
മാത്യൂസ് ആര്‍പ്പൂക്കര
"ജോര്‍ജിച്ചേട്ടന്‍ മരിച്ചെന്നോ?…" അവിശ്വസനീയം!… ഫോണില്‍ ബോബി അറിയിച്ച നടുക്കുന്നവാര്‍ത്ത!…
പ്രതീക്ഷയുടെ ദിഗന്ത ങ്ങള്‍ തകരുന്നു!… മനസ്സി ന്റെ കൊട്ടാരങ്ങള്‍ ഇടിഞ്ഞുവീഴുന്നു!… ചീട്ടുകൊട്ടാരം പോലെ. കാറിന്റെ സ്റ്റിയറിംഗ് പിടിച്ച കൈകള്‍ വിറയ്ക്കുന്നു!… കാറാകെ വിറയ്ക്കുമ്പോലെ!…
മനസ്സിനും എന്തോ വിറയല്‍!…
നേര്‍രേഖ പോലെ നീ ളുന്ന ഹൈവേയ്ക്കു പുളച്ചില്‍!… കറുത്ത റിബ്ബണ്‍ കണക്കേ അത് ഉലയുന്നു. സംയമനത്തിന്റെ കെട്ടുകള്‍ പൊട്ടിപ്പോകുമോ?…
ആ മകളോട് എങ്ങനെ പറയും?… അപര്‍ണ എങ്ങ നെ സഹിക്കും? ജമ്മ എസ്‌തേറിനെ പപ്പയുടെ മടിയില്‍ വച്ചു അനുഗ്രഹം വാങ്ങാന്‍ ഊഴം നോക്കിയിരിക്കുന്ന മകള്‍!
നിമ്മി ജമ്മയെ ലാളിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തില്‍ അവള്‍ക്കു മറ്റൊന്നി ലും താല്പര്യമില്ലാത്തപോലെ. ഇതിനിടയില്‍ അപര്‍ ണ സാകൂതം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജിമ്മിച്ചാച്ചനു വന്ന ഫോണ്‍ കോള്‍. ജിമ്മിച്ചാച്ചന്റെ മുഖത്തെ ഭാവമാറ്റങ്ങള്‍!… ചിന്താകുലത!…
"ജിമ്മിച്ചാച്ചാ ആരാ വിളിച്ചേ?.. പപ്പേടെ വിശേ ഷം വല്ലതുമാണോ?.." അപര്‍ണ പിന്നിലിരുന്നു ഉദ്വോഗത്തോടെ ചോദിച്ചു.
"പെരുമ്പാവൂരെ ബോ ബിയാ വിളിച്ചത്…" ജിമ്മി നിസംഗതയോടെ തുടര്‍ ന്നു: "പപ്പേടെ കണ്ടീഷന്‍ ഇത്തിരി മോശമാ… നമ്മള് എവിടം വരെയായെന്നു ബോബി ചോദിക്കയാരു ന്നു… നമുക്കുടനേയങ്ങെത്താം…."
വാസ്തവം മറച്ചുവച്ചു ജിമ്മി അവളെ അറിയിച്ചു. എത്രയും വേഗം പറന്നങ്ങു എത്തിയാല്‍ മതിയായിരുന്നു. ചിന്തയിലാഴുമ്പോള്‍ അയാള്‍ വിചാരിച്ചുപോയി.
ജോര്‍ജിച്ചേട്ടന്റെ ജീവിതാവസാനം അത്ര ശുഭോദര്‍ക്കമായില്ല. മകള്‍ വരുത്തിവച്ച വഴിവിട്ട ബന്ധം സ്വതവേ രോഗിയായിരുന്ന ആ മനുഷ്യന്‍ ഒരു അഴിയാക്കുരുക്കായി മാറി. എത്ര പെട്ടെന്നു കാര്യങ്ങള്‍ കുഴ ഞ്ഞു മറിഞ്ഞു! ഒന്നര വര്‍ ഷത്തിനുള്ളില്‍ ആ ജീവി തം ഒരു ട്രാജഡിയായി പൊലിഞ്ഞു. ഒരുപക്ഷേ, നിര്‍ത്താതെയുള്ള മദ്യാസ ക്തി അതു പൊടുന്നനേ പൊലിയാന്‍ ആക്കംകൂട്ടി.
