അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 11 & 12)

അഗ്നിശലഭങ്ങള്‍  (അദ്ധ്യായം 11 & 12)

സിസ്റ്റര്‍ ആഗ്നല്‍ ഡേവിഡ് സിഎച്ച്എഫ്

പതിനൊന്ന്

പരാജയത്തിന്റെ മേലങ്കിയണിഞ്ഞ് നിങ്ങള്‍ക്ക് ഒരിക്കലും വിജയത്തിന്റെ പടവുകള്‍ കയറാനാകില്ല
– സിഗ്‌സിഗ്ഗര്‍

കിലുക്കാംപെട്ടി… മോളു… എവിടെയാ? ഒളിച്ചിരിക്കാതെ… അച്ഛന്‍ തോറ്റു. നീ എവിടെയാ?
ഹഹഹ… എന്റെ അച്ഛാ, അച്ഛന്റെ കിലുക്കാംപെട്ടി ഇവിടെത്തന്നെ ഉണ്ടായിരുന്നൂല്ലോ…
നീ ഭയങ്കരസാധനം തന്നെ. മിണ്ടാതെ ഇരുന്നൂല്ലോ…
അച്ഛന്‍ എത്ര വിളിച്ചിട്ടും വന്നീല്ലല്ലോ…
പെട്ടന്ന് അച്ഛന്റെ മുഖത്തെ സന്തോഷം ഇല്ലാതെയായി. വയര്‍ അമര്‍ത്തിപ്പിടിച്ച് സെറ്റിയിലേക്കിരുന്നു.
അച്ഛാ, അച്ഛാ… മോളുടെ കരച്ചില്‍ കേട്ടാണ് ചാരുലത അടുക്കളയില്‍ നിന്നോടി വന്നത്.
അയ്യോ, ഏട്ടാ…
ഒന്നൂല്ലന്നേ… പേടിക്കാനൊന്നൂല്ലന്നേ. നീ ബഹളം കൂട്ടാതെ ഇത്തിരി ചൂടുവെള്ളവും നാലു വെളുത്തുള്ളി ചുട്ടതും കൊണ്ടു വന്നാമതി.
ഏട്ടാ, നമുക്ക് ആശുപത്രീ പോകാമെന്നേ. ഞാന്‍ ഡ്രൈവറെ വിളിക്കാം.
നീ വെറുതെ ബഹളം ഉണ്ടാക്കി അമ്മയെ പേടിപ്പിക്കേണ്ട.
നീ ചെല്ല്, മോളുംകൂടി പേടിക്കും. അമ്മ അടുക്കളയിലേക്ക് പോയപ്പോഴേക്കും തന്നെ അരികില്‍ പിടിച്ചിരുത്തി അച്ഛന്‍ തലയില്‍ തഴുകി.
അച്ഛന് ഒന്നൂല്ലാ മോളേ… മോളു വിഷമിക്കേണ്ട.
അപ്പോഴേക്കും അമ്മ ചുടുവെള്ളവും വെളുത്തുള്ളിയുമായി വന്നു. വെള്ളം സാവധാനം കുടിച്ച് വെളുത്തുള്ളി ചവച്ചുതിന്ന് അച്ഛന്‍ വീണ്ടും ഞങ്ങളെ സമാധാനിപ്പിച്ചു.
