ജിരൂദ്

ജിരൂദ്

കഥ

ജിന്‍സണ്‍

ഒരു അത്താഴവിരുന്ന് ആയിരുന്നു അത്. എല്ലാവരും പരസ്പരം അഭിനന്ദിച്ചു. ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്ക്കാരം ചാര്‍ത്തുന്നതിലും വലുതായി എന്താണുള്ളത്? ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളസ് സര്‍സാക്കി തന്‍റെ പ്രസംഗത്തില്‍ പറഞ്ഞത് ഒരു കാര്യം മാത്രം:

'നിങ്ങള്‍ രാജ്യത്തിന്‍റെ യശസ്സ് ഉയര്‍ത്തി. ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ അതിജീവനത്തിന്‍റെ പാതയിലാണ്. അതുകൊണ്ടുതന്നെ ഈ ലോകകപ്പ് വിജയം നമ്മളെ ഒരുപാട് മുന്നോട്ട് നയിക്കും.'

അടുത്ത ഊഴം ഫ്രാന്‍സിന്‍റെ കോച്ചിന്‍റേതായിരുന്നു. കോച്ച് പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കളിക്കാരുടെ കണ്ണുകള്‍ സജലങ്ങളായി. ആ ദൃശ്യം തന്നെ കോച്ചും കളിക്കാരും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതായിരുന്നു. അദ്ദേഹം ഒരു പുഞ്ചിരിയോടെ തുടങ്ങി, 'ഈ ലോകകപ്പ് നമുക്ക് അവിസ്മരണീയമായ അനുഭവമാണ് എല്ലാ കളിയിലും നമ്മള്‍ക്ക് മുന്‍തൂക്കമുണ്ടായിരുന്നു. എല്ലാ ദേശത്തും വന്ന നമ്മുടെ കളിക്കാര്‍ തമ്മില്‍ സഹോദരന്മാരെ വെല്ലുന്ന ബന്ധമുണ്ടായി. നിങ്ങള്‍ എല്ലാവരും തന്നെ യുവാക്കളാണ്. അതുകൊണ്ടുതന്നെ ഈ ടീമില്‍ ഇനിയും നമുക്ക് ഒരുപാട് പ്രതീക്ഷിക്കാന്‍ ഉണ്ട്. എംബാംപേ പോലുള്ള പുതിയ താരോദയങ്ങള്‍ ഉണ്ടായിരിക്കുന്നു. ലോക ചാമ്പ്യന്മാര്‍ എന്ന ടൈറ്റിലില്‍ ഒരു അര്‍ത്ഥമേയുള്ളു നമ്മുടെ പേര് കേള്‍ക്കുമ്പോള്‍ എതിരാളികള്‍ക്ക് ഒരു ഉള്‍ക്കിടിലം തോന്നണം. അത് ജനിപ്പിക്കുന്നവന്‍ ചാമ്പ്യന്‍. വരുംവര്‍ഷങ്ങളിലും ഈ ഉള്‍ക്കിടിലത്തിന്‍റെ തേരോട്ടം നമ്മള്‍ നടത്തും ഇല്ലേ മക്കളെ?'

കോച്ചിന്‍റെ വിളിയുടെ മാധുര്യത്തില്‍ കളിക്കാര്‍ പരസ്പരം എഴുന്നേറ്റ് കെട്ടിപ്പിടിച്ചു. വിശിഷ്ട അതിഥികള്‍ കൈയ്യടിച്ചു. അത്താഴ വിരുന്ന് പൂര്‍ത്തിയാക്കി ഏവരും മടങ്ങി.

മുറിയില്‍ ഷാംപെയിന്‍ കുപ്പികള്‍ പൊട്ടുമ്പോഴും ആഘോഷത്തിന് ഗ്രാഫ് കൂടുമ്പോഴും ഒരാള്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് അകന്നു നില്ക്കുകയായിരുന്നു. കോച്ച് അയാളെ ശ്രദ്ധിച്ചു പിന്നെ അയാളെ തോളില്‍ തട്ടി വിളിച്ചു.

'ജിരൂദ്'

ജിരൂദ് തിരിഞ്ഞുനോക്കി. പ്രായത്തിന്‍റെ കിതപ്പും അതേ പ്രായത്തിന്‍റെ തീഷ്ണതയും ആ കണ്ണുകളില്‍ നിഴലിച്ചിരുന്നു.

എന്താ സാര്‍

'നീ എന്താ ധൂര്‍ത്തപുത്രന്‍ ഉപമയിലെ മൂത്തപുത്രനായ പോലെ മാറി നില്ക്കുന്നത്?'

ഞാന്‍, പിന്നെ എന്താണ് ചെയ്യേണ്ടത്?

