തച്ചനപ്പന്‍ – അദ്ധ്യായം 24

തച്ചനപ്പന്‍ – അദ്ധ്യായം 24

യോഹന്നാന്‍റെ ശിരഛേദനം പാലസ്തീനായില്‍ ആയിടെയുണ്ടായ ഏറ്റവും വലിയ സംഭവമായി പാലസ്തീന്‍ ജനത ചര്‍ച്ച ചെയ്തു. ഹേറോദേസ് അന്തിപ്പാസ് യോഹന്നാനെ വധിച്ചതിനെ ജനങ്ങള്‍ അപലപിച്ചു.
ജോസഫ് തന്‍റെ യാത്രയ്ക്കിടയില്‍ ഗലീലിയിലെയും സമരിയായിലെയും യൂദയായിലെയും യഹൂദര്‍ യോഹന്നന്‍റെ പ്രവൃത്തികളെയും പ്രഭാഷണങ്ങളെയും പുകഴ്ത്തി സംസാരിക്കുന്നതു കേട്ടു. പാലസ്തീനായിലെ ഏതാനും ഫരിസേയരും കുറച്ചു നിയമജ്ഞരും ചില പുരോഹിതന്മാരും മാത്രമേ യോഹന്നാന്‍റെ പ്രഭാഷണങ്ങളെയും പ്രവൃത്തികളെയും കുറ്റപ്പെടുത്തിയിരുന്നുള്ളൂ എന്നവനു മനസ്സിലായി.
യോഹന്നാന്‍ കുട്ടിയായിരുന്നപ്പോള്‍ തന്‍റെ വീട്ടില്‍ വന്നിരുന്നതും താന്‍ മുറിക്കുള്ളില്‍ വച്ചിരിക്കുന്ന വേദഗ്രന്ഥ ചുരുളുകള്‍ക്കു ചുറ്റും യോഹന്നാന്‍ യേശുവിനോടൊപ്പം പോയി പൂക്കള്‍ പറിച്ചുകൊണ്ടുവന്ന് അലങ്കരിച്ചിരുന്നതും അവന്‍ യേശുവിനോടൊപ്പം മുറ്റത്തുകൂടി ഓടിക്കളിച്ചിരുന്നതും ജോസഫ് ഓര്‍ത്തു. തന്നേക്കാള്‍ വളരെ ചെറുപ്പമായ അവന്‍ തങ്ങളെ ഇവിടെ വിട്ടിട്ടു പിതാവിന്‍റെ ഭവനത്തിലേക്കു മടങ്ങിയല്ലോ എന്നോര്‍ത്തപ്പോള്‍ അവന്‍റെ മനസ്സു നൊന്തു. അവന്‍റെ കണ്ണുകള്‍ ഈറനായി.
യോഹന്നാന്‍റെ മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ അവന്‍റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.
യാത്രയ്ക്കിടയില്‍ അവന്‍ ഒരു സത്രത്തില്‍ ഏതാനും മണിക്കൂര്‍ വിശ്രമിച്ചു. ആ സത്രത്തിലപ്പോള്‍ മറ്റു പലരും വിശ്രമിക്കുന്നുണ്ടായിരുന്നു. സത്രത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ മറ്റൊരുവനോടു പറഞ്ഞു: "യോഹന്നാന്‍ അനേകരെ വിശുദ്ധിയിലേക്കു നയിച്ചവനാണ്. അവനെ വധിച്ച ഹേറോദേസ് പാപിയാണ്."


അതുകേട്ട മറ്റൊരുവന്‍ പറഞ്ഞു: "അക്കീഷ് പറഞ്ഞതിനോടു ഞാനും യോജിക്കുന്നു. നീതിമാനായ യോഹന്നാനെ വധിച്ച ഹേറോദേസ് യഹോവയാല്‍ ശിക്ഷിക്കപ്പെടും."
അവരുടെ സംസാരം കേട്ടുകൊണ്ടിരുന്ന മൂന്നാമന്‍ പറഞ്ഞു: "യോഹന്നാന്‍ പാവങ്ങളോടു കരുണ കാണിച്ചവനാണ്. രണ്ടുടുപ്പുള്ളവന്‍ ഒന്നില്ലാത്തവനു കൊടുക്കണമെന്നു പറഞ്ഞവന്‍."
