എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് No. 19

എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് No. 19

മാത്യൂസ് ആര്‍പ്പൂക്കര

"കിഷോറിനും അപര്‍ണയ്ക്കും ഉണ്ണി പിറന്നിട്ട് രണ്ടുനാള്‍. ഹോസ്പിറ്റലില്‍ നിന്നും അമ്മയും കുഞ്ഞും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. നോര്‍മല്‍ ഡെലിവറിയായിരുന്നല്ലോ. പുരവാസ്‌തോലിയുടെ തിരക്കൊഴിഞ്ഞിട്ടില്ലെങ്കിലും നിമ്മിയാന്റി ഹോസ്പിറ്റ ലില്‍ത്തന്നെയായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത പ്പോഴും നിമ്മിയും ജിമ്മിയുമുണ്ടായിരുന്നു. സ്റ്റാഫിനുള്ള ഇളവുകള്‍ കഴിച്ച് ഹോസ്പിറ്റലിലെ റീസണബിള്‍ ബില്ലടച്ചത് ജിമ്മിയായിരുന്നു.
കൈക്കുഞ്ഞിനെ വെള്ളത്തുണിയില്‍ പൊതിഞ്ഞു പിടിച്ചു എത്ര കരുതലോടെയാണ് നിമ്മിയാന്റി ശിശുപരിചരണം ഏറ്റെടുത്തിരിക്കുന്നത്. അതു കണ്ടപ്പോള്‍ അപര്‍ണയ്ക്കു സന്താപവും സഹതാപവും തോന്നാതിരുന്നില്ല.
"പാവം നിമ്മിയാന്റി!… മക്കളില്ലാത്ത മനസ്സിന്റെ നീറുന്ന നൊമ്പരം!…"
സമൃദ്ധിയിലും തരിശുഭൂമിയുടെ ഉഷ്ണക്കാറ്റ്. ദൈവത്തിന്റെ പദ്ധതികള്‍ ആരറിവൂ?
രണ്ടുപേര്‍ക്കും ഉയരത്തിനൊത്ത സൗന്ദര്യം!… ബോളിവുഡ് സിനിമാ സ്‌റ്റൈല്‍ പുറംകാഴ്ചയുള്ള കളേബരം!… പക്ഷേ, ഒരു കുഞ്ഞിക്കാല്‍ മോഹം!… ആ മോഹം അവര്‍ ഓള്‍റെഡി മനസ്സിലാക്കി കഴിഞ്ഞു!.. ഇനിയിപ്പോള്‍ ഒരനാഥക്കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാനോ മറ്റോ മനസ്സിലിരുപ്പ്.
അപര്‍ണയേയും കുഞ്ഞിനേയും കുരിശുംമൂട്ടിലെ പുതിയ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടുപോകാന്‍ അവര്‍ നിര്‍ബന്ധിച്ചു. പക്ഷേ, അപര്‍ണ സമ്മതിച്ചില്ല.
"നിമ്മിയാന്റി, ഞങ്ങള് പിന്നേ വരാം… കുറേ നാള് ഞങ്ങള് അവിടെ വന്നു താമസിക്കും. ഷുവര്‍ലി…" അപര്‍ണ ഉറപ്പിച്ചു പറഞ്ഞു.
അവരെ തിരുവല്ലയിലെ വാടകവീട്ടിലാക്കി ജിമ്മി യും നിമ്മിയും പിരിഞ്ഞു. നിമ്മിയുടെ മനസ്സിന്റെ ഊഞ്ഞാല്‍ത്തൊട്ടിലില്‍ ആ പൈതല്‍ കിടന്നു കൈകാലുകളിട്ടടിച്ചു. അതിന്റെ പാല്‍പ്പുഞ്ചിരി!.. ഇളംഭാവങ്ങള്‍!.. ഒക്കെയും മാറാതെ നിന്നു.