ഒരു ഗോള്‍ പോലും അടിക്കാതെ ടീമിനെ നശിപ്പിച്ചവന്‍ എന്ന പേരുകൊണ്ട് കപ്പില്‍ ചുംബിച്ച എന്‍റെ വേദന അങ്ങേക്കറിയില്ല… എന്നെ എന്തിന് ഒരു ഫോര്‍വേഡ് ആക്കി?

കോച്ച് പുഞ്ചിരിച്ചു 'നീ വാ നമുക്ക് നടക്കാന്‍ പോകാം.'

'അങ്ങയുടെ കൂടി നടന്നാണ് ഞാന്‍ ഈ വഴിയില്‍ എത്തിയത്.'

'നമുക്ക് ഒരാളെ കാണണം.'

ജിരൂദും കോച്ചും നടക്കാന്‍ തുടങ്ങി. വഴിയില്‍ മുഴുവന്‍ ലില്ലി പ്പൂക്കള്‍ നിറഞ്ഞിരുന്നു.

'നീ പൂക്കള്‍ കാണുന്നുണ്ടോ ജിരൂദ്?'

'ഏതു പൂക്കള്‍?' അവന്‍ ചോദിച്ചു

ഉടന്‍ കോച്ച് പറഞ്ഞു,

'ഈ വഴിയില്‍ മുഴുവന്‍ ലില്ലിപ്പൂക്കള്‍ ആണ് ജിരൂദ്. രാത്രി ആയതുകൊണ്ടാണ് നിനക്കത് കാണാന്‍ സാധിക്കാത്തത് അതുപോലെ ഒരു ലില്ലിയാണ് നീ.'

'ഞാനെങ്ങനെയാണ് ലില്ലിയാകുന്നത്?'

നമ്മുടെ കണ്ണിലെ അന്ധകാരം മാറ്റിയാല്‍ ഞാന്‍ നിന്നോട് പറഞ്ഞ കളിയുടെ രഹസ്യം നിനക്കും മനസ്സിലാക്കാന്‍ പറ്റും.

ദൈവം ഈ ഭൂമിയില്‍ പാഴായി ഒന്നും സൃഷ്ടിച്ചിട്ടില്ല. ഒരുപാട് കഴിവുകളുള്ള എന്നെ എന്തിന് ഒരുപാഴ് ലില്ലി ആക്കിമാറ്റി? അവന്‍ മുഖം പൊത്തി കരഞ്ഞു

നടന്ന് ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോള്‍ കോച്ച് ജിരൂദിനോട് പറഞ്ഞു 'നമ്മളെ കാത്ത് ഒരാള്‍ പാര്‍ലറില്‍ ഇരിപ്പുണ്ട്.'

അവര്‍ പാര്‍ലറില്‍ ചെന്നപ്പോള്‍ ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍സാക്കി അവിടെ ഇരിപ്പുണ്ടായിരുന്നു പ്രസിഡന്‍റ് പുഞ്ചിരി തൂകിക്കൊണ്ട് ചോദിച്ചു,

'എന്താ ജിരൂദ് മടുത്തോ?'

അവനീ കാഴ്ചയൊന്നും വിശ്വസിക്കാനേ സാധിക്കുമായിരുന്നില്ല. അതുകൊണ്ടാവും അവന്‍ പറഞ്ഞു,

'അങ്ങ് എന്നെ കാത്തിരിക്കാന്‍ ഞാന്‍ ആരാണ്?. അയാള്‍ കരയാന്‍ തുടങ്ങി.

'എന്നാല്‍ ജിരൂദ് താങ്കള്‍ ഒരു കാര്യം കേള്‍ക്കണം. ഫ്രഞ്ച് ഗവണ്‍മെന്‍റിന് നല്കാന്‍ സാധിക്കുന്ന പുരസ്കാരമായ ലീജിയണ്‍ ഓഫ് ദി ഓണര്‍ പുരസ്കാരം ഈ വര്‍ഷം താങ്കള്‍ക്ക് ആണ്.'

അവന്‍റെ ചെവികളില്‍ ആ വാക്കുകള്‍ പലവട്ടം മുഴങ്ങി… ആ മുഖത്ത് എന്ത് വികാരം പ്രകടിപ്പിക്കണമെന്ന് അവനറിയില്ലായിരുന്നു അവസാനം അത് ഒരു പൊട്ടിക്കരച്ചിലില്‍ അവസാനിച്ചു.. എന്തിനാണ് സാര്‍ എന്നെ ഇങ്ങനെ പരിഹസിക്കുന്നത്?

ഉടനെ ജിരൂദിന്‍റെ തോളില്‍ തട്ടി കോച്ച് പറയാന്‍ തുടങ്ങി.