യൗവ്വനകാലത്തുതന്നെ നിന്റെ സ്രഷ്ടാവിനെ ഓര്‍ ത്തുകൊള്ളുക. ദുര്‍ദിനങ്ങ ളും കഷ്ടദിനങ്ങളും വരും മുമ്പേ… ഒന്നിലും താല്പ ര്യമില്ല എന്നു നീ പറയുന്ന കാലം അടുത്തുവന്നുകൊണ്ടിരിക്കുന്നു!… ഓര്‍മ്മയുടെ ചിമിഴിനുള്ളില്‍ നിന്നും കാഴ്ചപ്പാടുകളുടെ കിരണങ്ങള്‍ ചിറകടിച്ചു പറുന്നു. ഫീനിക്‌സ് പക്ഷികളെപ്പോലെ നീലകാശത്തിലേയ്ക്ക്.
ജീവിതം എത്ര ഹ്രസ്വം!… എത്ര നിസ്സാരം!… മാസങ്ങള്‍ക്കു മുമ്പ് എത്ര ചൊടിപ്പോടെ ഓടി നടന്ന ജോര്‍ജിച്ചേട്ടന്‍!… ഫിഷറീസ് ഡിപ്പാര്‍ട്ട് മെന്റിലെ ലാവണങ്ങളും എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് എന്ന സ്വപ്നതുല്യമായ വീടിന്റെ ഇടനാഴികളിലും ലഹരിപ്പൂക്കള്‍ വിടര്‍ത്തിക്കൊണ്ട് ക്ലബ്ബുകളിലെ നിശകളിലുമൊക്കെ എത്ര ചുറുചുറുക്കോടെ പ്രവര്‍ ത്തിച്ച മനുഷ്യന്‍!… എവിടെയാണ് വീഴ്ച പറ്റിയത്?.. ഭാര്യയേയും മക്കളേയും ശരിയായി കാണാന്‍ കഴിയാതെ പോയോ?…
എല്ലാം ഉണ്ടായിരുന്ന ഒരു മനുഷ്യന്‍ ഒരു സായാഹ്നത്തിലിതാ എല്ലാം ഇട്ടിട്ടുപോയി!… മരണമെന്ന മഹായാത്രയില്‍ നമ്മേ സഹായിക്കാന്‍ കര്‍മ്മഫലങ്ങള്‍ മാത്രം!… മരണനിമിഷം ഒരു കെണിപോലെ വന്നു വീഴും. ആര്‍ക്കും വീഴും. നാമെല്ലാവരും നിദ്രവിട്ടുണരണം. നല്ലതു ചെയ്തു ജീവിക്കണം. ജീവിച്ചു കാണിച്ചുകൊടുക്കണം!
ദൈവമേ!… എന്റെ കണ്ണുകള്‍ തുറക്കേണമേ!… ഭൂമിയിലെ നിന്റെ വരവും പോക്കും ഞാന്‍ കാണട്ടെ!…
ഭൂതകാലത്തെ അസ്വസ്ഥത കൂടാതെ കാണാനും ഭാവിയെ ആശങ്ക കൂടാതെ നിരീക്ഷിക്കാനും കഴിയുന്നവന്‍ ഭാഗ്യവാന്‍!… അതേ ഭാഗ്യം തേടാം…
അമേരിക്കയിലും നാട്ടി ലും യഥാവിധം കഴിയുന്ന നല്ലൊരു പ്രവാസി ജിമ്മി. ഇതിനോടകം ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചുകഴിഞ്ഞിരിക്കുന്നു. നല്ലൊരു അത്തിമര മാകാന്‍ ആഗ്രഹിച്ചുകൊണ്ട് സന്താനഭാഗ്യമില്ലാത്ത ആ മനുഷ്യന്‍ ഓര്‍ഫനേജിലെ സ്വ ന്തമല്ലാത്ത കുട്ടികളെ സ്വ ന്തമായി കണ്ട് സ്‌നേഹിച്ചു തുടങ്ങിയിരു ന്നു. അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റു മ്പോള്‍ ആത്മ സംതൃപ്തി നേടിയിരുന്നു.
