ആയുഷ്ക്കാലം – അദ്ധ്യായം 25

ആയുഷ്ക്കാലം – അദ്ധ്യായം 25

"റോബിന്‍ പുതിയ കമ്പനിയിലെ വിശേഷങ്ങള്‍ പറയൂ" – ജെയ്സി റോബിന്‍റെ അടുത്തുന്നവന്നിരുന്നു പറഞ്ഞു.

റോബിന്‍ പുതിയ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു.

"ജെയ്സി നമ്മള്‍ക്കറിയാവുന്ന ഐടി കമ്പനികളുമായി താരതമ്യപ്പെടുത്താവുന്നതല്ല ഈ തദ്ദേശീയ കമ്പനിയിലെ ജോലി. മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ഒരു ആള്‍ക്കൂട്ടമാണല്ലോ. ജോലികള്‍ക്കെല്ലാം ഒരു യാന്ത്രികഭാവമാണ്. ചെറിയ കമ്പനികളില്‍ നമുക്കു നമ്മുടെ മാനുഷികഭാവങ്ങള്‍ നിലനിര്‍ത്താനാകുമെന്ന് എനിക്കു മനസ്സിലായി. ഒരു കുടുംബത്തിലെന്നപോലെ വ്യക്തിബന്ധങ്ങള്‍ ഇവിടെ സം രക്ഷിക്കപ്പെടുന്നുണ്ട്. അത്എനിക്കൊരു പുതിയ അനുഭവമാണല്ലോ. നമ്മള്‍ കാമ്പസ് സെലക്ഷനിലൂടെ ഐടികമ്പനികളില്‍ ജോലിക്കു ചേരുമ്പോള്‍ അതിനപ്പുറം ഒരു ലോകമുണ്ടെന്നു മനസ്സിലാക്കുന്നില്ല. അല്ലെങ്കില്‍ നമ്മളില്‍ നിന്ന് അതു മറച്ചുവയ്ക്കപ്പെടുന്നു. അതാണു സ്വര്‍ഗരാജ്യമെന്ന് അവര്‍ പറയുന്നു. നമ്മളതു കേള്‍ക്കുന്നു, അനുസരിക്കുന്നു. മറ്റൊന്നു നമ്മള്‍ കാണാത്തതുകൊണ്ട് അവര്‍ പറയുന്നതെല്ലാം ശരിയെന്നു നമ്മള്‍ ധരിച്ചുപോകുന്നു. എളുപ്പം കീഴടങ്ങുകയും വിധേയപ്പെടുകയും ചെയ്യുന്ന അടിമകളെയാണ് ഈ കാലത്തിനാവശ്യം. നമ്മുടെ വിദ്യാഭ്യാസം അത്തരം വിധേയരെ സൃഷ്ടിക്കുന്നതിനുവേണ്ടി തയ്യാറാക്കിയതാണ്. ആരുടെയൊക്കെയോ ഇച്ഛയ്ക്കൊത്തു പരിണാമപ്പെട്ടു ജീവിച്ചുമരിച്ചുപോകുന്നവരാണു നമ്മള്‍" – റോബിന്‍ പറഞ്ഞു.

"റോബിന്‍ പറയുന്നതുപോലെ സ്വതന്ത്രവും സ്വച്ഛവുമായ ഒരു ജീവതം മനുഷ്യര്‍ക്ക് ഇനി സാദ്ധ്യമാകുമെന്നു ഞാന്‍ കരുതുന്നില്ല" – ജെയ്സി പറഞ്ഞു.

"നമ്മള്‍ക്കു സ്വതന്ത്രരായി ജീവിക്കണമെന്നുണ്ടെങ്കില്‍ നമ്മള്‍ വിലപ്പെട്ടതെന്നു കരുതുന്ന പലതും കൈവിടണം. നിങ്ങളുടെ ദാഹം, നിങ്ങളുടെ അറപ്പിനേക്കാള്‍ ശക്തമാകുമ്പോള്‍ നിങ്ങള്‍ അഴുക്കുവെള്ളം കുടിക്കുമെന്ന് ഒരു ചിന്തകന്‍ പറഞ്ഞിട്ടുണ്ട്. അധികാരസ്ഥാനങ്ങള്‍ക്കും സമ്പത്തിനുംവേണ്ടിയുള്ള അമിത ദാഹമാണു നമ്മുടെ ജീവിതത്തെ പണയപ്പെടുത്തുന്നത്. പണയവസ്തു അന്യന്‍റെ കൈകളില്‍ അയാളുടെ ഇഷ്ടത്തിനും സന്തോഷത്തിനും വിധേയപ്പെട്ടിരിക്കുന്നതുപോലെ നമ്മു ടെ ജീവിതവും തുച്ഛമായ നേട്ടങ്ങള്‍ക്കുവേണ്ടി അന്യരുടെ താത്പര്യങ്ങള്‍ക്കു വിധേയപ്പെട്ടിരിക്കുകയാണ്. വിദ്യാഭ്യാസകാലത്തു നമ്മുടെ ഇഷ്ടത്തിന് ഒരു പ്രസക്തിയുമില്ല. ജോലി ലഭിച്ചുകഴിഞ്ഞാലും നമ്മുടെ ഇഷ്ടമല്ല പ്രധാനം. മരണ നേരം വരെ അന്യരുടെ ഇഷ്ടത്തിനും താത്പര്യത്തിനും അനുസരിച്ചു ജീവിതം ക്രമപ്പെടുത്തുകയാണു നമ്മള്‍"- റോബിന്‍ പറഞ്ഞു.

