
സിസ്റ്റര്‍ ആഗ്നല്‍ ഡേവിഡ് സിഎച്ച്എഫ്
ഒന്ന്
തിരകളെ നോക്കി കടലിനെ അളക്കാനാവില്ല. – ബ്ലാദ്മീര്‍ നെബോക്കോഫ് (റഷ്യന്‍ എഴുത്തുകാരന്‍)
01-02-2020
മനസ്സിനെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പഴയ ഒരു പത്രത്താളിലാണ് ഞാന്‍ കണ്ടത്. ഇന്നലെ വിളക്ക് കത്തിച്ചപ്പോഴേ ഓര്‍ത്തിരുന്നു, പഴയ പത്രമെടുത്ത് അതൊന്നു തുടച്ചുമിനുക്കണമെന്ന്… പഴയ പത്രക്കെട്ടില്‍നിന്നാണ് ഒരു കഷ്ണം കടലാസ് കീറിയെടുത്തത്. അലസമായി അതിലേക്ക് നോക്കിയപ്പോഴാണ് സ്‌നേഹം സീമാതീതം; മരണത്തില്‍ ഏകം എന്ന ശീര്‍ഷകം ശ്രദ്ധിച്ചത്. ആ വാര്‍ത്ത ഇപ്പോഴും എന്റെ മനസ്സിനെ വേട്ടയാടുന്നു. ഇന്നലെ ഉറക്കത്തിലും അവര്‍ എന്റെ മനസ്സിലേക്കു കടന്നുവന്നു. വരദയും ദയേഷും…
നീയ് രാവിലെത്തന്നെ ഡയറിയും പിടിച്ച് കുത്തീരിക്കാ…. ന്റെ കുട്ട്യേ അച്ചമ്മേടെ കൂടെ ഒന്നു കൂടിക്കൂടെ. ങ്ങനെ പോയാ നെന്റെ കാര്യം വല്യ വെഷമത്തിലാകും.
അകന്നുപോകുന്ന അച്ചമ്മേടെ ശബ്ദം കാതില്‍ മുഴങ്ങുന്നുണ്ട്.
സങ്കടങ്ങളില്ലാത്ത മനുഷ്യരുണ്ടോ ഈ ഭൂമി മലയാളത്തില്. ഓരോന്നും വിചാരിച്ച് വെറുതെ കുത്തി ക്കുറിച്ചോണ്ടിരുന്നാ വല്ലോം നടക്കോ? ഈശ്വരന്മാരെ ആര്‍ക്കറിയാം?
ഹൊ, ഈ അച്ചമ്മേടെ ഒരു കാര്യം?
എന്തൊക്കെ പറഞ്ഞാലും അച്ചമ്മേടെ ശബ്ദമാണ് തന്നെ ജീവിപ്പിക്കുന്നത്. പേന അടച്ചുവച്ച് അടുക്കളയിലേക്ക് മെല്ലെ നടന്നുനീങ്ങി. പോകുന്ന വഴിയില്‍ മുടിവാരിചുറ്റി ക്കെട്ടി, ഒരു റിബണ്‍ എടുത്തു മീതെയിട്ടു. അല്ലേല്‍ അതെങ്ങാനും അടുക്കളയില്‍ ഊര്‍ന്നുവീണാല്‍ അതുമതി പൂരം.
അച്ചമ്മേ, ഇന്നു സാമ്പാറാണോ?
ഹൊ! തമ്പ്രാട്ടി എഴുന്നള്ളിയോ? പിന്നെ ഒരു കാര്യം, കൈകാല്‍ കഴുകി വൃത്തിയായി കഷ്ണങ്ങള്‍ നുറുക്കാന്‍ ഇരുന്നാല്‍ മതി കേട്ടോ? കാര്‍കൂന്തല്‍ ചുറ്റികെട്ടിയിട്ടുണ്ടല്ലോ? ഭാഗ്യം.
അച്ചമ്മേടെ കപട ഗൗരവം കണ്ട് രാവിലെ ത്തന്നെ ചിരി വരുന്നു. നിശബ്ദയായി കറിക്കരിയാന്‍ ഇരുന്നു. ഇടയ്ക്ക് അച്ചമ്മ വന്ന് എത്തിനോക്കുന്നുണ്ട്.