അക്കീഷ് കൂട്ടിച്ചേര്‍ത്തു: "യോഹന്നാന്‍ കാട്ടുതേനും വെട്ടുക്കിളികളെയും മാത്രം കഴിച്ചു പരിഷ്കൃത വേഷങ്ങള്‍ ഉപേക്ഷിച്ച് ഒട്ടകത്തോലുടുത്തും കഴിഞ്ഞ ജ്ഞാനിയായ ഒരു സന്ന്യാസിയായിരുന്നു. പാപികളായിരുന്ന നിരവധി പേര്‍ അദ്ദേഹത്തിന്‍റെ ഉപദേശങ്ങള്‍ കേട്ട് അനുതപിച്ചു വിശുദ്ധരായി. ഹേറോദേസ് വധിച്ചത് ആ പുണ്യപുരുഷനെയാണ്. ഇതു ഹേറോദേസ് പാലസ്തീനാ യ്ക്കു വരുത്തിയ തീരാനഷ്ടമാണ്."
"യഹോവയുടെ രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച യോഹന്നന്‍റെ നിലവിളി സ്വര്‍ഗത്തിലെത്തിയിട്ടുണ്ട്. അവനെ വധിച്ച ഹേറോദേസ് അന്തിപ്പാസിന് ഇനി പറുദീസായില്‍ പ്രവേശനം ലഭിക്കില്ല" – വേറൊരുവന്‍ പറഞ്ഞു.
"നമ്മുടെയിടയില്‍ യോഹന്നാനേക്കാള്‍ ശക്തനായ ഒരുവന്‍ ഇന്നു ജീവിച്ചിരിപ്പുണ്ട്. യോഹന്നാന്‍ അവനു വഴിയൊരുക്കാന്‍ വന്നവനാണ്."
"ആരാണവന്‍?"
"നസ്രായനായ യേശു."
"യേശു വിധവകളുടെ ഭവനങ്ങളെ വിഴുങ്ങുന്നവരെയും ദീര്‍ഘമായി പ്രാര്‍ത്ഥിക്കുന്നുവെന്നു നടിക്കുന്നവരെയും സിനഗോഗുകളില്‍ മുഖ്യസ്ഥാനവും വിരുന്നുകളില്‍ അഗ്രാസനങ്ങളും ആഗ്രഹിച്ചു നീണ്ട മേലങ്കി ധരിച്ചു നേതാക്കള്‍ ചമഞ്ഞുനടക്കുന്ന കപടമനുഷ്യസ്നേഹികളെയും കഠിനമായി വിമര്‍ശിക്കുന്നുണ്ട്. ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ഒരുവനും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് അവന്‍ അധികാരത്തോടെ പഠിപ്പിക്കുന്നു. അവന്‍റെ ചെരുപ്പിന്‍റെ വാറഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ലെന്നു സ്നാപക യോഹ ന്നാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്."
സത്രത്തിലിരുന്നവര്‍ അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.
അക്കീഷ് അപ്പോള്‍ മറ്റുള്ളവരോടു പറഞ്ഞു: "ദാരിദ്ര്യത്താലും ജീവിതക്ലേശങ്ങളാലും നിരാശയില്‍പ്പെട്ടു ചിലര്‍ രോഗികളായും മറ്റു ചിലര്‍ ആത്മഹത്യാ ചിന്തകള്‍ക്കടിപ്പെട്ടും വേറെ ചിലര്‍ മദ്യം കുടിച്ചു സുബോധം നഷ്ടപ്പെടുത്തി ജീവിതത്തില്‍ നിന്ന് ഒളിച്ചോട്ടം നടത്തിയും നാശത്തിലേക്കു വഴുതിവീഴുന്നതു കണ്ടു യേശു അവരെ ആശ്വസിപ്പിച്ചു പറഞ്ഞതു ഞാന്‍ കേട്ടു.
യേശു പറഞ്ഞു: എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും എന്ന് ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങള്‍ ആകുലരാകേണ്ട. ഉത്കണ്ഠ മൂലം ആയുസ്സിന്‍റെ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂ ട്ടാന്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗീയപിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. അതിനാല്‍ നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്. ഓരോ ദിവസത്തിനും അതതിന്‍റെ ക്ലേശം മതി."
അക്കീഷ് പറഞ്ഞതു കേട്ടപ്പോള്‍ ഒരുവന്‍ പറഞ്ഞു: "ഒരു ദൈവമകനു മാത്രമേ ഇങ്ങനെ പറയാന്‍ കഴിയൂ."
"യേശു അറിവുള്ളവനാണ്. ജനങ്ങളെ തുല്യരായി കണ്ടു നീതി നടത്താന്‍ കഴിവുള്ളവന്‍.
നമ്മുടെ പൂര്‍വികര്‍ വെറും ആട്ടിടയനായിരുന്ന ദാവീദിനെ രാജാവാക്കി. അവന്‍റെ കുലത്തില്‍ ജനിച്ച യേശു അവനേക്കാള്‍ അറിവും ആജ്ഞാശക്തിയും ഉള്ളവന്‍. അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കുന്ന അവന്‍ മോശയേക്കാളും ശക്തന്‍. നമുക്ക് അവനെ രാജാവാക്കണം" – മറ്റൊരുവന്‍ പറഞ്ഞു.