"അതുകൊണ്ട് എന്താണു കുഴപ്പം? അങ്ങനെ ക്രമപ്പെടുത്തി ജീവിക്കുന്നതു നമുക്കു സന്തോഷവും സമ്പത്തും നല്കുന്നുണ്ടെങ്കില്‍, നമ്മുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടെങ്കില്‍ അതു നല്ലതുതന്നെയല്ലേ?"- ജെയ്സി ചോദിച്ചു.

"ജെയ്സി, നമ്മുടെ ആഗ്രഹങ്ങള്‍ ആരുണ്ടാക്കുന്നതാണ്. അതു ജന്മനാ നമുക്കു ലഭിക്കുന്നതാണോ? ഇപ്പോള്‍ നമുക്കുണ്ടാകുന്ന എല്ലാ ആഗ്രഹങ്ങളും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ്" – റോബിന്‍ പറഞ്ഞു.

"ആയിക്കോട്ടെ. ആഗ്രഹങ്ങള്‍ നമ്മുടെ ഉള്ളിലുണ്ടാകുന്നതാണല്ലോ. ആഗ്രഹങ്ങള്‍ സഫലമാകുമ്പോള്‍ നമുക്കു സന്തോഷമുണ്ടാകുന്നുണ്ടല്ലോ. ജീവിതം സന്തോഷം നിറഞ്ഞതാക്കാനാണല്ലോ നമ്മുടെ പരിശ്രമങ്ങള്‍."

"അതു ശരിയാണ്. പക്ഷേ, ജീവിതത്തില്‍ സന്തോഷങ്ങളാണോ സങ്കടങ്ങളാണോ മുന്നിട്ടുനില്ക്കുന്നത്?"

"സങ്കടങ്ങള്‍ നമ്മള്‍ വരുത്തിവയ്ക്കുന്നതാണ്."

"അറിഞ്ഞുകൊണ്ട് ആരെങ്കിലും സങ്കടങ്ങള്‍ക്ക് ഇരകളാകുമോ?"

"അറിഞ്ഞുകൊണ്ടായിരിക്കില്ല. അറിവില്ലായ്മകൊണ്ടാകാം. കണക്കുകൂട്ടലുകള്‍ തെറ്റുന്നതുകൊണ്ടായിരിക്കാം. ശമിക്കാത്ത തൃഷ്ണ കൊണ്ടാകാം. കയ്യടക്കിവച്ചിരിക്കുന്നതു നഷ്ടപ്പെടുന്നതുകൊണ്ടായിരിക്കാം. അമിത പ്രതീക്ഷകള്‍ പുലര്‍ത്തുന്നതുകൊണ്ടാകാം" – ജെയ്സി പറഞ്ഞു.

"ഇതൊക്കെ അറിയാവുന്ന നിനക്കു സങ്കടങ്ങള്‍ ഉണ്ടാകുന്നില്ലേ?"

"സങ്കടങ്ങള്‍ ഉണ്ടാകുന്നുണ്ട്. എന്‍റെ സങ്കടങ്ങള്‍ അധികവും മറ്റുള്ളവര്‍ നല്കുന്നതാണ്. സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ധാരാളം സങ്കടങ്ങള്‍ നല്കുന്നുണ്ട്. ഭാര്യാഭര്‍ത്താക്കന്മാര്‍ സങ്കടങ്ങള്‍ കൈമാറുന്നവരാണ്. മക്കളുണ്ടാകുമ്പോള്‍ അവരും സങ്കടകാരണമായി തീരാം. ഒരു ബന്ധവുമില്ലാത്ത അപരിചിതര്‍പോലും നമ്മളെ സങ്കടപ്പെടുത്താറുണ്ട്. ആ അര്‍ച്ചനയുടെ ഭര്‍ത്താവിന്‍റെ തെറ്റായ പ്രസ്താവന റോബിനെ സങ്കടത്തിലാഴ്ത്തി."

"അതു ശരിയാണ്. മറ്റുള്ളവര്‍ക്കു സങ്കടമുണ്ടാകാതെ ജീവിക്കാന്‍ ശ്രമിക്കുന്നതാണ് ഉത്തമം. എന്നാലും മറ്റുള്ളവര്‍ നമുക്കു സങ്കടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്."

