ആയുഷ്ക്കാലം – അദ്ധ്യായം 11

ആയുഷ്ക്കാലം – അദ്ധ്യായം 11

"എന്താണു മഹാഭാരത കഥയുടെ രത്നച്ചുരുക്കം?" ജോയിച്ചന്‍ കുട്ടികളോടു ചോദിച്ചു. ക്ലാസ്സെടുത്തുകൊണ്ടിരുന്നപ്പോള്‍ സന്ദര്‍ഭവശാല്‍ ജോയിച്ചന്‍ മഹാഭാരതകഥയിലെത്തിയതാണ്.

ജോയിച്ചന്‍റെ ക്ലാസ്സ് കുട്ടികള്‍ക്കിഷ്ടമാണ്. അനവധി കാര്യങ്ങളുടെ ഒരു പ്രവാഹമാണു ജോയിസാറിന്‍റെ ക്ലാസ്സുകളെന്നു കുട്ടികള്‍ പറയാറുണ്ട്. നല്ല വായനാശീലമുള്ളതുകൊണ്ടും സാഹിത്യത്തോടു താത്പര്യമുള്ളതുകൊണ്ടും കവിതകളും കഥകളും ചരിത്രസംഭവങ്ങളും ചില ക്ലാസ്സുകളില്‍ മഴപോലെ പെയ്യും.

"മഹാഭാരതകഥകള്‍ എന്താണെന്നു നിങ്ങള്‍ക്കറിയാമോ?"-കുട്ടികള്‍ നിശ്ശബ്ദരായിരിക്കുന്നതിനാല്‍ ജോയിച്ചന്‍ വീണ്ടും ചോദിച്ചു.

"അറിയാം. ടിവിയില്‍ കണ്ടിട്ടുണ്ട്" – കുട്ടികള്‍ പറഞ്ഞു.

"ടിവിയില്‍ കണ്ടിട്ടേയുള്ളൂ. വായിച്ചിട്ടില്ലേ? നിങ്ങള്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കുട്ടികളാണ്. നിങ്ങളുടെ ഗുണത്തിനായി പറയുകയാണ്. നിങ്ങള്‍ പാഠപുസ്തകമല്ലാതെ കുറേ പുസ്തകങ്ങള്‍കൂടി വായിക്കണം, കഥയോ കവിതയോ ചരിത്രമോ എന്തുമായിക്കോട്ടെ. നിങ്ങളുടെ പ്രായത്തില്‍ ആയിരം പുസ്തകങ്ങളെങ്കിലും ഞാന്‍ വായിച്ചുതീര്‍ത്തിരുന്നു. നിങ്ങള്‍ മഹാഭാരതം ടിവിയില്‍ ക ണ്ടാല്‍ വായിക്കുമ്പോള്‍ കിട്ടുന്ന ഗുണമൊന്നും അതുകൊണ്ടു കിട്ടുകയില്ല. നമ്മുടെ ബുദ്ധിയുടെ പ്രവര്‍ത്തനം നന്നായി നടക്കുന്നതു വായനയിലൂടെയാണ്. നമ്മുടെ ഭാവനശേഷിയെ അതു വര്‍ദ്ധിപ്പിക്കും. ഓര്‍മശക്തി കൂടും, നിങ്ങള്‍ ടിവിയുടെ കാഴ്ചക്കാരനായി മാറുമ്പോള്‍ ബുദ്ധിയുടെ പ്രവര്‍ത്തനം മന്ദീഭവിക്കും. ചിന്താശക്തി ശോഷിക്കും" – ജോയിച്ചന്‍ ഉപദേശിച്ചു.

