അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 21 & 22)

അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 21 & 22)

ഇരുപത്തിയൊന്ന്

സ്വയം തിരിച്ചറിയുക എന്നതാണ് നമുക്ക് ലോകത്തിന് നല്കാവുന്ന സംഭാവന – രമണ മഹര്‍ഷി

09-03-2020

ഇന്ന് ഞായറാഴ്ചയായി. മൂന്ന് ദിവസങ്ങള്‍ കടന്നു പോയി. ആശുപത്രിവാസം മടുത്തുതുടങ്ങി. വേദനയ്ക്കു കുറവുണ്ട്. അത് ഒരു സമാധാനം. ഇന്നലെ വരെ ഗ്രാഫ്റ്റിംഗിനു മാംസം എടുത്ത തുടയില്‍ നല്ല വേദനയായിരുന്നു. അച്ചമ്മയെ കാണിക്കുവാന്‍ ചിരിച്ചു കൊണ്ടുകിടന്നു. പാവം അച്ചമ്മ, വയസ്സാന്‍കാലത്ത് മറ്റുള്ളവരുടെ ശുശ്രൂഷ സ്വീകരിച്ച് സ്വസ്ഥമായിരിക്കേണ്ട ആളാണ്. പാവം… അമ്മാവന്‍ അറിഞ്ഞാല്‍ വല്യ ഇഷ്ടക്കേടായിരിക്കും. അച്ചമ്മയെ തള്ളിപ്പറഞ്ഞ് അമ്മായിയുടെ കൈ പിടിച്ച് അമ്മാവന്‍ കയറി വന്നപ്പോള്‍ മുതല്‍ അച്ചമ്മ അവരെ വെറുത്തതല്ലേ? അച്ചമ്മ തന്റെ അമ്മയെ സ്‌നേഹിക്കുന്നതു കണ്ടിട്ട് അമ്മാവന് എന്നും പിറു പിറുപ്പായിരുന്നല്ലോ. അമ്മയുടെ ശുശ്രൂഷ അനുഭവിച്ച് വയസ്സുകാലത്ത് വിശ്രമിക്കേണ്ട അച്ചമ്മയുടെ അവസ്ഥ. ഈശ്വരന്മാരോട് ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ. അച്ചമ്മയെ സംരക്ഷിക്കാനുള്ള ആരോഗ്യം തനിക്ക് തിരിച്ചു തരണമേയെന്ന്… അത്രയും കുറിച്ചപ്പോഴേക്കും അവനി യുടെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ ഒഴുകുവാന്‍ തുടങ്ങി.

മോളേ…. ഇതെന്താന്റെ കുട്ടി, അച്ചമ്മ സെറ്റുമുണ്ടിന്റെ തലകൊണ്ട് അവനിയുടെ കണ്ണീര്‍ ഒപ്പിയെടുത്തു.

ന്റെ കുട്ടി എന്താ ആലോചിക്കുന്നേ. ആശുപത്രി വിട്ട് പോയിട്ടുപോരെ ഈ കുത്തിക്കുറിക്കലുകള്‍?

പുസ്തകം വാങ്ങി അടച്ച്, പേന അതിന്റെ പുറംചട്ടയില്‍ കുത്തി മാറ്റി വച്ചു. അവളെ മെല്ലെ എഴുന്നേല്പിച്ചു ഇരുത്തി.

ഞാന്‍ തന്നെ എണീറ്റോളാം അച്ചമ്മേ. എനിക്ക് ഒരു കുഴപ്പവുമില്ല.

കഞ്ഞി അവളുടെ അടുത്ത് കൊണ്ടുവച്ച് കുറേശ്ശെയായി അച്ചമ്മ കോരിക്കൊടുത്തു തുടങ്ങി.

ഞാനെന്തൊരു ഭാഗ്യവതിയാണ്. എനിക്ക് എല്ലാത്തിനും അച്ചമ്മയുണ്ടല്ലോ. അല്ലേ അച്ചമ്മേ. അച്ചമ്മ എന്താ ഒന്നും മിണ്ടാത്തത്?

