‍തലമുറക്കാര്‍ പരസ്പരം കലഹിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു. തന്റെ ഊഴം വന്നു താനും പരമാവധി വടക്കുംതലക്കാരെ ദ്രോഹിക്കുവാന്‍ മറന്നില്ല. എന്നിട്ടും, അതൊന്നും ഉള്ളില്‍ ചിന്തിക്കാതെ ജോസ്‌മോന്‍ തന്റെ മോളെ രക്ഷിച്ചിരിക്കുന്നു. ഇപ്പോഴും വടക്കുംതലക്കാരുടെ പേരില്‍ കേസ്സുകള്‍ നടക്കുകയല്ലേ, ഏതാനും നാളുകള്‍ക്കു മുമ്പ് വറീതുചേട്ടന്‍ ചെളിയില്‍ പൂണ്ടു മരിക്കാന്‍ കിടന്നപ്പോഴും രക്ഷിച്ചതു ജോസ്‌മോനാണ് അന്നു തന്റെ പുന്നാരമോള്‍ റോസിക്കുട്ടി പറഞ്ഞ കാര്യം ചാക്കോച്ചന്‍ ഓര്‍ത്തു.

''അപ്പച്ചാ, ആ സ്ഥലം വടക്കുംതലക്കാരുടേതാണെങ്കില്‍ വിട്ടുകൊടുക്കൂ. അവിടെ പതിയിരിക്കുന്ന അപകടം ഒഴിവാകുമല്ലോ?

''പോടി അപ്പുറത്ത്, അതു കോടതി വിധിക്കട്ടെ. നീ അതിലൊന്നും പോയി ചാടേണ്ട.''

പക്ഷേ, തന്റെ വാക്കുകള്‍ തന്നെ വേട്ടയാടുന്നു. തന്റെ മകള്‍ മറ്റൊരു കയത്തില്‍ പതിച്ചിരിക്കുന്നു. കൃത്യസമയത്ത് ജോസ്‌മോന്‍ ധീരത കാണിച്ചില്ലായിരന്നുവെങ്കില്‍ തന്റെ മകള്‍ എന്നന്നേക്കുമായി നഷ്ടപ്പെടുമായിരുന്നില്ലേ?

''നിങ്ങള്‍ എന്താണാലോചിക്കുന്നത് ആ മനുഷ്യന്‍ അപ്പുറത്ത് നില്‍ക്കുന്നുണ്ട്. അങ്ങേരുമായി അല്പം സംസാരിക്കൂ. നന്ദി പറയേണ്ടത് നമ്മുടെ കടമയല്ലേ?''

ഔസേപ്പച്ചനെ ഉദ്ദേശിച്ചാണ് തന്റെ ഭാര്യ പറഞ്ഞതെന്നു ചാക്കോച്ചനു തോന്നി. താന്‍ ആശുപത്രിയിലേക്ക് കടന്നുവരുമ്പള്‍ ആര്‍ദ്രമാകുന്ന മിഴികളുയര്‍ത്തി തന്നെ നോക്കിയെങ്കലും അപ്പോഴും തന്റെ ഉള്ളില്‍ പകയായിരുന്നുവെന്ന കാര്യം ചാക്കോച്ചന്‍ ഓര്‍ത്തു.

''ശരിയാണ് ഇതാണ് ഏറ്റവും പറ്റിയ സമയം.''

ചാക്കോച്ചന്‍ സ്വയം പറഞ്ഞുകൊണ്ട് അപ്പുറത്തേക്കു നടന്നു. പക്ഷേ, ഔസേപ്പച്ചന്‍ നിന്നിരുന്ന സ്ഥലത്ത് അദ്ദേഹത്തെ കാണുന്നില്ല.

ചാക്കോച്ചന്‍ അവിടെയൊക്കെ നോക്കി. പക്ഷെ, ഔസേപ്പച്ചനില്ല. പുള്ളി അപ്പുറത്തെവിടെയെങ്കിലും ഉണ്ടാവുമെന്നു കരുതി അല്പസമയം കൂടി അവിടെതന്നെ നിന്നു. പക്ഷേ, ഫലം ശൂന്യമായിരുന്നു.