ജിമ്മിയുടെ കാര്‍ ഹോസ്പിറ്റല്‍ പാര്‍ക്കിങ് ഏരിയാസ്ഥാനം പിടിച്ചു. ഐസിയുവിന്റെ ഭാഗത്തേയ്ക്കു ഓടിയണയാനായിരുന്നു അപര്‍ണയുടെ തിടുക്കം. അവിടെ പെരുമ്പാവൂരെ ബോബിച്ചാച്ചനും ബെറ്റിയാന്റിയും കാത്തുനില്പുണ്ടായിരുന്നു.
"ബെറ്റിയാന്റീ!… എന്റെ പപ്പാ!…" തേങ്ങിക്കൊണ്ടവള്‍ തിരക്കി: "പപ്പാ എവിടെയാണ്?…"
മറുപടി മൗനമായിരു ന്നു. നീണ്ട മൗനം! പിന്നേ ബെറ്റിയാന്റി അപര്‍ണയെ വാത്സല്യത്തോടെ അറിയിച്ചു.
"പൊന്നുമോളേ, നീ വിഷമിക്കരുത്… മോള്‍ക്കു ഞങ്ങളെല്ലാരുമുണ്ട്… എന്താണെങ്കിലും മോള് നല്ല മനക്കരുത്തോടെ ഫേസ് ചെയ്യണം…"
തീക്ഷ്ണതയുടെ തീപ്പൊരി!…
ഉദ്വേഗം കൊണ്ടു ചീര്‍ത്തഭാവം!…
അപര്‍ണ കുഞ്ഞാന്റിയുടെ മുഖത്തേയ്ക്കു ഉറ്റുനോക്കി.
"എല്ലാം കഴിഞ്ഞുമോളേ!… പപ്പാ പോയി!… നമ്മളെയൊക്കെ ഇട്ടേച്ചും പപ്പാ പോയി!… ശാന്തിയുടെ സ്വപ്നലോകത്തേയ്ക്കു പപ്പാ പോയി!…"
ഈറ്റ നെടുകേ കീറു മ്പോലൊരു ശബ്ദമുയര്‍ ന്നു!… അപര്‍ണയില്‍ നിന്നൊരു ആര്‍ത്തനാദമുയര്‍ന്നു!…
അവള്‍ ബോധമറ്റു വീഴുകയായിരുന്നു. ബെറ്റിയും ജിമ്മിയും കൂടി അവളെ താങ്ങിപ്പിടിച്ചു. ആശുപത്രിയിലെ ഒബ്‌സര്‍ വേഷന്‍ വാര്‍ഡില്‍ അവള്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു. ഏതോ നിമിഷം ബോധം വീണ്ടു കിട്ടിയപ്പോള്‍ അവള്‍ പപ്പായെ വിളിച്ചു വാവിട്ടുകരഞ്ഞു.
"എന്റെ പപ്പാ എവിടെ?… കുഞ്ഞാന്റീ!… എന്റെ പപ്പാ!…"
അവള്‍ ചാടിയെണീറ്റു ഓടാന്‍ ഭാവിച്ചു. ജിമ്മിയും ബെറ്റിയും കൂടി അവളെ ബലമായി പിടിച്ചു.
"എനിക്കെന്റെ പപ്പായെ കാണണം… എന്റെ പപ്പ മരിച്ചിട്ടില്ല!… എന്റെ പപ്പ മരിച്ചിട്ടില്ല!…" അവള്‍ നിലവിളികൂട്ടി.
ബെറ്റിയും നിമ്മിയും കൂടി അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അവര്‍ എ ല്ലാവരും കൂടി അവളേയും കൂട്ടി മോര്‍ച്ചറിയിലേയ്ക്കു പോയി. സെക്യൂരിറ്റിക്കാരനല്ലാതെ മറ്റാരുമവിടെയുണ്ടായിരുന്നില്ല.
"ഷൈനിച്ചേച്ചിയും വിനോദും മറ്റുള്ളവരുമൊ ക്കെ അല്പം മുമ്പങ്ങു വീട്ടിലേയ്ക്കു പോയതേയൊള്ളൂ…" ബോബി അറിയിച്ചു. എന്നിട്ടയാള്‍ എല്ലാവരോടുമായി പറഞ്ഞു: "നമുക്കും എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് വരെ ഒന്നു ചെന്നിട്ടു പോകാം…"
ആരും ഒന്നും പറഞ്ഞില്ല.