"ജീവിതത്തില്‍ പുലര്‍ത്തേണ്ട ധര്‍മങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ ജീവിതം ലക്ഷ്യം കാണില്ലെന്നാണു മഹാഭാരതകഥയുടെ സാരം. പഞ്ചപാണ്ഡവരില്‍ നാലു പേര്‍ ധര്‍മം യഥാവിധി നിറവേറ്റാത്തതിനാല്‍ മോക്ഷപ്രാപ്തിക്കു മുമ്പേ വീണുപോയി. പാണ്ഡവരില്‍ സഹദേവന്‍ അതീവ ബുദ്ധിശാലിയായിരുന്നു. അയാള്‍ ഒരുപാട് അറിവു നേടി. അവസാനം താനാണ് ഏറ്റവും അറിവുള്ള ആള്‍ എന്ന് അഹങ്കരിച്ചു. ആ അഹങ്കാരത്തോടെ അയാള്‍ പ്രവര്‍ത്തിച്ചു. അയാള്‍ ജീവിതയാത്രയുടെ അന്ത്യത്തില്‍ വഴിക്കു വീണുപോയി. നകുലന്‍ സൗന്ദര്യം നിറഞ്ഞവനായിരുന്നു. അതീവസുന്ദരന്‍. സൗന്ദര്യമാണ് ഈ ലോകത്തില്‍ പരമപ്രധാനമെന്നും താനാണു സൗന്ദര്യത്തില്‍ ഒന്നാമനെന്നും അയാള്‍ വിചാരിച്ചു. ആ വിചാരം മൂലം അയാളും വഴിക്കു വീണുപോയി. അര്‍ജുനന്‍ വീരശൂരപരാക്രമിയായിരുന്നു. തന്നോടു യുദ്ധം ചെയ്തു ജയിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് അയാള്‍ അഹങ്കരിച്ചുപോയി. കുരുക്ഷേത്രയുദ്ധത്തിനൊരുങ്ങുമ്പോള്‍ അര്‍ജുനന്‍ ജ്യേഷ്ഠനായ ധര്‍മപുത്രരോട്, യുദ്ധം തുടങ്ങിയാല്‍ സൂര്യന്‍ അസ്തമിക്കുന്നതിനുമുമ്പു ശത്രുവിനെ തോല്പിക്കുമെന്നു വീമ്പു പറഞ്ഞു. യുദ്ധം തുടങ്ങി. പതിനെട്ടു ദിവസം യുദ്ധം നീ ണ്ടുപോയി. കനത്ത നഷ്ടമുണ്ടായി. ബന്ധുമിത്രാദികള്‍ മുഴുവന്‍ കൊല്ലപ്പെട്ടു. ചെയ്യാന്‍ പറ്റാത്ത കാര്യം ചെയ്യാമെന്നു വീരവാദം പറഞ്ഞതിനാലാണ് അര്‍ജുനന്‍ വഴിക്കു വീണുപോയത്. ഭീമന്‍ അതീവശക്തനും ഭക്ഷണപ്രിയനുമായിരുന്നു. വിശന്നു കഴിഞ്ഞാല്‍ അന്യനുള്ള ഭക്ഷണംകൂടി അയാള്‍ ഭക്ഷിക്കുന്നു. മറ്റുള്ളവരുടെ വിശപ്പിനെപ്പറ്റി അയാള്‍ ചിന്തിക്കില്ല. ഭക്ഷണമായാലും സമ്പത്തായാലും അന്യന് അവകാശപ്പെട്ടതു നമ്മളെടുക്കരുത്. അതെടുത്തതിനാലാണു ഭീമന്‍ വീണുപോയത്. ധര്‍മം പാലിച്ചു ജീവിക്കാന്‍ ശ്രമിച്ച ധര്‍മപുത്രര്‍ മാത്രമാണു ജീവിതയാത്രയില്‍ ലക്ഷ്യത്തിലെത്തിച്ചേര്‍ന്നത്. പാണ്ഡവരോടു യുദ്ധം ചെയ്ത കൗരവരുടെ കാര്യം നോക്കൂ. അവര്‍ ശക്തരും അംഗബലമുള്ളവരുമായിരുന്നു. അധികാരവും അന്യന്‍റെ സ്വത്തും കാംക്ഷിച്ചു. ധര്‍മത്തിനു നിരക്കാതെ ജീവിച്ചു. അവരില്‍ ഒരാള്‍ പോലും ശേഷിക്കാതെ നശിച്ചുപോയി. ഇപ്പോള്‍ നമ്മുടെ നാട്ടിലെ ജനങ്ങള്‍ കൗരവരെപ്പോലെയാണ്. അധികാരത്തിനുവേണ്ടിയും അര്‍ഹതയില്ലാത്ത സ്വത്തിനുവേണ്ടിയും ആവോളം അധര്‍മം പ്രവര്‍ത്തിക്കുന്നവര്‍. നമ്മള്‍ എത്ര പുരോഗതിയിലെത്തിയാലും ജീവിതധര്‍മങ്ങള്‍ പാലിച്ചില്ലെങ്കില്‍ നാശമാണു ഫലമെന്ന പാഠമാണു മഹാഭാരതകഥ നല്കുന്നത്."

