ആയുഷ്ക്കാലം – അദ്ധ്യായം 5

ആയുഷ്ക്കാലം – അദ്ധ്യായം 5

ബംഗളുരുവിലെ ആകര്‍ഷകമെന്നു പറയാനാവാത്ത ചാരനിറമണിഞ്ഞ ഒരു പ്രഭാതത്തിലേക്കാണ് അവര്‍ ബസ്സിറങ്ങിയത്.
ബസ്സിലെ യാത്രക്കാരില്‍ പകുതിയിലധികം പേര്‍ ആ ബസ്സ് സ്റ്റോപ്പില്‍ ഇറങ്ങിയിട്ടുണ്ടാവും. വിജനമായിരുന്ന അവിടെ പെട്ടെന്ന് ഒരാള്‍ക്കൂട്ടം രൂപപ്പെട്ടു. ബംഗളുരു എന്ന മഹാനഗരത്തിന്‍റെ ഏതോ ഒരറ്റത്താണു ബസ്സിറങ്ങിയിരിക്കുന്നതെന്നു ജോയിച്ചനു തോന്നി.
ജോയിച്ചനും അന്നക്കുട്ടിയും ജെയ്സിയും പാതയ്ക്കരുകിലെ ഒരു മരച്ചുവട്ടില്‍ റോബിനെ കാത്തുനിന്നു. റോബിന്‍ കാറുമായി എത്തിക്കൊള്ളാമെന്നു പറഞ്ഞിരുന്നു.
ബസ്സില്‍ നിന്നിറങ്ങിയ ചെറിയ ആള്‍ക്കൂട്ടം പെട്ടെന്ന് അപ്രത്യക്ഷമായി. ചിലര്‍ ഓട്ടോറിക്ഷകളില്‍ കയറിപ്പോയി. ചിലര്‍ കാത്തുകിടന്ന കാറില്‍ കയറി. ചിലര്‍ നടന്നുമറഞ്ഞു.
ബസ്സില്‍വച്ചു പരിചയപ്പെട്ട ഒരാള്‍ ബാഗുമെടുത്തു ജോയിച്ചന്‍റെ അടുത്തു വന്നു.
"സാറേ, എനിക്ക് അടുത്ത സ്റ്റോപ്പില്‍ നിന്നാല്‍ ബസ്സ് കിട്ടും. അവിടെവരെ നടക്കുകയാണ്. രാവിലെ പതിവായിട്ടുള്ള നടപ്പുമാകും. നിങ്ങള്‍ക്ക് എവിടെയാ പോകേണ്ടത്?"
ജോയിച്ചന്‍ ജെയ്സിയുടെ നേരെ നോക്കി.
"നമ്മുടെ സ്ഥലം ഏതാണു മോളെ?"
"ഭാരതിപുരം" – ജെയ്സി പറഞ്ഞു.
"ഓ, കുറേ ദൂരമുണ്ട്. ശരി, കാണാം സാറെ."
'സാറിവിടെ സ്ഥിരതാമസമാണോ?"-ജോയിച്ചന്‍ ചോ ദിച്ചു.
"ഇവിടെ സ്ഥിരമായിട്ടു വരാറുണ്ട്."
"ജോലിയുടെ ഭാഗമായിട്ടു വരുന്നതാണോ? അതോ വിനോദയാത്രയോ?"
"ജോലിയുടെ ഭാഗമെന്നു പറയാം. പക്ഷേ ഒരു സാധാരണ ജോലിയല്ലതാനും ഞാനൊരു ഫാമിലി കൗണ്‍സലറാണ്; കേട്ടിട്ടുണ്ടാകും, തങ്കച്ചന്‍ താമരശ്ശേരി. മാധ്യമങ്ങളില്‍ എഴുതാറുണ്ട്. കുടുംബബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ബംഗളുരുവില്‍ മാസത്തില്‍ ഒരു തവണയെങ്കി ലും വരാറുണ്ട്. കുടുംബങ്ങളില്‍ നേരിട്ടെത്തി കൗണ്‍സലിങ് കൊടുക്കുകയാണ്. ഓരോ കുടുംബത്തിലും ഓരോ പ്രശ്നമാണല്ലോ. അടിച്ചുപിരിയുമെന്നാകുമ്പോള്‍ ആരെങ്കിലും പറഞ്ഞറിഞ്ഞ് എന്നെ വിളിക്കും. ഇന്ത്യയില്‍ മിക്ക നഗരങ്ങളിലും പോകാറുണ്ട്. ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികളും വിളിക്കാറുണ്ട്. ആര്‍ക്കും പിരിഞ്ഞുപോകണമെന്നില്ല സാറെ. മരിക്കുന്നിടംവരെ ഒന്നുചേര്‍ന്നു പോകണമെന്നാ മിക്കവരുടെയും ആഗ്രഹം. അതിന് എന്‍റെ ഒരു സഹായം. യാത്രാച്ചെലവും ചെറിയൊരു ഫീസും വാങ്ങും."
