മാത്യൂസ് ആര്‍പ്പൂക്കര
നിമ്മി ജമ്മമോളെ മടിയിലിരുത്തി അപര്‍ണയുടെ മുന്നിലുണ്ട്. തൊട്ടടുത്തു ജിമ്മിയും. അപര്‍ണ ആകെ തകര്‍ന്ന അവസ്ഥയിലാണ്. വിഷാദഗ്രസ്തയാണ്. കിഷോര്‍ വഴക്കുപിടിച്ചിറങ്ങി പോയിട്ട് ഇനിയും തിരിച്ചെത്തിയിട്ടില്ല. അവനെങ്ങോട്ടാണു പോയത്? ഒരു തിട്ടവുമില്ല. എന്നാലും അവന്‍ കാണിച്ചതു തികഞ്ഞ വിവരക്കേടാണെന്നു ജിമ്മിക്കു തോന്നി. വാടകവീട്ടില്‍ അപര്‍ണയെ ഒറ്റയ്ക്കാക്കിയിട്ടല്ലേ ദേഷ്യം കേറി അവന്‍ പോയത്? ഇതാണോ അവന്റെ സ്‌നേഹവും കരുതലും?… അവന്റെ സ്‌നേഹം മാത്രം കണ്ട് ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സിലെ എല്ലാ മാനങ്ങളും ഉപേക്ഷിച്ച് ഇറങ്ങിപ്പോന്നവളാണ്? കാര്യമെന്ത്? കാരണമെന്ത്? ഉള്ളിപൊളിച്ചപോലുള്ള ഹേതു! കുഞ്ഞിന്റെ നന്മയെ കരുതി അവളൊരു തീരുമാനമെടുത്തത് മനസ്സിലാക്കി അവനും സര്‍വ്വാത്മനാ സഹകരിക്കയല്ലേ വേണ്ടത്?
ജിമ്മിയും നിമ്മിയും സമാധാനത്തിന്റെ വാക്കുകള്‍ ചൊരിഞ്ഞ് അപര്‍ണയെ സമാധാനിപ്പിക്കുകയാണ്. പക്ഷേ, അവള്‍ സമാധാനപ്പെടുന്ന മട്ടില്ല. അവളും വാശിപ്പുറത്താണ്.
"എത്ര ദിവസമായി കിഷോര്‍ എന്നെ വിട്ട് ഈ വീട് വിട്ടിറങ്ങി പോയിട്ട്?… ബ്ലഡി ഫൂള്‍! അതിനും മാത്രം എന്തിവിടുണ്ടായി?…. ജമ്മമോളുടെ കാര്യത്തില്‍ ഞാന്‍ തീരുമാനമെടുത്തത് അത്ര വല്യ പാതകമാണോ ജിമ്മിച്ചാച്ചാ?… അക്കാര്യത്തില്‍ അവനും സന്തോഷിക്കേണ്ടതല്ലേ?… ഇത്രേം കാലം എന്നോടൊപ്പം ഒബീഡിയന്റായി നിന്നവനാണ്… എന്റെ വ്യൂപോയിന്റ് പാടേ തെറ്റിപ്പോയോ ജിമ്മിച്ചാച്ചാ?… അവന്‍ പാവത്താന്‍ കളിച്ചു വെറുതെ അഭിനയിക്കുകയായിരുന്നെന്നു തോന്നിപ്പോകുന്നു!…"
"അപര്‍ണമോള് വേണ്ടാത്തത്തൊന്നും വിചാരിക്കണ്ടാ… നന്മയോടെ ചിന്തിക്കുക…" ജിമ്മി സൗമ്യമായി ഉപദേശിച്ചു.