ജോയിച്ചന്‍ കുട്ടികളുടെ കണ്ണുകളിലേക്കു നോക്കി. അവര്‍ ശ്രദ്ധയോടെ ഇരിക്കുകയാണ്.
"എന്‍റെ കുട്ടികളേ നിങ്ങള്‍ പുസ്തകങ്ങള്‍ വായിച്ചതുകൊണ്ടു മാത്രം കാര്യമില്ല. അതിലുള്ള നന്മകള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം. ഒരു പുസ്തകത്തെ നമുക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ഗാന്ധിജി യെ കൊല്ലാന്‍ ഗോഡ്സെ ബോംബെയില്‍ നിന്നു പുറപ്പെടുമ്പോള്‍ അയാളുടെ കയ്യില്‍ ഭഗവദ് ഗീതയുണ്ടായിരുന്നു. അയാള്‍ ഗാന്ധിജിയുടെ അടുത്തു ചെല്ലുമ്പോള്‍ ഗാന്ധിജി നെഞ്ചോടു ചേര്‍ത്തുപിടിച്ചിരുന്നതു ഭഗവദ്ഗീതയായിരുന്നു. കൊലയാളിയുടെ കയ്യിലും കൊല്ലപ്പെട്ടവന്‍റെ കയ്യിലും ഒരേ ഗ്രന്ഥമാണുണ്ടായിരുന്നത്. രണ്ടുപേരും ആ ഗ്രന്ഥം പഠിച്ചിരുന്നവരുമാണ്. ഇന്നിപ്പോള്‍ ഇസ്ലാമിക ഭീ കരവാദത്തിനു പ്രേരണയാകുന്നതു ഖുറാന്‍ എന്ന ഗ്രന്ഥമാണ്. ഇസ്ലാമിക സാഹോദര്യത്തിനു പ്രേരണ നല്കുന്നതും ആ ഗ്രന്ഥംതന്നെയാണ്. ഒരുകൂട്ടര്‍ അതു വ്യാഖ്യാനിച്ച് ആളെ കൊല്ലുന്നു. ഒരു കൂട്ടര്‍ അതു വ്യാഖ്യാനിച്ചു പരസ്പരം സ്നേഹിക്കുന്നു. അതുകൊണ്ടു കുട്ടികളേ നിങ്ങള്‍ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍, അത് എഴുതിയ ആള്‍ ഉദ്ദേശിച്ചത് എന്താണെന്നു മനസ്സിലാക്കാന്‍ ശ്രമിക്കണം. അതിന്‍റെ നന്മ ഉള്‍ക്കൊള്ളണം"- ജോയിച്ചന്‍ പറഞ്ഞു.

"ഹെഡ്മാസ്റ്റര്‍ വിളിക്കു ന്നു" – പ്യൂണ്‍ വന്നു ജോയിച്ചനോടു പറഞ്ഞു.

"ഞാനിപ്പോള്‍ വരാം" എന്നു കുട്ടികളോടു പറഞ്ഞിട്ടു ജോയിച്ചന്‍ ഓഫീസ് മുറിയിലേക്കു നടന്നു.

"ജോയിസാറേ, സാറിനെ കാണാന്‍ ഒരാള്‍ വന്നിരിക്കുന്നു" – ഹെഡ്മാസ്റ്റര്‍ പറഞ്ഞു.

ജോയിച്ചന്‍ ഓഫീസുറൂമിനപ്പുറത്തു നില്ക്കുന്ന കുഞ്ഞേപ്പച്ചനെ കണ്ടു.

"സാറേ, എന്‍റെ ജ്യേഷ്ഠനാണ്"-ജോയിച്ചന്‍ പറഞ്ഞു.

ജോയിച്ചന് എന്തോ പന്തികേടു തോന്നി. കുഞ്ഞേപ്പച്ചന്‍ ഒരിക്കലും സ്കൂളില്‍ തന്നെ അന്വേഷിച്ചു വന്നിട്ടില്ല.

"കുഞ്ഞേപ്പച്ചാ എന്താ വിശേഷം?" – ജോയിച്ചന്‍ അടുത്തുചെന്നു ചോദിച്ചു.

"നമുക്കു ചെന്നൈയില്‍ വരെ പോകണം"- കുഞ്ഞേപ്പച്ചന്‍ പറഞ്ഞു.

കുഞ്ഞേപ്പച്ചന്‍റെ ഇളയ മകന്‍ ജിമ്മി ചെന്നൈയിലാണു പഠിക്കുന്നത്. അവനു വല്ല കുഴപ്പവും….

"എന്താണു പ്രശ്നം?" – ജോയിച്ചന്‍ ആശങ്കയോടെ ചോദിച്ചു.

"കാലദോഷത്തിനു കഷായമില്ല ജോയിച്ചാ. നീ വന്നു കാറില്‍ കയറ്. എല്ലാം വഴിക്കു പറയാം."

"കുഞ്ഞേപ്പച്ചാ, സ്കൂളില്‍ നിന്ന് എനിക്കങ്ങനെ ഇറങ്ങിപ്പോരാന്‍ പറ്റുമോ?"

"നീ എന്തെങ്കിലും അത്യാവശ്യം പറഞ്ഞു അവധിയെടുക്ക്. ചെന്നൈയിലെ കോളജില്‍നിന്ന് എത്രയും പെട്ടെന്നു കോളജിലെത്തണമെന്ന് രാവിലെ വിളിച്ചുപറഞ്ഞു. എന്തോ കാര്യമായ കുഴപ്പമുണ്ട് ജോയിച്ചാ. ജിമ്മിച്ചന്‍ മഹാകുഴപ്പക്കാരനാ. ആരു പറഞ്ഞാലും കേള്‍ക്കാത്തവനാ. അവിടെ എന്താ സംഭവിച്ചതെന്നു കര്‍ത്താവിനേ അറിയൂ. എനിക്കു തനിച്ചുപോകാന്‍ ധൈര്യമില്ല. നീ കൂടി വാ" – കുഞ്ഞേപ്പച്ചന്‍ പറഞ്ഞു.