പുരവാസ്‌തോലിയുടെ തിളക്കമാര്‍ന്നു കിടക്കുന്ന പുത്തന്‍ മണിമാളികയുടെ നെറുകയിലേയ്ക്ക് അവരുടെ വെള്ളക്കാര്‍ ഒഴുകിക്കയറി. ചങ്ങനാശ്ശേരിയില്‍ ഏറ്റം കൂടുതല്‍ മനോഹാരിതയില്‍വിരാജിക്കുന്ന പത്തു വീടുകളെടുത്താല്‍ ആ ലിസ്റ്റിന്റെ ടോപ്പിലെത്തുന്ന സ്‌റ്റൈലന്‍ വീട്! ആ വീടിന്റെ സ്വപ്നതുല്യമായ അന്തരീക്ഷം ആസ്വദിക്കാന്‍ നിമ്മിക്കായില്ല. അവളുടെ മനസ്സില്‍ ആ ശിശു!… സ്വന്തമല്ലാത്ത ശിശു!…
ഇല്ലാത്തതിനുവേണ്ടി സ്വപ്നങ്ങള്‍ കൂട്ടുകയാണ്. നരകം പണിയുകയാണ് മനുഷ്യന്റെ മനസ്സിന്റെ അധോതലങ്ങള്‍!
അവള്‍ ഡ്രസ് ചേഞ്ച് ചെയ്തില്ല. ഫ്രഷായില്ല. അവള്‍ക്ക് ഒന്നും കഴിക്കാന്‍ തോന്നിയില്ല. ചെന്നപാടേ ലിവിങ് റൂമിലെ ദിവാന്‍ കോട്ടിലേയ്ക്കു ചാഞ്ഞു. തീരേ അപ്‌സെറ്റായ പോലെ!… ഉരുളന്‍ തലയിണമേല്‍ തലെവച്ചതിലെ അസ്വസ്ഥതകള്‍ പോലും മറന്നു. ആ കുഞ്ഞിനെ പിരിഞ്ഞതിലുള്ള മനഃപ്രയാസം! മുമ്പൊരിക്കലും ഇങ്ങനെ അവള്‍ അനുഭവിച്ചിട്ടില്ലാത്തപോലെ!… നിലംപൊത്തിയ നാലുമണിപ്പൂപോലെ!.. ഭാര്യയുടെ കിടപ്പു കണ്ടപ്പോള്‍ ജിമ്മിക്ക് അങ്ങനെ തോന്നി.
"അപര്‍ണയും കുടുംബവും ഈ വീട്ടില്‍ വന്നു താമസിക്കില്ലേ?… ഈ കൊട്ടാരസദൃശ്യമായ വീട്ടില്‍ എത്ര ഫാമിലിക്കുവേണമെങ്കിലും താമസിക്കാന്‍ സൗകര്യമുണ്ടല്ലോ?.. ആ ശിശുവിന്റെ സാമീപ്യവും പരിചരണവും നിമ്മിക്ക് ആഹ്ലാദകരമായിരിക്കും? താനാവശ്യപ്പെട്ടാല്‍ അപര്‍ണയും കിഷോറും അതു സമ്മതിക്കില്ലേ?.. എന്തായാലും അവര്‍ വാടകയ്ക്കല്ലേ താമസം?… തന്നോടും നിമ്മിയോടുമുള്ള സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റേയും പേരില്‍ അപര്‍ണ സമ്മതിക്കില്ലേ?
കുഞ്ഞിനു മൂന്നു മാസം പ്രായമായി. അതിനിടയില്‍ ജിമ്മിയും നിമ്മിയും കഞ്ഞിനെ കാണാന്‍ തിരുവല്ലയിലെ വാടകവീട്ടില്‍ വന്നില്ല. ഇടയ്ക്കിടെ അപര്‍ണ അവര്‍ വരാത്തതിന്റെ പരിഭവമറിയിക്കുന്നുണ്ടായിരുന്നു.