"എനിക്കു റോബിനോട് ഒരു കാര്യം പയാനുണ്ട്" – ജെയ്സി പറഞ്ഞു.

"നീ അടുത്തിരുന്നു പതിവില്ലാതെ ഏറെ സംസാരിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചു, എന്തോ നീ പറയാനൊരുങ്ങുകയാണെന്ന്."

"എനിക്കു യുഎസില്‍ ഒരു പ്രോജക്ട് ചെയ്യാന്‍ അവസരം കിട്ടിയിട്ടുണ്ട്. സൂരജിനെ വിടാനാണു കമ്പനി ഒരുങ്ങിയത്. എനിക്കു താത്പര്യമുണ്ടെന്നറിഞ്ഞപ്പോള്‍ സൂരജ് എനിക്കുവേണ്ടി പിന്മാറുകയായിരുന്നു. അമേരിക്കയില്‍ പോകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നതാണ്. രണ്ടു വര്‍ഷത്തേയ്ക്കാണു വിസ കിട്ടുന്നത്" – ജെയ്സി പറഞ്ഞു.

റോബിന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണു ജെയ്സി പറഞ്ഞത്. വിദേശത്തു ജോലിക്കു പോകാന്‍ ഒരു അവസരം കാത്തിരിക്കുകയായിരുന്നവള്‍. റോബിന്‍ എതിര്‍ത്താലും ജെയ്സി പോകും. ജോലിയാണു പ്രധാനം എന്ന് അവള്‍ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്.

"എന്നത്തേയ്ക്കാണു പോകേണ്ടത്?" – മാനസികവിക്ഷോഭം അടക്കിപ്പിടിച്ചുകൊണ്ട് അവന്‍ ചോദിച്ചു.

"ഈ മാസം അവസാനം പോകേണ്ടിവരും."

"നിന്‍റെ ആഗ്രഹത്തിനു ഞാന്‍ എതിരു നില്ക്കുന്നില്ല. അതു നിനക്കു സങ്കടകരമാകുമെന്നതിനാല്‍. എന്നാലും എന്‍റെ അഭിപ്രായം എനിക്കു പറയാമല്ലോ. നമ്മുടെ രാജ്യത്തു നല്ലൊരു ജോലിയുള്ളപ്പോള്‍ എന്തിനാണു വിദേശത്തു പോയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നത്. അടുത്തയാഴ്ച എന്‍റെ കേസിന്‍റെ അവധിയാണ്. ചിലപ്പോള്‍ കേസ് അവധിക്കുവയ്ക്കാം. അല്ലെങ്കില്‍ വിചാരണ തുടങ്ങാം. കേസ് എങ്ങനെ കലാശിക്കുമെന്നു പറയാനാകില്ല. അയാള്‍ക്കു ഭാര്യയെ കൊല്ലാന്‍ ഞാന്‍ പ്രേരണയായിട്ടുണ്ടെന്നു കോടതിക്കു തോന്നിയാല്‍ എനിക്കു ശിക്ഷ കിട്ടാം. ഈ അവസ്ഥയില്‍ നീ എന്‍റെ അടുത്തുനിന്നു പോകുമ്പോള്‍ ഞാന്‍ ആരുമില്ലാത്തവനെപ്പോലെയാകും" – റോബിന്‍ പറഞ്ഞു.

"റോബിന്‍ കേസിനെപ്പറ്റി ഓര്‍ത്തു വിഷമിക്കണ്ട. അതിന്‍റെ പേരില്‍ ഈ അവസരം ഞാന്‍ ഉപേക്ഷിക്കണമെന്നു റോബിന്‍ പറയരുത്. ജീവിതത്തില്‍ കിട്ടുന്ന അവസരങ്ങള്‍ നിസ്സാര കാര്യങ്ങളുടെ പേരില്‍ ഉപേക്ഷിക്കുന്നതിനോട് എനിക്കു യോജിപ്പില്ല. റോബിന്‍റെ കേസില്‍ നിര്‍ഭാഗ്യവശാല്‍ ശിക്ഷിക്കപ്പെട്ടാല്‍ നമ്മള്‍ അപ്പീലു കൊടുക്കും. അതിന്‍റെ ചെലവ് ഞാന്‍ വഹിച്ചുകൊള്ളാം. ചെയ്യാത്ത കുറ്റത്തിനു ശിക്ഷ ഏല്ക്കേണ്ട കാര്യമില്ല"-ജെയ്സി പറഞ്ഞു.

"എന്‍റെ കേസിന്‍റെ പേരില്‍ നീ പോകാതിരിക്കണ്ട. അത് എന്‍റെ സ്വകാര്യ ഏര്‍പ്പാടാണ്. പറ്റിപ്പോയി. എന്നാലും രണ്ടു വര്‍ഷം വേര്‍പിരിഞ്ഞു താമസിക്കാന്‍ നിനക്കിഷ്ടമാണോ? എനിക്കൊരു പ്രയാസം അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടു ചോദിച്ചതാണ്. നിന്‍റെ ഇഷ്ടംപോലെ ചെയ്യാം. പോകുന്നതു നിനക്കു സന്തോഷമാണോ, നിനക്കു പോകാം."