ജോയിച്ചന്‍ ഹെഡ്മാസ്റ്ററുടെ അടുത്തുചെന്നു പറഞ്ഞു: "സാറേ, ജ്യേഷ്ഠന്‍റെ മകന്‍ ചെന്നൈയിലാ പഠിക്കു ന്നേ. ആളിത്തിരി പിശകാ. അവിടെയെന്തോ കുഴപ്പമുണ്ടായിട്ടുണ്ട്. സാറെനിക്ക് ഉച്ചകഴിഞ്ഞ് അവധി തരണം."

"ജോയിസാറേ ക്ലാസ്സെടുക്കാന്‍ പകരം ആരെങ്കിലും വേണ്ടേ?"

"സാറേ, ജ്യേഷ്ഠന്‍ വന്ന് ഒരത്യാവശ്യ കാര്യത്തിനു വിളിക്കുമ്പോള്‍ പോകാതിരിക്കാന്‍ പറ്റുമോ? ചെന്നൈയില്‍ എന്താ സംഭവിച്ചതെന്നു കോളജില്‍ നിന്നു പറഞ്ഞില്ല. കാലമിതല്ലേ? ആളു ജീവിച്ചിരിപ്പുണ്ടോ എന്ന് അ വിടെ ചെന്നാലേ അറിയാന്‍ കഴിയൂ" – ജോയിച്ചന്‍ പറഞ്ഞു.

"ശരി സാറു പൊയ്ക്കൊളൂ. ഞാന്‍ അഡ്ജസ്റ്റ് ചെയ്തോളാം" – ഹെഡ്മാസ്റ്റര്‍ പറഞ്ഞു.

ജോയിച്ചന്‍ പുറത്തിറങ്ങി കുഞ്ഞേപ്പച്ചനോടൊപ്പം കാറില്‍ കയറി.

"കുഞ്ഞേപ്പച്ചാ വീട്ടില്‍ ചെന്നിട്ടേ പോകാന്‍ പറ്റൂ; ഡ്രസ്സെടുക്കണം. അമ്മച്ചിയോടൊന്നു പറയുകയും വേണം"- ജോയിച്ചന്‍ പറഞ്ഞു.

ഓര്‍ക്കാപ്പുറത്തു ജോയിച്ചനും കുഞ്ഞപ്പേച്ചനും കാറില്‍ നിന്നിറങ്ങുന്നതു കണ്ട് അന്നക്കുട്ടി പരിഭ്രമിച്ചു.

ബംഗളൂരില്‍ വല്ല പ്രശ്നവുമുണ്ടായോ? ജോയിച്ചന്‍ മുറിയിലേക്കു കയറി ബാഗില്‍ ഡ്രസ്സെടുത്തുവയ്ക്കുന്നതു കണ്ട് അന്നക്കുട്ടി ചോദിച്ചു: "എന്താ ജോയിച്ചാ, എങ്ങോട്ടാ യാത്ര?"

"കുഞ്ഞേപ്പച്ചന്‍റെ കൂടെ ചെന്നൈയില്‍ വരെ പോകണം. അവിടെ ജിമ്മി എന്തോ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്."

"എന്തു പ്രശ്നമാ ജോയിച്ചന്‍?"

"അത് അവിടെ ചെന്നാലറിയാം. പെട്ടെന്നു ചെല്ലണമെന്നു കോളജില്‍നിന്നു വിളിച്ചു പറഞ്ഞു."

"ആ ചെറുക്കന് എന്തിന്‍റെ കേടാണോ?"

കുഞ്ഞേപ്പച്ചന്‍ അമ്മച്ചിയുടെ മുറിയില്‍ ചെന്നു.

"അമ്മച്ചി."

"ആരാ കുഞ്ഞാഗസ്തിയാണോടാ?"

"കുഞ്ഞേപ്പാണേ."

"കുഞ്ഞേപ്പാണോ? നിന്‍റെ സ്വരമെന്താ അടഞ്ഞിരിക്കുന്നത്? നീയൊക്കെ ഇങ്ങോട്ടു വന്നിട്ട് എത്ര കാലമായെടാ. അമ്മച്ചി ചത്തോ ഉണ്ടോ എന്നറിയാന്‍ ഒന്നു കയറിവരിക."

"കഴിഞ്ഞ മാസത്തിലല്ലേ അമ്മച്ചി ഞാന്‍ വന്നിട്ടുപോയത്?"

"ആണോ, കണ്ടിട്ട് ഒരുപാടു കാലമായെന്നു തോന്നുകയാ. നിന്‍റെ കച്ചവടം എങ്ങനെയുണ്ടെടാ. നിന്‍റെ കാശിന്‍റെ ബുദ്ധിമുട്ടൊക്കെ മാറിയോ? കെട്ടിച്ചുവിട്ട പെണ്ണുങ്ങള്‍ക്കു സുഖമാണോ? അവരെയൊക്കെ കണ്ടിട്ട് എത്ര കാലമായി. വയസ്സായ കാര്‍ന്നോന്മാരുടെ അടുത്തു വരാനൊന്നും ഇപ്പോഴത്തെ കുട്ടികള്‍ക്കു സമയില്ല"- അമ്മച്ചി സങ്കടം പറഞ്ഞു.