"ജിമ്മിച്ചാച്ചനും നിമ്മിയാന്റിയും എന്നോട് പിണങ്ങാന്‍ പറ്റ്വോ?.. എന്റെ പപ്പയേപ്പോലെ തന്നെയാണ് ഞാന്‍ ജിമ്മിച്ചാച്ചനെ സ്‌നേഹിക്കുന്നത്, ബഹുമാനിക്കുന്നത്…"
"മോളേ, ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഒരു സ്‌നേഹക്കുറവും മോളോടില്ല. …പിന്നേ അവിടെ വരാത്തത് സൈക്കോളജിക്കലാണ് കാരണം…." ജിമ്മി കുണ്ടിതത്തോടെ തുടര്‍ന്നു. "മോളോടെന്തിനു മറയ്ക്കുന്നു. ഒള്ള കാര്യം പറയാമല്ലോ. നിമ്മിയാന്റി അവിടെ വന്നിട്ടുപോരുമ്പോളൊക്കെ തീരേ അപ്‌സെറ്റാകുന്നു. എന്തോ മാനസിക വിഭ്രാന്തി!… മറ്റൊരു കുഞ്ഞിനോടും തോന്നിയിട്ടില്ലാത്തൊരു പ്രതിപത്തി അവള്‍ക്ക് അപര്‍ണമോളുടെ കുഞ്ഞിനോടുണ്ട്… അതുകൊണ്ടാണ് അകലം പാലിച്ചത്. പ്രശ്‌നങ്ങളില്‍ നിന്നൊഴിവാകാന്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് വേണമല്ലോ… അതാ കാര്യം…"
"ഓ! അതാണോ കാര്യം?…" അപര്‍ണയ്ക്ക് അത്ഭുതം തോന്നി.
"അപര്‍ണമോളുടെ ഈ കുഞ്ഞിനെ ആറ് മാസം പ്രായമാകുംമുമ്പേ നിമ്മിയാന്റിക്കു സമ്മാനിച്ചാലോ?…" അപര്‍ണ നിസംഗതയോടെ ചോദിച്ചു.
"മോള് വെറുതേ തമാശ പറയാത്… നടക്കാത്ത കാര്യം!…" ജിമ്മി ചിരിച്ചു. ഉറക്കേ ചിരിച്ചു.
"അല്ല, ജിമ്മിച്ചാച്ചാ ഞാന്‍ തമാശ പറയുന്നതല്ല!…" അപര്‍ണ വീണ്ടും പറഞ്ഞിട്ടും അയാള്‍ ചിരിച്ചു തള്ളി. ഉറക്കേ ചിരിച്ചു തള്ളി. അതിനിടയിലും അയാളുടെ ഓര്‍മ്മയില്‍ കോറിയിട്ട ഏതോ മഹാശയന്റെ വാക്കുകള്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ മാതിരി തിളങ്ങി!
"സ്വപ്നങ്ങളുടെ നന്മയാര്‍ന്ന ഉറവിടം തന്നെ സ്ത്രീ! ഒരിക്കലും അവളെ തൊടരുത്. നിങ്ങള്‍ കിനാവിനെ തൊട്ടാല്‍ അത് മരിക്കും… പലപ്പോഴും അവളുടെ പ്രവൃത്തികള്‍ നിങ്ങളെ അമ്പരിപ്പിക്കും… മാന്ത്രിക വിദ്യകള്‍ പോലെ!…"
അന്നു വൈകുന്നേരം ജിമ്മിയും നിമ്മിയും ആ വാടകവീട്ടിലെത്തി. വന്നപാടേ നിമ്മി കുഞ്ഞിനെയെടുത്തു ലാളിക്കാനും വാത്സല്യാതിരേകത്തോടെ മുറ്റത്തു കൂടി കൊണ്ടു നടക്കാനും തുടങ്ങി. അവര്‍ സിറ്റൗട്ടില്‍ സംസാരിച്ചിരിക്കുമ്പോള്‍ അപര്‍ണ പറഞ്ഞു:
"ഞാന്‍ പറയാന്‍ മറന്നു. ജിമ്മിച്ചാച്ചന്‍ മോള്‍ക്കൊരു പേരു സെലക്ട് ചെയ്‌തേ…"
"മോളും കിഷോറും കൂടി ഒരു പേരിട്ടാല്‍ മതി… അതാണ് നല്ലത്…." ജിമ്മി ഒഴിഞ്ഞുമാറാന്‍ നോക്കി. പക്ഷേ, അപര്‍ണ സമ്മതിച്ചില്ല. അവളുടെ നിര്‍ബന്ധത്തിനൊടുവില്‍ അയാള്‍ ആ പേരു പറഞ്ഞു:
"എസ്‌തേര്‍…!!"