"അപ്പോള്‍ സാറിനൊരു കുടുംബജീവിതം വേണ്ടായോ?"- ജെയ്സി ചോദിച്ചു. നേരിയ പരിഹാസം അവളു ടെ സ്വരത്തിലുണ്ടായിരുന്നു.
അതു മനസ്സിലാക്കിയിട്ടെന്നോണം അയാള്‍ പറഞ്ഞു: "മോളേ, നമ്മുടെ ജീവിതമാര്‍ഗമാണല്ലോ തൊഴില്‍. ആ തൊഴിലിനനുസരിച്ചു കുടുംബജീവിതം നമ്മള്‍ അഡ്ജസ്റ്റ് ചെയ്യണം. ഇപ്പോഴത്തെ നഗരജീവിതവും കുടുംബജീവിതവും പൊരുത്തപ്പെട്ടു പോകാന്‍ പ്രയാസമാണ്. കുടുംബജീവിതത്തിന് ഏറ്റവും നന്നായി ഇണങ്ങുന്ന തൊഴില്‍ കൃഷിയാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കൃഷി ചെയ്തു ജീവിക്കുന്നവരുടെ കുടുംബമാണു ശരിയായ സന്തുഷ്ട കുടുംബം. ഇപ്പോള്‍ കൃഷിചെയ്തു ജീവിക്കാന്‍ ഭൂമിയുള്ളവരും പഠിച്ചു പഠിച്ചു മറ്റു ജോലി തേടിപ്പോകുകയാണ്. കൃഷി ചെയ്തു ജീവിക്കുന്നതു വളരെ മോശമാണെന്നു നമ്മുടെ ഇംഗ്ലീഷ് മീഡിയം സംസ്കാരം നമ്മളെ പഠിപ്പിക്കുന്നു. ശാന്തിയും സമാധാനവും സംതൃപ്തിയും ലഭിച്ചിരുന്ന ഒരു ലോകത്തുനിന്ന് അസമാധാനവും അശാന്തിയും അന്തഃസംഘര്‍ഷവും നിറഞ്ഞ ഒരു ലോകത്തേയ്ക്കു നമ്മുടെ യുവതലമുറ ചേക്കേറുന്നു. വാസ്തവത്തില്‍ എടുത്താല്‍ പൊങ്ങാത്ത ഒരു ജീവിതമാണു മിക്കവരും കൊണ്ടുനടക്കുന്നത്. ശരി, വീണ്ടും കാണാം. എന്‍റെ ഒരു കാര്‍ഡുകൂടി വച്ചോളൂ. ഏതു സമയത്തും വിളിക്കാം."
തങ്കച്ചന്‍ പോക്കറ്റില്‍നിന്ന് അദ്ദേഹത്തിന്‍റെ പേരും ഫോണ്‍ നമ്പറും രേഖപ്പെടുത്തിയ ഒരു ചെറിയ കാര്‍ഡ് ജോയിച്ചനു നല്കിയിട്ടു നടന്നുപോയി.
ജോയിച്ചന്‍ ജെയ്സിയെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു: "നിനക്കു ചിലപ്പോള്‍ ഇയാളെ ഉപകരിച്ചേക്കും."
"ഇത് അയാളുടെ വയറ്റിപ്പിഴപ്പ്!"-ജെയ്സിയും ചിരിച്ചു.
"അപ്പോഴേക്കും റോബിന്‍ കാറുമായി എത്തിച്ചേര്‍ന്നു. റോബിന്‍ കാറില്‍ നിന്നിറങ്ങി ജോയിച്ചന്‍റെ കൈപിടിച്ചുകൊണ്ടു ചോദിച്ചു: "ഏറെ നേരം കാത്തുനിന്നോ പപ്പാ?"
"ഏയ്… അഞ്ചു മിനിറ്റ്" – ജോയിച്ചന്‍ പറഞ്ഞു.
റോബിന്‍ ബാഗുകളെടുത്തു കാറിന്‍റെ ഡിക്കിയില്‍ വച്ചു.