"ഇത്തരം സെന്‍റിമെന്‍സൊന്നും നമ്മുടെ പ്രൊഫഷനെ ബാധിക്കാന്‍ പാടില്ല റോബിന്‍. നമ്മളെന്തിനാണു സോഫ്റ്റ്വെയര്‍ എന്‍ജിനിയേഴ്സ് ആയത്? ആ തൊഴിലിനോടുള്ള താത്പര്യംകൊണ്ടല്ലേ? അപ്പോള്‍ ആ തൊഴിലില്‍ മികവുതെളിയിച്ച് എത്താവുന്നിടംവരെ എത്തുക. ജീവിക്കാനള്ള ഒരു തൊഴിലായി നമ്മളിതിനെ കാണരുത്. ജീവിക്കാന്‍ വേണ്ടിയാണെങ്കില്‍ നമുക്ക് എന്തെല്ലാം തൊഴില്‍ ചെയ്യാം എന്തെങ്കിലും തൊഴിലായാല്‍ പോരാ. നമുക്കിഷ്ടപ്പെട്ട തൊഴില്‍ വേണം. ഒരു സാഹിത്യകാരന്‍ എന്തിനാണ് എഴുതുന്നത്? ഒരു ഗായകന്‍ എന്തിനാണു പാടുന്നത്? നടന്‍ എന്തിനാണ് അഭിനയിക്കുന്നത്? ജീവിക്കാന്‍വേണ്ടി ഒരു തൊഴില്‍ ചെയ്യുന്നതാണോ? അത് അവര്‍ക്കു ജന്മനാ ഇഷ്ടമായതുകൊണ്ടാണ്. സാഹിത്യകാരന്‍ മികച്ച രചനയ്ക്കായി ശ്രമിക്കുന്നു. ഗായകര്‍ ഏറ്റവും നല്ല ഗാനം ആലപിക്കുന്നതിനു ശ്രമിക്കുന്നു. നടന്‍ ഏറ്റവും നല്ല അഭിനയം കാഴ്ചവയ്ക്കാന്‍ ശ്രമിക്കുന്നു. സമ്പത്തിനുവേണ്ടി മാത്രമല്ല അവര്‍ അതു ചെയ്യുന്നത്. ഇങ്ങനെതന്നെയാണ് ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്യുന്ന എല്ലാവരും. വിവാഹം കഴിച്ചതിന്‍റെ പേരില്‍, ഭാര്യയും ഭര്‍ത്താവും പിരിഞ്ഞു താമസിക്കേണ്ടതായി വരുമെന്നതിനാല്‍ നമ്മള്‍ക്കിഷ്ടപ്പെട്ട തൊഴില്‍ ഉപേക്ഷിച്ചുപോകാന്‍ ഞാന്‍ തയ്യാറല്ല" – ജെയ്സി പറഞ്ഞു.

"ഇഷ്ടപ്പെട്ട തൊഴില്‍ നമ്മുടെ രാജ്യത്തു ചെയ്യാന്‍ സൗകര്യമുള്ളപ്പോള്‍ എന്തിന് അന്യദേശത്തു പോകണം? അതാണ് എനിക്കു മനസ്സിലാകാത്തത്?" – റോബിന്‍ പറഞ്ഞു.

"ഇവിടത്തെ ആശുപത്രിയിലായാലും ലണ്ടനിലെ ആശുപത്രിയിലായാലും ഒരു നഴ്സിന്‍റെ ജോലിക്കു വ്യത്യാസമുണ്ടോ? രണ്ടിടത്തും രോഗിയെ നോക്കുന്നു. എങ്കില്‍ ഇവിടത്തെ രോഗികളെ നോക്കിയാല്‍ പോരെ? തൊഴില്‍ ഒന്നുതന്നെ. കിട്ടുന്ന പ്രതിഫലം വ്യത്യസ്തമാണ്. അതാണു കാര്യം" – ജെയ്സി പറഞ്ഞു.

"പ്രതിഫലം കൂടുതലായിരിക്കാം. പക്ഷേ, നാടുവിട്ടു പോകുന്നവര്‍, ഒരുപാടു സൗഭാഗ്യങ്ങള്‍ നഷ്ടപ്പെടുത്തിക്കൊണ്ടാണ് അതു ചെയ്യുന്നത്."