എന്നിട്ട് ജിമ്മി വിശദമാക്കി: "പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ മഹാറാണിയായി വിരാജിച്ച ചരിത്രത്തിലിടം നേടിയ സുന്ദരിയും വിവേകമതിയുമായ യഹൂദ പെണ്‍കുട്ടി എസ്‌തേര്‍…"
"നല്ല പേര്!…" അപര്‍ണ സന്തോഷത്തോടെ പ്രതികരിച്ചു: "ഞാനും കിഷോറും കൂടി ഒരു പേര് സെലക്ട് ചെയ്തിട്ടിട്ടുണ്ട് 'ജമ്മ.' ആ അഡീഷനും കൂടി ചേര്‍ത്ത് 'ജമ്മ എസ്‌തേറെ'ന്നു മോളെ വിളിക്കാം.. എന്താ?…"
"ഫൈന്‍!…" ജിമ്മി അംഗീകരിച്ചു.
"ജമ്മ എസ്‌തേര്‍!…"
അത് സര്‍വ്വാത്മനാ സ്വീകരിക്കാന്‍ തൊട്ടുമുമ്പില്‍ കൈക്കുഞ്ഞുമായി നിമ്മി സോല്ലാസം നിന്നു. അതേ പേര് പിന്നെയും പിന്നെയും വിളിച്ചുലാളിച്ചുകൊണ്ട് നിമ്മി മുറ്റത്തു കൂടി നടന്നു. നീണ്ടുരുണ്ട ബലൂണ്‍ പോലെ കടുംചുവപ്പില്‍ താണു കിടക്കുന്ന കോഴിവാലന്‍ ചെടിയുടെ പൂക്കള്‍ അടര്‍ത്തിക്കാണിച്ച് കുട്ടിയെ രസിപ്പിക്കാനുള്ള ശ്രമം!
ആ ശ്രമം ഫലംകണ്ടു. ജമ്മ എസ്‌തേര്‍ കുടുകുടേ ചിരിക്കാന്‍ തുടങ്ങി.
മാതൃവാത്സല്യത്തിന്റെ അനുരണനങ്ങള്‍!.. സ്വന്തമല്ലാത്തതു സ്വന്തമാണെന്നു കരുതി ആകാശംമുട്ടേ സ്വപ്നങ്ങളുമായി തിമിര്‍ക്കുന്ന ലോകത്തിന്റെ പ്രതീകം! ജിമ്മി നിമ്മിയെ നോക്കിയിരുന്നപ്പോള്‍ വിചാരിച്ചുപോയി.
"അപര്‍ണമോളേ, മോളെന്തേ എയ്ഞ്ചല്‍ ഗാര്‍ഡന്‍സില്‍ പോണില്ല. പപ്പയെ കുഞ്ഞിനെ കാണിച്ച് അനുഗ്രഹം വാങ്ങണ്ടേ?…" ജിമ്മി ഇടയ്ക്കു ചോദിച്ചു.
"പപ്പാടേ അനുഗ്രഹം എപ്പോഴും എന്റെ കൂടെയൊണ്ട്…" അപര്‍ണ ആത്മവിശ്വാസത്തോടെ തുടര്‍ന്നു: "കുഞ്ഞുണ്ടായി മൂന്നു മാസമായി. ഇതുവരെ എന്റെ മമ്മി മോളെ ഒന്നു കാണാനെങ്കിലും വന്നില്ല!… വിനോദ് ചേട്ടനും നൈനച്ചേച്ചിയും വരില്ലെന്നെനിക്കറിയാം. അവരുടെയൊക്കെ മനസ്സീന്നു പടിയടച്ചു എന്നെ തള്ളിയതാ… മമ്മിയും തഥൈവ!… ജിമ്മിച്ചാച്ചന്റെ വീട് കാണാന്‍ പപ്പ വരുമ്പം കുഞ്ഞിനെ ആ മടിയില്‍ കിടത്തി അനുഗ്രഹം വാങ്ങാമെന്നു വിചാരിച്ചു…."