"കയറിക്കോളിന്‍… താമസിച്ചാല്‍ ജോലിക്കു പോകാന്‍ സമയം തെറ്റും."
തിടുക്കത്തില്‍ എല്ലാവരും കാറില്‍ കയറി.
റോബിന്‍ കാര്‍ വേഗത്തില്‍ ഓടിച്ചുപോയി.
റോഡില്‍ വാഹനങ്ങളുടെ കുത്തൊഴുക്കാണ്.
"രാവിലെതന്നെ നല്ല തിരക്കാണല്ലോ?" – ജോയിച്ചന്‍ പറഞ്ഞു.
"ഇവിടെ മെയിന്‍ റോഡുകളിലെല്ലാം എപ്പോഴും ഇങ്ങനെയാ. രാത്രിയെന്നോ പകലെന്നോ ഭേദമില്ല"- റോബിന്‍ പറഞ്ഞു.
പ്രധാന പാതയില്‍ നിന്നു മറ്റൊരു പാതയിലേക്കു റോബിന്‍ കാര്‍ തിരിച്ചു. വാഹനങ്ങളുടെ ഒഴുക്കില്‍നിന്നു മറ്റൊരു പാതയിലേക്കു തിരിയുക എളുപ്പമായിരുന്നില്ല.
"ഇവിടെ എങ്ങനെ കാറോടിക്കും റോബിന്‍?" – ജോയിച്ചന്‍ അതിശയപ്പെട്ടു.
"എന്‍റെ പപ്പാ, നോക്കിനിന്നാല്‍ അവിടെത്തന്നെ നി ല്ക്കാമെന്നേയുള്ളൂ. ഒരിക്കലും കടന്നുപോക്ക് നടക്കില്ല. എല്ലാവരും അത്യാവശ്യക്കാരാ. സമയം തെറ്റി സഞ്ചരിക്കുന്നവര്‍. ഒരു മിനിറ്റു നേരത്തെ എത്താന്‍ വേണ്ടിയാ എല്ലാവരും കുതിച്ചുപായുന്നത്. അവരുടെ ഇടയിലൂടെ കുത്തിക്കയറണം. ഏതാനും പേര്‍ക്ക് ഒരു നിമിഷനേരത്തേയ്ക്കു നമ്മള്‍ തടസ്സമാകും. അവരുടെ സുഗമമായ യാത്രയ്ക്കു ചെറിയൊരു വിരാമം. അതവര്‍ക്കു സഹിക്കാന്‍ കഴിയില്ല. അവരുടെ ജീവിതത്തില്‍നിന്ന് ഒരു നിമിഷം നമ്മള്‍ പിടിച്ചുപറിക്കുകയാണ്. ഇവനൊക്കെ ഏതു നരകത്തിലേക്കാണു പോകുന്നതെന്ന് ആത്മഗതം ചെയ്തുകൊണ്ട് അവര്‍ നമ്മളെ ശപിക്കും. അങ്ങനെ ഒരിടത്തുനിന്നു മറ്റൊരിടത്ത് എത്തുമ്പോഴേക്കും നമ്മള്‍ക്കു സൗജന്യമായി ധാരാളം ശാപവാക്കുകളും തെറികളും കോപപ്രകടനങ്ങളും ലഭിക്കുന്നു. അതു മാത്രമാണ് ഇവിടെ ലാഭത്തില്‍ കിട്ടുന്നത്" – റോബിന്‍ പറഞ്ഞു ചിരിച്ചു.
റോബിന്‍ ഒരു കവലയില്‍ നിന്ന് അല്പംകൂടി ഇടുങ്ങിയ തെരുവിലേക്കു പ്രവേശിച്ചു. പാതയ്ക്കിരുവശവും കോട്ടപോലെ കെട്ടിടങ്ങള്‍. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന ഓട്ടോറിക്ഷകള്‍. ചിലയിടങ്ങളില്‍ പശുക്കളെ പാതയ്ക്കരുകില്‍ നിര്‍ത്തി കറന്നെടുക്കുന്ന പാല്‍ക്കച്ചവടക്കാര്‍. പട്ടികളുമായി നടക്കാനിറങ്ങിയവര്‍. മീനും പച്ചക്കറിയും വില്ക്കുന്ന ഉന്തുവണ്ടികച്ചവടക്കാര്‍. ജീവിതം തളം കെട്ടി നില്ക്കുന്ന ഒരു തെരുവാണത്. അതിനിടയിലൂടെ ഓടിയോടി റോബിന്‍ അവരുടെ വാടകവീട്ടിലെത്തി.