റോബിന്‍, നമ്മുടെ നാട്ടില്‍ ലഭിക്കുന്ന സൗഭാഗ്യങ്ങളൊന്നും അ ധികം പറയാതിരിക്കുന്നതാണു നല്ലത്. ഞാന്‍ എന്നേയ്ക്കുമായി നാടുവിട്ടു പോകുന്നില്ല. കുറച്ചു കാലത്തേയ്ക്കു മാത്രം. എനിക്ക് അവസരം കിട്ടി. എന്‍റെ കമ്പനിയില്‍ എത്ര ആയിരം പേര്‍ ജോലിയെടുക്കുന്നു. അവരെയെല്ലാം കമ്പനി വിദേശത്തേയ്ക്ക് അയയ്ക്കാന്‍ ഒരുമ്പെടുന്നില്ല. കമ്പനിക്കു വിശ്വാസമുള്ള, അന്യരാജ്യത്തു പോയി കമ്പനിക്കു നാണക്കേട് വരുത്തുകയില്ലെന്ന് ഉറപ്പുള്ള, കഴിവു തെളിയിച്ചിട്ടുള്ളവരെയാണ് കമ്പനി തിരഞ്ഞെടുക്കുന്നത്. ആ അംഗീകാരം ഞാന്‍ സ്വീകരിക്കുന്നു. അതുകൊണ്ട് എനിക്കു നഷ്ടമൊന്നും സംഭവിക്കുന്നില്ല. കമ്പനി എനിക്കു യാത്രാച്ചെലവ് തരുന്നു, വിസ തരുന്നു. അവിടെ പോയി ജോലിയെടുക്കുന്നതിനു കൂടുതല്‍ ശമ്പളം തരുന്നു. എനിക്കു വിദേശത്തു പോകാനും ആ രാജ്യത്തെ അറിയാനും അവസരം കിട്ടുന്നു. എനിക്ക് അവിടെ കുറേക്കാലം തൊഴിലെടുക്കാനും താത്പര്യമുണ്ട്. അതുകൊണ്ടു ഞാന്‍ പോകുന്നു" – ജെയ്സി പറഞ്ഞു.

"എനിക്കു നിന്നോടു തര്‍ക്കിച്ചു ജയിക്കണമെന്നില്ല. അതിനു വേണ്ടിയല്ല ഞാന്‍ നിന്നോടു സംസാരിക്കുന്നത്. ഞാന്‍ എന്‍റെ ആശയം പ്രകടിപ്പിച്ചെന്നേയുള്ളൂ. നീ നിന്‍റെ കാര്യവും പറയുന്നു. വിവാഹവും കുടുംബവും തൊഴിലിനു തടസ്സമായി വരരുത്. വന്നാല്‍ അവഗണിക്കണം. അതാണു നിന്‍റെ തത്ത്വശാസ്ത്രം, ഞാന്‍ നമ്മുടെ ചുരുങ്ങിയ കാലത്തെ വിവാഹജീവിതം കൊണ്ടു പഠിച്ച ചില കാര്യങ്ങളുണ്ട്. അതിലൊന്നു ഭാര്യയോടു തര്‍ക്കത്തിലേര്‍പ്പെട്ടാല്‍ ഭര്‍ത്താവു പരാജയപ്പെടുമെന്നുള്ളതാണ്. ചിലപ്പോള്‍ പരാജയപ്പെട്ടു തരുന്നതാണ് ഈ സംവിധാനം തകരാതിരിക്കാന്‍ വേണ്ടി. അതു പണ്ടുള്ള ആണുങ്ങളും മനസ്സിലാക്കിയിട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ്ഒരു മഹാന്‍ തമാശ പറഞ്ഞത്. "മരിക്കുമ്പോള്‍ പുരുഷന്‍റെ ഹൃദയമാണു നിശ്ചലമാകുന്നത്, സ്ത്രീയുടെ നാക്കും എന്ന്" – റോബിന്‍ ചിരിക്കാന്‍ ശ്രമിച്ചു.

"ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഒരുപാടു പറയാനുണ്ട്. ഇനിയെങ്കിലും ഞങ്ങളുടെ ഉള്ളിലുള്ളതു പുറത്തു പറയാന്‍ അനുവദിക്കൂ. എത്രയോ തലമുറകളായി, സ്ത്രീകള്‍ നിശ്ശബ്ദം സഹിച്ച അടിമത്തം, വേദനകള്‍, കഷ്ടപ്പാടുകള്‍, ഉള്ളിലൊതുക്കിയ സങ്കടങ്ങള്‍, ഒഴുക്കിയ കണ്ണീര്, അമര്‍ത്തിവച്ച രോഷം ഇതൊക്കെ ലോകം അവസാനിച്ചു പോകുംമുമ്പു പറയാന്‍ അവര്‍ക്കൊരു അവസരം വേണ്ടേ?"

"ജെയ്സി, അതൊക്കെ പറയേണ്ട വേദികളില്‍ പറയണം. കെണിയില്‍ കുരുങ്ങി രക്ഷപ്പെടാനായി പിടയുന്ന പാവം ഭര്‍ത്താക്കന്മാരോടു ക്രൂരത കാണിക്കരുത്."

