എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് – 15

എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് – 15
Published on
മാത്യൂസ് ആര്‍പ്പൂക്കര
എറണാകുളത്തു നിന്നും ചാലക്കുടി വരെയുള്ള യാത്ര. എറണാകുളത്തുനിന്നും വിനോദും നൈനയും വെളുപ്പാന്‍ കാലത്തു കാറില്‍ പുറപ്പെട്ടതാണ്. ചാലക്കുടിയിലെ ആശ്രമത്തില്‍ വിശ്രമജീവി തം നയിക്കുന്ന കുടുംബബന്ധുകൂടിയായ തൊണ്ണൂറ്റൊന്നു വയസ്സുള്ള സ്‌തോഫാനോസച്ചനെ സന്ദര്‍ശിക്കാന്‍. വിനോദി നെ അത്യാവശ്യമായി ഒന്നു കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വെയിലുറയ്ക്കുംമുമ്പേ വിനോദും നൈനയും ആശ്രമത്തിലെത്തി. സ്‌തോഫാനോസച്ചന്‍ അവരെ മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി.
ജോര്‍ദിയുടെ രോഗകാര്യങ്ങള്‍ ഉള്‍പ്പെടേ കുടുംബവിശേഷങ്ങള്‍ അച്ചന്‍ അവരുമായി സംസാരിച്ചു.
"അപര്‍ണയുടെ വഴിതെറ്റിപ്പോക്ക് നമ്മുടെ കുടുംബത്തെയാകെ ഞെ ട്ടിച്ചുകളഞ്ഞു!… ബുദ്ധിമോശം!… അല്ലാതെന്തു പറയാനാ?…" അച്ചന്‍ നിസംഗതയോടെ ഉച്ചരിച്ചു.
"അതിനു കാരണക്കാരനായ ആ കിഷോര്‍ അതോ ടെ നമ്മളെയൊക്കെ തോ ല്പിച്ചമട്ടില്‍ ഞെളിഞ്ഞു നടക്കയാവും… അച്ചാ, മൊത്തത്തില്‍ എന്തു നാണക്കേടായിപ്പോയി!…"
"അവനെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. നമ്മുടെ പെണ്‍കുട്ടിയും തുല്യ പങ്കാളിയാണ ല്ലോ!…" അച്ചന്‍ ഉപദേശിച്ചു: "അവള്‍ക്കില്ലാതെപോയ സംയമനം നമുക്കാര്‍ക്കും ഇല്ലാതാകരുത്. അല്ലാത്തപക്ഷം നമ്മള്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേയ്ക്കും കുഴപ്പങ്ങളിലേയ്ക്കുമാകും പോവുക…"
ക്ഷണനേരം ചിന്തയിലാണ്ട അച്ചന്‍ തുടര്‍ന്നു: "സത്യത്തിനും സ്‌നേഹത്തിനുമെതിരായി ഒന്നും പ്രവര്‍ത്തിക്കരുത്. ചിന്തിക്കപോലുമരുത്. ഞാനിങ്ങ നെ പറയാന്‍ കാരണമുണ്ട്. നമ്മുടെ പെണ്‍കുട്ടി തലമറന്നു പ്രണയക്കുരുക്കിലകപ്പെട്ട് ഒളിച്ചോടിപ്പോയി. പ്രതികാരവാഞ്ഛ ഉണ്ടാകാം. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പൈശാചികമായ ബന്ധനത്തില്‍ നാം വീണുപോകരുത്. നമ്മുടെ കുടുംബത്തില്‍ കുഴപ്പങ്ങള്‍ കൊണ്ടുവന്ന ആ പയ്യനെ ഒരു പാഠം പഠിപ്പിക്കാന്‍ അഥവാ അവനോട് അറ്റ കൈ പ്രവര്‍ത്തിക്കാന്‍ തോ ന്നുക സ്വാഭാവികമാണ്. ഒരിക്കലും അങ്ങനെ ചിന്തിക്കപ്പോലുമരുത്. അങ്ങനെ വല്ലതുമുണ്ടായാല്‍ അവരുടെ ഭാവി ജീവിതത്തിനും നമുക്കും കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിവയ്ക്കുകയേയുള്ളൂ. അങ്ങനെ നമ്മുടെ കുടുംബത്തിലെ ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാല്‍ത്ത ന്നെ അവരെ പിന്തിരിപ്പി ക്കാന്‍ പോന്ന നല്ല മനോഭാവമായിരിക്കണം. വിനോദ്, അച്ചന്‍ പറയുന്നതിന്റെ നല്ല വശങ്ങള്‍ നല്ലപോലെ ചിന്തിച്ചു മനസ്സിലാക്കണം. വിനോദ് ചെറുപ്പമാണ്. അനിയത്തിയോടുള്ള സ്‌നേഹത്തെ പ്രതി, നമ്മുടെ കുടുംബത്തിന്റെ മാഹാത്മ്യത്തെപ്രതി വല്ല തും ചിന്തിച്ചുപോയേക്കരുതെന്ന മുന്നറിയിപ്പാണ് അച്ചനു പറയാനുള്ളത്… അതിനാണ് നിങ്ങളെ വിളിച്ചത്…"
നിമിഷനേരത്തെ നിശബ്ദതയെ അച്ചന്‍ ഭഞ്ജി ച്ചു: "ദൈവത്തിന്റെ നീതി യും സ്‌നേഹത്തിന്റെ കൂട്ടായ്മയും നമ്മളറിയണം. അവരെ അവരുടെ വഴിക്കു വിടുക. അവര്‍ ജീവിതം കണ്ടറിയട്ടെ.. അവര്‍ തെരഞ്ഞെടുത്ത മാര്യേജ് ലൈഫ് എത്രത്തോളം ഉള്‍ക്കൊള്ളാനാവുമെന്നു നമുക്കും കണ്ടറിയാം.  അവര്‍ക്കു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം…"
അച്ചന്‍ ശാന്തസ്വരത്തില്‍ തുടര്‍ന്നു: "സ്‌നാപകയോഹന്നാന്റെ തലയറക്കാന്‍ കാരണക്കാരിയായ ഹേറോദിയായ്ക്കും പഴയനിയമത്തിലെ ദലീലയ്ക്കും എല്ലാക്കാലത്തേയും ന്യൂജനറേഷനിലേക്കും ചില പെണ്ണുങ്ങള്‍ക്കും പറ്റിയൊരു വ്യാഖ്യാനം, രാമായണത്തില്‍ വാല്മീകി പറഞ്ഞിട്ടുള്ള ഒരു തത്ത്വം ഞാന്‍ വായിച്ചിട്ടുള്ളതോര്‍ത്തുപോകുന്നു. കുലമഹിമയോ കുടുംബമാഹാത്മ്യമോ സഹായമോ വിദ്യ യോ സമ്മാനങ്ങളോ വിശുദ്ധമായ വിവാഹബന്ധമോ കൊടുത്തു സ്ത്രീയുടെ സ്‌നേഹം നേടാനാവില്ല. ജന്മനാ അവര്‍ അസ്ഥിര മനസ്സുള്ളവരാണ്…?
സ്‌തേഫാനോസച്ചന്‍ പയ്യേ എഴുന്നേറ്റ് വിനോദിനേയും നൈനയേയും യാത്രയാക്കുമ്പോള്‍ പറഞ്ഞു: "ഇന്നലത്തെ വിത്തില്‍നിന്നും ഇന്നത്തെ ചെടിയില്‍ നിന്നുമാണ് നാളെ പൂക്കള്‍ ഉണ്ടാവുക… ഒന്നും അവഗണിക്കാനാവില്ല… എന്തും തള്ളിക്കളയാനുമാവില്ല. ദൈവം പ്രവര്‍ത്തിക്കുന്ന രീതിയും വഴികളുമൊക്കെ നമ്മുടെ ചെറിയ ബുദ്ധിക്ക് ഉള്‍ ക്കൊള്ളാന്‍ സമയമെടുക്കും…"
അച്ചന്‍ ചോക്ലേറ്റ് നിറമാര്‍ന്ന വലിയ കാര്‍ കിടക്കുന്നിടം വരെ അവരോടൊപ്പം സംസാരിച്ചു നടന്നു. അവര്‍ കാറില്‍ കയറുംമുമ്പ് സ്‌തേഫാനോസച്ചന്‍ വീണ്ടും അവരെ ഉപദേശിച്ചു:
"മക്കളേ, അപര്‍ണ കണ്ടെടുത്ത ദാമ്പത്യം എന്തുമാകട്ടെ. അവര്‍ അനുഭവിച്ചു തീര്‍ക്കട്ടെ… നമുക്കു അനുരജ്ഞനത്തിന്റെ പാത മതി. പ്രതികാരത്തിന്റെ വഴി വേണ്ട.." പച്ച തത്തയുടെയും കാവാളന്‍ കാളിപ്പക്ഷിയുടെയും തുടരേ ചിലപ്പ് വൃദ്ധനായ ആ പുരോഹിതന്റെ പതം വന്ന വാക്കുകള്‍ക്കു അടിവരയിടുമ്പോലെ.
