അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 25 & 26)

അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 25 & 26)

സിസ്റ്റര്‍ ആഗ്നല്‍ ഡേവിഡ് സിഎച്ച്എഫ്

ഇരുപത്തിയഞ്ച്

ഏതു കാര്യവും നീട്ടിവയ്ക്കുന്നത് മറുകരയെത്താന്‍ പുഴ ഒഴുകിത്തീരുന്നതും കാത്തിരിക്കുന്ന പോലെയാണ് – ഹോറസ്

14-03-2020

എനിക്ക് അച്ചമ്മ മാത്രമേ ഉള്ളൂ. അച്ചമ്മയില്ലെങ്കില്‍ ഞാനില്ല. ഈശ്വരന്മാരെ, ന്റെ അച്ചമ്മയ്ക്ക് ഒന്നും വരുത്തല്ലേ. അമ്മാവനും അമ്മായിയും മോനും വന്നതിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ല. ഫ്രെഡി എന്നതാണ് മോന്റെ പേരെന്ന് അമ്മായിയുടെയും മോന്റേ യും വര്‍ത്തമാനത്തില്‍നിന്ന് മനസ്സിലായി. ജാതിയും മതവും ഒന്നുമില്ലല്ലോ. പൂജാമുറിയിലേക്ക് അമ്മാവന്‍പോലും കേറുന്നില്ല ല്ലോ. അച്ചമ്മയുടെ തലചുറ്റലിനുശേഷം ഇതുവരെ അമ്മാവന്‍ മുറിയിലേക്കു കയറിയിട്ടില്ല. ആശുപത്രിയില്‍ പോകുന്ന കാര്യം പറയുമ്പോള്‍ നാളെ നാളെ എന്നു പറഞ്ഞ് അച്ചമ്മ നീട്ടുന്നു. ഇനി അധികം നീട്ടിയാല്‍ ശരിയാവുകയില്ല. കഴിഞ്ഞാല്‍ നാളെ ത്തന്നെ. അന്നത്തെ ഒരു മൈനര്‍ അറ്റാക്ക് തന്നെയാണ്.

ക്ടിം ട്ര്‍ ട്ര്‍ ട്ര്‍ ര്‍ ര്‍… എന്തോ വീണുരുളുന്ന ഒച്ചകേട്ട് അവനി ഞെട്ടിപ്പോയി. തന്റെ കാലിനടുത്ത് വന്ന് ഉരുളുന്നതു നിര്‍ത്തി തന്നെ മിഴിച്ചുനോക്കുന്ന ഗ്ലാസ്സിന്റെ തിളക്കം. പെട്ടന്ന് പിന്തിരിഞ്ഞു നോക്കിയ അവനി ഞെട്ടിപ്പോയി. തന്റെ വാതില്‍ ചാരി അമ്മാവന്റെ മകന്‍ നില്‍ക്കുന്നു.

പകച്ചുപോയ അവനി സമനില വീണ്ടെടുത്തു ചോദിച്ചു, എന്താ… എന്താ… വേണ്ടത്?

വികൃതമായ ശബ്ദം പുറത്തുവന്നു, Mummy, said, "YOU ARE MINE"

പിന്നെ, എനിക്ക് അവകാശവും പറഞ്ഞ് വന്നിരിക്കുന്നു. കടന്നു പോയ്‌ക്കോ.

അവനിയുടെ കണ്ണുകള്‍ കോപവും വെറുപ്പും നിറഞ്ഞ് രൂക്ഷമായി. ഈ സന്ധ്യയ്ക്ക് നിന്റെയടുത്ത് ഇങ്ങോട്ടു വരാന്‍ പറഞ്ഞത് നിന്റെ മമ്മിയാണോ? നാണമില്ലാത്തവള്‍. അമ്മാവനെ വലവീശിപ്പിടിച്ചതാണല്ലോ. ഇനി എന്നെ വലവീശിപ്പിടിക്കാന്‍ മകനെ പരിശീലിപ്പിക്കുന്നതിന്റെ ആദ്യപടി യായിരിക്കും. ഇരുട്ടുമ്പോള്‍ പെണ്ണുങ്ങള്‍ തന്നെയുള്ള റൂമിലേക്കു അകത്തേക്കു കയറ്റി വിടല്‍… ദേഷ്യംകൊണ്ട് അവനി നിന്നു വിറച്ചു.

ഇവിടെനിന്നും പോകുന്നതായിരിക്കും നിനക്കു നല്ലത്.