സമയബോധം റോബിനെ അസ്വസ്ഥനാക്കുന്നു. വീടിന്‍റെ വാതിലില്‍ താക്കോല്‍ തിരിക്കുന്നതിനിടയില്‍ റോബിന്‍ ചോദിച്ചു: "ജെയ്സി ഇന്നു ജോലിക്കു പോകുന്നുണ്ടോ?"
"ജോലിക്കു പോകണം"- ജെയ്സി പറഞ്ഞു.
കാറിന്‍റെ ഡിക്കി തുറന്നു ബാഗെടുത്ത് അകത്തുവച്ചിട്ടു റോബിന്‍ അടുക്കളയിലേക്ക് ഓടി. വെളുപ്പിനെ എഴുന്നേറ്റു പുട്ടുപൊടി നനച്ചുവച്ചിട്ടാണു കാറുമായിറങ്ങിയത്. പപ്പയും അമ്മയുമൊക്കെ യാത്ര ചെയ്തു ക്ഷീണിച്ചുവരുമ്പോള്‍ രാവിലത്തെ ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നതാണല്ലോ മര്യാദ. പുട്ടുകുടത്തില്‍ വെള്ളമെടുത്തു ഗ്യാസ് സ്റ്റൗവിനു മേല്‍ വച്ചു. പുട്ടുകുറ്റിയില്‍ പൊടി വാരി നിറച്ചുകൊണ്ടിരിക്കുമ്പോള്‍ അന്നക്കുട്ടി അടുക്കളയിലേക്കു വന്നു.
"മോനേ എന്തെടുക്കുകയാ?"
"രാവിലത്തെ കാപ്പി ഉണ്ടാക്കാമെന്നു കരുതി; പുട്ടാണ്. പാചകം ചെയ്യാന്‍ ഏറ്റവും എളുപ്പമാണല്ലോ. പൊടിയൊക്കെ നേരത്തെ നനച്ചുവച്ചു. അമ്മ പോയി ഫ്രഷായിക്കോ. അപ്പോഴേക്കും കാ പ്പി റെഡി" – റോബിന്‍ പറഞ്ഞു.
"മോനു ജോലിക്കു പോകണ്ടേ. കുളിച്ചു തയ്യാറായിക്കോളൂ. പുട്ടു ഞാനുണ്ടാക്കി ക്കൊള്ളാം"- അന്നക്കുട്ടി പ റഞ്ഞു.
റോബിന്‍ ബാത്ത് റൂമിലേക്ക് ഓടി.
ജോയിച്ചന്‍ അകത്തേയ്ക്കു കയറാതെ പുറത്തെ കാഴ്ചകള്‍ കണ്ടു നില്ക്കുകയായിരുന്നു. എന്തൊരു തിരക്കാണു തെരുവില്‍. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഇടകലര്‍ന്ന് എവിടേക്കോ ആക്രാന്തപ്പെട്ടു പാഞ്ഞുപോകുകയാണ്. അവര്‍ക്കിടയില്‍ കന്നുകാലികളും നായ്ക്കളും കോവര്‍കഴുതകളും. ഇതിനിടയിലേക്കു നുഴഞ്ഞുകടന്നു ഹോണ്‍ മുഴക്കിയും എന്‍ജിന്‍ റെയ്സാക്കിയും വഴി കണ്ടെത്താന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍. അശാന്തിയുടെയും അസമാധാനത്തിന്‍റെയും മുഖമുദ്ര എല്ലാവരും അണിഞ്ഞിരിക്കുന്നു. ജീവിതം ഇപ്പോള്‍ കൈവിട്ടുപോകുമെന്ന മട്ടാണ്.
കെട്ടിടങ്ങള്‍ക്കിടയിലുളള ചെറിയ വിടവിനെയാണു റോഡ് എന്നു വിളിക്കുന്നത്. റോഡിനു മുകളില്‍ ഒരു നാടപോലെ ആകാശം കാണാം.
മനുഷ്യനും വാഹനങ്ങളും മൃഗങ്ങളും തെരുവുവാണിഭക്കാരും ഒരുമിച്ച് ഒഴുകിപ്പോകുന്ന ഒരു പുഴ. മടിപ്പും ചെകിടിപ്പുമുണ്ടാക്കുന്ന ആ നഗരദൃശ്യത്തില്‍ നിന്നും ജോയിച്ചന്‍ വീടിനുള്ളിലേക്കു കയറി.