"കിഷോര്‍ ഒരു ഫ്രോഡായി എനിക്കിപ്പോള്‍ അനുഭവപ്പെടുന്നു. എന്റെ മനസ്സില്‍ നിന്നും അവനിറങ്ങിപ്പോയി. എനിക്കിനി അവനെ വേണ്ടാ… ഇനി ഒരുവേള അവനെങ്ങോ മരിച്ചാലും ഞാന്‍ ഞെട്ടുകയില്ല. ഒരു തുള്ളി കണ്ണീര്‍പോലും എന്റെ മനസ്സീനു ഉരുണ്ടു വീഴില്ല. ഞാന്‍ കരുതുന്നപോലെ, കാണുന്നപോലെ അവന്‍ കരുതിയില്ല. എന്നെ കണ്ടില്ല. എനിക്ക് സര്‍വ്വത്ര ഈഗോയാണെന്ന് അവന്‍ ഈയിടെ രണ്ടുമൂന്നു പ്രാവശ്യം പറഞ്ഞുകേട്ടു. ഞാന്‍ വല്യേടത്തെ അഹംഭാവി പെണ്ണാണത്രേ!… അവനോ?… ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സ്!… കിട്ടിയ സൗഭാഗ്യം അവന്‍ തന്നെ തല്ലിയുടയ്ക്കുന്നു!… ബ്ലഡി ഫൂള്‍!…"
"മോള് സമാധാനിക്ക്… കിഷോര്‍ ഇവിടെ അടുത്തെങ്ങാനും കാണും… നിന്നെ വിട്ടെവിടെ പോകാനാ?…" നിമ്മി അവളെ ആശ്വസിപ്പിച്ചു.
"അവന്റെ മനസ്സാകെ കുഴപ്പം പിടിച്ചു കിടക്കയാ… അതു നേരേയാകില്ല. അവന്റെ സ്‌നേഹത്തിലും കരുതലിലും അവനെ വിശ്വസിച്ചു ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സ് വിട്ടിറങ്ങിപ്പോന്ന ഞാനിപ്പോള്‍ വെറുമൊരു വിഡ്ഢി!… പടുവിഡ്ഢി!!…"
"മോളങ്ങനെയൊന്നും പറഞ്ഞു വിഷമിക്കാത്…" നിമ്മി ഉപദേശിച്ചു: "ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആരുതന്നെയായാലും അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ചിലപ്പോള്‍ പൊട്ടിത്തെറികളുണ്ടാകും. അതൊക്കെ ക്രമേണ പരിഹരിച്ച് രമ്യമായി തീര്‍ക്കുന്നതിലാ ബുദ്ധീം വിവേകോം. എടുത്തുചാടി ബഹളം വച്ചു പ്രതികരിച്ചിട്ടൊന്നും നേടാനില്ല. നഷ്ടങ്ങള്‍ മാത്രം! പളുങ്കുപാത്രം തറയില്‍ വീഴുമ്പോലെ ദാമ്പത്യജീവിതം പൊട്ടിത്തകരുന്ന കാഴ്ചയാണ് കാണേണ്ടി വരിക!…"
അതുവരെ ചിന്തയിലാണ്ടിരുന്ന ജിമ്മി ശാന്തഭാവേന അവളെ ഉപദേശിച്ചു: "ജിമ്മിച്ചാച്ചന്‍ പറേന്നതു മോള് ശാന്തമായി കേള്‍ക്കണം. നിങ്ങള്‍ക്കു പിറന്ന കടിഞ്ഞൂല്‍ കണ്‍മണിയാണ് ജമ്മമോള്. ആ മോളെ വളര്‍ത്താനും താലോലിക്കാനും കിഷോറിനും വീട്ടുകാര്‍ക്കും ഒത്തരി ആഗ്രഹമുണ്ടാവും. നമ്മളതിനു എതിരാകരുത്. ഒറ്റയരിശത്തിനു എടുത്തു ചാടി ജീവിതം കളയരുത്. ജമ്മമോളെ നിങ്ങള് തന്നെ തല്ക്കാലം നോക്കുക. കാര്യങ്ങള്‍ നേരേ ചൊവ്വേയാകട്ടെ… ഞാനും നിമ്മിയും ഇവിടെയടുത്തുണ്ടല്ലോ… നിങ്ങളോടൊപ്പം എപ്പഴും ഞങ്ങളുണ്ടാവും. ഷുവര്‍ലി…"
