ബോബിച്ചായന്റേയും ബെറ്റിയാന്റിയുടേയും കൂടെ കാറില്‍ അപര്‍ണ കലൂരിലേയ്ക്കു യാത്ര തിരിച്ചു. ലിസി ഹോസ്പിറ്റലില്‍ നിന്നും കലൂര്‍ക്ക് ഒട്ടുദൂരമേയുള്ളൂ. കിഷോറിന്റെ മാമന്‍ മരിയദാസിന്റെ വീട് കലൂരില്‍ നിന്നും പോക്കറ്റ് റോഡില്‍കൂടെ കുറേദൂരം പോകണം. അവിടെ കിഷോറും കൂട്ടരും അക്ഷമയോടെ കാത്തിരിക്കുന്നു. അവന്റെ ഫോണ്‍കോള്‍ ഇടയ്ക്കിടെ അവളെ തേടുന്നുണ്ടായിരുന്നു. ഒരിക്കല്‍ അല്പം ശുണ്ഠിയോടെ അവള്‍ ഫോണില്‍ പറഞ്ഞു: "കിഷോര്‍, നീ വെറുതെ വറീടാകണ്ടാ.. ഞാനുടനേ മടങ്ങിയെത്തും. അല്പനേരം കൂടി നീ വെയ്റ്റ് ചെയ്യേണ്ടി വരും…"
"എന്നാലും പൊന്നുമോളേ, നീ നിന്റെ മാര്യേജ് കാര്യത്തില്‍ ഇങ്ങനെ ഇടിപിടീന് ഈ സെലക്ഷന്‍ നടത്തുമെന്നു ഞാന്‍ പോലും വിചാരിച്ചില്ല!…"
"ബോബിച്ചായാ, കാറ് എവിടെയങ്കിലും ഒന്നൊതുക്കി നിര്‍ത്ത്. ഞാനും കുഞ്ഞാന്റീം ഇത്തിരി സംസാരിക്കട്ടെ…" അപര്‍ണ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ബോബിയോട് പറഞ്ഞു. എന്നിട്ട് തുടര്‍ന്നു.
"കുഞ്ഞാന്റി പറഞ്ഞു വരുന്നത് എനിക്കു മനസ്സിലാകും. ദലിതനും ദരിദ്രനുമായ ഈ ചെക്കനെ, അതും എന്നെപ്പോലെ വെറുമൊരു നഴ്‌സായ ചെക്കനെ ഞാനെന്തേ തെരഞ്ഞെടുത്തു എന്നല്ലേ?… എന്റെ സെലക്ഷന്‍ ശരിയോ തെറ്റോ എന്നെനിക്കറിഞ്ഞുകൂടാ… ശരിയായി കരുതി ആ ഇഷ്ടത്തിനുവേണ്ടി ഞാന്‍ നിലകൊണ്ടു. ഞങ്ങളുടെ സ്‌നേഹത്തിനാണ് വലിപ്പം. ഞങ്ങള്‍ തമ്മില്‍ രണ്ടുമൂന്നു കൊല്ലത്തെ അടുപ്പമുണ്ട്. കിഷോര്‍ പാവം പിടിച്ച പയ്യനാ… ഞാനാണ് എല്ലാത്തിനും കാരണക്കാരി. ഞാന്‍ വഴി തെറ്റിയിട്ടുണ്ടെങ്കില്‍, അതിന്റെ പ്രധാന പ്രചോദനഹേതു മമ്മിയാ… മമ്മി കാണിച്ചുതന്ന ജീവിതം! ആ ദുര്‍മാതൃക!…"
ബോബിയും ബെറ്റിയും അവളുടെ സംസാരം ഉദ്വേഗത്തോടെ കേട്ടിരുന്നു.