ഇങ്ങനെ മൂങ്ങയെപ്പോലെ ഇരുന്ന് അരിയണമെന്നു ഞാന്‍ പറഞ്ഞിട്ടില്ല. അല്ല… (അവരില്‍നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു.) ഈ വീട്ടില് പിന്നെ ആരുടെ ഒച്ച കേള്‍ക്കാനാണല്ലേ?
ഇനീം മിണ്ടിയില്ലെങ്കില്‍ ഇന്നത്തെ ദിവസവും കണ്ണീര്‍ക്കടലാകും.
അച്ചമ്മേ…
ഉച്ചത്തിലുള്ള തന്റെ വിളികേട്ട് അവര്‍ തിരിഞ്ഞു.
അല്ലാ, ഇവിടെയുണ്ടായിരുന്നോ? നിലവിളിച്ച് കൈ മുറിക്കണ്ടാട്ടോ.
അച്ചമ്മേ, ഞാന്‍ വായിച്ച ഒരു വാര്‍ത്ത പറയട്ടെ.
ഉവ്വ്വ്വ്, പറയൂ.
അല്ലേ വേണ്ടാ. അച്ചമ്മയ്ക്ക് ഊഹിക്കാമോ?
ന്താച്ചാ കുട്ടി പറഞ്ഞാലല്ലേ നിക്ക് തിരിയൂ. മനസ്സറിയാനുള്ള യന്ത്രമൊന്നും ന്റെ കൈയ്യിലില്ല.
ന്നാ കേട്ടോളൂ. വരദയുടെയും ദയേഷിന്റെയും കഥയാണ്. കഥയല്ലാട്ടോ, ഇതു സംഭവിച്ചതാണ്.
ഉവ്വ്വ്വ്.
അച്ചമ്മ ശ്രദ്ധിക്കണം, ട്ടോ.
ഇടയ്ക്ക് ചോറ് വാര്‍ക്കാലോ, ല്ലേ? അല്ലേ ഉച്ചക്ക് പാത്രം എടുക്കുമ്പോ കഥ വിളമ്പേണ്ടി വരും.
ഹൊ, ഈ അച്ചമ്മേടെ ഒരു തമാശ.
ഇനി പിണങ്ങണ്ടാട്ടോ, കുട്ടി കഥ പറഞ്ഞോളൂ. അല്ല, നിക്ക് തെറ്റി കഥയല്ല, സംഭവം.
രണ്ട്
പ്രണയകഥകള്‍ക്ക് അവസാനം ഉണ്ടാകാറില്ല. – റിച്ചാര്‍ഡ് ബാക്ക് (അമേരിക്കന്‍ എഴുത്തുകാരന്‍)
പച്ചപ്പു നിറഞ്ഞ മനോഹരമായ ഗ്രാമം. അവിടെ അനുഗ്രഹ കേന്ദ്രമായ ശിവപാര്‍വ്വതീശ്വരന്മാരുടെ അമ്പലം. തൊട്ടടുത്തു തന്നെ കുട്ട കമഴ്ത്തിയതു പോലെ ഒരു പാറയുണ്ട്. ശിവനും പാര്‍വ്വതിയും ഒളിച്ചുകളിക്കുമ്പോള്‍ പാര്‍വ്വതി ശിവനെ കൊട്ടയിട്ടു മൂടി വച്ചുവെന്നും ആ കൊട്ടയാണ് പാറയായി അമ്പലത്തിനടുത്ത് ഇരിക്കുന്നതെന്നും അറിയപ്പെടുന്നു. ആ കളിയുടെ സ്മരണയ്ക്ക് ശിവനും പാര്‍വതിയും ആ പാറയില്‍ വന്നിരിക്കാറുണ്ടത്രെ.
ന്റെ കുട്ടി… ഇതാണോ സംഭവകഥ?
അച്ചമ്മേ, തോക്കില്‍ കേറി വെടിവയ്ക്കരുത്. ഒന്നു ക്ഷമയോടെ കേക്കമ്മേ.
