അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 20)

അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 20)

ഇരുപത്

പ്രതിസന്ധികള്‍ വിരാമചിഹ്നങ്ങളല്ല, ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് – റോബര്‍ട്ട് എച്ച് ഷള്ളര്‍

വാതിലില്‍ തുടര്‍ച്ചയായ മുട്ടുകേട്ട് ഞെട്ടി ഉണര്‍ന്ന് അവനി ചുറ്റും നോക്കി. അച്ചമ്മ സുഖമായി ഉറങ്ങുന്നു. സമയം നാലര മണി യായതേ ഉള്ളൂ. തനിക്ക് തോന്നിയതാകുമോ? വീണ്ടും മുട്ട് കേള്‍ക്കുന്നു. പെട്ടെന്ന് എഴുന്നേറ്റ് മുഖം തുടച്ച്, വാതില്‍ തുറന്നു.
ഗുഡ്‌മോര്‍ണിംഗ്. പുഞ്ചിരിയോടെ ഒരു നഴ്‌സ്. ഇന്നലെ കണ്ട ആളല്ല.
ബി.പി. ചെക്ക് ചെയ്യണം. പനി നോക്കണം.
എല്ലാം നോര്‍മ്മലായിരുന്നു എന്നു കണ്ടപ്പോള്‍ ഒരു സമാധാനം.
സിസ്റ്റര്‍, ഇന്നലത്തെ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍…
പുസ്തകം എടുത്ത് മറിച്ചുനോക്കി…
ഒരു കുഴപ്പവുമില്ല. പേടിക്കേണ്ട. പിന്നെ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്, ഇന്ന് രാവിലെ ഒന്നും കഴിക്കണ്ടായെന്ന്. 7.30 ന് തിയറ്ററില്‍ കയറ്റും. ഇപ്പോ ഭക്ഷണം കഴിച്ചാല്‍ ആമാശയത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
അവനി തലയാട്ടി.
അയ്യോ കഷ്ടം തന്നെ സിസ്റ്റര്‍, എത്ര നേരാ ഈ കുട്ടി പട്ടിണി ഇരിക്കാ?
അച്ചമ്മ പേടിക്കണ്ടാ. അച്ചമ്മ എന്തായാലും ഭക്ഷണം കഴിക്കണം. അല്ലെങ്കില്‍ കുട്ടിയെ കൊണ്ടുവരുന്നതുവരെ കാത്തിരുന്ന് മുഷിയും.
അത്രയധികം സമയം എടുക്കുമോ?
ആറ് മണിക്കൂറെങ്കിലും വേണം.
ഈശ്വരന്മാരെ കാത്തോള്‍ണമേ.
സിസ്റ്റര്‍ പോയി. രണ്ടു പേരും എഴുന്നേറ്റു ഫ്രഷായി. റൂമിനു മുന്നിലൂടെ കടന്നുപോയ ചായ, അച്ചമ്മ ഒരു ഗ്ലാസ്സ് വാങ്ങി. അവനി നിര്‍ബന്ധിച്ചെങ്കിലും അച്ചമ്മ ഒന്നും കഴിച്ചില്ല. സമയം കടന്ന് പോകുന്നത് അറിയുന്നില്ല. 7.30 ന് സ്ട്രക്ചറ് വന്നു. ഓപ്പറേഷന്‍ ഡ്രസ്സ് ഇട്ട് അവനി സ്ട്രക്ചറില്‍ കയറിക്കിടന്നു. ആ മനസ്സ് ശാന്തമായിരുന്നു. അച്ചമ്മയും കാര്യസ്ഥനും ശിവയും വേദയും അടുത്ത് ഉണ്ടായിരുന്നു.
മോളേ, ബെസ്റ്റ് ഓഫ് ലക്ക്. വേദ പുഞ്ചിരിയോടെ പറഞ്ഞു.
അവനി തലയാട്ടി. മെല്ലെ പുഞ്ചിരിച്ചു.
അച്ചമ്മയുടെ മനസ്സ് വളരെ അസ്വസ്ഥമായിരുന്നു. വേദ അച്ചമ്മയെ ചേര്‍ത്തു നിര്‍ത്തി. ആ കൈകളില്‍ പിടിച്ചമര്‍ത്തി.