അവനിയുടെ ആക്രോശങ്ങള്‍ അവനെ തെല്ലു ഭയപ്പെടുത്തി. എങ്കിലും ആ കണ്ണുകള്‍ അവളുടെ ശരീരത്തിലാകമാനം ഇഴഞ്ഞു നടക്കുന്നുണ്ടായിരുന്നു.

"your body shape is so attractive" അവന്‍ പിറുപിറുത്തുകൊണ്ട് പിന്‍വാങ്ങി.

ശ്ശെ, താന്‍ തുണിയുടുത്തിട്ടില്ലേയെന്ന് ഒരുവേള അവനിക്കു തോന്നി. ജിത്തിന്റെ വാചകം അവളുടെ മനസ്സില്‍ മുഴങ്ങി. "നിന്റെ ശരീരത്തിന്റെ ആകൃതിയും പ്രകൃതിയുമാണ് എന്നെക്കൊണ്ട് വികൃതി ചെയ്യിപ്പിക്കുന്നത്."

പെട്ടെന്ന് ഓടിപ്പോയി വാതില്‍ കുറ്റിയിട്ട് വന്ന് തലയിണ മുഖത്ത് അമര്‍ത്തിപ്പിടിച്ച് അവള്‍ പൊട്ടിക്കരയുവാന്‍ തുടങ്ങി. എന്തിനാണ് ഈശ്വരന്‍ തന്നെമാത്രം പരീക്ഷിക്കു ന്നത്. ഇതറിഞ്ഞാല്‍ അച്ചമ്മയുടെ ചങ്കു തകരും. ഈശ്വരാ… മഴ പെയ്‌തൊഴി ഞ്ഞതുപോലെ ഒരു സമാധാനം. കഴുകി, ഒരു ഉണര്‍വ്വായി. അപ്പോഴാണ് നീലിച്ചിറ്റയുടെ ശബ്ദം.

അവനിമോളേ, ശിവേട്ടന്‍ വന്നു. ചിറ്റ ഇറങ്ങട്ടെ. സന്ധ്യയായി. നാളെ വരാം. മോളേ അച്ചമ്മ അന്വേഷിക്കുന്നുണ്ടായിരുന്നു.

ശരി ചിറ്റേ, ഞാന്‍ അച്ചമ്മേടെ മുറീലേക്ക് പോകുകയാണ്.

അച്ചമ്മയുടെ മുറിയിലേക്കു നടക്കുമ്പോള്‍ അവനിയുടെ മനസ്സു നിറയെ അമ്മാവനെയും കുടുംബത്തെയും പറഞ്ഞു വിടുന്ന കാര്യമായിരുന്നു. നല്ല രീതിയില്‍ സംസാരിച്ച് നാളെത്തന്നെ ഒഴിപ്പിച്ച് വിടണം.

ന്റെ കുട്ടീ… നീയെവിടെയായിരുന്നു.

ഞാന്‍ ഡയറി എഴുതുകയായിരുന്നു അച്ചമ്മേ. ഇടയില്‍ കുറച്ചു ദിവസം എഴുതാത്തതുകൊണ്ട് ഇന്നത്തെ തീര്‍ത്തിട്ട് വരാമെന്നു കരുതി.

ഞാനിവിടെ കിടന്ന് ഒന്നുമയങ്ങിപ്പോയി. അപ്പോള്‍ മോളുടെ നിലവിളി കേട്ടതുപോലെ തോന്നി. സ്വപ്നമായിരിക്കും. അതാ ഞാന്‍ നീലിമയെ ഉടനെ വിളിപ്പിച്ചത്. മോളെ കാണണംന്ന് തോന്നി. അതാ വിളിച്ചത്. വേറെ കുഴപ്പമൊന്നുമില്ലല്ലോ.

ഹെയ്, ഒന്നുമില്ല. പക്ഷേ അച്ചമ്മേ എനിക്ക് ഒരു കാര്യം പറയാനുണ്ട്. ഞാനതു പറയണതു ശരിയാണോയെന്നു എനിക്കറിയില്ല.

ന്റെ കുട്ടീ, എന്താച്ചാ പറയ്. ഈ അച്ചമ്മേടെ അടുത്ത് നിനക്ക് എന്തുവേണേലും പറയാം. മുഖവുരയുടെ ഒന്നും ആവശ്യമില്ല.

അച്ചമ്മേ,

പറയ് കുട്ട്യേ, എനിക്ക് ആകാംക്ഷ വര്‍ദ്ധിക്കുന്നു.

അങ്ങനെയൊന്നുമില്ല അച്ചമ്മേ, നമ്മുടെ അമ്മാവനും കുടുംബവും എന്താ പ്ലാന്‍ എന്നു മനസ്സിലാകുന്നില്ല. അതൊരു നല്ല വരവാണെന്നു തോന്നുന്നില്ല.