"ജിമ്മിച്ചാച്ചന്‍ എന്നെ സമാധാനിപ്പിക്കാന്‍ എന്തു പറഞ്ഞാലും ശരി, ഞാനെന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല. അക്കാര്യം അവനും അറിയാം. നിങ്ങള്‍ക്കു നല്കിയ ജമ്മമോളെ ഞാനിനി തിരിച്ചുവാങ്ങില്ല. നിങ്ങള്‍ നിര്‍ബന്ധം പിടിച്ചു ജമ്മമോളെ ഇവിടാക്കീട്ട് പോയാപ്പിന്നേ ഞാനിവളെ വല്ല ഓര്‍ഫനേജിലുമാക്കും. അല്ലെങ്കില്‍ അമ്മത്തൊട്ടിയിലാക്കും. എന്നിട്ട് ഞാന്‍ സൂയിസൈഡ് ചെയ്യും… അല്ലേല്‍ വല്ല അജ്ഞാതദിക്കിലും പോകും. എനിക്കിനി ജീവിതത്തില്‍ വല്യ ആഗ്രഹങ്ങളൊന്നുമില്ല. എന്റെ ജീവിതം അവസാനിക്കാറായി… എന്റെ ദിവസം ഇരുളടഞ്ഞു!…"
നൈരാശ്യം കോറിയിട്ട ഭാവം!… അവള്‍ വിദൂരതയിലേയ്ക്കു നോക്കിയിരുന്നു. ഒരു ഭ്രാന്തിയെപ്പോലെ! എന്നിട്ട് അല്പം സ്വരമുയര്‍ത്തി പുലമ്പി…
"ഒന്നുമില്ലാതിരുന്ന ഒരുത്തന്റെ കൂടെ അവന്റെ സ്‌നേഹം മാത്രം നോക്കി പിറകേ പോയി. ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സിനു മാനക്കേടുണ്ടാക്കി. എന്റെ പപ്പായെ കുരുതിക്കൊടുത്ത് എന്റെ ജീവിതം കോഞ്ഞാട്ടയാക്കി മാറ്റിയ ബ്ലഡിഫൂളാ ഞാന്‍!.. അവന്‍ മിടുക്കനായി പോയ കണ്ടില്ലേ?… മൂന്നാല് ദിവസമായില്ലേ അവന്‍ പോയിട്ട് തിരിഞ്ഞു നോക്കിയോ?… എന്നെപ്പറ്റിയുള്ള അവന്റെ കരുതലും സ്‌നേഹവുമൊക്കെ വെറും ബിഗ് സീറോ!!…"
"മോളങ്ങനെ അധിക്ഷേപിക്കരുത്…" ജിമ്മി അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. "രണ്ടു കൈയും കൂട്ടിയടിച്ചാലല്ലേ ശബ്ദമുണ്ടാകൂ… രണ്ടു പേരും കോപത്തിലും പിടിവാശിയിലുമാണ്. അതുകൊണ്ടാണവന്‍ മാറിക്കളഞ്ഞത്. കൂടുതല്‍ സംഘര്‍ഷമുണ്ടാവാതിരിക്കാന്‍?… തമ്മില്‍ അതുമിതും പറഞ്ഞു കലഹിക്കേണ്ടെന്നു വിചാരിച്ചു കാണും…"
"അതല്ല ജിമ്മിച്ചാച്ചാ… കിഷോര്‍ ഈ കുഞ്ഞിന്റെ പ്രശ്‌നത്തില്‍ എന്നെ പാഠം പഠിപ്പിക്കയാ…! അവന്റെ കൈയില്‍ പത്തു പൈസയില്ല. അവന്റെ ഫാദര്‍ കടത്തില്‍ മുങ്ങിയാ നില്‍ക്കണത്.. ആക്ഷന്‍ ഹീറോയാണവന്‍! എല്ലാം എനിക്കു പോകേപ്പാകയല്ലേ മനസ്സിലാവണത്… എനിക്കിനി ആ റാസ്‌ക്കലിനെ വേണ്ടാ.. എന്നോടൊപ്പം ചിന്തിക്കാത്ത ലോ റാസ്‌കല്‍!.. ഞാന്‍ ഡിവോഴ്‌സിനു നീങ്ങാന്‍ തന്നെ തീരുമാനിച്ചു. നായരമ്പലത്തു താമസിക്കുന്ന അഡ്വക്കേറ്റ് അല്‍ഫോന്‍സാന്റിയെ ഞാനുടനെ കാണും. എനിക്കിനി ആ ശുംഭനെ വേണ്ടാ… ജമ്മമോള്‍ നിങ്ങള്‍ക്കുള്ളതാണ്. ഞാന്‍ തീരുമാനിച്ചതു തീരുമാനിച്ചു കഴിഞ്ഞു. ശേഷം കാലം ഞാനുണ്ടെങ്കില്‍ ഒറ്റയ്ക്കു താമസിക്കും. ജീവിതത്തില്‍ ഒറ്റയാള്‍ പോരാട്ടമാണ് നല്ലത്. തനിക്കു താനും പുരയ്ക്കു തൂണുമെന്നു പറയാറില്ലേ?.. അവന്‍ അവന്റെ വഴിക്കു പോകട്ടെ… ഇനി ആരുടെ വരുതിയിലും എന്നെ കാണൂല്ല…."