അദ്ദേഹം തുടര്‍ന്നു: "ചത്താലും ഞാന്‍ ക്ഷമിക്കില്ല എന്നു ചിലര്‍ പറയാറുണ്ട്. ആര്‍ക്കാണു അതി ന്റെ ദോഷം, ആര്‍ക്കാണു നഷ്ടം? ക്ഷമിക്കാത്ത വ്യ ക്തിക്കുതന്നെയാണ്. അയാളുടെ ആരോഗ്യം ക്ഷയിക്കുന്നു. സൗന്ദര്യം ക്ഷയിക്കുന്നു, ബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നു. സമാധാനവും സന്തോഷ വും പോയി മറയുന്നു. ക്ഷമിക്കാനും പൊറുക്കാ നും എത്രമാത്രം കഴിയുന്നുവോ അത്രമാത്രം നാം മനുഷ്യരാകുന്നു…"
വിനോദും നൈനയും അച്ചന്റെ ഉപദേശമത്രയും കേട്ടുനിന്നു. അനുസരണയുള്ള കുട്ടികളെപ്പോലെ.
ആ ദമ്പതികളുടെ യാത്ര മൂകതയിലാഴുന്ന കാഴ്ച!… മൂകത കൂടുതല്‍ കൂടുതല്‍ ആഴപ്പെടുമ്പോലെ!… കാര്‍ ഡ്രൈവ് ചെയ്യുന്ന വിനോദ് തീര്‍ത്തും ചിന്താമൂകനാണ്. അവള്‍ സൗമ്യതയുടെ സ്വരത്തില്‍ ഭര്‍ത്താവിനു നേര്‍ക്കു മുഖം തിരിച്ചു. "അച്ചന്‍ പറഞ്ഞതൊക്കെ കേട്ടല്ലോ… വേണ്ടാത്തതിനൊന്നും പോകരുത്. അരുതാത്ത പുകിലൊന്നും ചിന്തിക്കപോലുമരുത്…"
ഒരു നിമിഷാര്‍ദ്ധം കഴിഞ്ഞ് അവള്‍ മൊഴി ഞ്ഞു: "നല്ലൊരു ധ്യാനഗുരുവിന്റെ ഉപദേശമാണ്. എത്രയോ പേരേ അച്ചന്‍ ആത്മഹത്യയുടെ മുനമ്പില്‍ നിന്നും പ്രതികാര ദാഹത്തിന്റെ തീച്ചൂളയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്…" അവളുടെ വാക്കു കള്‍ അവനത്ര സുഖിക്കാത്ത മാതിരിയുണ്ട്.