എല്ലാവര്‍ക്കും ഓരോ തിരക്കാണമ്മച്ചി. എനിക്കാണേ എല്ലാ ദിവസവും കടയില്‍ പോകണം. ആകെ ഒരു ഞായറാഴ്ചയുണ്ട്. അന്നാണ് ഏറ്റവും തിരക്ക്. റബര്‍ക്കച്ചവടം ആകെ പൊളിവാ അമ്മച്ചി. റബറിന്‍റെ വിലയിടിഞ്ഞപ്പോള്‍ രണ്ടുമൂന്നു ലോഡ് റബര്‍ സ്റ്റോക്കുണ്ടായിരുന്നു. വില മെച്ചപ്പെടുമെന്നു കരുതി കാത്തു. പിന്നെയും വില താഴോട്ടുപോയി. അവസാനം റബര്‍ കൊടുത്തപ്പോള്‍ പത്തുപതിനഞ്ചു ലക്ഷം രൂപാ നഷ്ടം. ഇതൊക്കെ ബാങ്കില്‍നിന്നു കടം വാങ്ങി നടത്തുന്ന കച്ചവടമാ. ഇക്കാലത്തു മൂന്നു പെണ്ണുങ്ങളെ കെട്ടിച്ചുവിടേണ്ടതു ചില്ലറ കളിയാണോ? ടൗണില്‍ കച്ചവടവുമായിട്ടിരിക്കുന്നതുകൊണ്ട് ഒന്നും ചെറുതാക്കാനും പറ്റുകയില്ല. എല്ലാം കടത്തിലാണമ്മച്ചി."

"നിന്‍റെ കഷ്ടപ്പാടു എന്നു തീ രുമെടാ കുഞ്ഞേപ്പേ?"

"എന്‍റെ കഷ്ടപ്പാടു തീരണമെങ്കില്‍ ഞാന്‍ മരിക്കണം" – കുഞ്ഞേപ്പിന്‍റെ സ്വരമിടറി.

മൂന്നു പെണ്‍മക്കള്‍ക്കുശേഷം നേര്‍ച്ചനേര്‍ന്നു കാത്തിരുന്നു ഉണ്ടായ പൊന്നു മകന്‍ ജിമ്മിച്ചനായിരുന്നു കുഞ്ഞേപ്പച്ചന്‍റെ ദുഃഖത്തിനാധാരം.

"അമ്മച്ചി ഞാനിറങ്ങുകയാ."

"വല്ലതും കഴിച്ചിട്ടു പോകാമെടാ."

"കഴിക്കാനൊന്നും നില്ക്കുന്നില്ലമ്മച്ചി" – കുഞ്ഞേപ്പച്ചന്‍ പുറത്തേയ്ക്കിറങ്ങി.

"എല്ലാവര്‍ക്കും ധൃതിയാ. ഒന്നിനും സമയം തികയുന്നില്ല. എനിക്കു മാത്രം ധൃതിയില്ല. കിടപ്പിലാകുന്നതോടെ എല്ലാ തിരക്കും അവസാനിക്കും"- ഏലിയാമ്മ ആത്മഗതം ചെയ്തു.

"കുഞ്ഞേപ്പച്ചാ ഇറങ്ങാ"- ജോയിച്ചന്‍ കാറില്‍ കയറി.

"ആലുവായ്ക്കു വിട്ടോ രതീഷേ" – കുഞ്ഞേപ്പച്ചന്‍ ഡ്രൈവറോടു പറഞ്ഞു.

"ചെന്നൈയില്‍ വരെ കാറില്‍ പോകുന്നതു ദുരിതാ ജോയിച്ചാ. നമുക്ക് ആലുവായില്‍ ചെന്നിട്ടു ട്രെയിനില്‍ പോകാം. വൈകീട്ട് ഒരു ട്രെയിനുണ്ട്. വെളുപ്പിനു ചെന്നൈയിലെത്തും"-കുഞ്ഞേപ്പച്ചന്‍ പറഞ്ഞു.

"അതു മതി."

"മൂത്തതു മൂന്നും പെണ്‍കുട്ടികളായപ്പോള്‍ ഒരു ആണ്‍കുട്ടി ജനിക്കാത്തതില്‍ വലിയ സങ്കടമായിരുന്നു. കൊതിച്ചു കൊതിച്ചുണ്ടായവനാ ജിമ്മി. അവന്‍ ജനിച്ചപ്പോള്‍ വലിയ നിധി കിട്ടിയതുപോലുള്ള സന്തോഷമായിരുന്നു. അവനാണിപ്പോള്‍ ഞങ്ങളുടെ ഏറ്റവും വലിയ സങ്കടം" – കുഞ്ഞേപ്പച്ചന്‍ പറഞ്ഞു.