എന്റെ മോള്‍ക്ക് വേഗം സുഖാവണം. എന്റെ കുട്ടി ക്ലാസ്സില്‍ പോയിത്തുടങ്ങണം. അതാ അച്ചമ്മേടെ ആഗ്രഹം.

അതൊക്കെ നടക്കും അച്ചമ്മേ. ഈ കവിളിലെ കെട്ടുകളഴിക്കുമ്പോള്‍ ന്റെ കുട്ടീടെ മുഖത്തെ ചന്തക്കുറവ് പരിഹരിക്കപ്പെടും. തീര്‍ച്ച.

അച്ചമ്മേ, പേടിക്കണ്ടന്നേ.

മോള് അധികം സംസാരിക്കണ്ട. അങ്ങനെയല്ലേ ഡോക്ടറ് പറഞ്ഞത്. ചുണ്ടിനും റെസ്റ്റ് വേണം.

അതുണങ്ങി അച്ചമ്മേ. വ്യായാമം ചെയ്യാനല്ലേ ഡോക്ടറ് പറഞ്ഞിരിക്കുന്നത്.

അതെയതെ.

അതിനര്‍ത്ഥം ചുണ്ടിനു കുഴപ്പമില്ലെന്നാ.

അയ്യോ ഞാന്‍ വാദിക്കാനൊന്നുമില്ലേ. ഈ കഞ്ഞി മുഴുവന്‍ കുടിക്കണം. അതില്‍ സംശയമില്ല.

സമ്മതിച്ചു.

അച്ചമ്മയും മോളും തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുകയാണോ?

ങ്ഹാ, ശിവ വന്നോ, നീലിമയും ഉണ്ടല്ലോ. ഇനി കുഴപ്പമില്ലല്ലോ. മോളേ, നീ രണ്ടു ദിവസായില്ലേ വരുന്നൂ?

അതിനെന്താ അച്ചമ്മേ. മോളുടെകൂടെ കളി പറഞ്ഞിരുന്നാ നേരം പോണതറിയില്ലാ.

വീട്ടിലെ പണികള്‍?

ചുമ്മാതിരി അച്ചമ്മേ, അവള് ഇവിടെ നിക്കട്ടെ. വീട്ടില് മലമറിക്കണ പണിയൊന്നുമില്ലല്ലോ.

നീലിചിറ്റ ഇവിടെ നിക്കട്ടെ അച്ചമ്മേ.

എന്തൊരു സ്‌നേഹം. ഇപ്പോന്നെ വേണ്ടാന്നായോ?

അയ്യോ, അച്ചമ്മക്കുട്ടി പിണങ്ങല്ലേ.

കപടഗൗരവം കണ്ട് നീലിമ പേടിച്ചപോലെ നില്ക്കുന്നു. അവനി കണ്ണടച്ചു കാട്ടുന്നു. പെട്ടന്ന് വലിയ ഒരു ശബ്ദം കേള്‍ക്കുന്നു. നീലിമ ജനാലയില്‍ക്കൂടി നോക്കുമ്പോള്‍ കാണുന്നത് ഒരു ചെറുപ്പക്കാരന്‍ ബുള്ളറ്റിന്മേല്‍ പാഞ്ഞു പോകുന്നതാണ്. ഒരു ബെല്ലും ബ്രെയ്ക്കുമില്ലാതെ സ്പീഡില്‍ പോകുന്നതു കണ്ടപ്പോള്‍ ശിവ പറഞ്ഞു.

അവന്‍ കടുകു വാങ്ങാന്‍ പോകുന്നതാണ്.

അതെന്താ? അത്ഭുതത്തോടെ അവനി ചോദിച്ചു.

അവന്റെ അമ്മ കറി കാച്ചാന്‍ ചട്ടി അടുപ്പത്തു വച്ചപ്പോഴാണ് കടുക് ഇല്ലെന്നോര്‍ത്തത്. അതു വാങ്ങാനുള്ള പാച്ചിലാണ്.