ചാരൂ, ഞാന്‍ ഇത്തിരിനേരം കിടക്കട്ടെ.
മോളൂ, കുറച്ചുനേരം കാര്‍ട്ടൂണ്‍ കാണൂ. ടി.വി.യില്‍ കാര്‍ട്ടൂണ്‍ വച്ചുതന്ന് അച്ഛന്‍ മെല്ലെ അകത്തേക്ക് പോയി.
അങ്ങനെ ഇടയ്ക്കിടെ വയറുവേദന കണ്ടപ്പോഴും ആശുപത്രിയില്‍ പോകാന്‍ അച്ഛന്‍ സമ്മതിച്ചിരുന്നില്ല. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി. അമല ആശുപത്രിയില്‍ എത്തി.
അള്‍സറിനുള്ള ട്രീറ്റ്‌മെന്റാണ് ആദ്യം തുടങ്ങിയത്. അന്ന് കാന്‍സര്‍ തടയാനുള്ള ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്തിയിരുന്നില്ല. ഇന്നത്തെയത്ര ആരോഗ്യശാസ്ത്രം വളര്‍ന്നിരുന്നില്ല എന്നുവേണം പറയാന്‍…
വയറിലായിരുന്നു കാന്‍സര്‍ ബാധിച്ചിരുന്നത്. കോഴിക്കോട്ടേക്കുള്ള യാത്രയില്‍ മെഡിസിറ്റിയുടെ പരസ്യം കാണാം. അതില്‍ കാന്‍സര്‍ – ക്യാന്‍ + സര്‍ – എന്ന് വിഭജിച്ച്, അതിജീവിക്കാന്‍ കഴിയും എന്നു സൂചിപ്പിക്കുന്നുണ്ട്. അച്ഛന്റെ രോഗം അറിഞ്ഞിട്ട് അധികം നീണ്ടുനിന്നില്ല. കുഞ്ഞായ എന്നെ അമ്മ യുടെ കൈയ്യില്‍ ഏല്പിച്ചിട്ട് അച്ഛന്‍ പോയി.
അച്ഛാ… അച്ഛാ… അച്ഛന്‍ പോവാണോ?… അച്ഛാ…
എന്താ മോളേ? മോളു അച്ഛനെ സ്വപ്നം കണ്ടോ? ലൈറ്റിട്ടുകൊണ്ട് അച്ചമ്മ ചോദിച്ചു. വിയര്‍ത്തൊഴു കുന്ന തന്റെ മുഖം സെറ്റുമുണ്ടിന്റെ തലകൊണ്ട് തുടച്ചിട്ട് അച്ചമ്മ തന്നെ സമാധാനിപ്പിച്ചു. മോളേ, പ്രാര്‍ത്ഥിച്ച് ഉറങ്ങണം. അതുമിതും ആലോചിച്ച് കിടന്നിട്ടാണ്. ഇനി വേഗം ഉറങ്ങിക്കോളൂ. ആശുപത്രിയില്‍ പോകേണ്ടതല്ലേ? അച്ചമ്മ തന്ന വെള്ളം വാ ങ്ങിക്കുടിച്ച് താന്‍ അച്ചമ്മയുടെ കൈ പിടിച്ച് നടന്നു.