വീടിനുള്ളില്‍ ഒരനക്കവുമില്ല. എല്ലാവരും എവിടെപ്പോയി മറഞ്ഞു? ജോയിച്ചന്‍ ഇരിപ്പുമുറിയിലെ സെറ്റിയിലിരുന്നു.
ജെയ്സി കുളികഴിഞ്ഞു തലയില്‍ ഒരു ടവല്‍ പൊതിഞ്ഞുകൊണ്ട് ഇരുപ്പുമുറിയിലേക്കു വന്നു. അവള്‍ ആ രോടോ ഫോണില്‍ സംസാരിക്കുകയാണ്.
അവളുടെ മുഖത്തും ശബ്ദത്തിലും നിറഞ്ഞുനില്ക്കുന്ന ഭവ്യത കണ്ടപ്പോള്‍ കമ്പനിയിലെ മേലുദ്യോഗസ്ഥരില്‍ ആരെങ്കിലുമാകാം മറുതലയ്ക്കല്‍ എന്നു ജോയിച്ചന്‍ അനുമാനിച്ചു.
റോബിനുമായി ജെയ്സി കാര്യമായി സംസാരിക്കുന്നതു ജോയിച്ചന്‍ കണ്ടില്ല. ബസ് സ്റ്റോപ്പില്‍ നിന്നു വീടെത്തുംവരെ അവള്‍ റോബിനോടു മിണ്ടാതിരുന്നതു ജോയിച്ചന്‍ ശ്രദ്ധിച്ചിരുന്നു.
വിവാഹം കഴിഞ്ഞ് ആദ്യനാളുകളിലെ ഓര്‍മകളുടെ ഒരു ശേഖരം ജോയിച്ചന്‍റെ മനസ്സില്‍ ഇപ്പോഴും സൂക്ഷിപ്പായുണ്ട്. ഇരുപത്തഞ്ചു വര്‍ഷം മുമ്പ്, അന്നക്കുട്ടിയെന്ന ഒരു സുന്ദരിപ്പെണ്ണു തന്‍റെ ജീവിതത്തിലേക്കു കടന്നുവന്ന കാലം.
ജെയ്സിക്ക് അന്നക്കുട്ടിയുടെ മുഖഛായയുണ്ട്. എന്നാല്‍ അന്നക്കുട്ടിക്ക് അന്നുണ്ടായിരുന്ന പ്രസരിപ്പും കുസൃതി നിറഞ്ഞ പെരുമാറ്റവും ജെയ്സിക്കു കിട്ടിയില്ല.
ചില നേരങ്ങളില്‍ ലജ്ജയില്‍ മുങ്ങിയ മുഖവുമായി നില്ക്കുന്ന പെണ്ണ്. ചില നേരങ്ങളില്‍ ശൃംഗാരഭാവം തു ളുമ്പുന്ന ഒരു കടാക്ഷം. ഓര്‍മകളില്‍ തിളക്കം നഷ്പ്പെടാത്ത എത്രയെത്ര മുത്തുകള്‍.
ഈ ഡിജിറ്റല്‍ കാലത്തു പെണ്‍തനിമകളെല്ലാം നഷ്ടപ്പെട്ടുപോയോ?
വീട്ടില്‍ പോയിട്ടു മടങ്ങി വന്നതാണു ജെയ്സി. വിവാഹത്തിനുശേഷമുള്ള ഏറ്റവും ഊഷ്മളമായ കാലത്ത് ഒരാഴ്ച പിരിഞ്ഞിരിക്കുക. അതിനുശേഷം ഭര്‍ത്താവിനടുത്തെത്തുമ്പോള്‍ ഒന്നുമില്ല. ഒരു ഭാവഭേദവുമില്ല. കുശലം പറയുന്നില്ല, അന്വേഷണങ്ങളില്ല, അര്‍ത്ഥങ്ങള്‍ ഒളിച്ചിരിക്കുന്ന കടാക്ഷങ്ങളില്ല.
അന്നൊക്കെ അന്നക്കുട്ടി അവളുടെ വീട്ടില്‍ പോയിട്ടു രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു മടങ്ങി വരുമ്പോള്‍ മനസ്സിനെന്തൊരു ആഘോഷമായിരുന്നു.
വീട്ടിലെ വിശേഷങ്ങളൊക്കെ അവളങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അവിടെ നടന്ന ചില തമാശകള്‍, ചില അബദ്ധങ്ങള്‍, അവിടെയുണ്ടാക്കിയ ചില പലഹാരങ്ങളുടെ രുചിവ്യതിയാനങ്ങള്‍, അയല്‍വക്കത്തെ വിശേഷങ്ങള്‍….