പപ്പായുടെ ജഡം മോര്‍ ച്ചറിയുടെ മരവിപ്പില്‍ അന്ത്യനിദ്രകൊള്ളുന്നു!… അപര്‍ണ മോര്‍ച്ചറിയുടെ ഭീകരമുഖത്തേയ്ക്കു ഒന്നു തുറിച്ചുനോക്കി. മോര്‍ച്ചറിയുടെ മുന്നിലെ അരപ്രസിലിരുന്നു രണ്ടു കൈകള്‍ കൊണ്ടു മുഖം പൊത്തിക്കരഞ്ഞുകൊണ്ടവള്‍ അന്തരാത്മാവു കൊണ്ടു കണ്ടു. പപ്പ പുഞ്ചിരിയോടെ അവ ളെ മാടിവിളിക്കുമ്പോലെ! അല്ല, പപ്പ അവസാനത്തെ നിദ്രയിലാണ്!… ജിവനില്ലാത്ത നിദ്ര!… ഒരിക്കലും ഉണരാത്ത ആത്മാവ് വെടിഞ്ഞ നിദ്ര!…
നിമ്മിയുടെ കൈയിലായിരുന്ന ജമ്മ എസ്‌തേര്‍ വാവിട്ടുകരയാന്‍ തുടങ്ങി. നിമ്മി ഓടിച്ചെന്നു ശിശുവിനെയെടുത്തു ഫീഡിംഗ് ബോട്ടിലിലെ വെള്ളം കൊടുത്തപ്പോള്‍ കരച്ചിലടക്കി. നിമ്മി അവളെ ലാളിച്ചുകൊണ്ടു ആ വഴി നടന്നു. അപ്പോഴും അപര്‍ണ തേങ്ങിപ്പിടയുകയായിരുന്നു: "പപ്പാ!… പപ്പാ ഓര്‍ക്കാപുറത്തു ഞങ്ങളെ ഇട്ടേച്ച് പോയല്ലോ പപ്പാ!…" അവള്‍ പതം പറഞ്ഞുവിതുമ്പി: 'എന്നാലും പപ്പാ ഈ ജമ്മ മോളെ ഒന്നു കാണാന്‍പോലും നില്‍ക്കാതെ?!…"
അപര്‍ണയുടെ കദനമൊന്നടങ്ങിയപ്പോള്‍ ജിമ്മിച്ചാച്ചന്‍ പറഞ്ഞു. "നമുക്കു എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് വരെ പോയിട്ടു മടങ്ങാം."
പെട്ടെന്നു അപര്‍ണ ദൃഢസ്വരത്തില്‍ വിസമ്മതിച്ചു: "ഞാനില്ല ജിമ്മിച്ചാച്ചാ… ഞാനില്ല! എന്റെ പപ്പയില്ലാത്ത എയ്ഞ്ചല്‍ ഗാര്‍ഡന്‍സിലേയ്ക്കു ഞാനിനി എന്തിനു പോകണം!…" എന്നിട്ടവള്‍ കുഞ്ഞിനെ നോക്കി നൊമ്പരത്തോടെ വിലപിച്ചു: "പൊന്നുജമ്മ മോളേ!.. നിന്നെയൊന്നു കാണാതാണല്ലോ നമ്മടെ പപ്പ പോയത്…"
ഷൈനിച്ചേച്ചിയുമായും വിനോദുമായും ജിമ്മി ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു. സംസാരം നിര്‍ത്തിയപ്പോള്‍ അയാള്‍ എല്ലാവരോടുമായി അറിയിച്ചു:
"ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തുമണിക്കാണ്. വിദേശത്തുള്ളവര്‍ക്കു വരാന്‍ സൗകര്യവും സമയവുമൊരുക്കണമല്ലോ. ഞായറാഴ്ച ഉച്ചകഴിഞ്ഞു ബോഡി എയ്ഞ്ചല്‍ ഗാര്‍ഡന്‍സില്‍ പൊതുദര്‍ശനത്തിനു കൊണ്ടുവന്നു വയ്ക്കും…"
അപര്‍ണയുടെ അഭിപ്രായം ഖണ്ഡിച്ച് എയ്ഞ്ചല്‍ ഗാര്‍ഡന്‍സില്‍ പോകേണ്ടതില്ലെന്നു തീരുമാനിച്ച് ജിമ്മിയും നിമ്മിയും അപര്‍ണയേയും ശിശുവിനേയും കൂട്ടി തിരുവല്ലയിലേയ്ക്കു തന്നെ മടങ്ങി. യാത്രയ്ക്കിടയില്‍ ജിമ്മി തിങ്കളാഴ്ച നടക്കുന്ന ശവസംസ്‌കാര ശുശ്രൂഷയെപ്പറ്റി വിസ്തരിച്ചു.