വികാര വിക്ഷോഭത്താല്‍ അവളുടെ നെഞ്ചിടം നന്നേ ഉയര്‍ന്നു താണു.
നെടുവീര്‍പ്പുകളുടെ അപശ്രുതി!…
അപര്‍ണയെ അവിടെ ഒറ്റയ്ക്കാക്കി ജമ്മമോളേയും കൊണ്ടുപോകാന്‍ ജിമ്മിക്കും നിമ്മിക്കും മനസ്സ് വന്നില്ല. അവളെക്കൂടി കുരിശുംമൂട്ടിലെ ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ അവര്‍ നിര്‍ബന്ധിച്ചു.
"മോള് വരണം… നാളെ മുതലെങ്കിലും എന്നും രാവിലെ പള്ളിയില്‍ പോകണം. കുര്‍ബാന കാണണം. സെമിത്തേരി ഒപ്പീസ് കൂടണം. പപ്പായുടെ ആത്മശാന്തിക്കായി ദാനധര്‍മ്മങ്ങള്‍ ചെയ്യണം. ജീവിതത്തില്‍ ബാക്കി അതൊക്കെയല്ലേയുള്ളൂ…"
"ജിമ്മിച്ചാച്ചാ പ്ലീസ്… ഞാനൊന്നു സ്വസ്ഥമായി ഇവിടെ കഴിയട്ടെ… ഞാനിപ്പം എങ്ങോട്ടുമില്ല. പപ്പായ്ക്കു എന്നെ അറിയാം. എനിക്കു പപ്പായേയും. ഞാനും പപ്പായുടെ അടുത്തേയ്ക്കു പോകാനുള്ളതല്ലേ?… ജമ്മമോളേയും കൊണ്ട് ജിമ്മിച്ചാച്ചന്‍ പോകുക. ഞാന്‍ പിന്നേ വരാം. നിങ്ങളവളെ പൊന്നുപോലെ വളര്‍ത്തണം. അവളെ ആര്‍ക്കും വിട്ടുകൊടുക്കരുത്. അതെന്റെ അഭിലാഷമാ… അന്ത്യാഭിലാഷമെന്നു കൂട്ടിക്കോ!… ഞാനില്ലെന്നു വിചാരിച്ച് വളര്‍ത്തുക… അവളുടെ ഇഷ്ടങ്ങളൊക്കെ സാധിച്ചുകൊടുക്കണം… എന്നെ മറന്നേക്കുക…കിഷോര്‍ അവന്റെ വഴിക്കു പോകട്ടെ!…"
ജിമ്മിയും നിമ്മിയും മനസ്സില്ലാമനസ്സോടെ ജമ്മമോളേയും കൊണ്ട് കാറില്‍ ചെന്നു കയറി.
നൈരാശ്യത്തിന്റെ അഗാധതയില്‍ അവള്‍ മുങ്ങിപ്പൊങ്ങി. ജീവിതം അവസാനിപ്പിക്കാന്‍ അവള്‍ തീരുമാനിച്ചു. കരുതിക്കൂട്ടി വച്ച് സ്ലീപിംഗ് പില്‍സ്!… ഓവര്‍ ഡോസ്!… കില്ലിംഗ് ഡോസ്!… ജീവിതം അങ്ങേയറ്റം അവള്‍ മടുത്തിരുന്നു!… ആത്മാഹൂതിയുടെ തൊട്ടുമുമ്പുള്ള അതിഭീകര നിമിഷങ്ങള്‍ അവള്‍ അറിഞ്ഞു!… നൈരാശ്യത്തിന്റെ പടുകുഴി കാട്ടിക്കൊടുത്ത സൂയിസൈഡ് പോയിന്റ്!… അവളുടെ മിഴികള്‍ തുറിച്ചു!… കൈയില്‍ പൈശാചികത്വം മാടിവിളിച്ചു. മരണത്തിന്റെ കുപ്പിപ്പാത്രം ചുണ്ടോടടുപ്പിക്കുമ്പോള്‍ ആ ശിശുവിന്റെ നിലവിളി!… ജമ്മമോളുടെ നിലവിളി!… "അമ്മാ!… അമ്മാ!!… അമ്മാ!!!…"
ജിമ്മിക്കും നിമ്മിക്കും വീട്ടിലേക്കു പോകാന്‍ തോന്നിയില്ല. എന്തോ പൊരുത്തക്കേടുകള്‍ അവരെ അലട്ടി. അപര്‍ണയുടെ പല വാക്കുകളും അവരെ വേദനിപ്പിച്ചു. അലോസരത്തിന്റെ വിനാഴികകള്‍!… ജമ്മ പതിവില്ലാതെ കാരണം കൂടാതെ കരയുന്നു!… എന്തോ പന്തികേട് അവര്‍ക്ക് അനുഭവപ്പെട്ടു ജിമ്മി കാര്‍ തിരിച്ചുവിട്ടു.