"സ്ത്രീകള്‍ക്കു പ്രതികരണശേഷി പാടില്ല. ഉള്ളിലുള്ളതു പുറത്തു പറയരുത്. എങ്കില്‍ അവള്‍ക്കു നല്ലവളെന്നു പേരു ചാര്‍ത്തിത്തരും നിങ്ങള്‍. ഒരുകാലത്ത് അതു കൊതിച്ചു നടന്ന സ്ത്രീകളുണ്ടായിരുന്നു. ഇന്നാ കാലമല്ല" – ജെയ്സി പറഞ്ഞു.

റോബിന്‍ എഴുന്നേറ്റു വാതില്‍ തുറന്നു പുറത്തേയ്ക്കിറങ്ങി. ഇനി ജെയ്സിയുമായി സംസാരിച്ചാല്‍ അലമ്പാകും. റോബിന്‍ റോഡിലേക്കു നോക്കിനിന്നു.
രാത്രിയായിട്ടും റോഡിലെ തിരക്ക് കുറഞ്ഞിട്ടില്ല. വീടെത്താനായി വേഗം നടന്നുപോകുന്ന പുരുഷാരം. വീട്ടില്‍ കാത്തിരിക്കുന്നവര്‍ക്കായി കയ്യില്‍ എന്തൊക്കെയോ കരുതി നടക്കുന്ന പുരുഷന്മാര്‍. വീട്ടില്‍ കുഞ്ഞുമക്കള്‍, ഭാര്യ, മാതാപിതാക്കള്‍, സഹോദരങ്ങള്‍ എല്ലാവരും ഉണ്ടാകാം. അവര്‍ക്കുള്ള പലഹാരങ്ങളാകാം അവര്‍ കൈകളില്‍ ഒതുക്കിപ്പിടിച്ചിരിക്കുന്നത്. അല്ലെങ്കില്‍ സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങള്‍, മാതാപിതാക്കള്‍ക്കുള്ള മരുന്നുകള്‍. ഭക്ഷണവസ്തുക്കള്‍. പകല്‍ മുഴുവന്‍ പണിയെടുത്തിട്ടു രാത്രി അവര്‍ വീട്ടിലേക്കു മടങ്ങുകയാണ്. വീട്ടിലിരിക്കുന്നവര്‍ക്കുംവേണ്ടി കൂടിയാണ് അവര്‍ അദ്ധ്വാനിക്കുന്നത്. അവരുടെ സ്നേഹത്തിനുവേണ്ടിയാണ് ഇഷ്ടമുളള സാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോകുന്നത്. സ്നേഹം കിട്ടണമെങ്കില്‍ ചില ഉപാധികളുണ്ട്. ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും സ്നേഹം ലഭിക്കണമങ്കില്‍ അവരെ സന്തോഷിപ്പിക്കണം. അവര്‍ക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങികൊടുക്കണം. സ്നേഹംപോലും ഉപാധികളില്ലാതെ ലഭിക്കാന്‍ യോഗമില്ലാത്തവരാണവര്‍.

റോബിന്‍ റോഡിലേക്കിറങ്ങി വേഗത്തില്‍ കടന്നുപോകുന്ന മനുഷ്യര്‍ക്കിടയിലൂടെ അലസം നടന്നു. എവിടെയോ എത്തിച്ചേരാനുള്ള വ്യഗ്രതയുമായി കടന്നുപോകുന്നവരുടെ മുഖത്തേയ്ക്കു റോബിന്‍ മാറി മാറി നോക്കി. ഓരോ മുഖത്തും ഓരോ ഭാവങ്ങളാണ്. കലുഷിതമായ ചിന്തകള്‍ ചിലരെ കശക്കുന്നതു മുഖത്തു കാണാം. റോഡരികിലും വീടുകള്‍ക്കു മുമ്പിലും തെളിഞ്ഞുനില്ക്കുന്ന വൈദ്യുതിവിളക്കുകളുടെ വെളിച്ചം ആ മുഖങ്ങളിലെ ഭാവങ്ങള്‍ക്കു തീവ്രത നല്കുന്നുണ്ട്. സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി നീറിനീറി കത്തുന്ന ചിലരുടെ വേദനയാര്‍ന്ന മുഖങ്ങള്‍. അമര്‍ഷവും വെറുപ്പും കടിച്ചൊതുക്കി പിടിച്ചിരിക്കുന്ന മുഖങ്ങള്‍.

റോബിന്‍ സമീപത്തുകൂടി കടന്നുപോകുന്നവരുടെ മുഖങ്ങള്‍ വായിച്ചു വായിച്ചു തിരിച്ചുപോകുമ്പോള്‍ ഓര്‍ത്തു. ശാന്തതയും സമാധാനവുമുള്ള ഒരു മുഖംപോലും ഇതുവരെ കാണാന്‍ കഴിഞ്ഞില്ലല്ലോ. സമാധാനം നശിച്ചവരുടെ നഗരമാണോ ഇത്.