ജോസഫ് ജനങ്ങളുടെ സംസാരം സ്വന്തം ഹൃദയത്തില്‍ സംഗ്രഹിച്ചു. അവന്‍ സത്രത്തിലെ വിശ്രമത്തിനുശേഷം വീണ്ടും യാത്ര പുറപ്പെട്ടു.
ജോസഫ് യാത്ര ചെയ്ത് യൂദയായില്‍ എലിസബത്ത് താമസിക്കുന്ന ഭവനാങ്കണത്തിലെത്തിയപ്പോള്‍ സഖറിയാ അച്ചന്‍റെ അനുജന്‍ ഏലിയാസര്‍ ഇറങ്ങിവന്നു ജോസഫിനെ സ്വീകരിച്ചു: "വരൂ."
ജോസഫ് തിരക്കി: "ഇളയമ്മ എവിടെ?"
"ചേച്ചി മുറിക്കുള്ളില്‍ ദുഃഖിച്ചു കിടക്കുകയാണ്. യോഹന്നാന്‍റെ മരണം അവരെ തളര്‍ത്തിയിരിക്കുന്നു."
ദൈവം ഇളയമ്മയുടെ മനസ്സിനു ശാന്തി നല്കട്ടെ"- ജോസഫ് പ്രാര്‍ത്ഥനാപൂര്‍വം പറഞ്ഞു.
അവന്‍ ഏലിയാസറിനോടൊപ്പം എലിസബത്തിന്‍റെ മുറിയിലെത്തി എലിസബത്തിനെ വിളിച്ചു: "ഇളയമ്മേ!"
ജോസഫിന്‍റെ വിളിയൊച്ച കേട്ട് എലിസബത്ത് തലയുയര്‍ത്തി നോക്കി. ജോസഫിനെ കണ്ടപ്പോള്‍ അവര്‍ ദുഃഖം സഹിക്കാതെ പൊട്ടിക്കരഞ്ഞു.
ജോസഫ് എലിസബത്തിനെ നോക്കിനില്ക്കെ ചിറകു രണ്ടും മുറിച്ചുനീക്കി രക്തം വാര്‍ന്നൊഴുകുന്ന ഒരു പ്രാവിന്‍റെ ദയനീയ ചിത്രം അവന്‍റെ മനസ്സില്‍ ഒരു നിമിഷം തെളിഞ്ഞു. എന്തു പറഞ്ഞാണ് എലിസബത്തിനെ സമാധാനിപ്പിക്കുക? അവന്‍റെ മനസ്സു പിടഞ്ഞു.
അവന്‍ പറഞ്ഞു: "ഇളയമ്മ എഴുന്നേല്ക്കൂ. നമ്മുടെ യോഹന്നാന്‍ ജീവിച്ചതും മരിച്ചതും ദൈവവിളിയനുസരിച്ചാണ്. ഇളയമ്മയ്ക്ക് ആ പുണ്യാത്മാവിന്‍റെ അമ്മയാകാന്‍ ഭാഗ്യം ലഭിച്ചു. ഇളയമ്മ ഇനിയും കരയരുത്."
"എന്‍റെ കുഞ്ഞിനോട് അവരിതു ചെയ്തല്ലോ!" – അവര്‍ വിങ്ങിപ്പൊട്ടിക്കരഞ്ഞു.
"ഈ ലോകത്തിന്‍റെ മക്കള്‍ തെറ്റും ശരിയും നോ ക്കിയല്ല പ്രവര്‍ത്തിക്കുന്നത്. നാം ദൈവത്തിന്‍റെ മക്കളാ. ദൈവത്തിന്‍റെ മക്കള്‍ക്കു മറ്റുള്ളവരോടു ക്ഷമിക്കാന്‍ കഴിയും. ഇളയമ്മ നമ്മളോടു തെററു ചെയ്തവരോടു ക്ഷമിക്കൂ" – ജോസഫ് എലിസബത്തിന്‍റെ അടുത്തിരുന്നു. അവര്‍ സ്നേഹപൂര്‍വം ഇളയമ്മയുടെ കരം പിടിച്ചുകൊണ്ടു പറഞ്ഞു: "ഞാന്‍ ഇപ്പോള്‍ വന്നത് ഇളയമ്മയെ നസ്രത്തിലേക്കൂ കൂട്ടിക്കൊണ്ടു പോകാനാണ്."
"എന്‍റെ മോനേ! എനിക്കു തീര്‍ത്തും വയ്യ; നടക്കാനും വയ്യ."
"നമുക്കു കുതിരവണ്ടിയില്‍ പോകാം" – ജോസഫ് പറഞ്ഞു.
"ഒരു യാത്ര ഇനി എന്നെക്കൊണ്ടാവില്ല."