ഞാനും അത് ആലോചിക്കാതില്ല. ഞാന്‍ വിചാരിക്കുന്നത് കാര്യസ്ഥന്‍ രാമന്‍ നായരെ വിളിച്ച് എന്താച്ചാ ചെയ്യാന്‍ പറയാം. അയാള്‍ക്ക് ഇനി സ്വത്താണ് വേണ്ടതെങ്കില്‍ നമുക്ക് കൊടുക്കാം. ആഗ്രഹിച്ചതൊക്കെ ലഭിക്കാന്‍ അവനു അവകാശമില്ല. കാരണം ഒന്നും വേണ്ട, പ്രസവിച്ച അമ്മയെപ്പോലും വേണ്ട എന്നു പറഞ്ഞ് ഇറങ്ങിപ്പോയവനല്ലേ. അവനു ശരിക്കു ഒന്നും കൊടുക്കാമ്പാടില്ല.

അച്ചമ്മേ വഴക്കിനൊന്നും പോണ്ട. നമുക്കാരൂല്ലാ.

മോളെ കരയല്ലേ. നല്ല മനുഷ്യര്‍ക്ക് ആപത്തില്‍ സഹായിക്കാന്‍ ആരേലും ഉണ്ടാകും.

ഉവ്വ് അച്ചമ്മേ. നമുക്ക് ദൈവം ഉണ്ട്.

മോള് കരയല്ലേ.

രണ്ടുപേരും കെട്ടിപ്പിടിച്ച് കരഞ്ഞുകരഞ്ഞ് എപ്പോഴോ ഉറങ്ങി. അടുത്ത പ്രഭാതത്തില്‍ എന്തു സംഭവിക്കും? എല്ലാം ഈശ്വരനു മാത്രം അറിയാം.

ഇരുപത്തിയാറ്

തയ്യാറെടുപ്പാണ് വിജയത്തിന്റെ ആണിക്കല്ല് – സര്‍വാന്റസ്

രാവിലെത്തന്നെ രാമന്‍ നായരെ വിളിപ്പിച്ചു. ശിവയോടും വരാന്‍ പറഞ്ഞു. ആശുപത്രിയിലേക്കു പോകാനുള്ള ഒരുക്കങ്ങളെല്ലാം ചെയ്തു. അമ്മാവനെയും അമ്മായിയെയും പുറത്തു കാണുന്നില്ല.

സമയം വൈകണ്ട, വേഗം ഇറങ്ങാം.

ഡോക്ടര്‍ റൗണ്ട്‌സിനു പോകുന്നതിനുമുമ്പ് കാണാമെന്നാണ് പറഞ്ഞിരിക്കുന്നത്. റൗണ്ട്‌സിനു പോയാല്‍ പിന്നെ വരാന്‍ പതിനൊന്നരയാകും.

ഉവ്വ് മോളേ, മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കൊക്കെ വല്യ തിരക്കാണെന്ന് അച്ചമ്മയ്ക്കു അറിയാം. മോളു പറയണ പോലെ എല്ലാം ചെയ്യാം. പിന്നെ… അച്ചമ്മയ്‌ക്കൊരാഗ്രഹം ഉണ്ട്.

എന്താ, അച്ചമ്മ പറഞ്ഞോളൂ?

മോളെ പഠിപ്പിച്ച ഡോക്ടര്‍മാരെ കാണണംന്ന്. പറ്റിയാല്‍ മോളുടെ കൂട്ടുകാരെയും.

അച്ചമ്മേ, അതു വേണോ?

വേണം മോളേ, ഞാന്‍ ശീതളിനെ വിളിച്ച് നമ്മള്‍ വരുന്ന വിവരം പറഞ്ഞിട്ടുണ്ട്.

എന്റെ അച്ചമ്മേ, അതുവേണ്ടായിരുന്നു.

വേണം മോളേ, എല്ലാം നല്ലതിനാണെന്നാണ് അച്ചമ്മ വിശ്വസിക്കുന്നത്. മോളു പറയാറില്ലേ, അഭിനന്ദ്. അച്ചമ്മയ്ക്ക് ആ കുട്ടി യെയും കാണണം. കുറേ നാളായി മനസ്സിലുള്ള വല്യേ പൂതിയാ. മോളായിട്ടു തടയല്ലേ.

അച്ചമ്മ എന്നെ വെറുതെ സങ്കടപ്പെടുത്തുവാ.