"ബിഷപ്പുമാരും വികാരി ജനറല്‍മാരും അടക്കം മേല്പട്ടക്കാരൊക്കെ പങ്കെടുക്കുന്ന സംസ്‌കാര ചടങ്ങാണ്. ഞായറാഴ്ച രാവിലെതന്നെ നമുക്കു എയ്ഞ്ചല്‍ ഗാര്‍ഡന്‍സിലെത്തണം. അപര്‍ണമോളും ജമ്മമോളും റെഡിയാകണം. ജമ്മമോളെ ഡീല്‍ചെയ്യാന്‍ നിമ്മി സദാ റെഡിയാണല്ലോ?…"
"ജിമ്മിച്ചാച്ചാ എന്നെ പ്രതീക്ഷിക്കണ്ടാ…" അപര്‍ണ ഉറപ്പിച്ചു പറഞ്ഞു: "ജിമ്മിച്ചാച്ചനും നിമ്മിയാന്റിയും രാവിലെ തന്നെ പോകണം. എനിക്കതിനു പറ്റില്ല ജിമ്മിച്ചാച്ചാ.. എന്റെ പപ്പയില്ലാത്ത എയ്ഞ്ചല്‍ ഗാര്‍ഡന്‍സിലേയ്ക്കു വരാന്‍ എന്നെക്കൊണ്ടാവില്ല!… ഇനി എന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവരാരും അവിടില്ല. ഷൈനി മമ്മി എന്റെ കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ പോലും മനസ്സ് കാണിച്ചിട്ടില്ല. വിനോദ് ചേട്ടനും നൈനച്ചേച്ചിയും എന്നെ പടിയടച്ചുവിട്ടിരിക്കയാണ്… എന്നെ കണ്ടുകൂടാ… ഞാനും കിഷോറും കുഞ്ഞിനേയും കൂട്ടി ശവസംസ്‌കാര സമയത്തു പള്ളിയില്‍ വരും… ജിമ്മിച്ചാച്ചന്‍ എന്നെ ഇനി നിര്‍ബന്ധിക്കരുത്… പ്ലീസ്!…"
ജിമ്മിയും നിമ്മിയും പിന്നീടവളെ നിര്‍ബന്ധിച്ചില്ല. ജിമ്മി അവരെ തിരുവല്ലയിലെ വാടകവീട്ടിലാക്കി മടങ്ങി. നിമ്മി അവിടെ തങ്ങി. കുഞ്ഞിനെ നോക്കാന്‍.
ആ രാത്രി അപര്‍ണയും കിഷോറും ഉറങ്ങിയിട്ടില്ല. നോമ്പരങ്ങള്‍ ഉണര്‍ന്നു വിലസുമ്പോള്‍ എങ്ങനെ ശാന്തമായി ഉറങ്ങാനാവും?…
"മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്ത്യാ നീ
കൂടെപ്പോരും നിന്‍ ജീവിതചെയ്തികളും…"
എറണാകുളത്തെ എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് എന്ന മരണവീട്ടില്‍ നിന്നും അതേ ദുഃഖഗാനത്തിന്റെ ഈരടികള്‍ അന്തരീക്ഷത്തിലൂടെ ഇഴഞ്ഞെത്തി. കാര്‍മേഘങ്ങളുടെ ആകാ ശം തൊട്ടൊഴുകി വന്നു. തിരുവല്ലയിലെ വാടകവീട്ടില്‍ മനംനൊന്ത് ഉറക്കമിളയ്ക്കുന്ന മക്കളെതേടി.