വാടകവീടിന്റെ ഡോര്‍ബെല്‍!…
സംസ്ഥാനപക്ഷി മലമുഴക്കി വേഴാമ്പലിന്റെ വ്യതിരിക്തശബ്ദം! ഹോണ്‍ബില്‍ ബെല്‍!…
എന്തേ വാതില്‍ തുറക്കാത്തത്?…
വീണ്ടും വീണ്ടും മലമുഴക്കിയുടെ ശബ്ദം ഉയര്‍ന്നു…
വാതില്‍ തുറക്കുന്നില്ല!…
ആശങ്കകള്‍ നയാഗ്രയുടെ ഹോഴ്‌സ് ഷൂഫോള്‍സായി മാറുമ്പോള്‍ ജമ്മമോളുടെ ഉച്ചത്തിലുള്ള നിലവിളി!….
"അമ്മാ!… അമ്മാ!!…"
പൊടുന്നനെ വാതില്‍ തുറക്കപ്പെട്ടു. ചിതറിയ മുടികളോടെ ഒരു ഭ്രാന്തിയുടെ രൂപഭാവങ്ങളോടെ അവള്‍ മുന്നോട്ടാഞ്ഞു.
"ജമ്മമോളേ!…" അവള്‍ കുഞ്ഞിനെ പിടിച്ചുവാങ്ങി മുത്തമിട്ടു. ഒരു പിടി മുത്തങ്ങള്‍!…
"പൊന്നുമോളേ!…"
എന്നിട്ടവള്‍ കുഞ്ഞിനേയും കൊണ്ട് ഹാളിലേയ്ക്കു കയറി. ജിമ്മിയും നിമ്മിയും അനുഗമിച്ചു. അവള്‍ക്കു സംസാരിക്കാനുള്ള ത്രാണിയില്ലായിരുന്നു. പിന്നീടവള്‍ ജമ്മമോളെ നിമ്മിയാന്റിയെ ഏല്പിച്ചു കൊണ്ടു മുഖംപൊത്തി പൊട്ടിക്കരഞ്ഞു.
"എന്റെ ജമ്മമോളുടെ കരച്ചില്‍ കേട്ടില്ലാരുന്നേല് ഞാനിപ്പം ഇവിടെ കാണില്ലാര്‍ന്നു!…"
അവള്‍ പതം പറഞ്ഞു കരഞ്ഞു. ആത്മഹത്യയുടെ മുനമ്പില്‍ നിന്നും കഷ്ടിച്ചവള്‍ രക്ഷപ്പെട്ട തൊട്ടുമുമ്പത്തെ നൈരാശ്യം പേറിയ നിമിഷങ്ങളെപ്പറ്റി പറഞ്ഞു. പൈശാചികമായ ആ നിമിഷങ്ങളോര്‍ത്ത് എണ്ണിപ്പെറുക്കി സ്വന്തം നാശത്തിനു വഴിവച്ച ജീവിതരംഗങ്ങള്‍ പുലമ്പിക്കൊണ്ടവള്‍ കരഞ്ഞു!
നിരാശയില്‍ നിന്നും ഇനിയും കരകയറിയിട്ടില്ലാത്ത അപര്‍ണയേയും ജമ്മമോളേയും ജിമ്മിയും നിമ്മിയും ചങ്ങനാശ്ശേരിയിലെ ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സിലേയ്ക്കു കൊണ്ടുപോയി. അവിടെച്ചെന്നപാടേ ജിമ്മിക്കൊരു ഫോണ്‍ കോള്‍. വിനോദായിരുന്നു അങ്ങേത്തലയ്ക്കല്‍. ധാര്‍ഷ്ട്യം നിറഞ്ഞ അവന്റെ വാക്കുകള്‍ക്കു നല്ല മറുപടി പറയാന്‍ (അപര്‍ണ കേള്‍ക്കാതെ) ജിമ്മി മുറ്റത്തേയ്ക്കു ഗാര്‍ഡനിലേയ്ക്കിറങ്ങി.
