ഒറ്റുകാരന്റെ ഒസ്യത്ത് അഥവാ യൂദാസിന്റെ വിൽപത്രത്തിൽ പേരുള്ളവർ!

താപസപൂക്കൾ - 03
ഒറ്റുകാരന്റെ ഒസ്യത്ത്
അഥവാ യൂദാസിന്റെ വിൽപത്രത്തിൽ പേരുള്ളവർ!
Published on

“ഇതെന്തുതരം ഭ്രാന്താണ്? വെള്ളിക്കാശിന് ആത്മരക്ഷയേക്കാൾ വിലയിടുന്ന ഭ്രാന്ത്!” (“What madness is this? To value silver than salvation.”).

(യൂദാസിന്റെ ഒറ്റിനെപ്പറ്റി വി. ജോൺ ക്രിസോസ്റ്റം)

ലാറ്റിനമേരിക്കയിലെയും ഫിലിപ്പീൻസിലെയും ചില ഗ്രാമങ്ങളിൽ ദുഃഖവെള്ളിയാഴ്ച അരങ്ങേറുന്ന വിചിത്രമായ ഒരു ആചാരമുണ്ട്. യൂദാസിന്റെ വിൽപത്ര വായനയാണത്. ഗ്രാമത്തിലെ ഒരാൾ യൂദാസായി വേഷം കെട്ടും. മരണത്തിന് തൊട്ടുമുമ്പ് തന്റെ സമ്പാദ്യമായ മുപ്പത് വെള്ളിക്കാശ് ആർക്കൊക്കെ കൊടുക്കണമെന്ന് യൂദാസ് പറയുന്നതാണ് ഈ ആക്ഷേപഹാസ്യ നാടകത്തിന്റെ ഉള്ളടക്കം. യൂദാസിന്റെ വിൽപത്രത്തിൽ പേരുള്ള മുപ്പത് വെള്ളിക്കാശിന്റെ അവകാശികൾ ആരൊക്കെയാണ്? ദൈവത്തിനും മനുഷ്യർക്കും വിലയിട്ട് വിൽക്കുന്നവർ ആണ് യൂദാസിന്റെ വിൽപത്രത്തിന്റെ അവകാശികൾ!

ആത്മീയകാര്യങ്ങളെ സാമ്പത്തിക താത്പര്യങ്ങൾക്കായി ഉപയോഗിച്ച പുരോഹിതനും മെത്രാനുമാണ് മുപ്പത് വെള്ളിക്കാശിന്റെ ഒരുപങ്ക് ലഭിക്കുക. ഇറ്റാലിയൻ നവോത്ഥാനസാഹിത്യകാരനായ ഡാന്റെ അലിഗിയേരി തന്റെ വിഖ്യാതകൃതി ആയ ‘ഡിവൈൻ കോമഡി’യിൽ നരകത്തിന്റെ മൂന്നാംകുഴിയിൽ വീഴുന്നവരെക്കുറിച്ച് എഴുതിയത് യൂദാസിന്റെ വില്പത്രം വായിച്ചിട്ടായിരിക്കണം: ഡാന്റെ എഴുതി: “ആത്മീയ ജീവിതത്തെ സാമ്പത്തികലാഭത്തിന് ഉപയോഗിക്കുന്നവർ നരകത്തിന്റെ മൂന്നാം കുഴിയിൽ വീഴും.” ഡാന്റെയുടെ പ്രവചനം സാധൂകരിക്കപ്പെടുകയാണ്. മൂന്ന് വായുള്ള ഒരു സത്വമായാണ് ഡാന്റെ ഡിവൈൻ കോമഡിയിൽ പിശാചിനെ ചിത്രീകരിച്ചിരിക്കുന്നത്. ഇതിൽ നടുവിലുള്ള വായിൽ പിശാച് കടിച്ചു ചവക്കുന്നത് യൂദാസിനെയാണ്. ഇരുവശങ്ങളിലുമുള്ള വായിൽ കടിച്ചുപിടിച്ചിരിക്കുന്നത് സീസറിനെ വഞ്ചിച്ച ബ്രൂട്ടസ്, കാഷ്യസ് എന്നിവരെയും. ദൈവത്തോട് കൂടെനടക്കുന്നവർ ദൈവികഭാവത്തിലേക്ക് വളർന്നില്ലെങ്കിൽ അവർക്ക് സംഭവിക്കാവുന്ന ദുരന്തത്തിന്റെ ഓർമപ്പെടുത്തലാണ് യൂദാസിന്റെ അന്ത്യം. ഏറ്റവും നല്ലത് ചീത്തയായാൽ ഏറ്റവും ചീത്തയാകും എന്ന ഓർമപ്പെടുത്തൽ!