എല്ലാവരും ചിരിച്ചു. അധികനേരം അച്ചമ്മയ്ക്ക് പിടിച്ചിരിക്കാനാവുന്നില്ല. പെട്ടെന്ന് അവരോടുകൂടെ ചിരിക്കുന്നു. എല്ലാവരും കൂടി പൊട്ടിപ്പൊട്ടി ചിരിക്കുന്നു.

അച്ചമ്മയുടെ മൊബൈല്‍ തുടരെത്തുടരെ റിങ് ചെയ്യാന്‍ തുടങ്ങി. അപ്പോള്‍ അവരുടെ ചിരി നിന്നു. എല്ലാവരും പരസ്പരം നോക്കി. ശിവ മേശമേല്‍ നിന്നെടുത്ത് ഫോണ്‍ കൈയ്യില്‍ കൊണ്ടു കൊടുത്തു.

സൂക്ഷിച്ചുനോക്കി നമ്പര്‍ മനസ്സിലാക്കിയ അച്ചമ്മേടെ മുഖത്തെ ചിരി മാഞ്ഞു. ആരായിരിക്കും അത്?

ഇരുപത്തിരണ്ട്

മാലാഖമാര്‍ മടിക്കുന്നിടത്തേക്ക് വിഡ്ഢികള്‍ ഓടിക്കയറും – അലക്‌സാണ്ടര്‍ പോപ്പ്

അച്ചമ്മേ.

എന്താ മോളേ?

ആരാ വിളിച്ചേ?

അത്….. അതേതോ തെറ്റായ നമ്പറാണ്.

എന്നിട്ട് അച്ചമ്മേടെ മുഖത്ത് വിഷമമാണല്ലോ.

ഹേയ്, അങ്ങനെയൊന്നുമില്ല.

അമ്മാവനായിരിക്കും, അല്ലേ അച്ചമ്മേ?

ങ്ഹും.

ഒന്നു പറയൂ അച്ചമ്മേ എന്താ കാര്യംന്ന്?

എല്ലാം കൂടി നാട്ടിലേക്ക് വരാത്രേ.

അവനിയുടെ മുഖത്തും ഒരു വിഷാദം പരന്നു. അവളത് വേഗം മാറ്റി.

അതിന് സന്തോഷിക്കല്ലേ വേണ്ടത്?

ഏതിന്?

അവരെല്ലാവരുംകൂടി വരുമ്പോള്‍ നല്ല രസായിരിക്കും അച്ചമ്മേ.

അതെയതെ. നല്ല രസം. ഈ തറവാട്ടിന്റെ അഭിമാനം കളഞ്ഞുകുളിച്ച് അന്യജാതിക്കാരിയേയും കൂട്ടി ഇറങ്ങിപ്പോയതല്ലേ?

എന്നാലും അച്ചമ്മേടെ കാര്യങ്ങളൊക്കെ അന്വേഷി ക്കാറുണ്ടല്ലോ.

ഉവ്വ്… ഉവ്വ്… അച്ചമ്മേടെ കാര്യം അല്ല, സ്വത്തിന്റെ കാര്യംന്ന് പറയാ. കുട്ടി ഓരോന്നും പറഞ്ഞ് ന്നെ ദേഷ്യം പിടിപ്പിക്കണ്ട. മിണ്ടാതെ കിടന്നോ.

ശിവയും നീലിമയും അച്ചമ്മേടേം മോളുടേം വാഗ്വാദം കേട്ട് നിശബ്ദരായിപ്പോയി.

നീലിച്ചിറ്റേ, ഇങ്ങു വന്നേ. നമുക്ക് ഗെയിം കളിക്കാം. അച്ചമ്മയ്ക്ക് വല്യ ഗമയാ.

രണ്ടുപേരും കൂടി കളിക്കുവാന്‍ തുടങ്ങി.

എന്നാല്‍ ഞാന്‍ ഉച്ചയ്ക്ക് വരാം അച്ചമ്മേ.

ഓ ശരി ശരി.

ശിവയും പോയി. അച്ചമ്മ കസേരയില്‍ നിന്നും എഴുന്നേറ്റ് മെല്ലെ ജനാലയുടെ അടുത്തേക്കെത്തി. ജനലഴികളില്‍ പിടിച്ച് പുറത്തേക്ക് നോക്കി വെറുതെ നിന്നു.

ആകാശത്ത് കാര്‍മേഘ പടലങ്ങള്‍ ഉരുണ്ടുകൂടിയിരിക്കുന്നതിനാല്‍ വെളിച്ചം വളരെ കുറവാണ്. കാലത്ത് പതിനൊന്നുമണിയായിട്ടും ഒരു ചൂടും ഇല്ല. അങ്ങനെ ഉറ്റുനോക്കി കുറേനേരം നിന്നപ്പോള്‍ ആകാശം ഒരു കോടതി പോലെ കാണപ്പെട്ടു. പ്രതിക്കൂട്ടില്‍ ഒരു യുവാവാണ്.

ഇല്ല. എനിക്ക് മറ്റ് എല്ലാത്തിനേക്കാളും വലുത് എന്റെ ഭാര്യയാണ്.

നിങ്ങള്‍ നിയമാനുസൃതം വിവാഹം കഴിക്കാത്ത സ്ഥിതിക്ക് ഭാര്യ എന്ന പദത്തിന് നിലനില്പില്ല.

സാര്‍, പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു താമസിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. അതിനെ തടുക്കാന്‍ സാധിക്കില്ലല്ലോ.

നിങ്ങളെ വളര്‍ത്തി വലുതാക്കിയ നിങ്ങളുടെ അമ്മ…

അമ്മയ്ക്കു സുഖമായിക്കഴിയാനുള്ള വക ഞങ്ങളുടെ തറവാട്ടിലുണ്ട്. അതിലൊന്നും എനിക്ക് വേണ്ട.

പിന്നെ ശൂന്യതയായിരുന്നു. അവന്റെ വാക്കുകള്‍ തന്റെ ചെവിയില്‍ മുഴങ്ങുകയായിരുന്നു. പിന്നെ പറഞ്ഞതൊന്നും താന്‍ കേട്ടില്ല. ആശ്വസിപ്പിക്കാന്‍ അന്ന് തന്റെ മകള്‍ കൂടെയുണ്ടായിരുന്നു. ഇന്ന് എന്തിനാണാവോ അവന്‍ തിരിച്ചു വരുന്നത്. എന്റെ സമാധാനം കളയാന്‍. ഞാനും കൊച്ചുമകളും കൂടെയുള്ള ജീവിതം തകര്‍ക്കാന്‍… ഈശ്വരന്മാരേ…. എല്ലാം സമാധാനമായി വന്നതായിരുന്നു. ഇനി എന്തു ചെയ്യും?

അച്ചമ്മയുടെ നില്പ് അവനിയില്‍ ആശങ്കകളുണര്‍ത്തി.

അച്ചമ്മേ, എനിക്കിത്തിരി വെള്ളം താ… എന്ന അവളുടെ ശബ്ദം അച്ചമ്മയെ ചിന്തകളില്‍ നിന്നുണര്‍ ത്തി.

വേഗം മോള്‍ക്ക് വെള്ളമെടുത്തു കൊടുത്തു.

അച്ചമ്മയും കൂടി കളിക്കാന്‍ വാ.

അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അച്ചമ്മയും കൂടി കളിക്കാനിരുന്നു.

കളിയില്‍ അവരോടൊപ്പം കൂടിയെങ്കിലും അച്ചമ്മയുടെ ചിന്തകള്‍ പലതായി രുന്നു.