"മരണം വരുമൊരുനാള്‍!… …സത്കൃത്യങ്ങള്‍ ചെയ്യുക നീ അലസത കൂടാതെ…"
ആ ശോകരാഗം അന്തരീക്ഷം വിട്ടുമാറുന്നില്ല!
ആ വേര്‍പാടിന്റെ കദനഭാരം അവള്‍ക്കു സഹിക്കാനാവുന്നില്ല.
ഇടനെഞ്ച് പൊട്ടുമ്പോലെ!!…
തിങ്കളാഴ്ച ജോര്‍ജിയുടെ മൃതദേഹം വീട്ടില്‍നിന്നും ആമ്പുലന്‍സില്‍ പള്ളിയിലെത്തുമ്പോള്‍ അപര്‍ണ സെമിത്തേരിയുടെ സമീപം ദുഃഖാര്‍ത്തയായി നിന്നു. കറുത്ത ചുരിദാറിന്റെ വേഷത്തില്‍ എല്ലാം നഷ്ടപ്പെട്ടവളുടെപ്പോലെ വ്യാകുലചിത്തയായി, കണ്ണീര്‍തോരാതെ. കുറച്ചുമാറി മരച്ചോട്ടില്‍ കിഷോറും മാതാപിതാക്കളും നിലയുറപ്പിച്ചു. കിഷോറിന്റെ അമ്മ കത്രീന ജമ്മമോളെ പ്‌ളാനല്‍ തുണിയില്‍ പൊതിഞ്ഞു പിടിച്ചുകൊണ്ടുനിന്നു.
മേല്‍പ്പട്ടക്കാര്‍ ശവസംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്തു. പള്ളിപ്പരിസരമാകെ ആള്‍ക്കൂട്ടങ്ങളായിരുന്നു. പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം മൃതദേഹം സെമിത്തേരിയിലേയ്ക്ക് എടുത്തപ്പോള്‍ അവള്‍ വിതുമ്പിക്കൊണ്ട് പിറകേ ചെന്നു. ആള്‍ക്കൂട്ടത്തിന്റെ കണ്ണുകളത്രയും ദുഃഖാവിലയായ അപര്‍ണയുടെ നേര്‍ക്കായിരുന്നു. അവസാനം അന്ത്യചുംബനം നടത്തിയത് അവളായിരുന്നു.
"പപ്പാ!… എന്നെ ഇട്ടേച്ചും പോവ്വാണോ പപ്പാ!…" ഹൃദയഭേദകമായ നിലവിളിയുടെ കാഴ്ച!.. അവള്‍ വീണ്ടും ബോധമറ്റു വീണു. ബെറ്റിയും നിമ്മി യും മറ്റു ചിലരും കൂടി താങ്ങിപ്പിടിച്ചവളെ പള്ളിയുടെ മോണ്ടളത്തിലേയ്ക്കു കൊണ്ടുപോയി. എല്ലാവരും ഉറ്റുനോക്കുന്ന സഹതാപക്കാഴ്ച!…
മരണത്തിന്റെ ഏഴാം നാളിലെ ചടങ്ങുകള്‍. ഇടവകപ്പള്ളിയിലും വടക്കേടത്ത് എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് വീട്ടിലും നടന്ന പ്രാര്‍ത്ഥ നാച്ചടങ്ങുകള്‍. അന്നും അപര്‍ണ വീട്ടില്‍പോയില്ല. പള്ളിയിലെ കുര്‍ബാനയിലും സെമിത്തേരിയിലെ ഒപ്പീസിലുമൊക്കെ കുടുംബസമ്മേതം പങ്കെടുത്തു. കിഷോറിന്റെ കുടുംബത്തിലെ എല്ലാവരും പള്ളിയിലെത്തിയിട്ടുണ്ടായിരുന്നു. ഒപ്പീസ് കഴിഞ്ഞപ്പോള്‍ എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് കുടുംബങ്ങളിലെ ചില പെണ്ണുങ്ങളും ആണുങ്ങളുമൊക്കെ കൂട്ടമായി കുടംബക്കല്ലറയ്ക്കടുത്തുനിന്നു "മരിച്ചവിശ്വാസികളുടെ…" എന്ന പ്രാര്‍ത്ഥന ചൊല്ലി.