"കിഷോറിനെ ഒരു പ്രകാരത്തിലും കുറ്റപ്പെടുത്താനാവില്ല. അവന്റെ മനസ്സ് നല്ലതാണ്. അവന്‍ നല്ലപോലെ പാടും. ചിത്രം വരയ്ക്കും. പക്ഷേ, പരമദരിദ്രനായി ജനിച്ചതിനാല്‍ ദലിതനായതിനാല്‍ അവനതിലൊന്നും ശോഭിക്കാനായില്ല. ആ കലകളെ കൂടുതല്‍ പഠിച്ചു പോഷിപ്പിക്കാനായില്ല. അതിനാല്‍ അവനൊരു മെയിന്‍സ്ട്രീം സിംഗറായോ ആര്‍ട്ട് ഗാലറി നടത്തി പേരെടുത്ത ആര്‍ട്ടിസ്റ്റായോ പ്രശസ്തനാകാ നായില്ല. കുഞ്ഞാന്റിക്കറിയാമോ?… ചര്‍ച്ച് ക്വയറില്‍ കിഷോര്‍ പാടിക്കൊണ്ടിരുന്നതാ… കൈക്കാരന്റെ മകന്‍ ആളായതോടെ അവിടെയും സ്ഥാനം നഷ്ട പ്പെട്ടു… ദളിതരെ രക്ഷി ക്കലല്ല ശിക്ഷിക്കലാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നേ… കിഷോറിന്റെ രണ്ടു മാമന്‍മാരും ദലിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. ദേവലോകം കുട്ടന്‍ജോസഫും കലൂര്‍ താമസിക്കുന്ന മാമന്‍ മരിയദാസും. മരിയദാസ്, ദലിതര്‍ക്കുവേണ്ടി അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന പാലത്തൂര്‍ സിബിയച്ചന്റെ വലംകൈയാ…"
"പൊന്നുമോളേ, കുഞ്ഞാന്റീടെ വിഷമം കൊണ്ട് ചോദിച്ചു പോയതാ…" ബെറ്റി സ്‌നേഹവായ്‌പോടെ പറഞ്ഞു.
"ഞങ്ങടെ ദരിദ്ര സാഹചര്യങ്ങളെ ഞാന്‍ കാര്യമാക്കുന്നില്ല. ഞങ്ങള്‍ രണ്ടുപേരും കൂടി എങ്ങനെയും ജീവിക്കും. ജോലി ചെയ്തു ജീവിക്കും…"
ഒരു നിമിഷം മൂകയായിട്ട് അപര്‍ണ നിര്‍വികാരയായി തുടര്‍ന്നു: "അടുത്ത മാസാദ്യം ഞാനും കിഷോറും തിരുവല്ലയിലെ ഹോസ്പിറ്റലില്‍ ജോയ്ന്‍ ചെയ്യും. എന്റെ കൂട്ടുകാരി ഐശ്വര്യയുടെ അപ്പച്ചന്‍ സക്കറിയാസാറിന്റെ താല്പര്യത്തില്‍ കിട്ടുന്ന ജോലിയാ.. ഞങ്ങളാര്‍ക്കും എതിരല്ലെന്നു ദൈവത്തിനറിയാം… ഞങ്ങളുടെ മനസ്സ് ദൈവം കാണുന്നുണ്ട്…"
"മോടെ മനസ്സ് കുഞ്ഞാന്റിക്കു നന്നായി അറിയാം." ബെറ്റി തുടര്‍ ന്നു ചോദ്യമിട്ടു: "പക്ഷേ, മോള്, മോടെ മമ്മിക്കെതിരാണല്ലോ?… ഷൈനിമമ്മിക്കെതിരാണല്ലോ?…"
"ഞാനെതിരായിപ്പോയി. അതിനി നേരേയാകുമെന്നു തോന്നുന്നില്ല! കുഞ്ഞാന്റീ!…" അപര്‍ണ പെട്ടെന്നു വികാരഭരിതയായി തുടര്‍ന്നു:
"ഷൈനിമമ്മി ഞങ്ങളെ മൂന്നുപേരെയും പ്രസവിച്ചിട്ടേയുള്ളൂ. വളര്‍ത്തിയിട്ടില്ല. സ്‌നേഹവും വാത്സല്യവും തന്നിട്ടില്ല. പാവം ശോശച്ചേടത്തിയാണതൊക്കെ ചെയ്തത്. വിനോദിനും നവോമിക്കും ഈ പരാതിയുണ്ടോ എന്നറിഞ്ഞു കൂടാ… എന്റെ അനുഭവമാണ് ഞാനീ പറേന്നത്. മമ്മിക്കെപ്പോഴും വിമന്‍സ് ക്ലബും ആക്ടിവിറ്റീസും. സംസാരിക്കുന്നതെപ്പോഴും ആണുങ്ങളോടാണെന്നു മാത്രം… കുഞ്ഞാന്റീ ഒരു കാര്യം കൂടി ഞാനിപ്പോള്‍ പറയാം. ചാരിത്ര്യശുദ്ധിയിലൊന്നും മമ്മി അത്ര വില കല്പിക്കുന്നില്ല…."