ശ്രീനിവാസന്‍ അങ്കിളിന്‍റെ വീടിനടുത്തെത്തിയപ്പോള്‍ അങ്കിള്‍ മുറ്റത്തു നില്ക്കുന്നതു കണ്ടു റോബിന്‍ ഗെയ്റ്റിനടുത്തേയ്ക്കു ചെന്നു.

"റോബിന്‍ എന്താ രാത്രിയില്‍?" – ശ്രീനിവാസന്‍ ചോദിച്ചു.

"ഞാന്‍ കമ്പനിയില്‍ ജോലിക്കു കയറി. ഒരാഴ്ചയായി. അങ്കിള്‍ ഇടപെട്ടതുകൊണ്ടാണ് അവിടെ ജോലി കിട്ടിയത്" – റോബിന്‍ പറഞ്ഞു.

"ആ കമ്പനിയുടമകള്‍ നല്ല ആളുകളാ. അവര്‍ക്ക് ഇഷ്ടമായാല്‍, ഇനി വേറൊരു കമ്പനിയില്‍ ജോലി തേടി പോകേണ്ടതായി വരികയില്ല. ഇപ്പോള്‍ ശമ്പളം ഇത്തിരി കുറഞ്ഞാലും, ആളു മിടുക്കനാണെന്നു കണ്ടാല്‍ അവര്‍ ശമ്പളം കൂട്ടിത്തരും" – ശ്രീനിവാസന്‍ പറഞ്ഞു.

"ശമ്പളം മാത്രമല്ലല്ലോ, മനസ്സിനിണങ്ങിയ ജോലിയും പ്രധാനമാണ്. ഉടനെതന്നെ സോഫ്റ്റ്വെയര്‍ ഡിപ്പാര്‍ട്ടുമെന്‍റ് തുടങ്ങുകയാണ്. ഏതാനും എന്‍ജിനിയേഴ്സിനെക്കൂടി ജോലിക്കെടുത്തേക്കും. ഒരു മാനേജരായി പ്രവര്‍ത്തിക്കാനവസരം കിട്ടുന്നതുതന്നെ ഭാഗ്യമാണ്" – റോബിന്‍ പറഞ്ഞു.

"ശമ്പളം പറഞ്ഞില്ലല്ലോ. ഞാന്‍ ആ ഗൗഡയോടു സൂചിപ്പിച്ചോളാം. കുറയ്ക്കുകയൊന്നുമില്ല. അവര്‍ പഴയ വ്യവസായികളാ."

"ഞാനാകെ വിഷമിച്ചു നിന്നപ്പോള്‍ അവര്‍ ജോലി തന്നില്ലേ. ശമ്പളം കുറഞ്ഞുപോയാലും ഞാനതു കാര്യമാക്കുന്നില്ല."