ഇത്രയ്ക്കു വഷളനായ ഒരുവന്‍ പൂമറ്റം കുടുംബത്തില്‍പിറന്നിട്ടില്ലെന്നു ജോയിച്ചനോര്‍ത്തു. സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ അവന്‍ കുഴപ്പക്കാരനാ. കൊതിച്ചുകൊതിച്ചുണ്ടായ ആണ്‍സന്തതിയല്ലേ. കുഞ്ഞേപ്പച്ചനും ചേച്ചിയും നിലത്തുവയ്ക്കാതെ വളര്‍ത്തി. ലാളിച്ചു വഷളാക്കി. അവന്‍റെ ഇഷ്ടങ്ങള്‍ക്കൊക്കെ ഒത്താശ ചെയ്തു.

കുഞ്ഞേപ്പച്ചന്‍ ജിമ്മിയെ വിളിച്ചോ?"

"ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ്. അന്യസംസ്ഥാനത്തു കുട്ടികളെ പഠിക്കാന്‍ വിടുമ്പോള്‍ അതു കൈവിട്ടകളിയാ. ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും."

"കുഞ്ഞേപ്പച്ചാ, ജിമ്മിയെ കടയില്‍ നിര്‍ത്തി കച്ചവടം പഠിപ്പിക്കാമായിരുന്നില്ലേ. കച്ചവടം നന്നായി നടത്തിക്കൊണ്ടുപോയാല്‍ കിട്ടുന്ന വരുമാനം മറ്റെന്തു ജോലി ചെയ്താലാ കിട്ടുന്നത്?"

"അവനെ കടയിലേക്ക് അടുപ്പിക്കാന്‍ പറ്റില്ല ജോയിച്ചാ. കടയിലിരിക്കുന്ന രൂപാ മുഴുവന്‍ അവനെടുത്തുകൊണ്ടുപോകും. കൂട്ടുകാരു കൂടി ധൂര്‍ത്തടിക്കും."
അങ്ങനെ ദുഃഖങ്ങള്‍ പങ്കുവച്ച് അവര്‍ ആലുവായിലെത്തി. കുഞ്ഞേപ്പച്ചന്‍ കാര്‍ തിരിച്ചയച്ചിട്ടു റെയില്‍വേസ്റ്റേഷനില്‍ കയറി വൈകീട്ട് പോകുന്ന ചെന്നൈ എക്സ്പ്രസ്സിനു രണ്ടു ടിക്കറ്റെടുത്തു.

റെയില്‍വേ പ്ലാറ്റ്ഫോമിലെ സിമന്‍റ് ബെഞ്ചില്‍ ട്രെയിന്‍ വരുന്നതും കാത്തിരിക്കുമ്പോള്‍ കുഞ്ഞേപ്പച്ചന്‍ പറഞ്ഞു.

"ജോയിച്ചാ, അവനെ നാട്ടില്‍ നിര്‍ത്താന്‍ നിവൃത്തിയില്ലാത്തതുകൊണ്ടാ പഠിക്കാന്‍ വിട്ടത്. ജോയിച്ചനറിയാമല്ലോ അവന്‍റെ പ്രകൃതം. ചോദിക്കുന്നതൊക്കെ കൊടുത്തോണം. ഒത്ത മനുഷ്യനായി വളര്‍ന്ന അവനെ പിടിച്ചുനിര്‍ത്താന്‍ എനിക്കു ശേഷിയുണ്ടോ ജോയിച്ചാ. രണ്ടു മാസം മുമ്പ് അവധിക്കു വന്നപ്പോള്‍ അവന് ഒരു ലക്ഷം രൂപാ വേണം. എന്തിനാണെന്നു ഞാന്‍ ചോദിച്ചു. ഫീസൊക്കെ ബാങ്കുവവഴിയാ അടയ്ക്കുന്നത്. പിന്നെ എന്തിനാ ഇത്രയ്ക്കു വലിയ തുക. അവിടെ പല ചെലവുമുണ്ട്. പണം വേണം. അത്രതന്നെ. അവനു ദേഷ്യം കയറിയാല്‍ തള്ളക്കിട്ടും അടിക്കും. എന്നെയും അടിക്കും. കുടുംബത്തിന്‍റെ മാന്യത പോകുമല്ലോ എന്നോര്‍ത്തു പുറത്താരും അറിയാതെ സഹിക്കുകയാണെടാ ജോയിച്ചാ" – കുഞ്ഞേപ്പച്ചന്‍റെ സ്വരമിടറി.

"ഞാന്‍ അനുഭവത്തില്‍ നിന്നു പറയുകയാ. പെണ്‍മക്കളില്‍ നിന്നു ലഭിക്കുന്ന സ്നേഹത്തിന്‍റെ ഒരംശംപോലും ആണ്‍മക്കളില്‍ നിന്നു നമുക്കു ലഭിക്കില്ല ജോയിച്ചാ" – കുഞ്ഞേപ്പച്ചന്‍ പറഞ്ഞു.