"നൈന, പ്ലീസ്!…"
പിന്നെയവള്‍ മിണ്ടാന്‍ പോയില്ല. ആലുവ അടുത്തായപ്പോള്‍ അവന്‍ കാര്‍ റോഡരികിലെ വലിയ മാഞ്ചോട്ടില്‍ നിര്‍ത്തിക്കൊണ്ട് ഭാര്യയോടു പറഞ്ഞു:
"ഇനി നൈന, നീ ഡ്രൈവ് ചെയ്യ്.. എനിക്കെന്തൊ ഇന്നു ഡ്രൈവിംഗ് തീരേ ചേരാത്തപോലെ!…"
എത്രനേരം വണ്ടിയോടിച്ചാലും മതിവരാത്ത വിനോദ് കെട്ടുപിണഞ്ഞ അസ്വസ്ഥ ചിന്തകളിലാണെന്നു തോന്നി. ഡ്രൈവിംഗ് സീറ്റിലേയ്ക്ക് അവള്‍ മാറി യാത്ര തുടര്‍ന്നു. അപ്പോളേയ്ക്കും നൈനയുടെ ഫോണില്‍ കോള്‍ ഉണര്‍ത്തുന്ന ഇന്‍സ്ട്രുമെന്റ് മ്യൂസിക്.
"വിനോദ്, ഷൈനി മമ്മിയാ വിളിക്കുന്നേ… അറ്റന്‍ഡ് ചെയ്‌തേ…"
നൈന ഭര്‍ത്താവിനെ ഫോണ്‍ ഏല്പിച്ചുകൊണ്ട് ഡ്രൈവിംഗ് തുടര്‍ന്നു.
"നൈനേ?…" ഷൈനിയുടെ നനുത്ത സ്വരം.
"മമ്മി വിനോദാ… നൈന കാറോടിക്കയാ…" വിനോദ് പറഞ്ഞു.
"നിങ്ങള്‍ എവിടം വരെയായി?…." ഷൈനി തിരക്കി.
"ഞങ്ങള്‍ ആലുവായിലെത്തുന്നതേയുള്ളൂ… എന്താ മമ്മി പ്രത്യേകിച്ച് വല്ലതും?…"
"അപര്‍ണ ഇവിടെ ഹോസ്പിറ്റലില്‍ വന്നിട്ടൊണ്ട്…" ഷൈനി തുടര്‍ന്നറിയിച്ചു: "പപ്പേടെ മുറീലൊണ്ട്… നീ ഇല്ലാത്തനേരം നോക്കിയാ വന്നത്. ബെറ്റിയും ബോബിയുമാണവള്‍ക്കുവേണ്ട ഒത്താശയൊക്കെ ചെയ്തു കൊടുക്കുന്നേ… കിഷോറും കൂട്ടരും കലൂരുള്ള ബന്ധുവീട്ടിലൊണ്ടെന്നറിഞ്ഞു. ദേവലോകം കുട്ടന്‍ ജോസഫിന്റെ അളിയന്റെ വീടവിടെയുണ്ടത്രേ. കുട്ടന്‍ ജോസഫാണല്ലോ ഇപ്പോള്‍ കിഷോറിന്റെ അപര്‍ണയുടെയും ഗാര്‍ഡിയന്‍…"
"മമ്മീ, എന്തേ പപ്പേടെ മുറിയില്‍ നില്ക്കാത്തേ?…" വിനോദ് നീരസത്തോടെ ചോദിച്ചു.
"ഞാനെന്തിനവിടെ നില്‍ക്കണം?… ഞാനവള്‍ ക്കു പിശാച് കുരിശ് കാണുമ്പോലെയല്ലേ?… ആ തള്ളേനെ എനിക്കൊരിക്കലും കാണണ്ടെന്നു അവള്‍ കോടതിസമക്ഷം കൊട്ടിഘോഷിച്ചതല്ലേ?… എനിക്കും അങ്ങനൊരു മകളെ കാണണ്ടാ…" ഫോണിലൂടെയാണ് പറയുന്നതെങ്കിലും മമ്മിയുടെ മനസ്സിലെ പ്രയാസമത്രയും വിനോദിനു കണ്ടറിയാനുണ്ടായിരുന്നു.