പേടിക്കാനൊന്നുമില്ല അച്ചമ്മേ, അവള്‍ മിടുക്കിയായി പുറത്തു വരും എന്ന് ആശ്വസിപ്പിച്ചു. എല്ലാവരും ഐ.സി.യു.വിനു മുന്നില്‍ അവിടവിടെ ഇരുന്നു. അച്ചമ്മ കുറച്ചുനേരം തളര്‍ന്നിരുന്നു. പിന്നീട് അനന്ത സ്‌തോത്രം ഉരുവിട്ടു തുടങ്ങി. പെട്ടെന്നാണ് അവര്‍ ചിന്തിച്ചത്, വേദ വെറുതെ സമയം കളയണ്ടല്ലോ എന്ന്.
നോക്കൂ, വേദാ… മോള് പൊയ്‌ക്കോളൂ. കോടതിയിലെ ജോലികള്‍ ചെയ്തു തീര്‍ക്കുവാന്‍ കാണുമല്ലോ.
അച്ചമ്മ തനിയെ ആവൂല്ലോ.
എനിക്ക് ഇവിടെ ഒരു കുഴപ്പവുമില്ലാ, മോളു പേടിക്കണ്ടാ. എന്തേലും ഉണ്ടെങ്കില്‍ ഞാന്‍ ഫോണ്‍ വിളിക്കാം.
മനമില്ലാമനസ്സോടെ വേദ യാത്ര പറഞ്ഞിറങ്ങി.
അച്ചമ്മ അനന്തസഹസ്ര നാമം ചൊല്ലി അവിടെയിരുന്ന് മയങ്ങിപ്പോയി. രാമന്നായര് വന്നു വിളിച്ചപ്പോഴാണ് ഒരു മണി കഴിഞ്ഞതറിഞ്ഞത്.
അച്ചമ്മേ, ഭക്ഷണം വാങ്ങിക്കൊണ്ടു വരണോ? കുഞ്ഞിനെ പുറത്തിറക്കാന്‍ ഇനിയും സമയം പിടിക്കും.
ഇയ്ക്ക് ഒരു വിശപ്പൂം ഇല്ലല്ലോ രാമന്നായരേ, ശിവയേയും കൂട്ടിപ്പോയി നിങ്ങളെന്തേലും വാങ്ങിക്കഴിച്ചിട്ടു വാ.
എന്തേലും ഇത്തിരി കഴിച്ചില്ലേല്, മോള് പുറത്തു വരുമ്പോ ശുശ്രൂഷിക്കാനുള്ള ആള് കെടപ്പിലാകും. ഇവിടെ കാന്റീനീന്നു കഴി ക്കാം. അല്ലേ ഞങ്ങള് ഞങ്ങള് വാങ്ങിക്കൊണ്ടു വരാം.
അവരുടെ സ്‌നേഹശാഠ്യത്തിനു വഴങ്ങി അച്ച മ്മ അതിനു സമ്മതിച്ചു. തുടര്‍ന്നുള്ള അച്ചമ്മയുടെ ചിന്ത മുഴുവന്‍ രാമന്നായ രെയും ശിവയെയും കുറിച്ചായിരുന്നു. ഇങ്ങനെ വിശ്വസ്തരായ രണ്ടുപേരെ കിട്ടണമെങ്കില്‍ ഭാഗ്യം ചെയ്യണം. അവരുടെ കുടുംബ വും അങ്ങനെത്തന്നെ. രാമന്നായരുടെ പകുതിയാണെങ്കില്‍ എപ്പോഴും ശാന്തത യോടെയാണ് പെരുമാറുന്നത്. രാമന്നായര് തറവാട്ടിലെ കാര്യങ്ങള് നോക്കണതില്‍ അവര്‍ക്ക് ഒരെതിര്‍ പ്പുമില്ല. രാത്രിയെന്നോ പകലെന്നോ ഒരു ഭേദവുമില്ലാതെ ഇനി സഹായിക്കണമെങ്കില്‍ അവരുംകൂടി വരും. അവനിയെ അവര്‍ക്കു ജീവനാണ്.
അച്ചമ്മേ, ഇതു കഴിക്കൂ.
ഓരോന്നു ചിന്തിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല.
നിങ്ങളെന്താ കഴിച്ചത്?
ചോറാണ് അച്ചമ്മേ.
ങ്ഹാ, അതു നന്നായി. ഉച്ചസമയമല്ലേ.