പന്ത്രണ്ട്

ചെയ്യാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം അത് ചെയ്യുക എന്നതാണ്.
– അമേലിയ ഇയര്‍ ഹാര്‍ട്ട് (അമേരിക്കന്‍ വൈമാനിക)

11-05-2019

ഇന്നത്തെ ദിവസം എന്നെ എന്തെല്ലാമോ ഓര്‍മ്മിപ്പിച്ചു. നഷ്ടസ്മൃതികള്‍ ഒന്നിനു പുറകെ ഒന്നായി എന്നെ അലട്ടുന്നതെന്തിനാണാവോ? പഴയതൊക്കെ കുഴിച്ചുമൂടിയതായിരുന്നു. അച്ഛനും അമ്മയും ഇങ്ങനെ എല്ലാവരും വരുന്നത് എന്തിനാണാവോ? ഈശ്വരാ, ഇനിയുമെന്നെ പരീക്ഷിക്കരുതെ… ഇടതു കണ്ണിലെ കുത്തുന്ന വേദന കുറവുണ്ട്. പക്ഷേ, കണ്ണിനുചുറ്റും ചൊറിച്ചില്‍ ഇടവിട്ട് ഉണ്ട്. അച്ചമ്മ ചെറുചൂടുവെള്ളം തുണിയില്‍ മുക്കി കണ്ണു തുടച്ചുതരുമ്പോള്‍ ചെറിയ ആശ്വാസം അനുഭവപ്പെടുന്നുണ്ട്. ആ ചികിത്സ അങ്ങനെ നാളെ പൂര്‍ത്തിയാകും. ഏഴു ദിവസങ്ങള്‍ വേഗം കടന്നുപോയി. അച്ചമ്മയുടെ ആഗ്രഹമനുസരിച്ച് എല്ലാം നടക്കട്ടെ. ഇത്രയും ദിവസം ഡയറി എഴുതാതെ കടന്നുപോയപ്പോള്‍ എന്തോ ഒരു അസ്വസ്ഥത. ഉത്കണ്ഠ അടക്കി വയ്ക്കാനാകാതെ ചെയ്ത പുതിയ പരീക്ഷണമാണിത്. മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് വച്ചു. നാളെ കണ്ണിലെ കെട്ടഴിക്കുമ്പോള്‍ എഴുതാമല്ലോ.
അതിരാവിലെത്തന്നെ ഐ ക്ലിനിക്കിലേക്കുള്ള യാത്ര. ഈശ്വരാ, ഇത് അവസാനത്തേതാകട്ടെ. തിരിച്ചു വരുമ്പോള്‍ കണ്ണിലെ കെട്ടഴിക്കും എന്നാണ് കരുതിയത്. അഴിക്കുകയാണെങ്കില്‍ തൃപ്രയാര്‍ ക്ഷേത്രത്തിലെ ശ്രീരാമഭഗവാനെ തൊഴാമായിരുന്നു. തിരിച്ചുള്ള യാത്രയില്‍ അച്ചമ്മ ഏറെ സന്തോഷവതിയായിരുന്നു.
എന്റെ കുട്ടീ, നിന്റെ കണ്ണ് ശരിയായപ്പംത്തന്നെ ബാക്കി എല്ലാം ശരിയായി. ഇനി വിഷമിക്കാനൊന്നുമില്ല. ചുണ്ടിന്റെ ഒരു വശം നമക്ക് ശരിയാക്കണം. അതിന് പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്യാമല്ലോ? അതിന് അത്രയധികം പണമൊന്നുമാവില്ലല്ലോ.
അച്ചമ്മേ, കോസ്‌മെറ്റിക് സര്‍ജറിക്കാണ് കൂടുതല്‍ ചെലവ്. രാമന്‍നായര്‍ തന്റെ അറിവ് വെളിപ്പെടുത്തി.
പണം ഒന്നും നോക്കണ്ട, രാമന്‍ നായരേ, കാരണവന്മാര് ഞങ്ങള്‍ക്ക് കഴിയാനുള്ളതൊക്കെ സമ്പാദിച്ചിട്ടുണ്ട്. ന്റെ മോള്‍ക്ക് പൂര്‍ണ്ണമായി സുഖായിട്ടുവേണം അവളുടെ ഡോക്ടറു ഭാഗം പഠിച്ചു പൂര്‍ത്തിയാക്കാന്‍… ന്റെ കുട്ടീടെ വലിയൊരാഗ്രഹമായിരുന്നു.
അച്ചമ്മേ,
മോളു എതിരൊന്നും പറയണ്ട. എല്ലാം നടക്കും. നമ്മടെ തറവാടിന്റെ സുകൃതം ഉണ്ടല്ലോ. അത് നമ്മെ കാക്കും.
ഓരോന്നു പറഞ്ഞു വീടെത്തിയതറിഞ്ഞില്ല.
വീടിന്റെ ഇടതുഭാഗത്ത് ഒരാള്‍ക്കൂട്ടം. അച്ചമ്മയുടെ വാക്കുകള്‍ ജിജ്ഞാസ നിറഞ്ഞതായിരുന്നു.
അവിടെ എന്തായിരിക്കും രാമന്‍നായരേ?
അച്ചമ്മേ, എന്നെ ഇവിടെ ഇറക്കിക്കോ? നിങ്ങള് അകത്തോട്ട് കേറിക്കോ. ഞാന്‍ വിവരമന്വേഷിച്ച് വേഗം വരാം. അതാ നല്ലത്.
വണ്ടി നിര്‍ത്തി രാമന്‍നായര് ഇറങ്ങിപ്പോയി. അതിനുശേഷം വണ്ടി ഉള്ളിലേക്കു കയറ്റി. എല്ലാവരും നിശബ്ദരായിരുന്നു. ആംബുലന്‍സ് കിടക്കുന്നുണ്ട്. എന്തിനായിരിക്കും അവിടെ ആള്‍ക്കൂട്ടം?
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org