"ബെറ്റീടേം ബോബന്റേ യും എസ്‌കോര്‍ട്ടോടെയാണവള്‍ വന്നത്… ഇടംവലം നോക്കാതെ. ഒരഗ്നി പര്‍വ്വതം പോലെ ചീര്‍ത്തഭാവം!… എവിടെയോ പൊട്ടിത്തെറിക്കാന്‍ വെമ്പുന്ന മാതിരി!…" മമ്മി തുടര്‍ന്നു, "അവളെ കണ്ട ക്ഷണം പപ്പ വിങ്ങിപ്പൊട്ടിക്കരഞ്ഞു. അപ്പോഴും മോളേ എന്നു വിളിച്ചു കണ്ണീരൊഴുക്കി!… പാവം!… ആ ചങ്ക് അപ്പോഴും പിടഞ്ഞു. അവളൊരുത്തി കാരണം ആ മനുഷ്യന്‍ വെന്തുരുകി പാതിയായി…"
മമ്മി ഒന്നു നിര്‍ത്തിയിട്ട് നിര്‍ദ്ദേശം വച്ചു. "വിനോദ് നീയും നൈനയും കൂടി പയ്യേ വന്നാമതി. നിങ്ങള് തമ്മില് കണ്ടാല് വെറുതേ കുഴപ്പം പിടിച്ച സീനുണ്ടാകും. വെറുതേ നാട്ടുകാരെ അറിയിക്കണ്ട… സെന്‍സേഷന്‍ വാര്‍ത്ത തേടി പത്രക്കാരും നടപ്പൊണ്ട്… ഞാന്‍ ഫോണ്‍ നിര്‍ത്തുവാ… ബാക്കി വിശേഷങ്ങളൊക്കെ വന്നിട്ടുപറയാം… ഞാന്‍ നിത്യാരാധന ചാപ്പലിലുണ്ടാവും…"
ഷൈനി ഫോണ്‍ ഓഫ് ചെയ്തു ബാഗില്‍ തിരുകി നിത്യാരാധന ചാപ്പലിലേയ്ക്കു നടന്നു. ഇതേ സമയം ജോര്‍ജി കിടക്കുന്ന ഹോസ്പിറ്റല്‍ റൂമില്‍ നിന്നും അപര്‍ണും ബെറ്റിയും ബോബിയും പോയിരുന്നില്ല. അപര്‍ണയുടെ കൈയ്യില്‍ പിടിച്ചു കണ്ണീരൊഴുക്കി കിടക്കുകയായിരുന്നു ജോര്‍ജി. വളരെ ക്ഷീണിതനായ അദ്ദേഹം എന്തൊക്കെയോ മകളോട് പതിയേ സംസാരിച്ചു. ഇടയ്ക്കിടെ പപ്പയും മകളും ഒലിച്ചിറങ്ങിയ കണ്ണീര്‍ തുടച്ചു.
പെട്ടെന്നു എന്തോ ഓര്‍ത്തിട്ടെന്നപോലെ അപര്‍ണ എഴുന്നേറ്റു, "ഞാന്‍ പോണു പപ്പാ…പിന്നേ വരാം…"
അവള്‍ വീണ്ടും മടക്കിപ്പിടിച്ച കൈലേസുകൊണ്ടു കണ്ണീര്‍ തുടച്ചു.
"മോളെപ്പോഴും വരണ്ടാ… വിനോദ് വല്യദേഷ്യത്തിലാ…" ജോര്‍ജിയുടെ കണ്ഠമിടറി, "വല്ല ആവശ്യമുണ്ടെങ്കില് ബെറ്റിയാന്റിയോട് പറഞ്ഞാമതി…. മോള് വിഷമിക്കരുത്…."
"എനിക്കൊരു വിഷമോം ഇല്ല പപ്പാ…" അവള്‍ മിഴിനീര്‍ തുടച്ചു സന്തോഷം ഭാവിച്ചുകൊണ്ട് അറിയിച്ചു: "കിഷോര്‍ എന്നെ കണ്ണിലെ കൃഷ്ണമണിപോലെ നോക്കുന്നൊണ്ട്!…"
അപര്‍ണ മുറിവിട്ടിറങ്ങി. പിറകേ ബെറ്റിയും ബോബനും. സങ്കടം സഹിക്കാനാവാതെ അവള്‍ കീഴ്ച്ചുണ്ട് കടിച്ചമര്‍ത്തി. ഒരു വിനാഴിക നിന്നു വരാന്തയിലെ ഉരുളന്‍ തൂണും ചാരി.
"ബെറ്റിയാന്റി!… എന്റെ പപ്പാ!…" അപര്‍ണ തേങ്ങി.