അല്ല മോളേ, അച്ചമ്മ മോളുടെ നന്മയ്ക്കു വേണ്ടിയല്ലേ എല്ലാം പറയൂ.

കാര്യസ്ഥന്‍ ഇടപെട്ടപ്പോള്‍ പ്രശ്‌നം മെല്ലെ ഒതുങ്ങി. ആശുപത്രി എത്തി.

തന്റെ കുട്ടി പഠിച്ചിരുന്ന കോളേജാ. അച്ചമ്മയുടെ മനസ്സില്‍ എന്തെന്നില്ലാത്ത മോഹങ്ങള് നിറഞ്ഞു. തുടര്‍ന്നു പഠിക്കണം. ഒരു ഡോക്ടറാകുക എന്ന അവളുടെ മോഹം പൂര്‍ത്തിയാക്കണം. ഇന്ന് ഈശ്വരന്‍ അതിനൊരു വഴി കാണിച്ചു തരാതിരിക്കില്ല.

വരാന്തയിലൂടെ നടക്കുമ്പോള്‍ ശീതള്‍ ഓടിവരുന്നതു കണ്ടു.

അച്ചമ്മേ, അവനി, നിങ്ങള്‍ നേരത്തെ എത്തിയല്ലോ.

ശീതളും നേരത്തെയാണല്ലോ. ഇത്ര നേരത്തെ ക്ലാസ്സു തുടങ്ങുമോ?

ഇല്ല അച്ചമ്മേ, ക്ലാസ്സ് ഉച്ച കഴിഞ്ഞാണ്. കാലത്ത് ഡ്യൂട്ടിയാണ്. അച്ചമ്മ വരും എന്നു പറഞ്ഞതുകൊണ്ട് ഞാന്‍ നേരത്തേ പോന്നു.

ശരി, നേരം കളയണ്ട. ആദ്യം ഡേക്ടറെ കാണാം. എന്നിട്ട് ബാക്കി കാര്യങ്ങള്‍.

എന്ത് ബാക്കി കാര്യങ്ങള്‍? അവനി പെട്ടെന്നു ചോദിച്ചു.

അതൊക്കെ സസ്‌പെന്‍സാ, അല്ലേ അച്ചമ്മേ.

അതെയതെ.

അവനി മുഖം വീര്‍പ്പിച്ചു. ആ കവിളില്‍ നുള്ളി മുത്ത് പറഞ്ഞു, പിണങ്ങണ്ട ചക്കരേ, എല്ലാം നിന്റെ നല്ലതിനാ.

ഉവ്വ്, ഉവ്വ്. പെട്ടെന്ന് അവനിക്കു ചിരി വന്നു. നീയാണല്ലേ അച്ചമ്മേടെ ഹംസം?

ഓ…. സമ്മതിച്ചേ. തല്ലൂടാന്‍ ഞാനില്ലേ.

ഡോക്ടറുടെ റൂമെത്തിയതറിഞ്ഞില്ല.

അല്ലാ നേരെ പോകാണോ?

ശ്ശൊ വര്‍ത്തമാനം പറഞ്ഞ് എല്ലാം മറന്നുപോയി. ഡോക്ടറിവിടെ വെയിറ്റു ചെയ്യുകയായിരുന്നോ?

അല്ലാതെ പിന്നെ. പ്രധാനപ്പെട്ട വ്യക്തികളൊക്കെ വരുമ്പോള്‍ പിന്നെ കാത്തിരിക്കണ്ടേ.

കളിയാക്കണ്ട ഡോക്ടറേ.

അവനി പഴയപോലെ സുന്ദരിയായല്ലോ.

ഉവ്വ്, സൗന്ദര്യത്തിലൊക്കെ എന്തു കാര്യം ഡോക്ടറേ, അച്ചമ്മ പറഞ്ഞു. അവനി നിശബ്ദത പാലിച്ചു.

ഡോക്ടര്‍ അച്ചമ്മയെ പരിശോധിച്ചു. ഇ.സി.ജി. നോക്കി. ഒരു ചെറിയ വേരിയേഷന്‍, അത്രമാത്രം. അതു ശ്രദ്ധിച്ചാല്‍ മതി. ഒരു ഗുളിക ഞാന്‍ രണ്ടാഴ്ചത്തേക്ക് എഴുതുന്നുണ്ട്. അതു കഴിഞ്ഞാല്‍ ചെക്കപ്പിനു വരണം. കൂടാതെ ഒരു ഗുളികയുള്ളത് സ്ഥിരം കഴിക്കണ്ട. പെട്ടെന്ന് നെഞ്ചുവേദന വന്നാല്‍ നാവിനടിയില്‍ വച്ചു കൊടുക്കുക. പിന്നെ എപ്പോഴും സന്തോഷമായിട്ടിരിക്കണം.