"ഇളയമ്മ എന്നെ നിരാശപ്പെടുത്തുകയാണോ?" – അവന്‍ ചോദിച്ചു.
"എന്‍റെ മനസ്സു നിങ്ങളോടൊപ്പമുണ്ട്. എന്നെ അന്വേഷിച്ചതിനു നിങ്ങള്‍ക്കു നന്ദി. ഞാന്‍ ഇനി എന്‍റെ ഭര്‍ത്താവിന്‍റെ വീട്ടുകാരുടെ അടുത്തുനിന്നു മറ്റെങ്ങോട്ടുമില്ല."
"ഞാന്‍ ഇളയമ്മയെ നസ്രത്തിലേക്കു കൊണ്ടുപോയിട്ടു പിന്നീട് ഇങ്ങോട്ടു കൊണ്ടുവന്നുവിടാം. അന്ന അമ്മയ്ക്കും മറിയത്തിനും ഇളയമ്മയെ കാണണമെന്നു പറഞ്ഞു"-ജോസഫ് പറഞ്ഞു.
"മോന്‍ ഒരു കാര്യം ചെ യ്യൂ. ഞാന്‍ അവരെയൊക്കെ ഓര്‍ത്തു പ്രാര്‍ത്ഥിക്കുന്നുണ്ടെന്നു പറഞ്ഞേക്കുക."
"ഇളയമ്മ എന്നോടൊപ്പം വന്നില്ലെങ്കില്‍ അവര്‍ക്കൊക്കെ വിഷമമാകും."
"ഇനി ഒരു യാത്രയ്ക്കു ഞാനില്ല. ഞാന്‍ അവരെ അന്വേഷിച്ചു എന്നു പറഞ്ഞേക്കുക."
ജോസഫ് നിര്‍ബന്ധിച്ചി ട്ടും എലിസബത്ത് വരാന്‍ തയ്യാറാകുന്നില്ലെന്നു കണ്ടപ്പോള്‍ പിന്നെ നിര്‍ബന്ധിച്ചില്ല.
ഏലിയാസര്‍ പറഞ്ഞു: "എലിസബത്ത് ചേച്ചിക്കു കുറച്ചു ദിവസങ്ങളായിട്ടു ക്ഷീണമാ; മിക്കപ്പോഴും കിടപ്പാ."
"മരുന്നു കഴിക്കുന്നില്ലേ?"
"ഉണ്ട്."
"ഒരേ കിടപ്പു കിടക്കരുത്. കഴിയുമെങ്കില്‍ ഇടയ്ക്കൊക്കെ എഴുന്നേറ്റു നടക്കണം. ശരീരാരോഗ്യത്തിന് അങ്ങനെ ചെയ്യുന്നതു നല്ലതാ" – ജോസഫ് അഭിപ്രായപ്പെട്ടു.
"ഓ! ഇനി എനിക്കെന്തിനാ ആരോഗ്യം? ഞാന്‍ ഇനി ഒരു നിമിഷം മുമ്പേ മരിച്ചാല്‍ അത്രയും നല്ലത്" – ഇളയമ്മ പറഞ്ഞു.
"ആരാ മരണമൊക്കെ നിശ്ചയിക്കുന്നത്? ദൈവത്തിനാ അതിനുള്ള അവകാശം. അതുകൊണ്ട് ഇളയമ്മ അക്കാര്യമൊന്നും ചിന്തിക്കേണ്ട"- ജോസഫ് ഓര്‍മിപ്പിച്ചു.
അവന്‍ കുറച്ചു സമയം ഇളയമ്മയോടു സംസാരിച്ചിരുന്നതിനുശേഷം ഏലിയാസറും കുടുംബവും നല്കിയ സ്നേഹവിരുന്നില്‍ പങ്കുകൊണ്ടു. പിന്നീട് എല്ലാവരോടും യാത്ര പറഞ്ഞു പുറപ്പെട്ടു.
ജോസഫ് ഏതാനും ഗ്രാമങ്ങള്‍ പിന്നിട്ടപ്പോള്‍ വഴിയിലൂടെ അവനെതിരെ വന്ന സഞ്ചാരി അയാള്‍ വന്ന ഒട്ടകത്തെ അവന്‍റെ വണ്ടിക്കു മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്തി.
ജോസഫ് തലയുയര്‍ത്തി നോക്കി. ഒട്ടകത്തിന്‍റെ ജീനി പിടിച്ചു നടന്നുവന്ന ഒരു മനുഷ്യനും ഒട്ടകപ്പുറത്തു കയറിവന്ന ഒരു മനുഷ്യനും അവനെ ആകാംക്ഷയോടെ നോക്കുന്നു.
ഒട്ടകത്തിന്‍റെ ജീനി പിടിച്ചിരുന്ന മനുഷ്യന്‍ ജോസഫിനു നേരെ വണ്ടി നിര്‍ത്താന്‍ ആംഗ്യം കാണിച്ചു.