കുട്ടി പറഞ്ഞോളൂ.
ആ പാറയില്‍ കളിച്ചു വളര്‍ന്നവരാണ് വരദയും ദയേഷും. പേര് നല്ല രസം ല്ലേ, അച്ചമ്മേ?
ന്റെ കുട്ടീടത്രേം രസം ഇല്ലാട്ടോ.
അവനി! ഇതാണോ ഇത്ര രസമുള്ള പേര്?
അവനി എന്നു പറഞ്ഞാ ഭൂമിയാ. എന്തേ ഭൂമി രസമില്ലേ?
ഉവ്വ്വ്വ്. നല്ല രസോണ്ട്. അതല്ലേ കുണ്ടും കുഴിയും കല്ലും ചരലും…. അതു പോലെ തന്നേല്ലേ ന്റെ മുഖവും. പേരിനു ചേര്‍ന്നതാക്കീതാവും ഈശ്വരന്മാര്…..
പരിസരം മറന്നുള്ള ചിന്തകള്‍. പെട്ടന്ന് വിരലില്‍നിന്നും ചോര വരാന്‍ തുടങ്ങി. ഞാന്‍ ഒന്നും അറിയുന്നുണ്ടായി രുന്നില്ല.
ന്താ…. ന്റെ കുട്ട്യേ, ഓരോന്നു ചിന്തിച്ചു കൈ മുറിച്ചൂല്ലേ. വേണ്ടാത്ത തൊന്നും ഓര്‍ക്കണ്ടാന്ന് അച്ചമ്മ എത്ര തവണ കുട്ട്യോട് പറഞ്ഞിരിക്ക്ണൂ. പൊറത്തൂന്ന് കാണണതൊന്നുമല്ല സൗന്ദര്യം. ന്റെ കുട്ട്യേ… അതൊക്കെ ഉള്ളിലാ….
അതും പറഞ്ഞോണ്ട് കാപ്പിപ്പൊടി കൊണ്ട് വന്ന് വിരലിലിട്ട് ഊതിത്തന്നു. ഒരു കൈകൊണ്ട് തന്റെ ശിരസ്സില്‍ മെല്ലെ തലോടി.
കുട്ടി സങ്കടപ്പെടണ്ടാ ട്ടോ….. അച്ചമ്മേണ്ട് കുട്ടിയ്ക്ക്. കുട്ടി കഥ പറയാ, വരദയും ദയേഷും…. എന്താ അവര്‍ക്കുണ്ടായേ?
പെട്ടന്ന് തന്റെ ചിന്തകള്‍ ആ വാര്‍ത്തയെ ചുറ്റിപ്പറ്റിയായി. താന്‍ ഉണര്‍വ്വുള്ളവളായി.
ചെറുപ്പം മുതലേ എല്ലാവരും ദയേഷേ, നെന്റെ പെണ്ണാ വരദാ എന്നു പറയണ കേട്ടാ അവന്‍ വളര്‍ന്നത്. വലുതാ യപ്പോള്‍ വരദ നഴ്‌സിംഗ് പൂര്‍ത്തിയാക്കി. അമ്മാവന്മാര്‍ അവളെ വിദേശത്തേക്ക് കൊണ്ടുപോയി. ദയേഷാണെങ്കില്‍ പഠി ക്കാന്‍ പുറകോട്ടായിരുന്നു. ഒരു വണ്ടി വാങ്ങിയിട്ട് അവന്‍ അതോടിക്കുന്ന ജോലിയിലേക്ക് തിരിഞ്ഞു. ഓരോ ലീവിനും വരദ വരുന്നത് അവന്‍ കാത്തിരുന്നു. പക്ഷേ, നല്ല നിലയിലെത്തിയ വരദ അമ്മാവന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ദയേഷിനെ മറക്കുവാന്‍ തുടങ്ങി. ഫോണ്‍ വിളിക്കുമ്പോ എടുക്കാതിരിക്കുക. ലീവിനു വന്നാ, കാണാതിരിക്കുക….
അയ്യോ, കഷ്ടംണ്ട് കുട്ട്യേ…
അതെ, അച്ചമ്മേ അത് ദയേഷിന് വല്യേ സങ്കടം ണ്ടാക്കി.