"ജിമ്മിച്ചാച്ചാ, അപര്‍ണയും കിഷോറും തമ്മില്‍ പിണങ്ങിപ്പിരിഞ്ഞെന്നു കേട്ടല്ലോ… അവള്‍ക്കതു തന്നെ വരണം. നോക്കിക്കോ അവളീ തെരുവിലൂടെ തെണ്ടി നടക്കും… കുടുംബം തകര്‍ത്തവള്‍ രക്ഷപ്പെടില്ല!… ജിമ്മിച്ചാച്ചന്‍ അടുത്തുതന്നെയുണ്ടല്ലോ… അവളുടെ കഷ്ടപ്പാടിന്റെ നാടകീയ രംഗങ്ങള്‍ അപ്പപ്പോള്‍ കാണാമല്ലോ?…"
"അങ്ങനെയൊന്നും പറയാത് വിനോദേ… ജീവിതമല്ലേ ആര്‍ക്കും എന്നും എന്തും സംഭവിക്കാം… നമ്മളാരും പൂര്‍ണ്ണരല്ല!…" ജിമ്മിച്ചാച്ചന്റെ ഉപദേശം ഖണ്ഡിച്ചുകൊണ്ട് വിനോദ് പരിഹാസച്ചിരി ഉയര്‍ത്തി. "അവളിനി അനുഭവിക്കാന്‍ കിടക്കുന്നതേയുള്ളൂ. നവോമീടെ കല്യാണം ദേ അടുത്തനാള്‍ ഉറപ്പിക്കാന്‍ പോകുന്നു. ഡോക്ടറാണ് പയ്യന്‍. അവള്‍ കണ്ണുനിറയേ കാണട്ടെ…"
"വിനോദേ… അപര്‍ണ നമ്മുടെ ചോരയാ… എന്തൊക്കെയായാലും അവളെ പ്രകോപനം കൊള്ളിക്കരുത്…" ജിമ്മി നന്മ മനസ്സോടെ ഉപദേശിച്ചു. "നനഞ്ഞിടം മാത്രം കുഴിക്കരുത്… അവള്‍ക്കു സാമ്പത്തികമായി ഡിമാന്റൊന്നുമില്ല. കുടുംബസ്വത്തിനുമേല്‍ അവള്‍ക്കു ഡിമാന്റില്ല. വല്യ വല്യ ആകാശക്കോട്ടകള്‍ അവള്‍ക്കില്ല… ഒള്ളതുകൊണ്ടവള്‍ സാറ്റിസ്‌ഫൈഡാണ്. ഓര്‍ക്കുക…"
"അതാണവളുടെ കുഴപ്പം… വല്യ വല്യ ആകാശക്കോട്ടകളില്ലാതെ ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സില്‍ പിറന്നത്…"
അതേ ഫോണ്‍ വിളി കഴിഞ്ഞപ്പോള്‍ സ്‌തേഫാനോസച്ചന്‍ വിളിച്ചു: "ജിമ്മിയും നിമ്മിയും അപര്‍ണമോളേയും കുഞ്ഞിനേയും കൂട്ടി നാളെ രാവിലെ ഇവിടെ വരണം.. കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്…"
എന്താണാവോ?
രാവിലെ തന്നെ ജിമ്മി അവരേയും കൂട്ടി സ്‌തേഫാനോസച്ചന്റെ ആശ്രമത്തിലെത്തി. മനസ്സില്ലാ മനസ്സോടെയാണ് അപര്‍ണ കൂടെ പോന്നത്.
ആശ്രമമുറിയില്‍ ഒരു ചെറുപ്പക്കാരന്‍ വിഷാദ മൂകനായിരിപ്പുണ്ടായിരുന്നു.