ജോസഫ് വണ്ടി നിര്‍ത്തി.
ഒട്ടകപ്പുറത്തിരുന്ന ആള്‍ ചോദിച്ചു: "കുതിരവണ്ടിയിലിരിക്കുന്നതു നസ്രത്തുകാരന്‍ ജോസഫ് അല്ലേ?"
"അതെ"- ജോസഫ് പറഞ്ഞു.
"എന്‍റെ മകന്‍ നിങ്ങള്‍ മൂലം കൊല്ലപ്പെട്ടു. ഞാന്‍ അന്നു മുതല്‍ നിങ്ങളെ ഒന്നു കാണണമെന്നു വിചാരിക്കുന്നതാ. ഇറങ്ങൂ; എനിക്കു നിങ്ങളോടല്പം സംസാരിക്കാനുണ്ട്."
അപരിചിതനായ ആ മനുഷ്യന്‍ അതു പറഞ്ഞപ്പോള്‍ ജോസഫിന്‍റെ മനസ്സില്‍ ചിന്തകളുടെ വേലിയേറ്റമുണ്ടായി. താന്‍ മൂലം ഇയാളുടെ മകന്‍ കൊല്ലപ്പെട്ടെന്നോ? താന്‍ ഒരാളെയും കൊന്നിട്ടില്ല. കൊല്ലാന്‍ ആഗ്രഹിച്ചിട്ടില്ല. കൊല്ലാന്‍ കൂട്ടുനിന്നിട്ടുമില്ല. പാപം ചെയ്യാന്‍ ഇടവരുത്തരുതേ എന്നു താനെന്നും പ്രാര്‍ത്ഥിക്കുന്നവനാണ്. പിന്നെന്തേ ഇയാള്‍ ഇങ്ങനെ പറയുന്നു? ഇയാള്‍ക്ക് ഒരുപക്ഷേ, ആളു തെറ്റിയതാകും; ജോസഫ് വിചാരിച്ചു.
ജോസഫ് വണ്ടിയിലിരുന്നുകൊ ണ്ട് അപരിചിതനോടു ചോദിച്ചു: "നിങ്ങള്‍ എന്താണ് ഈ പറയുന്നത്? നിങ്ങളുടെ മകന്‍ ഞാന്‍ മൂലം കൊല്ലപ്പെട്ടെന്നോ? എന്ന്? എങ്ങനെ?"
"മുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പു നിങ്ങളുടെ മകനായ യേശുവിനെ കൊല്ലാന്‍ വന്ന ഹേറോദേസിന്‍റെ പടയാളികള്‍ എന്‍റെ ഒന്നര വയസ്സുണ്ടായിരുന്ന കുഞ്ഞിനെ നിഷ്കരുണം വധിച്ചു.
ജോസഫിനു കാര്യം മനസ്സിലായി. അവന്‍ പറഞ്ഞു: "സഹോദരാ! ആ പാപത്തില്‍ എനിക്കു പങ്കില്ല."
"ജോസഫേ, എനിക്കതറിയാം. ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തിയതല്ല. ഞാന്‍ യേശുവിന്‍റെ വളര്‍ച്ചയില്‍ സന്തോഷിക്കുന്നവനാ" – അപരിചിതന്‍ അറിയിച്ചു.
ഒട്ടകത്തിന്‍റെ ജീനി പിടിച്ചിരുന്ന മനുഷ്യന്‍ പറഞ്ഞു: "ചേട്ടന് എന്നെ മനസ്സിലായോ? ഞാന്‍ റെഗുവേലാ. ഉണ്ണി പിറന്നപ്പോള്‍ നിങ്ങള്‍ക്കടുത്തു കൂട്ടിരുന്ന ആട്ടിടയന്‍" – ജോസഫ് സൂക്ഷിച്ചു നോക്കി.
അതെ. അയാള്‍ തന്നെ; റെഗുവേല്‍!
ജോസഫ് വണ്ടിയില്‍ നിന്നിറങ്ങി അടുത്തു ചെന്നു പറഞ്ഞു: "എനിക്ക് ആളെ പെട്ടെന്നു മനസ്സിലായില്ല. നമ്മള്‍ തമ്മില്‍ കണ്ടിട്ടു മുപ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നല്ലോ. നമ്മള്‍ തമ്മില്‍ വീണ്ടും കാണാന്‍ ദൈവം അവസരമൊരുക്കിയല്ലോ; ദൈവത്തിനു സ്തുതി."
റെഗുവേല്‍ പറഞ്ഞു: "ഈ വണ്ടിയിലിരിക്കുന്നത് എന്‍റെ യജമാനനാണ്; ഹാരുംചേട്ടന്‍."