അച്ചമ്മ ചോറു വാരിക്കഴിക്കാന്‍ തുടങ്ങി. ശിവ എന്തോ പറയാനുള്ളതു പോലെ അരികെത്തന്നെ നില്ക്കുന്നതു കണ്ടപ്പോള്‍, അച്ചമ്മ ചോദിച്ചു, എന്താ ശിവേ? എന്തോ പറയാനു ള്ളതുപോലെ.
അച്ചമ്മയുടെ ആ ചോദ്യത്തിനു കാതോര്‍ത്തിരുന്ന തുപോലെ ശിവ പറഞ്ഞു, നീലിമ ഉച്ചകഴിഞ്ഞ് വരട്ടെയെന്ന് ചോദിച്ചു. അവളിവിടെ ഉണ്ടെങ്കില്‍ അച്ചമ്മയ്ക്കു കുറച്ച് വിശ്രമിക്കാലോ.
ഇപ്പോ വേണ്ട, ശിവേ. മോളേ പുറത്തേക്ക് കൊ ണ്ടുവന്ന് സുഖായി എന്നു കണ്ടാലേ എനിക്ക് വിശ്രമം ഉണ്ടാവുകയുള്ളൂ. നീലിമ യോട് നാളെ വന്നാല്‍ മതി എന്നു പറയണം. രാമന്നായരേ, നിങ്ങള് കാത്തു നില്ക്കണമെന്നില്ല. ഇനി ഞാന്‍ നിന്നോളാം.
അതുവേണ്ട അച്ചമ്മേ, ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് വല്ല മരുന്നോ കഞ്ഞിയോ വാങ്ങാന്‍ പറഞ്ഞാല്‍… അതു ശരിയാകില്ല. ഞങ്ങള് എന്തായാലും പോണില്ല.
ഓപ്പറേഷന്‍ തിയേറ്ററിനു മുന്നില്‍ ഇരുന്ന് അച്ചമ്മയുടെ കണ്ണുകള്‍ മെല്ലെ അടഞ്ഞുതുടങ്ങി. പെട്ടെന്നാണ് നഴ്‌സിന്റെ ശബ്ദം കാതില്‍ മുഴങ്ങിയത്.
അവനിയുടെ ബന്ധുക്കളാരെങ്കിലുമുണ്ടോ?
അച്ചമ്മ ചാടിയെഴുന്നേറ്റ് അടുത്തേക്കു ചെന്നു. പേഷ്യന്റിനെ കാണണമെങ്കില്‍ കാണാം. അച്ചമ്മ വേഗം കൂടെച്ചെന്നു. മൂടിപ്പുതച്ച് കിടത്തിയിരിക്കുന്നു. തലയില്‍ പച്ച തൊപ്പി. അവനി അച്ചമ്മയെ നോക്കി ചിരിച്ചു.
വേദനയുണ്ടോ മോളേ?
ഇല്ല അച്ചമ്മേ. വാക്കുകള്‍ വിറച്ചുവിറച്ചാണ് പുറത്തേക്കു വന്നത്. ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.
എന്താ മോളേ, സിസ്റ്ററേ മോള്‍ക്ക് എന്താ പറ്റീത്?
ഹെയ്, ഒന്നുമില്ല. അവിടെ നല്ല തണുപ്പായിരുന്നൂല്ലോ. അതുകൊണ്ടാ വിറയ്ക്കുന്നത്. കുറച്ച് കഴിഞ്ഞാ ശരിയാകും.
സിസ്റ്ററേ, മോളേ റൂമിലേയ്ക്കാണോ കൊണ്ടു പോകുന്നത്?
അല്ല, പോസ്റ്റ് ഓപറേറ്റീവ് ഐ.സി.യു.വില്‍ ഒരു മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കും. അതു കഴിഞ്ഞേ റൂമിലേക്ക് മാറ്റുക യുള്ളൂ.
ശരി. ഞാന്‍ കാത്തിരിക്കാം.
അപ്പോഴേക്കും അച്ചമ്മയുടെ മുന്നില്‍നിന്ന് സ്ട്രക്ചര്‍ പോയിക്കഴിഞ്ഞിരുന്നു. അച്ചമ്മയ്ക്ക് താന്‍ വീണ്ടും തനിച്ചായതുപോലെ അനുഭവപ്പെട്ടു. ഓരോരോ ചിന്തകള്‍ അച്ചമ്മയുടെ മനസ്സില്‍ തലപൊക്കാന്‍ തുടങ്ങി.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org