കിഷോര്‍!…
അവനില്‍ നിന്നാണ് അച്ചന്‍ വിവരങ്ങള്‍ അറിഞ്ഞത്. ഏവരും അച്ചനു ചുറ്റുമായി ഇരുന്നപ്പോള്‍ അച്ചന്‍ പറഞ്ഞു: "രണ്ടു മൂന്നു ദിവസമായി കിഷോര്‍ ഇവിടെയുണ്ട്. അവനാകെ കുണ്ഠിതത്തിലാണിപ്പോള്‍. ജമ്മമോളുടെ കാര്യത്തിലല്ല. ജമ്മമോളെ ജിമ്മിച്ചാച്ചനും നിമ്മിയാന്റിയും വളര്‍ത്തട്ടെയെന്നു അവനും ഇപ്പോള്‍ തീരുമാനിച്ചു. അപര്‍ണയുടെ ആഗ്രഹം അവന്‍ ശിരസാ വഹിച്ചു. അവന്റെ ദുഃഖമതല്ല. അപര്‍ണയെ ധിക്കരിച്ചതിലും സങ്കടപ്പെടുത്തിയതിലുമാണ്. അതിനാണവന്‍ എന്റെ സഹായം തേടി ഇവിടെ വന്നത്… അച്ചന്‍ സഹായിച്ചില്ലെങ്കില്‍, അനുഗ്രഹിച്ചില്ലെങ്കില്‍ അവരുടെ രണ്ടു പേരുടെയും ജീവിതം പളുങ്കുപാത്രം പോലെ പൊട്ടിത്തകരുമെന്നു പറഞ്ഞ് അപേക്ഷിക്കുകയാണ്! സ്‌നേഹിക്കാനും ജീവിക്കാനുമുള്ള മനസ്സ് അവനു ബാക്കി!… അവനു നല്ല ദുഃഖമുണ്ട്…."
എന്നാല്‍ അപര്‍ണ മനസ്സ് തുറന്നില്ല. അവള്‍ ദുര്‍വാശിയില്‍ത്തന്നെ. അവള്‍ക്കിനി കിഷോറിനെ വേണ്ടാ… ഡിവോഴ്‌സ് മതി!
അതറിഞ്ഞപ്പോള്‍ അച്ചന്‍ അമ്പരന്നു. അദ്ദേഹം സ്വരമുയര്‍ത്തി ചോദിച്ചു: "നിങ്ങള്‍ക്കു ജീവിതം ചൂതാട്ടമാണോ?… നിങ്ങള്‍ക്കു തോന്നുമ്പോലേ പ്രവര്‍ത്തിക്കാമെന്നാണോ?… ന്യൂജനറേഷന്‍ എല്ലാവരും ഇങ്ങനെയൊന്നുമല്ല. നല്ല പിള്ളേരാണ്. പിടിപ്പുള്ളവരാണ്…"
സ്‌തേഫാനോസച്ചന്‍ സഗൗരവം സംസാരിച്ചപ്പോള്‍ അപര്‍ണ ഒന്നു ചൂളിപ്പോയി….
അച്ചന്‍ കാര്യജ്ഞാനത്തോടെ തുടര്‍ന്നു: "എടുത്തു ചാടി എല്ലാവരേയും ധിക്കരിച്ചുപോയി വിവാഹം കഴിക്കുക… ജീവിതത്തിലുണ്ടാകുന്ന സ്‌പെല്ലിംഗ് മിസ്‌റ്റേക്ക് പര്‍വ്വതീകരിച്ചു പരസ്പരം പോരാടുക. പിന്നേ വിവാഹമോചനമായി. എന്താണിത്?… മാര്യേജ് ലൈഫിനെപ്പറ്റി ഇത്ര ശുഷ്‌കമാണോ നിങ്ങടെ അറിവുകള്‍?…"
അച്ചന്റെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ ഇത്തവണ കിഷോറും അപര്‍ണയും വാക്കുമുട്ടി, ചിന്താമൂകരായി നമ്രശിരസ്‌ക്കരായിരുന്നു.
"നിങ്ങള്‍ രണ്ടുപേരും നല്ല നഴ്‌സുമാരേകണ്ടവരാണ്. നന്മ നിറഞ്ഞവരാകേണ്ടതാണ്. എന്തേ ഇങ്ങനെ?… വെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്നതിന്റെ കാരണം നാം നമ്മെത്തന്നെ വെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്നുവെന്നതാണ്. കരുണയുടെ പ്രവൃത്തികള്‍ ചെയ്യാന്‍ വിളിക്കപ്പെട്ടവരാണ് നിങ്ങള്‍… ശ്വസിക്കാന്‍ മറന്നാലും ക്ഷമിക്കാന്‍ മറക്കരുതെന്നു കേട്ടിട്ടില്ലേ?… വെറുപ്പിനു കീഴടങ്ങിയാല്‍ പരാജയം ഉറപ്പായി. ജീവിതം തീര്‍ന്നു. ക്ഷമയാണ് എല്ലാത്തിനും ബലം! ക്ഷമിക്കാന്‍ പറ്റാത്തവര്‍ തങ്ങള്‍ക്കു നടക്കാനുള്ള പാലം തകര്‍ത്തുകളയുകയാണ്!…"
സ്‌തേഫാനോസച്ചന്റെ മുന്നില്‍ ആ യുവദമ്പതികള്‍ ഉരുകിത്തീരുമ്പോലെ!… ഐസ്‌ക്യൂബ് കണക്കേ. അച്ചന്‍ മുന്‍കൈയെടുത്ത് രണ്ടു പേരേയും മേജര്‍ കൗണ്‍സലിംഗ് സെന്ററിലേയ്ക്കയച്ചു. അഭിപ്രായവ്യത്യാസവും ആശങ്കകളുമുള്ള പിണങ്ങിക്കഴിയുന്ന ദമ്പതികള്‍ക്കുള്ള ധ്യാനവും കൗണ്‍സലിംഗും. ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സില്‍നിന്നും ഷൈനിയേയും വിനോദിനേയും നൈനയേയും അച്ചന്‍ വിളിപ്പിച്ചു. അവരും ധ്യാനത്തില്‍ പങ്കെടുത്തു. മാനസാന്തരം തേടിയുള്ള ശ്രമകരയാത്ര!