ഹാരും പറഞ്ഞു: "ഞാന്‍ നിങ്ങളെ തിരിച്ചറിഞ്ഞത് ഈ റെഗുവേല്‍ പറഞ്ഞിട്ടാണ്. ഞാന്‍ യേശുവിന്‍റെ വിശേഷങ്ങള്‍ അറിയുന്നുണ്ട്. അന്ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്‍റെ ദേശത്തു വസിച്ചിരുന്നവരുടെ മേല്‍ പ്രകാശം ഉദിച്ചു എന്ന് ഏശയ്യാ പ്രവാചകന്‍ പറഞ്ഞതു യേശുവിനെക്കുറിച്ചാണെന്നു ജനം പറയുന്നു. യേശുവിനെ ഇസ്രായേലിന്‍റെ രാജാവായി വാഴിക്കാന്‍ ജനം തയ്യാറാ" – അയാള്‍ വണ്ടിയില്‍ നിന്നിറങ്ങി.
അയാള്‍ ജോസഫിന്‍റെ അടുത്തു വന്നു നിന്നുകൊണ്ടു സ്വകാര്യമായി പറഞ്ഞു: "എനിക്കു ജോസഫിനോട് ഒരു സ്വകാര്യം പറയാനുണ്ട്."
അയാള്‍ക്ക് എന്താകും തന്നോടു പറായനുള്ളത്? ജോസഫ് അതറിയാനുള്ള ആകാംക്ഷയോടെ വണ്ടിയില്‍ നിന്നിറങ്ങി.
ഹാരും ജോസഫിനെ വിളിച്ചു മാറ്റിനിര്‍ത്തി സ്വകാര്യമായി പറ ഞ്ഞു: "ഹേറോദേസ് യേശുവിനെ കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതു ഹേറോദേസാ."
ജോസഫ് ജിജ്ഞാസയോടെ ചോദിച്ചു: "ഹേറോദേസ് കൊല്ലപ്പെട്ടതാണെന്നോ!? എങ്ങനെ?"
അയാള്‍ ശബ്ദം താഴ്ത്തി പറ ഞ്ഞു: "പുറത്തറിയരുത്. നിങ്ങളുടെ മകനെ കൊല്ലാന്‍ വേണ്ടി അയാള്‍ ബേത്ലഹേമിലെ കുഞ്ഞുങ്ങളെ കൊന്നു. ഞങ്ങളതിനു പകരം വീട്ടി. ഞങ്ങള്‍ അയാളുടെ പാനിയത്തില്‍ വിഷം കലര്‍ത്തി. എന്‍റെ ചാര്‍ച്ചക്കാരനായ പാനിയവാഹകനെക്കൊണ്ടു ഞാനതു ചെയ്യിച്ചു. ഹേറോദേസ് ആ വേട്ടക്കാലത്ത് എന്‍റെ കുഞ്ഞിനെയും കൊന്നിരുന്നു."
ജോസഫ് നടുങ്ങി. അവന്‍ പറഞ്ഞു: "നിങ്ങള്‍ ചെയ്തതു തെറ്റാണ്. മരിച്ചവരെ ഉയിര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കു കൊല്ലാനുള്ള അവകാശമില്ല. വിരോധം തീര്‍ക്കാന്‍ കൊന്നതു പാപമാണ്. നിങ്ങള്‍ക്കു രക്ഷ കിട്ടാന്‍ യഹോവയുടെ കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്ക്."
ഹാരും കുറച്ചു സമയം ചിന്താമൂകനായി നിന്നു. പിന്നീടു തലകുനിച്ചുകൊണ്ടു പറഞ്ഞു: "ഇപ്പോള്‍ എന്‍റെ തെറ്റു ഞാന്‍ മനസ്സിലാക്കുന്നു. എന്നെ അന്നു നയിച്ചതു നീതിബോധമല്ല; വിരോധംതന്നെയാണ്; ഞാന്‍ പാപിയാണ്."
"ഹാരുമിന്‍റെ പാപബോധം ഹാരുമിനെ രക്ഷിക്കട്ടെ. നിഷ്കളങ്കനായ ആബേലിനെ കൊന്ന കായേന്‍ അനുതപിച്ചു ദൈവത്തോടു മാപ്പിരന്നപ്പോള്‍ ദൈവം അവനോടു കരുണ കാണിച്ചു. കായേനെ മറ്റാരും കൊല്ലാതിരിക്കാന്‍ ദൈവം അവന്‍റെ മേല്‍ ഒരു അടയാളം പതിച്ചുവിട്ടു. അതുകൊണ്ടു ഹാരും സമാധാനത്തോടെ പൊയ്ക്കൊള്ളുക."