ഇവിടെ ജെയ്സിക്കും റോബിനും തമ്മില്‍ ഒന്നും സം സാരിക്കാനില്ല, തമാശക ളില്ല, ചിരിയില്ല, അടക്കം പറച്ചിലുകളില്ല.
ഇവരുടെ വിദ്യാഭ്യാസവും ജോലിയും പ്രകൃതിദത്തമായ ജൈവികചേതനകള്‍ ഇല്ലാതാക്കിയോ?
ആകുലതകള്‍ നിറഞ്ഞ, മാനവികസ്വഭാവങ്ങള്‍ നഷ്ടപ്പെടുത്തുന്ന, ഒരു യുദ്ധഭൂമിക്കു സമാനമായ ഈ നഗരങ്ങളിലേക്കു എത്താനാണോ മനുഷ്യര്‍, ചെറുപ്പക്കാര്‍ ഇങ്ങനെ ആകര്‍ഷിക്കപ്പെടുന്നത്?
പണത്തിനുവേണ്ടിയോ?
പണമാണോ ജീവിതമാണോ പ്രധാനം?
ഭാഷയും കണക്കും ശാസ്ത്രവും ചരിത്രവും പഠിപ്പിക്കുന്ന വിദ്യാലയങ്ങളില്‍ എന്താണു ജീവിതമെന്നു പഠിപ്പിക്കുന്നുണ്ടോ?
പണം സമ്പാദിക്കാനാണു ജനിക്കുന്നതും പഠിക്കുന്നതും ജീവിക്കുന്നതും എന്നതല്ലേ നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ അന്തഃസത്ത?
ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ ജോയിച്ചന് നിരാശ തോന്നി.
ജീവിതം എന്താവണം? എന്തിനുവേണ്ടിയാവണം? ജീവിതകാലത്തിനു നിറവും സുഗന്ധവും സം ഗീതവും അനുഭൂതിവിശേഷങ്ങളും ഉണ്ടാകണ്ടേ? ഒരു ഓഫീസില്‍ ഒരു കമ്പ്യൂട്ടിനു മുന്നില്‍ മറ്റൊരു കമ്പ്യൂട്ടറായി ചടഞ്ഞിരുന്നു തീര്‍ക്കാനുള്ളതാണോ ജീവിതം?
അമിത വ്യാമോഹങ്ങള്‍ മനസ്സില്‍ കുത്തിനിറയ്ക്കുകയാണ്. അതാണ് അദ്ധ്യാപനം. എല്ലായിടത്തും എല്ലാവരോടും മത്സരിക്കുന്നതും എല്ലാവരെയും തോല്പിക്കാന്‍ ആഗ്രഹിക്കുന്നതുമാണോ ജീവിതവിജയമെന്നു പറയുന്നത്?
"പപ്പാ വന്നോളൂ; കാപ്പിയായി" – റോബിന്‍ വിളിച്ചുപറഞ്ഞു.
ജോയിച്ചന്‍ വാഷ്ബെയ്സനടുത്തു ചെന്നു മുഖം കഴുകി ഡൈനിങ് ടേബിളിനടുത്തു ചെന്നു.
അന്നക്കുട്ടി പുട്ടും പഴവും കാപ്പിയും മേശമേല്‍ എടുത്തുവയ്ക്കുകയാണ്.
"എനിക്ക് ഒരു ഗ്ലാസ് കാപ്പി മതി. ഭക്ഷണം പിന്നീടു കഴിച്ചുകൊള്ളാം" – ജോയിച്ചന്‍ പറഞ്ഞു.
റോബിന്‍ ജോലിക്കു പോകാന്‍ തയ്യാറായിട്ടാണു ഡൈനിങ് ടേബിളിനടുത്തിരുന്നത്.
"സമയം പോയി. ഞാന്‍ അല്പം വേഗത്തില്‍ ഭക്ഷണം കഴിക്കും കേട്ടോ"-റോബിന്‍ പറഞ്ഞു.
"ജെയ്സീ, നീ ഭക്ഷണം കഴിക്കാന്‍ വരുന്നില്ലേ?" – അയാള്‍ വി ളിച്ചു ചോദിച്ചു.
മൊബൈല്‍ ഫോണ്‍ ചെവിക്കടുത്തു പിടിച്ചുകൊണ്ടാണു ജെയ്സി വന്നത്.