"അതെന്താ മോളെ നീ അങ്ങനെ പഞ്ഞത്?…" ബെറ്റി ആകാംക്ഷയോടെ തിരക്കി.
"പപ്പായ്ക്കു ജോലി, ക്ലബ്, ലഹരി ഇതൊക്കെയാണ് ജീവിതം. ഞാനറിയുന്നിടത്തോളം ആരും മമ്മിയെ അറിയുന്നില്ല. അതുകൊണ്ടാ ഞാന്‍ പറഞ്ഞത്. സിറ്റിയിലെ രണ്ടു മൂന്നു മാന്യന്മാര്‍!… വല്യ ഉദ്യോഗസ്ഥര്!… മമ്മീടെ രഹസ്യകാമുകന്മാര്‍!… പപ്പേടെ ക്ലോസ് ഫ്രണ്ട്‌സാണവര്‍!… ക്ലബ് മെമ്പേഴ്‌സാണവര്‍!… എന്തിനും പോന്നവര്‍!… അവരാണ് മമ്മീടെ ജാരന്മാര്‍!… ഞാനിനി കൂടുതലൊന്നും പറയേണ്ടല്ലോ!.."
ഒരു നിമിഷാര്‍ ദ്ധം കഴിഞ്ഞ് അപര്‍ണ അറിയിച്ചു: "കുഞ്ഞാ ന്റീടെ സ്വന്തം ചേച്ചിയെപ്പറ്റി പറഞ്ഞു കേട്ടപ്പോള്‍ വിഷമമുണ്ടായിക്കാണും. തീര്‍ച്ച!…" ശ്വാസം നീട്ടിയെടുത്തു വിട്ടുകൊണ്ട് അവള്‍ കുണ്ഠിതത്തോടെ തുടര്‍ന്നു:
"ഞാന്‍ വഴിതെറ്റിപ്പോയിട്ടുണ്ടെങ്കില്, ഞാന്‍ അധഃപതിച്ചു പോയിട്ടുണ്ടെങ്കില്‍, അതിന്റെ പ്രധാന പ്രചോദനം മമ്മി തന്നെയാണ്… കിട്ടുന്ന അവസരത്തിലൊക്കെ ഞാന്‍ മമ്മിയെ കുറ്റപ്പെടുത്തി സംസാരിക്കും. എന്റെ മനസ്സിലെ വെറുപ്പ് എന്നെ അങ്ങനെയാക്കു ന്നു!… അതുകൊണ്ടാകണം ആ സ്ത്രീക്കു എന്നോടു മത്ര കാര്യമില്ല!…"
അപര്‍ണ കാറിലിരുന്നു വിങ്ങിപ്പൊട്ടി. കുഞ്ഞാന്റി അവളെ ആശ്വസിപ്പിച്ചു. ഗദ്ഗദകണ്ഠയായി അപര്‍ണ തുടര്‍ന്നു:
"എനിക്കിനി ആരുമില്ല… കുഞ്ഞാന്റിയും ബോബിച്ചായനും പപ്പേടെ അനിയന്‍ ജിമ്മിച്ചനും മാത്രം. എന്തു ചെയ്യാം. ജിമ്മിച്ചാച്ചന്‍ അമേരിക്കയിലായിപ്പോയില്ലേ?…"
"ജിമ്മി, മോളെ വിളിച്ചാരുന്നോ?…" ഡ്രൈംവിംഗ് സീറ്റില്‍ തിരിഞ്ഞിരുന്നുകൊണ്ട് ബോബി ചോദിച്ചു.
"വിളിച്ചു. എന്നെ ഉപദേശിച്ചു മനസ്സ് മാറ്റാന്‍ കുറേ തവണ വിളിച്ചിരുന്നു. നടക്കില്ലെന്നു കണ്ടപ്പം എന്റെ ഇഷ്ടത്തിനു വിട്ടു. പപ്പേനെപ്പോലെ ജിമ്മിച്ചാച്ചനും പഞ്ചപാവം!…"
"ജിമ്മിക്കു കുട്ടിയില്ലല്ലോ?… ജിമ്മിയുടെയും നിമ്മിയുടെയും കല്യാണം കഴിഞ്ഞിട്ട് കുറേ കൊല്ലങ്ങളായല്ലോ. നിമ്മീടെ അയ്യപ്പന്‍കാവിനടുത്തുള്ള വീട്ടില്‍ കല്യാണത്തിനു ഞാന്‍ പോയതാ…" ബെറ്റി ഓര്‍ത്തു പറഞ്ഞു.