ദൈവത്തിനും മനുഷ്യർക്കും വിലയിടുന്നവരിലൂടെ യൂദാസ് പുനർജനിക്കുന്നുണ്ട്. “സപ്തസാഗരങ്ങളിൽ കഴുകിയാലും എന്റെ കയ്യിലെ ചോരക്കറ മായില്ല; അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾക്കും എന്റെ കരങ്ങളുടെ രക്തഗന്ധം മാറ്റാനാകില്ല” എന്ന് വിലപിച്ച ക്ഷേക്സ്പിയറിന്റെ ചതിയൻ മാക്ബത്തും സീസറിനെ ചതിച്ച ബ്രൂട്ടസും യൂദാസിന്റെ വെള്ളിക്കാശിന്റെ നേരവകാശികൾ തന്നെ! റോഡ് പണിക്കിടെ അഴിമതി കാണിച്ച കോൺട്രാക്ടറും ഭക്ഷണത്തിൽ മായം കലർത്തുന്നവരും കൊള്ള ലാഭമെടുക്കുന്ന കച്ചവടക്കാരും കരിഞ്ചന്തക്കാരും പണത്തിനുവേണ്ടി ഏതറ്റം വരെ പോകുന്ന ഷൈലോക്കുമാരും യൂദാസിന്റെ വിൽപത്രത്തിന്റെ നേരവകാശികളാണ്.

ഒരു ദിവസം കൊണ്ടല്ല യൂദാസ് വഞ്ചകനായത്. യൂദാസ് ഒരു പ്രക്രിയ ആണ്. കെറിയോത്തുകാരനായ സാധാരണക്കാരൻ യൂദാസ് മുപ്പത് ബിറ്റ്കോയിൻ ഇടപാട് നടത്തുന്ന ഇക്കണോമിക്സ് ബിരുദധാരിയാവുന്നതിനെക്കുറിച്ച് സുവിശേഷം എഴുതുന്നത് ഇങ്ങനെയാണ്: “അവൻ ഒരു കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്റെ കയ്യിലായിരുന്നതുകൊണ്ടും ഇതിൽ വീഴുന്നതിൽ നിന്ന് അവൻ എടുത്തിരുന്നതുകൊണ്ടുമാണ്” (യോഹന്നാൻ 12:6). യൂദാസിന്റെ കയ്യിൽ “ഒറ്റ് കോയിൻ” വന്നത് അബദ്ധത്തിൽ അല്ല എന്നർത്ഥം! ദൈവത്തിന്റെ സ്ഥാനത്ത് ധനത്തെ പ്രതിഷ്ഠിച്ച് ആർത്തിയുടെ ചക്കരക്കുടങ്ങളിൽ നിരന്തരം കയ്യിടുന്നവർക്ക് സംഭവിക്കുന്ന സ്വാഭാവിക പരിണാമം മാത്രമാണിത്.

വിശുദ്ധ സ്ഥലത്ത് നിൽക്കുന്ന വിനാശത്തിന്റെ അശുദ്ധ ലക്ഷണങ്ങൾ എല്ലാ കാലത്തും ക്രിസ്തുവിനെയും ക്രൈസ്തവികതയെയും ഒറ്റിക്കൊടുത്തിട്ടുണ്ട്; മുപ്പത് വെള്ളിക്കാശ് കൈപ്പറ്റിയിട്ടുണ്ട്; അക്കൽദാമകൾ വാങ്ങിയിട്ടുമുണ്ട്. പക്ഷേ, അനുഭവിക്കാൻ യോഗമുണ്ടാവില്ലെന്ന് മാത്രം!