"മോള് സമാധാനിക്ക്…" ബെറ്റി അവളെ ചുറ്റിപ്പിടിച്ചു തഴുകിക്കൊണ്ട് സമാധാനിപ്പിച്ചു: "പപ്പായ്ക്ക് ഇപ്പം കുഴപ്പമൊന്നുമില്ല…"
"അല്ല,… ബെറ്റിയാന്റി എന്നെ സമാധാനിപ്പിക്കാന്‍ പറയുകയാ…" അപര്‍ണ സമ്മതിച്ചില്ല. അവള്‍ കണ്ണീരോടെ തുടര്‍ന്നു, "പപ്പാ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു…"
"ഹോസ്പിറ്റലിലല്ലേ?… അതൊക്കെ ദിവസങ്ങള്‍ക്കൊണ്ടു മാറില്ലേ?…"
അവര്‍ റോഡിലേയ്ക്കു നടന്നു. അവളുടെ ഇരുവശങ്ങളിലുമായി ബെറ്റിയും ബോബനും നീങ്ങി.
"സ്‌തേഫാനോസച്ചനെ കണ്ടിട്ട് ചാലക്കുടിയില്‍ നിന്നും വിനോദും നൈനയും വരാറായി. നിങ്ങള്‍ തമ്മില് തല്ക്കാലം കാണാനിടയാകണ്ടാ… അവനൊരു മൂശേട്ടയാ.. കിഷോറിനോട് തീര്‍ത്താല്‍ തീരാത്ത രോഷമാ…"
നടക്കുന്നതിനിടയില്‍ ബെറ്റി അറിയിച്ചു. എന്നിട്ട് സ്‌നേഹവായ്‌പോടെ അവളുടെ കരം പിടിച്ചു പറഞ്ഞു: "അപര്‍ണമോള് കിഷോറിനേയും കൂട്ടി പെരുമ്പാവൂര്‍ക്കു വാ… കുറേ നാള്‍ കുഞ്ഞാന്റീടെ വീട്ടില്‍ താമസിക്കാം… ബോബിച്ചായനും അതേ അഭിപ്രായം പറഞ്ഞു…"
"ഇപ്പം വേണ്ട കുഞ്ഞാന്റീ… കുറേ നാളുകള്‍ കഴിയട്ടെ… ഞങ്ങള്‍ വരാം…" അവള്‍ അറിയിച്ചു.
"അപര്‍ണമോള് ഇത്രേം സൗകര്യത്തിലൊക്കെ ജീവിച്ചിട്ടിനി ഇമ്മാതിരി തീരേ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍?…" ബെറ്റി അര്‍ത്ഥംവച്ച് പറഞ്ഞുനിര്‍ത്തി.
"എയ്ഞ്ചല്‍ ഗാര്‍ഡന്‍സിപ്പോളൊരു നരകമാണ് കുഞ്ഞാന്റീ!… ആ വല്യകൊട്ടാരത്തേക്കാള്‍ കിഷോറിന്റെ കൊച്ചുവീടാണെനിക്കു സ്വര്‍ഗ്ഗം!… എയ്ഞ്ചല്‍ ഗാര്‍ഡന്‍സ്!… സ്‌നേഹമില്ലാത്ത നശിച്ചവീട്!… കിഷോറിന്റെ വീട്ടുകാര്‍ എന്നെ സ്‌നേഹിച്ചു കൊല്ലുകയാണ്…" അപര്‍ണ നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞു. എന്നിട്ട് തുടര്‍ന്നു, "ജീവിതസൗകര്യങ്ങളും സമ്പത്തും അതൊന്നും ഞാനത്ര കാര്യമാക്കുന്നില്ല…"
ബോബി കൊണ്ടുവന്ന കാറില്‍ അവര്‍ മൂവരും യാത്രയായി. കലൂരില്‍ കിഷോറിന്റെ മാമന്റെ വീട്ടിലേയ്ക്ക് അവിടെ കിഷോറും കൂട്ടരും അപര്‍ണയെ കാത്തരിപ്പുണ്ടായിരുന്നു.
ഉത്ക്കണ്ഠയോടെ!….
(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org