"ഞാന്‍ ജോസഫിനോടു പറഞ്ഞ കാര്യം പുറത്തു പറഞ്ഞാല്‍ അവര്‍ എന്നെ വധിക്കും. അതുകൊണ്ട് ഇതു മറ്റാരോടും പറയരുത്" – ഹാരും ആവശ്യപ്പെട്ടു.
"ഇല്ല; ഞാനിത് ആരോടും പറയുകയില്ല."
ഹാരും പറഞ്ഞു: "ജോസഫ്, നിന്‍റെ മകനെ കൊല്ലാന്‍ നടന്ന ഹേറോദേസിനോടു നീ ക്ഷമിച്ചല്ലോ. നീ ഒരു വിശുദ്ധനാണ്; ജീവിക്കുന്ന വിശുദ്ധന്‍!"
"വരൂ ഹാരും; നമുക്കു പോകാം" – റെഗുവേല്‍ യജമാനനെ വിളിച്ചു.
"ഞങ്ങള്‍ പൊയ്ക്കോട്ടെ" – ഹാരും യാത്ര ചോദിച്ചു.
"ഉം. ഞാനും പോകുകയാണ്" – ജോസഫ് പറഞ്ഞു.
ഹാരും ജോസഫിനെ തലകുനിച്ചു വണങ്ങിയിട്ടു ഒട്ടകപ്പുറത്തു കയറി യാത്ര തുടര്‍ന്നു.
ജോസഫ് കുതിരവണ്ടിയില്‍ കയറി യാത്ര പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഏതാനും പേര്‍ അതുവഴി വേഗത്തില്‍ നടന്നുവരുന്നത് അവന്‍ കണ്ടു.
ജോസഫ് വണ്ടിയില്‍ കയറാതെ വന്നവരോടു തിരക്കി: "നിങ്ങളെന്താ വേഗത്തില്‍ പോകുന്നത്?"
"നിങ്ങളതറിഞ്ഞില്ലേ? ഇതാ ഇവിടെ അടുത്ത് ഒരു കത്തിക്കുത്തു നടന്നിരിക്കുന്നു. ബാറാബാസ് എന്നൊരുവന്‍ കുടിച്ചുന്മത്തനായി ഒരാളെ കുത്തിക്കൊന്നു. ഞങ്ങളതറിഞ്ഞ് അവരെ കാണാന്‍ പോകുകയാ" – വഴിപോക്കരിലൊരുവന്‍ പറഞ്ഞു.
"ബറാബാസോ? എന്താ കാരണം?" – ജോസഫ് തിരക്കി.
"ബറാബാസ് കള്ളനും പിടിച്ചുപറിക്കാരനും റൗഡിയുമാ. വീഞ്ഞു കടയില്‍നിന്നു റൗഡിപങ്കായി വീഞ്ഞു ലഭിക്കാത്തതിനു ബാറാബാസ് ബഹളമുണ്ടാക്കി. പണം നല്കിയാല്‍ മാത്രം വീഞ്ഞു കൊടുത്താല്‍ മതിയെന്നു കടയുടമ പറഞ്ഞിരുന്നു. അതുകൊണ്ടു വില്പനക്കാരന്‍ ബാറാബാസിനു വീഞ്ഞു നല്കിയില്ല. ഞാന്‍ വീഞ്ഞു ചോദിച്ചാല്‍ നിനക്കു തന്നുകൂടെ എന്നാക്രോശിച്ചുകൊണ്ടു ബാറാബാസ് വില്പനക്കാരനെ മര്‍ദ്ദിച്ചു. ബഹളം കേട്ടു കടയുടമയെത്തി. കടയുടമ ബാറാബാസിനെ കഴുത്തിനു പിടിച്ചു തള്ളി കടയില്‍ നിന്നു പുറത്താക്കി. ബാറാബാസ് എളിയില്‍ കരുതിയിരുന്ന കത്തിയൂരി കടയുടമയെ കുത്തി. കുത്തേറ്റ് അയാള്‍ മരിച്ചു. ഭടന്മാര്‍ വന്നു ബാറാബാസിനെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഞങ്ങള്‍ സംഭവസ്ഥലത്തേയ്ക്കു പോകുകയാ" – ഒരാള്‍ പറഞ്ഞു.
"നോക്കണേ! ദൈവചിന്തയില്ലാത്ത മനുഷ്യന്‍ കുടിച്ചു ലഹരിക്കടിപ്പെട്ടു മൃഗങ്ങളെപ്പോലെ പെരുമാറുന്നു" – ജോസഫ് പറഞ്ഞു.