ശവസംസ്‌കാരത്തില്‍ പങ്കെടുത്ത ആള്‍കൂട്ടം സെമിത്തേരികവാടം കടക്കുകയാണ്. അതിനിടയില്‍ അപര്‍ണയും വെളിയിലേയ്ക്കു നടന്നു. ഗോള്‍ഡന്‍ യെല്ലോ അലങ്കാര തലപ്പാവുമായി പള്ളിമുറ്റത്തുള്ള കൊന്നമരത്തിന്റെ ചോട്ടില്‍ നിന്നും ജമ്മയുടെ കരച്ചില്‍ കേള്‍ക്കാം. അവിടെയാണ് കിഷോറിന്റെ അമ്മ കത്രീന കുഞ്ഞിനേയും കൊണ്ടു നില്‍ക്കുന്നത്.
ഒരു നിമിഷം അവള്‍ സെമിത്തേരിപ്പൂക്കളുടെ മുഖത്തേയ്‌ക്കൊന്നു നോക്കി. താനിന്നൊരു സെമിത്തേരിപ്പൂവാണോ?… അപര്‍ണ വിചാരിച്ചുപോയി. ഈ ബാള്‍സംപൂപോലെ. ഈ നാലുമണിപൂ പോലെ… ഈ കൊങ്ങിണിപ്പൂപോലെ… ഈ ശവംനാറിപ്പൂപോലെ… എയ്ഞ്ചല്‍ ഗാര്‍ഡന്‍സില്‍ എത്ര എത്ര രാജപുഷ്പങ്ങളുണ്ട്… താനോ?… ഇല്ല; ഞാനങ്ങനെയാകില്ല… ഞാനൊരു…?
അപര്‍ണ സെമിത്തേരി കവാടം കടക്കുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍നിന്നും അവള്‍ക്കു പിന്നില്‍ നിന്നൊരു കാടന്‍ ജല്പനം: "തരംതാണ പ്രണയക്കുരുക്കില്‍പ്പെട്ട് തന്തയെ കുരുതികൊടുത്തവള്!!… അശ്രീകരം!!…"
ആ കാടന്‍ വാക്കുകള്‍ ഇരുതലമൂര്‍ച്ചയുള്ള വാളായിരുന്നു. അവളുടെ ചങ്ക് പിളര്‍ത്താന്‍ പോന്ന ക്രൂരന്റെ വാള്‍!!…
അങ്ങനെ പറഞ്ഞയാളെ അവള്‍ തിരിഞ്ഞുനോക്കിയില്ലെങ്കിലും ആളെ മനസ്സിലായി. തോബിയാസങ്കിളിന്റെ മകന്‍ ജോജോ!…
സൂര്യപ്രകാശമേറ്റ് വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണക്കൊടിമരത്തിന്റെ ചോട്ടിലൂടെ നടക്കുമ്പോള്‍ അവള്‍ പൊട്ടിക്കരഞ്ഞു. ചങ്കുതകര്‍ന്നു പൊട്ടിക്കരഞ്ഞു. മുഖം പൊത്തിക്കരഞ്ഞു. "പപ്പാ!… പപ്പാ!!…"
പിന്നെയവള്‍ ഒരു നിമിഷം അവിടെ നിന്നില്ല. കിഷോറും കുടുംബക്കാരും വന്ന കാറില്‍ കയറിപ്പോയി. ജിമ്മിയും നിമ്മിയും അവളെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടു പോകാനിരുന്നതാണ്… എയ്ഞ്ചല്‍ ഗാര്‍ഡന്‍സിലെ പ്രാര്‍ത്ഥ നാച്ചടങ്ങിനു പോകാതെ അവരും ആ കാറിനെ പിന്‍തുടര്‍ന്നു. ജിമ്മി ഫോണില്‍ അപര്‍ണയെ വിളിച്ചുകൊണ്ടിരുന്നു. അവള്‍ ഫോണെടുത്തില്ല. എയ്ഞ്ചല്‍ ഗാര്‍ഡന്‍സിലെ മരണാനന്തര ചടങ്ങിനു അവളെ എങ്ങനെയും കൂട്ടിക്കൊണ്ടുപോകാനായിരുന്നു ഉദ്യമം.
(തുടരും)