അതുപിന്നെ എന്റെ കുട്ടി കൂടെയുണ്ടെങ്കില്‍ എപ്പോഴും സന്തോഷം തന്നെയല്ലേ?

അതുനന്നായി. പിന്നെ അവനി എനിക്കൊന്നേ പറയാനുള്ളൂ, welcome back.

Thankyou sir, പുഞ്ചിരിച്ചുകൊണ്ട് അവനി പറഞ്ഞു.

അതിനുശേഷം മൂന്നു പേരും കൂടി ക്ലാസ്സുകള്‍ നടക്കുന്ന കെട്ടിടത്തിലേക്കു നടന്നു. കോറിഡോറിലൂടെ നടക്കുമ്പോള്‍ അവനിയാണ് ആദ്യം കണ്ടത്. അവളുടെ ഹൃദയം പടപടാ മിടിക്കുവാന്‍ തുടങ്ങി. അടുത്തടുത്ത് വരുന്നു. തന്നെ കാണുമ്പോള്‍ എന്തായിരിക്കും പ്രതികരണം എന്തെങ്കിലും മിണ്ടുമോ?

ശീതള്‍ കണ്ടെങ്കിലും ഒന്നും മിണ്ടിയില്ല. അവന്‍ തലകുനിച്ച് നടന്നിരുന്നതു കൊണ്ട് അവരെ ശ്രദ്ധിച്ചതേയില്ല. അവരെ കടന്ന് അവന്‍ പോയി. അല്പനിമിഷത്തേക്ക് അവനിക്ക് ശ്വാസംമുട്ടുന്നതുപോലെ തോന്നി.

അച്ചമ്മേ ഇപ്പോ കടന്നുപോയതാണ് അഭിനന്ദ്.

ങ്‌ഹേ, എന്നിട്ടെന്താ മക്കള്‍ പറയാഞ്ഞത്?

പറഞ്ഞിട്ടും കാര്യമില്ല. കുറ്റവാളിയാണെന്നു കരുതി ആദ്യം സസ്‌പെന്‍ഷന്‍ കിട്ടിയത് അഭിനന്ദിനായിരുന്നു. പിന്നീടാണ് അല്ലെന്നു പറഞ്ഞ് തിരിച്ചെടുത്തത്. അതില്‍പ്പിന്നെ അഭിനന്ദ് ഈ ലോകത്തല്ലാത്തതു പോലെയാണ് ജീവിതം. പതറിപതറിയുള്ള നോട്ടവും തലകുനിച്ചുള്ള നടപ്പും ആരെയും അഭിമുഖീകരി ക്കാത്ത രീതിയിലുള്ള സംഭാഷണവും. എല്ലാം അഭിനന്ദിനെ വേറൊരാളായി മാറ്റുന്നു.

ശ്ശൊ, കഷ്ടം കുട്ട്യോളെ. ആ കുട്ടി എന്തോരം വേദന തിന്നുന്നുണ്ടാവും. ചെയ്യാത്ത കുറ്റത്തിന്… പാവം.

നമുക്ക് എന്തേലും ചെയ്യണം.

അതെ അച്ചമ്മേ, കേസ് ജയിച്ച്, അവനി വീണ്ടും കോളേജില്‍ വന്നു തുടങ്ങിയാല്‍ ഇതിനൊക്കെ പരിഹാരം ഉണ്ടാകും.

നമുക്ക് വേദയോട് ഈ കുട്ടിയുടെ വിഷയം സംസാരിക്കണം.

അതു ശരിയാണ്.

മൂന്നുപേര്‍ക്കും അഭിനന്ദിനെ രക്ഷപ്പെടുത്തുന്ന കാര്യത്തില്‍ ഒരേ അഭിപ്രായമായിരുന്നു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്കാണ് ആദ്യം പോയത്. അവനി തിരിച്ചു ചെല്ലുന്നതില്‍ സാറിനു സന്തോഷ മായിരുന്നു. അദ്ധ്യാപകരും സഹപാഠികളും ഏറെ സ്‌നേഹത്തോടെ ഇടപഴകുന്നു. ഈ കൂട്ടുകാര്‍ക്കിടയിലേക്ക് തിരിച്ചുവരാന്‍ അവനിക്കും ഏറെ ആഗ്രഹം തോന്നി. വിധിപോലെ എല്ലാം നടക്കട്ടെ.

(തുടരും)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org