പിന്നെ എന്താണ്ടായേ?
പിന്നത്തെ ലീവിനു വന്നപ്പോള്‍ വരദേടെ കല്യാണം അവിടെത്തന്നെ ജോലി ചെയ്യുന്ന ഒരാളായിട്ട് ഉറപ്പിച്ചൂന്ന് ദയേഷ് അറിഞ്ഞൂത്രേ. അത് ദയേഷിനു താങ്ങാനായില്ല. ലീവിനു വന്ന വരദ മുറ്റമടിക്കണ നേരത്ത് ദയേഷ് ഒരു കൊടുവാള് പുറകില്‍വച്ച് വന്നൂത്രെ. നേരം പരാപരാന്ന് വെളുക്കണേള്ളൂ. വരദാ, നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ലെന്ന് പറഞ്ഞൂ. വരദ പക്ഷേ എല്ലാം തമാശയായേ എടുത്തുള്ളൂ. ദയേഷ് ഇപ്പൊ വീട്ടിലേക്ക് പോകൂ, കാരണവന്മാരുമായി പറഞ്ഞതുപോലെ മാത്രമേ എല്ലാം നടക്കൂ എന്നു പറഞ്ഞ് വീണ്ടും മുറ്റമടിക്കാന്‍ തുടങ്ങി.
പെട്ടന്ന് ദയേഷിന്റെ ഭാവം മാറി. ഇല്ല, വരദേ… ജീവിതത്തിലില്ലെങ്കില്‍ മരണത്തില്‍ നീയെന്റെ യൊപ്പം വേണം എന്നു പറഞ്ഞു, കൊടുവാള്‍ ആഞ്ഞുവീശി, വെട്ടി. വീണ് പിടഞ്ഞ് നിലയ്ക്കുന്ന അവളുടെ തലയെടുത്ത് തന്റെ മടിയില്‍വച്ച് അവന്‍ ഒരുമ്മ വച്ചു. പിന്നെ ജനം ഓടിക്കൂടുന്നതിനുമുമ്പ് അവളെ കെട്ടിപ്പിടിച്ച് കിണറ്റിലേക്ക് ചാടി. ഗ്രാമം ഉണര്‍ന്നു വരുന്നേ ഉണ്ടായിരുന്നുള്ളൂ. വരദയുടെ അമ്മയാണ് ആദ്യം വന്നത്. മുറ്റത്ത് ചോരകണ്ട് അവര്‍ നിലവിളിച്ചു. അപ്പോഴാണ് ബാക്കി എല്ലാവരും ഓടിവന്നത്. തിരച്ചിലിനൊടുവില്‍ കിണറ്റില്‍ രണ്ടു ശവശരീരങ്ങള്‍ കെട്ടിപ്പിടിച്ച നിലയില്‍ കണ്ടെത്തി. എന്തൊരു കഷ്ടം, അല്ലേ?
ശിവ…. ശിവ….
പക്ഷേ, അച്ചമ്മേ, ഗ്രാമത്തിലെ പ്രമുഖര്‍ ഇടപെട്ട് അവരുടെ സംസ്‌കാരം ഒരേ കുഴിയിലാണ് നടത്തിയത്. മരണത്തില്‍ അവരൊന്നായി.
പെട്ടന്ന് ഉയര്‍ന്ന് വന്ന തേങ്ങല്‍ അടക്കുവാന്‍ അവനി പാടുപെട്ടു. അച്ചമ്മ ഓടിവന്ന് പൊന്നുമോളെ കെട്ടിപ്പിടിച്ചു.
ന്റെ കുട്ടി, നെനക്ക് ഇനി ഒരിക്കലും ചിരിക്കാന്‍ കഴിയില്ലേ? ങ്ങനെ സങ്കടം ണ്ടാക്കണ വാര്‍ത്തോള് ന്റെ കുട്ടി എന്തിനാ വായിക്കണ്? നിക്കറിയില്ല ഈശ്വരന്മാരെ… ന്റെ കുട്ട്യേ… ഇനീം പരീക്ഷിക്കരുതെ…
(തുടരും)