"അന്നു അമ്പതിനായിരം രൂപാ ഞാന്‍ അവനു കൊടുത്തു. അവന്‍ വഴക്കുണ്ടാക്കി. അവന്‍ തള്ളയുടെ കഴുത്തില്‍ക്കിടന്ന മാലയും വലിച്ചു പൊട്ടിച്ചെടുത്തുകൊണ്ട് പോയി. പെണ്‍മക്കളുണ്ടാകുമ്പോള്‍ ആണ്‍മക്കളുണ്ടാകാന്‍ നമ്മള്‍ കൊതിക്കം. എന്തിനാ. നമ്മള്‍ തിന്നാതെയും കുടിക്കാതെയും സ്വരുക്കൂട്ടിവയ്ക്കുന്ന സമ്പത്തു പെണ്‍മക്കള്‍ക്കു കൊടുക്കാന്‍ മനസ്സില്ലാത്തതുകൊണ്ട്. അപ്പന്‍ സമ്പാദിച്ചതൊക്കെയും ആണ്‍മക്കള്‍ കാത്തുപരിപാലിച്ചു പൊലിപ്പിച്ചു കൊണ്ടുനടക്കുമെന്ന വിശ്വാസത്തില്‍. അപ്പന്‍റെ കാലശേഷവും മക്കള്‍ അപ്പനെപ്പറ്റി അഭിമാനം കൊള്ളണമെന്നും ആദരവു കാണിക്കണമെന്നും നമ്മളാഗ്രഹിക്കുന്നു. നിരര്‍ത്ഥകമായ ഒരാഗ്രഹം മാത്രമാണത്. അവര്‍ക്ക് അപ്പനെയല്ല വേണ്ടത്. അപ്പനുണ്ടാക്കിയ സ്വത്തിനെയാ. സ്വത്തില്‍ കണ്ണുവെച്ചാ അവര്‍ നമ്മളെ അപ്പായെന്നു വിളിക്കുന്നത്. വയസ്സാകുമ്പോള്‍ ആണ്‍ മക്കള്‍ നമ്മളെ സുഖിപ്പിച്ചുകൊണ്ടു നടക്കുമെന്ന സ്വാര്‍ത്ഥതയും നമ്മുടെ ഉള്ളിലുണ്ടു ജോയിച്ചാ."

ജോയിച്ചന്‍ മറുപടിയൊന്നും പറഞ്ഞില്ല. കുഞ്ഞേപ്പച്ചന്‍ പറയുന്നത് അനുഭവസത്യങ്ങളാണ്. പണ്ട് എട്ടും പത്തും മക്കളുണ്ടായിരുന്ന മാതാപിതാക്കള്‍ അനുഭവിച്ചതിനേക്കാള്‍ പതിന്മടങ്ങു സങ്കടങ്ങള്‍ രണ്ടും മൂന്നും മക്കളുള്ള ഇന്നത്തെ മാതാപിതാക്കള്‍ അനുഭവിക്കുകയാണ്.

കഴിഞ്ഞ ആഴ്ചയാണു തോട്ടത്തില്‍ തോമാച്ചന്‍റെ ഏക മകന്‍ മരിച്ചത്. തോമാച്ചന്‍ ജോയിച്ചന്‍റെ സുഹൃത്തും കോളജില്‍ ഒരുമിച്ചു പഠിച്ചവരുമാണ്. കോളജില്‍ പഠിച്ചു കൊണ്ടിരുന്ന മകനു കോളജില്‍ പോകാന്‍ ബൈക്ക് വേണം. വാശിയായി, വഴക്കായി. അവസാനം തോമാച്ചന്‍ മകനു കീഴടങ്ങി ബൈക്ക് വാങ്ങിക്കൊടുത്തു. ബൈക്കുമായി കോളജില്‍ പോയ ദിവസംതന്നെ ഒരു ട്രക്കിനു പിന്നിലേക്കു ബൈക്ക് ഇടിച്ചുകയറി. അപ്പോള്‍ത്തന്നെ അവന്‍റെ കഥ കഴിഞ്ഞു. മകന്‍റെ മൃതദേഹത്തിനരുകില്‍ നിന്നു നെഞ്ചു കലങ്ങി കരയുന്ന തോമാച്ചനെ, ജോയിച്ചനു മറക്കാനാകുന്നില്ല.

ട്രെയിനില്‍ നല്ല തിരക്കായിരുന്നു. ഒരു രാത്രി ഉറക്കമില്ലാതെ യാത്ര ചെയ്തു. മനസ്സു നിറയെ ആശങ്കകളാണ്.

നമ്മുടെ നാട്ടിലേക്ക് അന്യദേശത്തെ കോളജുകളില്‍നിന്ന് ഇത്തരം അറിയിപ്പുകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. രക്ഷകര്‍ത്താക്കള്‍ വേവലാതിയോടെ പാഞ്ഞെത്തുമ്പോള്‍ മിക്കവാറും മക്കളുടെ മൃതശരീരം ഏതെങ്കിലും ആശുപത്രി മോര്‍ച്ചറിയിലുണ്ടാകും.