ജിമ്മി ചില കാര്യങ്ങള്‍ അച്ചനെ അറിയിക്കാതിരുന്നില്ല. മരിക്കുംമുന്‍പ് ജോര്‍ജിച്ചേട്ടന്‍ തീരുമാനിച്ചുവച്ച കുടുംബകാര്യങ്ങള്‍, വില്‍പ്പത്രപ്രകാരമുള്ള കാര്യങ്ങള്‍… അപര്‍ണയ്ക്കുവേണ്ടി നല്ലൊരു ഫ്‌ളാറ്റോ വില്ലയോ ചങ്ങനാശ്ശേരിയിലോ, തിരുവല്ലയിലോ വാങ്ങാന്‍ ഏര്‍പ്പാടാക്കുക. ധ്യാനവും കൗണ്‍സിലിംഗും കഴിഞ്ഞു വന്നാലുടന്‍ അപര്‍ണയുടെയും കിഷോറിന്റേയും വിവാഹം പള്ളിയില്‍വച്ചു ലളിതമായി നടത്താനുണ്ട്.. ജമ്മമോളുടെ മാമ്മോദീസ നടത്തുക… എല്ലാം അച്ചന്‍ തന്നെ ബ്ലസ് ചെയ്തു കാര്‍മ്മികനാകണം."
"എല്ലാം നന്മയ്ക്കായി ഭവിക്കും. നമുക്കു പ്രാര്‍ത്ഥിക്കാം…" സ്‌തോഫാനോസച്ചന്‍ വിശ്വാസദാര്‍ഢ്യത്തോടെ തുടര്‍ന്നു: "ദൈവസ്‌നേഹം കൂടെയുണ്ടായാല്‍ ഒന്നിനും കുറവുണ്ടാവുകയില്ല. നിര്‍ബാധം എല്ലാം ഭംഗിയായി നടക്കും. അവര്‍ നല്ലസ്‌നേഹവും സഹനവും ക്ഷമയും ഉപവിയുമുള്ളവരായിത്തീരട്ടെ… എല്ലാം ഭംഗിയായി വരും. എനിക്കുറപ്പുണ്ട്."
സ്‌തേഫാനോസച്ചന്‍ ജമ്മമോളുടെ കുഞ്ഞുശിരസ്സില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചു. ബ്ലസ് ചെയ്തു. ജിമ്മിയും നിമ്മിയും നല്ല മനസ്സോടെ ആ ശിശുവിനേയും കൊണ്ടുനിന്നു. ആ ശിശുവിന്റെ പാല്‍പ്പുഞ്ചിരിയില്‍ എല്ലാം മറക്കുന്ന ലോകം!.. നിഷ്‌കളങ്കലോകം!…
സ്‌നേഹത്തിന്റെ പുതിയ ആകാശം!…
നന്മയുടെ പുത്തന്‍ ശ്രേയസ്സ്!!…
കാറില്‍ കയറുമ്പോള്‍ നിമ്മി ജമ്മമോളുടെ ഇളംകരം വീശിക്കൊണ്ട് സ്‌തേഫാനോസച്ചനു പ്രതിനന്ദി പ്രകാശിപ്പിച്ചു. മാനസാന്തരം തേടുന്നവരുടെ കാഴ്ച!… അകലേ… അല്ല, അടുത്ത്!… സ്‌നേഹക്കൂട്ടായ്മയുടെ കാഴ്ച!!…
(അവസാനിച്ചു)