"വഴി തെറ്റി ജീവിച്ച ബാറാബാസിനെ നമ്മുടെ ഗുരുക്കന്മാര്‍ പ്രത്യേകം ശ്രദ്ധിച്ച് ഉപദേശിച്ചിരുന്നെങ്കില്‍ അവന്‍ ഈ വിധം പാപക്കുഴിയില്‍ കിടക്കില്ലായിരുന്നു. യേശുവിനെ കല്ലെറിയാന്‍ ഫരിസേയരും നിയമജ്ഞരുംകൂടി ബാറാബാസിനെ ചുമതലപ്പെടുത്തിയ ദിവസം ഞാനവന്‍റെ മനസ്സ് വായിച്ചതാ" – മറ്റൊരുവന്‍ പറഞ്ഞു.
"യേശു ഈ യൂദയാ ദേശത്തു വന്നു മാറാതെ നിന്നു പ്രവര്‍ത്തിച്ചാല്‍ ഈ നാട്ടിലെ തെമ്മാടികള്‍ക്കൊരു മനംമാറ്റം വന്നേനെ" – മറ്റൊരുവന്‍ പറഞ്ഞു.
"യേശു ജെറുസലേമിലേക്ക് അടുത്ത ദിവസം വരും. യേശുവിന്‍റെ പ്രധാന ശിഷ്യനായ പത്രോസ് അതു പറഞ്ഞു" – ഒരു യുവാവ് അറിയിച്ചു.
"മോന്‍റെ വീടെവിടെയാ?" – ജോസഫ് തിരക്കി.
"ജെറുസലേമിനടുത്ത്; ജെറുസലേമിന്‍റെ കിഴക്കുള്ള ബഥാനിയായില്‍" – യുവാവ് പറഞ്ഞു.
"യേശുവിനെ അറിയുമോ?" – ജോസഫ് ചോദിച്ചു.
"അറിയും. ജോര്‍ദ്ദാന് അക്കരെയുള്ളതും യോഹന്നാന്‍ വന്നു താമസിച്ചിരുന്നതുമായ ഗ്രാമത്തില്‍ വച്ചു ഞാന്‍ യേശുവുമായി പരിചയപ്പെട്ടു. അന്നുമുതല്‍ ഞങ്ങള്‍ വളരെ അടുപ്പത്തിലാണ്" – യുവാവ് അഭിമാനത്തോടെ പറഞ്ഞു.
"ഒലിവുമലയുടെ കിഴക്കേ ചരുവിലുള്ള ബഥാനിയാ ഞാനറിയും; ഞാനതു വഴി വന്നിട്ടുണ്ട്" – ജോസഫ് പറഞ്ഞു.
"എനിക്കു നിങ്ങളെ മനസ്സിലായില്ലല്ലോ; ആരാണു നിങ്ങള്‍?" – ഒരാള്‍ ചോദിച്ചു.
"ഞാന്‍ യേശുവിന്‍റെ പിതാവാണ്" – ജോസഫ് പറഞ്ഞു.
"ദൈവമേ! ഇതു നേരോ! ഇതു യേശുവിന്‍റെ പിതാവായ ജോസഫ് തന്നെയോ!?"
"അതെ"- ജോസഫ് പ്രതിവചിച്ചു.
"പിതാവേ! സ്തുതി" – യുവാവ് ജോസഫിന്‍റെ കരം പിടിച്ചു ചുംബിച്ചു. എന്നിട്ടു സ്വയം പരിയപ്പെടുത്തി: "എന്‍റെ പേരു ലാസര്‍; യേശുവിന്‍റെ സ്നേഹിതന്‍. യേശുവിനെ രാജാവായി വാഴിക്കണമെന്നാ ഞങ്ങളുടെ തീരുമാനം. യേശു ബഥാനിയായില്‍ വന്നിരുന്ന നാളുകളില്‍ അവനു താമസസ്ഥലമൊരുക്കിയിരുന്നതു ഞാനാണ്."
അങ്ങനെ പറഞ്ഞുനില്ക്കേ റോമന്‍ ഭടന്മാര്‍ ബാറാബാസിനെ വിലങ്ങണിയിച്ചു കുതിരവണ്ടിയിലിരുത്തി അവര്‍ക്ക് അടുത്തുകൂടി ജെയിലിലേക്കു കൊണ്ടുപോയി.
അവര്‍ കടന്നുപോയി കഴിഞ്ഞപ്പോള്‍ ജോസഫ് ആരോടെന്നില്ലാതെ പറഞ്ഞു: "ഞാനിനി പോകുകയാണ്."
"ദൈവം ജോസഫ് പിതാവിനെ കാത്തു രക്ഷിക്കട്ടെ." – ലാസര്‍ യാത്രാമംഗളം ആശംസിച്ചു.
ജോസഫ് യൂദയായിലെ ഈ യാത്രയ്ക്കിടയില്‍ കണ്ടതും കേട്ടതുമായ സംഭവങ്ങള്‍ ഓര്‍ത്തുകൊണ്ടു ഗലീലിയായിലേക്കു മടങ്ങി.
(തുടരും)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org