"നീ ആ ഫോണ്‍ അവിടെ വയ്ക്ക് ജെയ്സി. എന്നിട്ടു വല്ലതും കഴിച്ചിട്ടു പോകാന്‍ നോക്ക്" – അന്നക്കുട്ടി പറഞ്ഞു.
ജെയ്സിയും ജോലിക്കു പോകാനുള്ള വേഷത്തിലായിരുന്നു.
"അമ്മ ഞങ്ങളുടെ കൂടെ കൂടുന്നില്ലേ?" – അവള്‍ ചോദിച്ചു.
"ഞങ്ങള്‍ ജോലിക്കു പോകുന്നില്ലല്ലോ. സാവധാനം കഴിച്ചുകൊള്ളാം. റോബിന്‍ പുട്ടിനുള്ള പൊടി നനച്ചുവച്ചിട്ടാണു കാറുമായി വന്നത്. അല്ലെങ്കില്‍ ഇത്ര പെട്ടെന്നു കാപ്പിയുണ്ടാക്കാന്‍ കഴിയുമായിരുന്നില്ല" – അന്നക്കുട്ടി പറഞ്ഞു.
"റോബിന്‍റെ ഇഷ്ടഭക്ഷണമാണു പുട്ട്" – ജെയ്സി പറഞ്ഞു.
"ഇഷ്ട ഭക്ഷണമായിട്ടൊന്നുമല്ല. ഉണ്ടാക്കാന്‍ എളുപ്പം. ഒരു പഴമുണ്ടെങ്കില്‍ അത് എങ്ങനെയും അകത്താക്കാം. ഉച്ചവരെ വിശക്കുകയില്ല. സമയമുണ്ടെങ്കില്‍ മുട്ടക്കറികൂടി ഉണ്ടാക്കാം. പുട്ടുപോലെ ഉണ്ടാക്കാന്‍ എളുപ്പമാണു മുട്ടക്കറി" – റോബിന്‍ ചിരിച്ചു.
"കമ്പനിയില്‍ കാന്‍റീനുണ്ട്. അവിടെനി്നു ദോശയോ ഇഡ്ഡലിയോ അപ്പമോ വാങ്ങി കഴിക്കാവുന്നതേയുള്ളൂ. നല്ല പ്രഭാതങ്ങളെല്ലാം അടുക്കളയില്‍ നശിപ്പിച്ചു കളയേണ്ടതില്ലെന്നു ഞാന്‍ പറയാറുണ്ട്" – ജെയ്സി പറഞ്ഞു.
"പുറത്തു കിട്ടുന്ന ഭക്ഷണം എന്താണെന്ന് ഇവള്‍ക്കറിഞ്ഞുകൂടാ. ഭക്ഷണം ഉണ്ടാക്കി ഹോട്ടലുകളിലും കാന്‍റീനിലും സപ്ലേ ചെയ്യുന്ന ചെറിയ കച്ചവടക്കാരുണ്ട്. അവര്‍ ഭക്ഷണം ഉണ്ടാക്കുന്ന ഇടങ്ങള്‍ ഒരിക്കല്‍ കണ്ടാല്‍ പിന്നെ നമ്മള്‍ പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നതു നിര്‍ത്തും" – റോബിന്‍ പറഞ്ഞു.
അയാള്‍ വേഗത്തില്‍ ഭക്ഷണം കഴിച്ച് എഴുന്നേറ്റു കയ്യും മുഖവും കഴുകി ലാപ്പ്ടോപ്പിന്‍റെ സഞ്ചി കയ്യിലെടുത്തു, കാറിന്‍റെ താക്കോലെടുത്തു.
"നീ വരുന്നില്ലേ ജെയ്സീ?" – റോബിന്‍ ചോദിച്ചു.
"റോബിന്‍ പൊയ്ക്കോളൂ. സൂരജ് ഇതുവഴി വരാമെന്നു പറഞ്ഞിട്ടുണ്ട്. ഞാന്‍ സൂരജിന്‍റെ കാറില്‍ പൊയ്കൊള്ളാം" – ജെയ്സി പറഞ്ഞു.
"എന്നാല്‍ ശരി"- റോബിന്‍ വാതില്‍ കടന്നു മറഞ്ഞു.
"സൂരജ് ആരാണ്?" – ജോയിച്ചന്‍ ചോദിച്ചു.