"അതു ഉടനെയെങ്ങും നടക്കുമെന്നു തോന്നുന്നില്ല." ജിമ്മി പറഞ്ഞു: "ജോര്‍ജിച്ചേട്ടന് അത്രമേല്‍ വയ്യാണ്ടാണിരിക്കുന്നേ… ഹൈ ഷുഗര്‍, ഹൈ പ്രഷര്‍, ഹാര്‍ട്ട് പ്രോബ്‌ളം, ഒരു പിടി രോഗങ്ങളൊണ്ട്.. ഞാനിങ്ങോട്ട് ചേട്ടനെ കാറില്‍ കൊണ്ടുവരാമെന്നു വിചാരിച്ചു. പല തവണ നിര്‍ബന്ധിച്ചു നോക്കി. പറ്റില്ല, പിന്നെയാട്ടെന്നാ പറച്ചില്… തീരേ വയ്യാ… യാത്രയൊന്നും തീരേ പറ്റില്ലാരിക്കും… ഒരൊറ്റക്കൊല്ലം കൊണ്ട് ചേട്ടനു വന്ന മാറ്റം!…"
പെട്ടെന്നയാള്‍ നാവിനെ അടക്കി. ഇനി ഒരു വാക്ക് മിണ്ടിയാല്‍ അപര്‍ണ വേദനിക്കും. അവള്‍ മുഖാന്തരമാണല്ലോ അനിഷ്ട സംഭവവികാസങ്ങള്‍ എയ്ഞ്ചല്‍ ഗാര്‍ഡന്‍സില്‍ നടമാടിയതും ചേട്ടന്‍ തകര്‍ന്നു വീണതും. അതുവരെ ചേട്ടനില്‍ ഉറങ്ങിക്കിടന്ന രോഗകാരണങ്ങള്‍ പിടഞ്ഞു പൊന്തിയതുമൊക്കെ അപര്‍ണയെ ഇനി വേദനിപ്പിച്ചിട്ടെന്ത്?!
അവള്‍ വരുത്തിവച്ചതിന്റെ മധുരവും കയ്പും അവളനുഭവിക്കട്ടെ.
"ഇപ്പോള്‍ ചേട്ടന്റെ ഉത്ക്കണ്ഠയത്രയും മോളുടെ ഭാവിയെപ്പറ്റിയാണ്. ഗുരുതര പ്രശ്‌നങ്ങളനുഭവിക്കുന്ന രോഗാവസ്ഥയിലും ചേട്ടന്റെ ചിന്തകള്‍ ആ വിധമാണ്. മോളെ സഹായിക്കാനും രക്ഷപ്പെടുത്താനുമുള്ള വഴിയേ, ചേട്ടന്‍ നിര്‍ദ്ദേശിക്കുന്ന ആഗ്രഹിക്കുന്ന വഴിയേ വിനോദോ നൈനയോ എന്തിനു മമ്മി ഷൈനിപോലും വരില്ല. മോള്‍ക്കുവേണ്ടി ചേട്ടന്‍ എല്ലാം എന്നെയാണ് ചട്ടംകെട്ടിയിരിക്കണത്…. അപര്‍ണയുടെ കുടുംബത്തിന് മാന്യമായൊരു സാമ്പത്തിക സ്റ്റാന്റ് ഉണ്ടാക്കിക്കൊടുക്കണമെന്നാണ് ചേട്ടന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നേ… അതിനു മുമ്പ് നിങ്ങടെ കല്യാണം പള്ളിയില്‍വച്ചു ലളിതമായി നടത്തണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. … സ്‌തേഫാനോസച്ചന്‍ ഇടയ്ക്കിടെ ജോര്‍ജിച്ചേട്ടനെ സന്ദര്‍ശിക്കുന്നുണ്ട്. അതിന്റെ സത്ഫലങ്ങളാണിതൊക്കെയെന്നു വേണം കരുതാന്‍…"
ക്ഷണനേരം ചിന്താനിമഗ്നനായിരുന്നിട്ട് ജിമ്മി തുടര്‍ന്നു പറഞ്ഞു: "മോളെ, മറ്റൊരു അത്ഭുതംകൂടി നടന്നു. ജോര്‍ജിചേട്ടന്‍ കുമ്പസാരിച്ചു കുര്‍ബാന സ്വീകരിച്ചു. എന്തിനും ഏതിനും യുക്തിവാദം നടത്തുന്ന ജോര്‍ജിച്ചേട്ടന്റെ മാനസാന്തരം!