എന്നാല്‍ ജോസ് മോനെ കണ്ടു സംസാ രിക്കാം എന്നുറച്ചുകൊണ്ട് ചാക്കോച്ചന്‍ ഡോക്ടര്‍ നമ്പ്യാരുടെ മുറിയിലേക്കു നീങ്ങി. പക്ഷെ, അവിടെ നമ്പ്യാര്‍ മാത്രമാണുണ്ടായത്.

''ജോസ്‌മോന്‍?'' ചാക്കോച്ചന്‍ ചോദിച്ചു.

ജോസ് വീട്ടിലേക്ക് അയാളുടെ പിതാവുമൊത്തു പോയി.

നമ്പ്യാര്‍ അറിയിച്ചു.

റോസിക്കുട്ടിയെ സംബന്ധിച്ച് എല്ലാ വിരങ്ങളും പറഞ്ഞു കഴിഞ്ഞപ്പോള്‍ നമ്പ്യാര്‍ സ്വാഗതമെന്നപോലെ പറഞ്ഞു.

''ജോസ് ഒരു ധീരനായ ചെറുപ്പക്കാരനാണ്. അയാളുടെ അവസരബുദ്ധിയാണ് ആ പെണ്‍കുട്ടിയെ രക്ഷിച്ചത്.''

ചാക്കോച്ചന്‍ അതുകേട്ടു എങ്കിലും അതിന് വലിയ തൂക്കം കല്പിക്കാത്തതുപോലെ, തന്റെ പേഴ്‌സില്‍നിന്നും ഒരു കെട്ട് നോട്ടു വലിച്ചെടുത്ത് നമ്പ്യാരുടെ മേശപ്പുറത്ത് വച്ചു.

''ഇതെന്തിനാണ്?'' ഡോക്ടര്‍ നമ്പ്യാര്‍ ചോദിച്ചു.

''റോസിക്കുട്ടിയുടെ ചികിത്സയ്ക്ക്.''

ഒന്നു മന്ദസ്മിതം ചെയ്ത ഡോക്ടര്‍ നമ്പ്യാര്‍ പറഞ്ഞു.

''ബില്ല് ജോസ്‌മോന്റെ പേരില്‍ അയയ്ക്കുവാന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്.''

''എന്റെ മകളുടെ ചികിത്സയ്ക്ക് മറ്റൊരുവന്റെ പണമോ? അത് സാദ്ധ്യമല്ല.''

ചാക്കോച്ചന്റെ അഭിമാനം തലയുയര്‍ത്തി.

നിങ്ങളുടെ മകള്‍ ഇവിടെയില്ല. ജോസ് ഇവിടെ ഒരു രോഗിയെ ഏല്പിച്ചിട്ടുണ്ട്. അവരുടെ ചികിത്സയ്ക്ക് വേണ്ടുന്ന എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്കു നിര്‍ബന്ധമാണെങ്കില്‍ പണം അവരെ ഏല്പിച്ചേക്കൂ.

ചാക്കോച്ചന്‍ അല്പനേരം മൗനം പാലിച്ചു. എന്നിട്ട് ചോദിച്ചു.

''എന്റെ മകളെ ഇവിടെ നിന്നുകൊണ്ടുപോകാനും അവരുടെ അനുവാദം വേണ്ടി വരുമോ?''

ഡോക്ടര്‍ നമ്പ്യാര്‍ ഒന്നു ചിരിച്ചു എന്നിട്ട് അയാളുടെ ചുമലില്‍ തട്ടിപ്പറഞ്ഞു.

''മിസ്റ്റര്‍ ചാക്കോച്ചന്‍ ശാന്തനാകൂ. കുട്ടിയുടെ അസുഖം മാറട്ടെ. ബാക്കിയൊക്കെ പിന്നാലെ ആലോചിക്കാം.''

ചാക്കോച്ചന്‍ ഡോക്ടറുടെ മുഖത്തു നോക്കി മിഴിച്ചുനിന്നു.

(തുടരും)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org