"സൂരജ് എന്‍റെ കൂടെ ജോലി ചെയ്യുന്ന ആളാണ്. ഞങ്ങളുടെ പ്രോജക്ട് ലീഡര്‍"- ജെയ്സി പറഞ്ഞു.
"നിനക്കു റോബിന്‍റെ കൂടെ പോകാമായിരുന്നില്ലേ? കമ്പനിയിലേക്ക് ഒരുമിച്ചു പോകുന്നതല്ലേ നല്ലത്?" – ജോയിച്ചന്‍ ചോദിച്ചു.
"റോബിന്‍ എന്‍റെ കമ്പനിയില്‍ എന്നെ കൊണ്ടാക്കിയിട്ടു തിരിച്ചു റോബിന്‍റെ കമ്പനിയില്‍ ചെല്ലുമ്പോഴേക്കും ലേറ്റാകും പപ്പാ. ഞങ്ങളുടെ കമ്പനികള്‍ രണ്ടു റൂട്ടിലാണ്. മൂന്നു കിലോമീറ്റര്‍ ദൂരവ്യത്യാസവുമുണ്ട്. പപ്പ ഇപ്പോള്‍ മെയിന്‍ റോഡിലേക്കു ചെന്നു നോക്കണം, ട്രാഫിക് കാണണമെങ്കില്‍. സമയം തെറ്റുമ്പോള്‍ റോബിനു ടെന്‍ഷനാകും" – ജെയ്സി എഴുന്നേറ്റു കൈകഴുകി, ലാപ്പ്ടോപ്പ് ബാഗെടുത്തു.
"ടെന്‍ഷനൊക്കെ അവന്‍ സഹിച്ചുകൊള്ളും. നീ റോബിന്‍റെ കൂടെ പോയാല്‍ മതിയായിരുന്നു. ഏതോ ഒരു സൂരജിന്‍റെ കൂടെ പോകാതെ…" – ജോയിച്ചന്‍ അമര്‍ഷത്തോടെ പറഞ്ഞു.

"സൂരജ് ഞങ്ങളുടെ ടീം ലീഡറാണ്. അയാളുമായി അടുത്തുനില്ക്കുന്നതു കരിയറിനു ഗുണം ചെയ്യും. ഇത്തരം കമ്പനികളില്‍ ജോലി ചെയ്യുമ്പോള്‍ നമ്മള്‍ പലതും ശ്രദ്ധിക്കണം. ഒരു ചെറിയ അശ്രദ്ധ ചിലപ്പോള്‍ നമ്മുടെ ജീവിതത്തെ ഒരു വര്‍ഷം പുറകിലേക്കു തള്ളും" – ജെയ്സി പറഞ്ഞു.
"എന്നാലും റോബിന് എന്തു തോന്നും?"
"എന്തു തോന്നാന്‍? എല്ലാ ദിവസവും സൂരജിന്‍റെ കൂടെ കമ്പനിയിലേക്കു പോകാന്‍ എനിക്കു താത്പര്യമില്ല. ഞാനൊരു കാര്‍ വാങ്ങുന്നതുവരെ ഇങ്ങനെയൊക്കെ പോകും. ഈ വീടു മാറണം. രണ്ടു കാര്‍ കയറ്റിയിടാന്‍ സൗകര്യമുള്ള ഒരു വീടു കിട്ടിയിട്ടു വേണം ഒരു കാറെടുക്കാന്‍. എനിക്കൊരു കാറുണ്ടെങ്കില്‍ ആരുടെയും സൗകര്യം നോക്കേണ്ടതില്ലല്ലോ" – ജെയ്സി വാതില്‍ കടന്നുപോയി.
ജോയിച്ചനും അന്നക്കുട്ടിയും അവളുടെ പിന്നാലെ പുറത്തേയ്ക്കു ചെന്നു.
ഗെയ്റ്റിനടുത്ത് ഒരു വലിയ കാര്‍ വന്നുനിന്നു. ജെയ്സി മുന്‍ വാതില്‍ തുറന്ന് കാറില്‍ കയറി.
ഡ്രൈവര്‍ സീറ്റിലിരുന്ന സുമുഖനായ യുവാവ് അവളോടു കുശലം പറയുന്നു, ചിരിക്കുന്നു, കാറോടിച്ചുപോകുന്നു.
അല്പസമയത്തെ മരവിപ്പിനുശേഷം അന്നക്കുട്ടിയുടെ നേരെ ജോയിച്ചന്‍ ചോദിച്ചു: "എന്തൊരു ഏര്‍പ്പാടാണിതൊക്കെ?"
(തുടരും)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org