… പള്ളിയില്‍ പോകാത്ത ജോര്‍ജിച്ചേട്ടന്റെ മാറ്റം! പുണ്യാളന്മാരേയും പെരുന്നാളുകളേയുമൊക്കെ യുക്തിവാദത്തിന്റെ കണ്ണുകൊണ്ടു കാ ണുന്ന ജോര്‍ജിച്ചേട്ടന്റെ മാറ്റം എന്നെ അത്ഭുതപ്പെടുത്തുന്നു. ഈശ്വരനുണ്ടെന്നു വിശ്വസിക്കു ന്നതിനേക്കാള്‍ ഭേദം ഈശ്വരനില്ലെന്നു വിശ്വസിക്കയാണെന്നു മദ്യപിച്ചിരിക്കുമ്പോള്‍ ജോര്‍ജിച്ചേട്ടന്‍ എന്നോടു പറഞ്ഞിട്ടുണ്ട്. പിന്നെ എന്തൊക്കെ പറഞ്ഞിരിക്കുന്നു!.. അതൊന്നും മോളോട് പറയാന്‍ കൊള്ളില്ല. ചിന്തയ്ക്കും നാവിനും കടിഞ്ഞാണില്ലാത്തേട്ടനെയോര്‍ത്ത് ഞാന്‍ സഹതപിച്ചിട്ടുണ്ട്. ചിരിച്ചിട്ടുണ്ട്… ഈ രോഗാവസ്ഥയിലും അന്തിക്കുള്ള പെഗ്ഗടി ചേട്ടന്‍ നിര്‍ത്തിയിട്ടില്ലെന്നു ഷൈനിചേച്ചി എന്നോട് പറഞ്ഞിരുന്നു. സ്‌തേഫാനോസച്ചന്റെ ഉപദേശം മൂലം അതും നിര്‍ത്തി. ഒരു തുള്ളി മദ്യം കഴിക്കാന്‍ മേലാത്ത അവസ്ഥയിലാണെങ്കില്‍പ്പോലും! …ആ മാറ്റം കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. നമ്മുടെ കുടുംബം എയ്ഞ്ചല്‍ ഗാര്‍ഡന്‍ സിന്റെ കര്‍പ്പൂര വിളക്കായ സ്‌തോഫാനോസച്ചന്റെ നന്മകള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല…"
"ജിമ്മിച്ചാച്ചാ, ജിമ്മിച്ചാച്ചന്റെ പുത്തന്‍വീട്ടിലേയ്ക്കു എങ്ങനെയും പപ്പയെ ഒന്നു കൊണ്ടുവന്നു കൂടേ?…" അപര്‍ണ ചങ്കുപ്പിടപ്പോടെ അപേക്ഷിച്ചു: "ഞാനൊന്നു കാണട്ടെ… എനിക്കു പപ്പയോട് മാപ്പപേക്ഷിക്കണം… ജമ്മമോളെ ആ മടിയില്‍ കിടത്തി അനുഗ്രഹിപ്പിക്കണം…"
"മോളേ, ജോര്‍ജിച്ചേട്ടന് അതിനൊന്നും ഇപ്പം വയ്യാണ്ടാണിരിക്കണത്. ഹെല്‍ത്ത് കണ്ടീഷന്‍ മെച്ചപ്പെടട്ടേ… കുടുംബത്തില്‍പ്പെട്ടവരും അല്ലാത്തതുമായ എത്ര ഡോക്‌ടേഴ്‌സ് നോക്കി ട്രീറ്റ് ചെയ്യുന്നുണ്ട്… വേഗം സുഖം പ്രാപിക്കും. അതിനു പ്രാര്‍ത്ഥിക്കാം… തീര്‍ച്ചയായും ചേട്ടന്‍ ഉടനേ സുഖം പ്രാപിക്കും…." ജിമ്മിച്ചാച്ചന്‍ അപര്‍ണയെ വാത്സല്യത്തോടെ നോക്കി തുടര്‍ന്നു: "മോള് കുഞ്ഞിനേയും കൊണ്ട് നാളെത്തന്നെ റെഡിയായിക്കോ.. ജിമ്മിച്ചാച്ചന്‍ കൊണ്ടുപോകാം. നിമ്മിയാന്റീം കൂടെ വരുമല്ലോ?…"
"ഇല്ല. ഞാന്‍ വരില്ല ജിമ്മിച്ചാച്ചാ… എയ്ഞ്ചല്‍ ഗാര്‍ഡന്‍സിന്റെ പടി ഞാന്‍ ചവിട്ടൂല്ല!…" അപര്‍ണ ദൃഢസ്വരത്തിലറിയിച്ചു. എന്നിട്ടവള്‍ ദീര്‍ഘമായി നിശ്വസിച്ചു. അവളുടെ മാറിടം ഉയരുകയും താഴുകയും ചെയ്തു.