എത്ര അനുഭവങ്ങളുണ്ടായാലും പഠിക്കാത്ത മന്ദബുദ്ധികളെപ്പോലെ ഒരു ജനത. സ്വന്തമായി ഒരു നിലപാടുമില്ലാത്തവര്‍.

ജോയിച്ചന്‍ ഇങ്ങനെയുള്ള ചിന്തകളുമായി ട്രെയിനിലിരുന്നു.

റെയില്‍വേസ്റ്റേഷനില്‍ നിന്നും ജിമ്മിയുടെ കോളജിലേക്ക് ഒരുപാടു ദൂരമുണ്ട്. ഒരു ടാക്സി വിളിച്ചാണ് അവര്‍ അവിടേക്കു പോയത്.

ഓഫീസ്മുറിയില്‍ പ്രിന്‍സിപ്പലിനെ കാണാന്‍ കുറേസമയം കാത്തിരുന്നു. തിരക്കൊഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പാള്‍ വിളിച്ചു.

"ജിമ്മിയുടെ ഫാദറാണ്" – കുഞ്ഞേപ്പച്ചന്‍ പറഞ്ഞു.

"ഓ നിങ്ങള്‍ വന്നോ?" – പ്രിന്‍സിപ്പാള്‍ ചോദിച്ചു.

"ഒരു ദിവസത്തെ യാത്ര വേണം ഇവിടെയെത്താന്‍."

നിങ്ങളോടു ഞാന്‍ സഹതപിക്കുന്നു മിസ്റ്റര്‍. എന്തിനാണു നിങ്ങള്‍ ഇത്തരം ഒരു മകനെ ഇവിടെ കൊണ്ടുവന്നു ചേര്‍ത്തത്. ഈ കോളജിനും അവന്‍ നാണക്കേടു വരുത്തി. ഇപ്പോള്‍ ജിമ്മി പൊലീസ് കസ്റ്റഡിയിലാണ്. ജാമ്യംപോലും കിട്ടാത്ത കേസാണ്. മയക്കുമരുന്നു കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ്. പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എസ്പി. ഓഫീസില്‍ ചെന്നന്വേഷിക്കണം. കഴിഞ്ഞ മാസം അവനൊരു പെണ്ണുകേസില്‍പ്പെട്ടു. അതു പണം കൊടുത്തു തീര്‍ത്തു. ഇതുവരെ ഒറ്റ സെമസ്റ്ററും പൂര്‍ണമായി അവന്‍ പാസ്സായിട്ടില്ല. ഇതെല്ലാം പാസ്സാകാതെ ഫൈനല്‍ എക്സാം എഴുതാന്‍ പറ്റുകയില്ല. ഒരാളുടെ ജീവിതത്തിലെ വിലപ്പെട്ട നാലു വര്‍ഷം കളഞ്ഞുകുളിച്ചു" – പ്രിന്‍സിപ്പാള്‍ പറഞ്ഞു.

നിറഞ്ഞ കണ്ണുളോടെ അവര്‍ ഓഫീസില്‍ നിന്നിറങ്ങി.

"എന്തിനാ കുഞ്ഞേപ്പച്ചാ ഇത്ര അകലെ അവനെ കോളജില്‍ ചേര്‍ത്തത്?" – ജോയിച്ചന്‍ ചോദിച്ചു.

"കുറേ അകലെയാണെങ്കില്‍ വീട്ടില്‍ പേടിക്കാതെ കിടക്കാമല്ലോ എന്നു വിചാരിച്ചു. അതാ സത്യം" – കുഞ്ഞേപ്പച്ചന്‍ പറഞ്ഞു.

അവര്‍ എസ്പി ഓഫീസിലേക്കു ഒരു ഓട്ടോ വിളിച്ചു പോയി.

"സിംഗപ്പൂരില്‍നിന്നു മയക്കുമരുന്നു കളളക്കടത്താ; കൊക്കെയ്ന്‍. വലിയ സംഘങ്ങള്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നതാ. സിംഗപ്പൂരിനു ടൂര്‍; സകല സുഖസൗകര്യങ്ങളോടെ. മടക്കയാത്രയില്‍ അവരേല്പിക്കുന്ന ബാഗ് ചെന്നൈയിലെത്തിക്കണം. ഇത്തവണ കുടുങ്ങി. ജമ്യമില്ലാത്ത കേസാ. പന്ത്രണ്ടു വര്‍ഷം അകത്തു കിടക്കുമെന്നുറപ്പാ" – എസ്പി പറഞ്ഞു.

കുഞ്ഞേപ്പച്ചന്‍ ജോയിച്ചന്‍റെ തോളില്‍ തല ചായ്ച്ച്കൊണ്ടു കരഞ്ഞു. ആ സഹോദരന്മാര്‍ എന്തു ചെയ്യണമെന്നു നിശ്ചയമില്ലാതെ ആ പൊലീസ് സ്റ്റേഷന്‍റെ മുറ്റത്തു സങ്കടപ്പെട്ടു നിന്നു.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org