'ഡിയര്‍ ജിരൂദ്. നീ ഒരു കാര്യം മനസ്സിലാക്കണം. നിന്നോട് ഗോള്‍ അടിക്കരുതെന്നാണ് ഞാന്‍ കണ്ടു തുടങ്ങിയപ്പോള്‍ മുതല്‍ പറഞ്ഞത്. അത് നിന്‍റെ പാത നിനക്ക് വ്യക്തമാക്കാന്‍ വേണ്ടിയാണ്. അവസരങ്ങള്‍ സൃഷ്ടിക്കുക അതുവഴി ബോക്സില്‍ ഭീഷണി നിലനിര്‍ത്തുക എന്നതായിരുന്നു നിന്‍റെ ലക്ഷ്യം. ഗോള്‍ അടിക്കുക എന്നതല്ല നമ്മുടെ ലക്ഷ്യം എങ്കില്‍ ഫുട്ബോള്‍ എന്ത് രസമാണെന്നോ… അതുവഴി പലരെയും ഗോള്‍ അടിപ്പിക്കാന്‍ നിനക്ക് സാധിച്ചു അതുകൊണ്ടുതന്നെ ഈ ലോകകപ്പ് നിന്‍റേതു മാത്രമാണ്.

ഉടനെ പ്രസിഡന്‍റ് പറഞ്ഞു

ഫുട്ബോള്‍ എന്നത് കോച്ചിന്‍റെ മനസ്സിലുള്ളത് കളിക്കളത്തില്‍ വരയ്ക്കുക എന്നത് മാത്രമാണ്. ഇദ്ദേഹത്തിന്‍റെ മനസ്സിലുള്ളത് നീ വരച്ചു എന്നത് എത്രകാലം കഴിഞ്ഞാലും ഞങ്ങള്‍ മറക്കില്ല. വെല്‍ഡണ്‍ മൈഡിയര്‍ ബോയി.

പ്രസിഡന്‍റ് ടിവി ഓണ്‍ ചെയ്തു അപ്പോള്‍ വൈസ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ സംസാരിക്കുന്നുണ്ടായിരുന്നു.

'ഈ വര്‍ഷത്തെ ലീജിയണ്‍ ഓഫ് ഇയര്‍ പുരസ്കാരം പ്രഖ്യാപിക്കുന്ന സമയമാണിത്. ഒരു ഗോള്‍ നേടുക എന്നതിനപ്പുറം ഫുട്ബോള്‍ മാച്ചിന് ചന്തമുണ്ട് എന്ന് നമ്മളെ പഠിപ്പിച്ച കളിക്കളത്തില്‍ ഒരു ഭ്രാന്തനെപോലെ കിട്ടിയ പന്തുകള്‍ എല്ലാം ഗോള്‍പോസ്റ്റിന് വെളിയില്‍ അടിച്ചുകളഞ്ഞ് ഒരുപാട് പഴി കേട്ട നമ്മുടെ പ്രിയ താരത്തിന്‍റെ പേര് ഇപ്പോള്‍ പ്രസിഡന്‍റ് പ്രഖ്യാപിക്കുന്നതാണ്..

പെട്ടെന്ന് തങ്ങള്‍ നിന്ന പാര്‍ലര്‍ ഒരു സ്റ്റുഡിയോ ഫ്ളോര്‍ ആയി മാറിയത് ജിരൂദ് അറിഞ്ഞു… പ്രസിഡന്‍റ് സംസാരിക്കാന്‍ തുടങ്ങി.

ജിരൂദ്. എന്‍റെ സമീപത്തു നില്ക്കുന്ന ഈ ജിരൂദിന് ലീജിയണ്‍ ഓഫ് ഓണര്‍ ഞാന്‍ സമ്മാനിക്കും. വിശുദ്ധരില്‍ ഹോളി ഫൂള്‍ എന്നൊരു സങ്കല്പമുണ്ട്. മനപ്പൂര്‍വം ചെറിയ തെറ്റുകള്‍ ചെയ്തു തങ്ങളുടെ വിശുദ്ധി കുറയ്ക്കുന്നു. എന്നാല്‍ അങ്ങനെ ചെയ്യുന്നതു വഴി അവര്‍ അവരുടെ വിശുദ്ധി കൂട്ടുകയാണ് ചെയ്തത്… ഇവിടെ നമ്മുടെ ജിരൂദും ഫുട്ബോളില്‍ ഹോളി ഫൂള്‍ ആയി മാറി… ഗോളടിക്കാതെ നിരന്തരം മറ്റു ടീമുകള്‍ക്ക് നിരന്തരം ഉള്‍ക്കിടിലം ഉണ്ടാക്കുന്നു. ഈ ഹോളി ഫൂളിന് ലീജിയണ്‍ ഓഫ് ഓണര്‍ സമ്മാനിക്കുന്നത് എനിക്കും വളരെ സന്തോഷം നല്കുന്നു.

ജിരൂദ് കോച്ചിനെ കെട്ടിപിടിച്ചു കൊണ്ട് ചെവിയില്‍ മന്ത്രിച്ചു,

'അപ്പോ ഇതായിരുന്നല്ലേ എന്നോട് കളിക്കാന്‍ പറഞ്ഞ കളി?'

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org