പെട്ടെന്നു ജിമ്മിയുടെ സ്മാര്‍ട്ട് ഫോണ്‍ ബെല്‍ മുഴക്കി. അതു നോക്കിയിട്ട് അയാള്‍ അപര്‍ണയോടായി സ്വരം താഴ്ത്തി പറഞ്ഞു: "വിനോദാ…" എന്നിട്ടയാള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. ജിമ്മിച്ചാച്ചന്റെ മുഖത്തെ ഭാവമാറ്റങ്ങള്‍ ആകാംക്ഷയോടെ അവള്‍ നോക്കിയിരുന്നു. കുഞ്ഞിനെ മടിയിലിരുത്തി താലോലിക്കുന്ന നിമ്മിയാന്റിക്കും ആ ഫോണ്‍കോള്‍ രംഗം ഉദ്വേഗമുണ്ടാക്കി.
ജിമ്മി പെട്ടെന്നു വിഷാദ ഗ്രസ്ത്രനായി കാണപ്പെട്ടു. ഫോണ്‍കോള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ വിഷമത്തോടെ അറിയിച്ചു:
"ജോര്‍ജിച്ചേട്ടനു പെട്ടെന്നു ബോധക്ഷയമുണ്ടായി. ഇപ്പോള്‍ ഹോസ്പിറ്റലിലാ…" അത്രയും പറഞ്ഞിട്ടയാള്‍ സങ്കടത്തോടെ തുടര്‍ന്നു; "നമുക്കെല്ലാവര്‍ക്കും ഇപ്പോള്‍ തന്നെ ഹോസ്പിറ്റലിലേയ്ക്കുപോകാം…."
താമസിച്ചില്ല. അവര്‍ എറണാകുളത്തെ ഹോസ്പിറ്റലിലേയ്ക്കു പുറപ്പെട്ടു. അപര്‍ണയും കുഞ്ഞും കൂടെയുണ്ടായിരുന്നു. വിനോദ് ഫോണ്‍ ചെയ്ത പ്പോള്‍ അവന്റെ സ്വരത്തിലെ സന്താപം മനസ്സിലാക്കാന്‍ പറ്റുമായിരുന്നു. കാര്‍ ഓടിക്കുന്നതിനിടയില്‍ അയാള്‍ വിനോദിന്റെ സങ്കടകരമായ വാക്കുകള്‍ ഓര്‍ത്തു: "ഐസിയുവില്‍ വെന്റിലേറ്ററില്‍ കിടക്കുന്ന പപ്പ ആരേയും തിരിച്ചറിയുന്നില്ല! ക്രിട്ടിക്കല്‍ സ്‌റ്റേജാ!.. ലിവര്‍ഫങ്ഷന്‍ തീരെ ഫെയിലിയറാ…"
അക്കാര്യങ്ങളൊന്നും അപര്‍ണയെ കൂടുതല്‍ വിഷമിപ്പിക്കേണ്ടെന്നു കരുതി അറിയിച്ചില്ല. അപര്‍ണയെ കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞതുമില്ല!
തിരുവല്ലയില്‍ നിന്നും എറണാകുളം യാത്ര. ജിമ്മിയുടെ വെള്ളക്കാര്‍ പായുമ്പോള്‍ സ്പീഡോമീറ്ററിലെ സൂചി പലപ്പോഴും സ്പീഡ് ലിമിറ്റ് കടക്കുന്നുണ്ടായിരുന്നു. എറണാകുളത്തേയ്ക്കുള്ള പാതിദൂരം പിന്നിടുമ്പോള്‍ ബോബിയുടെ ഫോണ്‍ കോള്‍: "ജിമ്മി, ജോര്‍ജിച്ചേട്ടന്‍ പോയി!!…"
മനസ്സിന്റെ ആകാശക്കോട്ടകള്‍ ഇടിഞ്ഞു വീഴുമ്പോലെ!! സുനാമിപോലെ!! കദനക്കടല്‍ ഇരമ്പുന്നു!!…
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org