അതേ എന്ന അര്‍ത്ഥം ദ്യോതിപ്പിച്ച് അപര്‍ണ നിറമിഴികളോടെ ശിരസാട്ടി.
"ജിമ്മിയും നിമ്മിയും അടുത്തദിവസം നാട്ടിലെത്തുമെന്നാണ് അറിഞ്ഞത്. വിനോദാണു പറഞ്ഞത്. ചങ്ങനാശ്ശേരിയില്‍ അവരുടെ പുതിയ വീട്പണി തീരാറായിരിക്കയല്ലേ?… രണ്ടു കോടിയുടെ എസ്റ്റിമേറ്റ്…" ബോബി അറിയിച്ചു.
"അപര്‍ണമോള് വിഷമിക്കണ്ടാ… കുഞ്ഞാന്റിയും ബോബിച്ചായനും നിന്റെ ഏതാവശ്യത്തിനും കൂടെയൊണ്ട്…" സമാധാനിപ്പിച്ചുകൊണ്ട് ബെറ്റി തുടര്‍ന്നു: "മോടെ എന്താവശ്യവും അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ജോര്‍ജി ഞങ്ങളെ രഹസ്യമായി ചുമതലപ്പെടുത്തിയിരിക്കയാ…"
കിഷോറിന്റെ ഫോണ്‍കോള്‍ വീണ്ടുമെത്തി. "എടാ കിഷോര്‍, ഞാന്‍ കുഞ്ഞാന്റിയുമായി സംസാരിച്ചു കൊണ്ടിരിക്കയാ… അഞ്ചുമിനിട്ടിനുള്ളില്‍ അവിടെയെത്തും…" അപര്‍ണ അവനെ വിളിച്ചു പറഞ്ഞു. എന്നിട്ടവള്‍ കുഞ്ഞാന്റിയെ അറിയിച്ചു:
"എനിക്കിപ്പം ഒന്നും വേണ്ടാ കുഞ്ഞാന്റി… ബാങ്ക് ലോക്കറിലിരിക്കുന്ന എന്റെ ഗോള്‍ഡ് ഓര്‍ണമെന്റ്‌സ് മാത്രം ഞാനെടുത്തു. അതിന്റെ ലോക്കര്‍കീ എന്റെ പക്കലുണ്ടാര്‍ന്നു…"
കാര്‍ ഡോറിന്റെ ഗ്ലാസ് അല്പം താഴ്ത്തിയപ്പോള്‍ വെളിയില്‍നിന്നും കാറ്റിന്റെ ശീല്‍ക്കാരം. അപര്‍ണയുടെ കണ്ണുകള്‍ താഴോട്ടു ചാഞ്ഞു. വിഷാദത്തിന്റെ കനം! പോക്കുവെയിലിന്റെ ഭംഗി! അതാസ്വദിക്കാന്‍ ഇപ്പോള്‍ മനസ്സില്‍ സമാധാനവും സന്തോഷവും ഇല്ല.
മരിയദാസിന്റെ കൃപാലയം എന്ന വീടിന്റെ വാതുക്കല്‍ അപര്‍ണയെ ഇറക്കിവിട്ട് ബോബിയുടെ കാര്‍ പാഞ്ഞുപോയി. കൃപാലയത്തിന്റെ കൊച്ചുമുറ്റത്തു മരിയദാസിന്റെ ഫാമിലിയും ദേവലോകം കുട്ടന്‍ ജോസഫും കിഷോറും കൂട്ടുകാരുമൊക്കെ കാത്തുനില്പുണ്ടായിരുന്നു. അപര്‍ണയെ കണ്ടുകഴിഞ്ഞപ്പോളാണ് കിഷോറിന്റെ ജീവന്‍ നേരേ വീണത്. ആ രാത്രി അവിടെ തങ്ങാനും നവവധൂവരന്മാര്‍ക്കുള്ള വിരുന്നു സത്കാരത്തില്‍ പങ്കെടുക്കാനും മരിയദാസിന്റെ ഭാര്യ എത്സയുടെ ആവര്‍ത്തിച്ചുള്ള ക്ഷണം കിഷോര്‍ സ്‌നേഹബുദ്ധ്യാ നിരസിച്ചു.