"ശമ്പളം അങ്ങനെ കുറയ്ക്കേണ്ട കാര്യമില്ലല്ലോ. ജോലിയെടുത്താല്‍ അതിനു നല്ല കൂലിയും കിട്ടണം. നിങ്ങള്‍ പിള്ളേര്‍ക്കു പണത്തിന്‍റെ വിലയറിയില്ല. കയ്യില്‍ കാശു കിട്ടിയാല്‍ വെറുതെ ചെലവഴിച്ചുതീര്‍ക്കുകയാണ്. ചെറുപ്പത്തില്‍ത്തന്നെ സമ്പാദിച്ചു തുടങ്ങണം. അമ്പത് അറുപതു വയസ്സുവരെ മാത്രമേ നാലു കാശിനു ജോലി ചെയ്യാന്‍ പറ്റുകയുള്ളൂ. ഇരുപതു ഇരുപത്തഞ്ചു വയസ്സുവരെ വിദ്യാഭ്യാസത്തിനു പോകും. പിന്നെ ബാക്കി ഒരു മുപ്പതു വര്‍ഷമെന്നു കൂട്ടിക്കോ. സമ്പാദിക്കാന്‍ അത്രയും കാലമേയുള്ളൂ. ഒരാളുടെ ജീവിതകാലത്തിനു നമ്മള്‍ വിചാരിക്കുന്ന അത്ര നീളമില്ല. ഞാനീ നഗരത്തില്‍ വരുമ്പോള്‍ ഇരുപതു വയസ്സ്. ഉടുതുണിക്കു മറുതുണിയില്ലാതെ വെറും കയ്യോടെയാ വന്നത്. നാട്ടില്‍നില്ക്കാന്‍ പറ്റാതെ, ഒളിച്ചോടി പോന്നതാ. ഒരു പ്രേമമായിരുന്നു വിഷയം. ബാസവന്‍ഗുഡിയില്‍ ഒരു ഹോട്ടലില്‍ സപ്ലയറായി നിന്നു. 600 രൂപയാണു ശമ്പളം. ഒരു വര്‍ഷം അവിടെനിന്നു. അപ്പോഴാണു നാഗപ്പയെ പരിചയപ്പെടുന്നത്. വലിയ ഗ്രാനൈറ്റ് ക്വാറി നടത്തുന്ന ആളാ. അയാള്‍ വിളിച്ചു ക്വാറിയില്‍ ഒരു മേല്‍നോട്ടക്കാരനായിട്ടു കൂടെപ്പോയി. അങ്ങേരുടെ കൂടെനിന്ന് ആ പണി വശമാക്കി. നല്ല മനുഷ്യനായിരുന്നു അദ്ദേഹം. അയാള്‍ എനിക്കൊരു പുതിയ ക്വാറി ഏര്‍പ്പാടാക്കി തന്നു. ബിസിനസ്സ് ചെയ്യാന്‍ പറഞ്ഞു. അപ്പോഴേക്കും ഗ്രാനൈറ്റ് ബിസിനസ്സിനു നല്ല കാലമായി. നല്ല ലാഭം കിട്ടിത്തുടങ്ങി. ഇവിടെ സ്ഥലം വാങ്ങി, വീടു നിര്‍മിച്ചു. മക്കള്‍ക്കു ജോലിയെടുക്കാന്‍ ഗ്രാനൈറ്റ് ഷോപ്പുകള്‍ നിര്‍മിച്ചു. അറുപതു വയസ്സായപ്പോഴേക്കും ആസ്ത്മയുടെ അസുഖമായി. ചെറുപ്പം മുതല്‍ ഗ്രാനൈറ്റിന്‍റെ പൊടിയടിച്ച് ജീവിച്ചതല്ലേ. നല്ല ആ രോഗ്യമുള്ള ചെറുപ്പക്കാലത്തു നമ്മള്‍ സമ്പാദിക്കാന്‍ നോക്കണം. പണമില്ലെങ്കില്‍ ഒരു വ്യക്തിക്ക് ഒരിടത്തും വിലയില്ല. സമ്പത്തുണ്ടാക്കുന്നില്ലെങ്കില്‍, നമ്മുടെ കാര്‍ന്നോന്മാര്‍ നമ്മളെ നിന്ദിക്കും. സഹോദരങ്ങള്‍ കണ്ടാല്‍ മിണ്ടാതെ പോകും. സുഹൃത്തുക്കള്‍ നമ്മുടെ നേരെ കോപവും പരിഹാസവും പ്രകടിപ്പിക്കും. മക്കള്‍ക്കു പുച്ഛമായിരിക്കും. ഭാര്യയ്ക്കു വെറുപ്പാകും. പണം കടം ചോദിക്കുമെന്നു കരുതി അയല്ക്കാര്‍ ഒഴിഞ്ഞുമാറി പോകാം. സമൂഹം ഒന്നാകെ ദരിദ്രവാസിയെ അവഗണിക്കും. അതുകൊണ്ടു നമ്മള്‍ നേര്‍വഴിക്കു ധനം സമ്പാദിക്കാന്‍ ശ്രമിക്കണം. ധനമുണ്ടായാല്‍ അതുകൊണ്ടു നമ്മള്‍ക്ക് എല്ലാം ലഭിക്കുന്നു. എത്ര പരിശ്രമിച്ചാലും ഭാഗ്യംകെട്ടവര്‍ക്കു സമ്പാദ്യം ഉണ്ടാകില്ല കെട്ടോ"- ശ്രീനിവാസന്‍ ഉപദേശിച്ചു.

റോബിന്‍ അതിനു മുപടി പറഞ്ഞില്ല. അങ്കിള്‍ ജീവിതാനുഭവമാണു പറഞ്ഞത്. അതു കേള്‍ക്കണം. ജീവിതം സമ്പാദിക്കുന്നതിനു മാത്രമാകരുതെന്ന ഒരു വിചാരം തനിക്കുണ്ടെന്നു റോബിനോര്‍ത്തു. സമ്പത്തുണ്ടാക്കാന്‍ ഒരു ശ്രമമുണ്ടാകണം. കിട്ടുന്നതെല്ലാം ചെലവിട്ടു തീര്‍ക്കുന്ന പ്രവണത യുവതലമുറയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
ജെയ്സി വിദേശത്തു പോകുന്നതു കൂടുതല്‍ സമ്പാദിക്കുന്നതിനാണ്. കിട്ടുന്ന അവസരം വിനിയോഗിക്കണമെന്ന് അവള്‍ പറയുന്നു. ചെറുപ്പത്തിലാണ് കഷ്ടപ്പെടാന്‍ കഴിയൂ എന്നു ശ്രീനിവാസന്‍ അങ്കിള്‍ പറയുന്നു. എവിടെയായാലും പണിയെടുക്കുകയാണ്. എന്നാല്‍ പിന്നെ കൂടുതല്‍ പണം കിട്ടുന്നിടത്തു പണിയെടുത്തുകൂടെ എന്ന അവളുടെ വാദമാണു ശരിയെന്നു റോബിനുതോന്നി.
(തുടരും)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org