അവനിയെ മെഡിക്കല്‍ കോളേജില്‍ ചേര്‍ത്തു തിരിച്ചു വരുമ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ നടത്തുന്ന കാന്റീനില്‍ കയറാനിടയായി. എല്ലാം വൃത്തിയായി സൂക്ഷിക്കുന്നു. ഭക്ഷണസാ ധനങ്ങളും വളരെ വൃത്തിയായി കൈകാര്യം ചെയ്യുന്നുണ്ട്. എല്ലാ ജോലിക്കാരും തല കവര്‍ ഉപയോഗിച്ച് മൂടിയിട്ടുണ്ട്. ഒരു ഏപ്രന്‍ ധരിച്ചിട്ടുണ്ട്. കൈകളില്‍ ഗ്ലൗസ്സ് ഉപയോഗിച്ചിട്ടുണ്ട്. എല്ലാം നല്ലതാണ്. പക്ഷേ ആ പെണ്‍കുട്ടികളുടെ പരസ്പരമുള്ള പെരുമാറ്റ ത്തില്‍ എന്തോ അരുതായ്മ അനുഭവപ്പെടുന്നുണ്ടായിരുന്നു. ചോദിച്ചു പിടിച്ചു വന്നപ്പോള്‍ അവിടുത്തെത്തന്നെ ഒരു സീനിയര്‍ വിദ്യാര്‍ത്ഥിനി പറഞ്ഞത് അവര്‍ ലിവിങ് ടുഗെദര്‍ ആണെന്നാണ്.

അത് ആണും പെണ്ണും ആണെന്നാണ് താന്‍ ധരിച്ചിരുന്നത്. ഇങ്ങനെയും ആകാം അല്ലേ എന്നത് ചോദ്യ ചിഹ്നമായി മനസ്സില്‍

ഉയര്‍ന്നു. മോള്‍ അതു നിസ്സാരമായി ചിരിച്ചു തള്ളി. നെറ്റി ചുളിച്ചു നില്ക്കുന്ന തന്നോട് അവള്‍ പറഞ്ഞു,

ഇപ്പോ ഇങ്ങനെയൊക്കെയാണച്ചമ്മേ. സാരമില്ല…

തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് അവള്‍ പറഞ്ഞത്, ലോകം നാം കാണുന്നതു പോലെയൊന്നുമല്ല അച്ചമ്മേയെന്ന്.

എന്നാലും മോളേ… തനിക്ക് അത് പെട്ടെന്ന് ദഹിക്കാനാവുന്നില്ലായിരു ന്നു.

അച്ചമ്മേ, ഇതു കുറേ മുമ്പ് മുതലേ ഉണ്ടായിരുന്നു. പക്ഷേ രഹസ്യമായിരുന്നു. ഇപ്പോ സ്വവര്‍ഗ്ഗപ്രേമം പരസ്യമായിത്തന്നെ നടക്കുന്നു. ഫോറിന്‍ രാജ്യങ്ങളില്‍ അത് പ്രചാരത്തി ലായിക്കഴിഞ്ഞു. രണ്ടു പെണ്ണുങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ജീവിക്കും.

അവര്‍ക്ക് മക്കളുണ്ടാവുകയില്ലല്ലോ.

ഇന്നത്തെ യുവതലമുറമക്കളെ പ്രതീക്ഷിക്കുന്നില്ല. അവരവരുടെ ശാരീരിക സന്തോഷവും മാനസികോല്ലാസവും ആണ് ഇന്ന് പ്രധാനം.

അവനിയുടെ വാക്കുകള്‍ മനസ്സില്‍ മുഴങ്ങുന്നു. തന്റെ മകനും ലിവിങ് ടുഗെദര്‍ ആണ്. പക്ഷേ ആണും പെണ്ണും ആയതിനാല്‍ കുട്ടികള്‍ കാണുമായിരിക്കും.

അച്ചമ്മേ എന്തോന്നാ പിന്നെയും സ്വപ്നം കാണുന്നത്?

ഒന്നൂല്ല്യാന്റെ കുട്ടീ… അച്ചമ്മയ്ക്ക് ഈ വയസ്സാം കാലത്ത് എന്ത് സ്വപ്നങ്ങള്‍?

(തുടരും)

Related Stories

No stories found.