"എല്‍സാന്റി, പിന്നെ ഞങ്ങള് വരാം… ഇപ്പം പോട്ടെ… തീര്‍ച്ചയായും ഞങ്ങള് ഉടനേ വരും. രണ്ടുമൂന്നു ദിവസം ഇവിടെ കാണും. എല്‍സാന്റീടെ സത്ക്കാരമൊക്കെ ഞങ്ങള്‍ ഏറ്റുവാങ്ങും."
ഇന്നോവകാറില്‍ കോട്ടയത്തിനു യാത്ര. പിന്നേ പുതുപ്പള്ളി വഴി വാകത്താനത്തിനു യാത്ര. ചങ്ങനാശ്ശേരി റൂട്ടിലുള്ള വാകത്താനം ഗ്രാമക്കാഴ്ചകള്‍… കപ്പക്കാലാകളും വാഴക്കാലാകളും തെങ്ങുന്തോപ്പുകളും റബ്ബര്‍ക്കാടുകളും നിറഞ്ഞ ഗ്രാമക്കാഴ്ചകള്‍!… അപര്‍ണ കിഷോറിനെ ചാരിയിരുന്നു. വഴിയോരക്കാഴ്ചകളില്‍ നോട്ടമിട്ടു. ഇന്നോവയിലെ പെന്‍ഡ്രൈവില്‍ നിന്നുള്ള സിനിമാപ്പാട്ടുകള്‍ ശ്രദ്ധിച്ചുകൊണ്ട്. മെലഡി സോങ്‌സ്. അതിനിടയില്‍ ധ്യാനഗുരുവിന്റെ ശബ്ദശകലങ്ങള്‍ അടര്‍ന്നു വീണു. ഒലിവു പൂക്കള്‍പോലെ!…
"സ്‌നേഹമാണ് ദൈവം. ലവ് ഈസ് ഗോഡ്. നിസ്വാര്‍ത്ഥ സ്‌നേഹം! "അഗാപ്പെ" ഗ്രീക്കുഭാഷയില്‍ അങ്ങനെ ഓര്‍ക്കാം. കുര്‍ബാന കഴിഞ്ഞ് ഇടവകാംഗങ്ങള്‍ ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന രീതി ഒരു കാലത്ത് ഉണ്ടായിരുന്നു. അതിനും അഗാപ്പേ എന്നു പറഞ്ഞിരുന്നു. ഇന്നും യൂറോപ്പിലെ അപൂര്‍വ്വം ചില പള്ളികളിലെങ്കിലും മലയാളികള്‍ ധാരാളമായി കൂടുന്ന പള്ളികളില്‍ അതേ അഗാപ്പേ രീതി കണ്ടുവരുന്നുണ്ട്…."
പെട്ടെന്നു പെന്‍ഡ്രൈവിലെ കളക്ഷന്‍ മുറിഞ്ഞു. ഇനിയൊരു സന്യാസിയുടെ പ്രഭാഷണമാണ് ഇന്നോവയിലെ മ്യൂസിക് സിസ്റ്റത്തിലൂടെ പുറത്തുവന്നത്: ഹിന്ദു സന്ന്യാസവര്യന്റെ വാക്കുകളാണ്!
ഡ്രൈവറുടെ വിരല്‍ത്തുമ്പ്, സിസ്റ്റത്തിന്റെ ഫോര്‍വേര്‍ഡില്‍ ടച്ച് ചെയ്തതോടെ ആ ഭാഷ്യവും മാറി മറിഞ്ഞു. ഇനിയിപ്പോള്‍ യേശുദാസിന്റെ അര്‍ദ്ധശാസ്ത്രീയ മെലഡിയായി.
"ഹൃദയസരസിലെ പ്രണയപുഷ്പമേ! ഇനിയും നിന്‍ കഥ പറയൂ…!!
ആ വശ്യഗാനം തീര്‍ന്നതോടെ വാഹനം സ്ഥലത്തെത്തി. കിഷോറിന്റെ കൊച്ചുവീടിന്റെ കൊച്ചുഗേറ്റിങ്കല്‍ ഇന്നോവ നിന്നു. കപ്പക്കാലായുടെ നടുവിലിരിക്കുന്ന കൊച്ചുവാര്‍ക്ക വീട്. കപ്പക്കാലായില്‍ കുട്ടംപേരൂര്‍ കുട്ടച്ചിയുടെ വീട്. അയല്‍വാസികള്‍ അപ്പോഴും നോക്കിനില്പുണ്ടായിരുന്നു.
ചെരുവത്തിലെ മീന്‍ തലച്ചുമടായികൊണ്ടു നടന്നു വില്ക്കുന്ന നാരായണിയോട് കയ്യാലപ്പുറത്തു നില്‍ക്കുന്ന മറിയച്ചേടത്തി രഹസ്യം പറഞ്ഞു.
പര്‍പിള്‍ നിറമാര്‍ന്ന ചുരിദാര്‍ ധരിച്ച അപര്‍ണ ആരേയും ഗൗനിക്കാതെ വീടിനുള്ളിലേയ്ക്കു കടന്നുപോയി. കുട്ടച്ചിയും കത്രീനയും ഭവ്യതയോടെ നിന്നു. കിഷോറിന്റെ അനിയത്തി പാവാടയും ബ്ലസുമിട്ട നിമിഷ അപര്‍ണയ്ക്കു സഹായിയായി ചുറുചുറുക്കോടെയുണ്ട്.
"കുറുമ്പനാടം പള്ളിക്കടുത്തുള്ള രാഗേഷിന്റെ വീട്ടിലാണിന്നു നമുക്ക് അത്താഴം. നമ്മുടെ ആദ്യരാത്രിയും ആ വീട്ടില്‍ത്തന്നെ. കിഷോര്‍ അപര്‍ണയെ സന്തോഷത്തോടെ അറിയിച്ചു. പക്ഷേ, അവള്‍ നീരസം പ്രകടിപ്പിച്ചു: "അതൊന്നും വേണ്ടാ… ആരുടേയും സല്‍ക്കാരം ഇപ്പം സ്വീകരിക്കേണ്ട കിഷോര്‍. ഭക്ഷണമെന്തായാലും ഇവിടെയാകട്ടെ. ആദ്യരാത്രിയും ഇവിടെത്തന്നെ മതി…"
അവന്‍ പിന്നെ അതേപ്പറ്റി സംസാരിച്ചില്ല. രാഗേഷിന്റെ വീട്ടില്‍നിന്നും ഭക്ഷണം കൊണ്ടുവന്നു. എല്ലാവരും കഴിച്ചു.
സന്തോഷത്തിന്റെ കുഞ്ഞിക്കാറ്റ് ഓളമടിച്ചു.
സ്‌നേഹത്തിന്റെ സൗരഭ്യം!…
ആ കൊച്ചുവീട്ടില്‍ അതൊക്കെയുണ്ടെന്നവള്‍ കണ്ടു. പക്ഷേ, പ്രൗഢി, സമ്പത്ത്, അഹമ്മതി, സുഖലോലുപത ഒന്നുമില്ല!… വെറും ലളിതം!… സുതാര്യജീവിതം!…
ഒന്നുമില്ലായ്മയിലും എല്ലാമുള്ളതിന്റെ സംതൃപ്തി!…
ഒന്നാം തീയതി കിഷോറും അര്‍ണയും തിരുവല്ലയിലെ ഹോസ്പിറ്റലില്‍ നഴ്‌സുമാരായി ജോലിയില്‍ പ്രവേശിച്ചു. ഹോസ്പിറ്റലിനടുത്തുതന്നെയൊരു വാടകവീട്ടിലേയ്ക്ക് അവര്‍ താമസമാക്കി. അന്നുതന്നെ ആ വിശേഷം പങ്കുവച്ചു.
"അപര്‍ണ അമ്മയാകാന്‍ പോകുന്നു…"
അടുത്ത ദിവസം പ്രഗ്‌നന്‍സി ടെസ്റ്റ് വഴി വിശേഷം സ്ഥിരീകരിച്ചു. ആ സന്തോഷവാര്‍ത്ത അമ്മയേയും അപ്പനേയും അറിയിക്കാന്‍ കിഷോര്‍ ഫോണെടുത്തപ്പോളാണ് അമ്മയുടെ ഫോണ്‍ വിളി!…
"മോനേ കിഷോര്‍!… അമ്മയുടെ ചങ്കുതകര്‍ന്നാണ് വിളിക്കണത്!…" അവന്‍ പെട്ടെന്നു ഫോണുമായി വാടകവീടിന്റെ കാലിഞ്ചു മെറ്റല്‍ വിരിച്ച മുറ്റത്തേയ്ക്കിറങ്ങി നിന്നു ശ്രദ്ധിച്ചു: "എന്താണമ്മേ?!…"