“തിന്മ ഒരു അഭാവം” (Evil is a privation) ആണെന്ന് വി. അഗസ്റ്റിൻ എഴുതിയത് യൂദാസിൽ അന്വർത്ഥമാകുന്നു. യൂദാസിന്റെ കാര്യത്തിൽ ദൈവശൂന്യതയാണത്. മാമ്മോനാണ് അവന്റെ ദൈവം! സെഹിയോനിൽ അപ്പം മുറിച്ച് ആദ്യം നൽകിയിട്ടും അവൻ വെളിച്ചത്തെ സൃഷ്ടിച്ച ദൈവത്തെ ഉപേക്ഷിച്ച് നടന്നുപോയത് ഇരുട്ടിലേക്കാണ്. രണ്ട് യജമാനന്മാരെ സേവിക്കാൻ ശ്രമിക്കുന്നവരുടെ ഇടപാടുകൾക്ക് പറ്റിയ സമയം രാത്രിയാണ്!

“വിലമതിക്കാത്തവന് വിലയിട്ടു” എന്നിടത്താണ് യൂദാസിന് പിഴച്ചത്. യൂദാസിന്റെ ഒറ്റിനെപ്പറ്റി വി. ജോൺ ക്രിസോസ്റ്റം ഇങ്ങനെ എഴുതി: “ഇതെന്തുതരം ഭ്രാന്താണ്? വെള്ളിക്കാശിന് ആത്മ രക്ഷയേക്കാൾ വിലയിടുന്ന ഭ്രാന്ത്!” (“What madness is this? To value silver than salvation.”) പണം നൽകി പരിശുദ്ധാത്മാവിനെ വാങ്ങാൻ നോക്കിയ മാന്ത്രികനായ ശിമയോന്റെ വെള്ളിത്തുട്ടുകളും അനനിയാസ്-സഫീറമാരുടെ പറമ്പിന്റെ വിലയുമൊക്കെ രക്തത്തിന്റെ പറമ്പുകളായി അവസാനിക്കുന്ന വൈരുദ്ധ്യങ്ങൾ! അനുഗ്രഹങ്ങൾ ലഭിക്കാൻ ദൈവത്തിനു വിലയിടുന്നവരും “ഒറ്റ് കോയിൻ” കയ്യിൽ സൂക്ഷിക്കുന്നവരും ഇനി മുതൽ ശ്രദ്ധിക്കണം!

ദുഃഖവെള്ളിയുടെ തുടക്കം തന്നെ യൂദാസിന്റെ പാളിപ്പോയ തിരഞ്ഞെടുപ്പിൽ നിന്നാണ്. ദൈവപുത്രനും വെള്ളിക്കാശിനുമിടയിൽ മാമോനെ തിരഞ്ഞെടുത്ത യൂദാസിന്റെ വെള്ളിക്കാശുകൾ കുശവന്റെ ചുടലപറമ്പിന്റെ മൂലധനമായെന്നത് വെറുമൊരു യാദൃശ്ചികത മാത്രമല്ല. സൗഹൃദങ്ങളിലും ബന്ധങ്ങളിലും വഞ്ചനയും ചതിയും പുലർത്തുന്നവരുടെ ദാരുണ അന്ത്യം മരക്കൊമ്പുകളിലും ചുടലപറമ്പുകളിലും ആകുന്നതു സ്വാഭാവികം മാത്രം. അധാർമ്മിക വഴികളിലുടെ അർഹതയില്ലാത്ത സ്വത്ത്‌ സ്വരുക്കൂട്ടുന്നവർക്കും ബന്ധങ്ങളെ ലാഭ-നഷ്ട തുലാസിലിട്ടു തൂക്കുന്നവർക്കും ഒരു താക്കീതാണ് യൂദാസിന്റെ മരണം. വിശുദ്ധ സ്ഥലത്ത് നിൽക്കുന്ന വിനാശത്തിന്റെ അശുദ്ധ ലക്ഷണങ്ങൾ എല്ലാ കാലത്തും ക്രിസ്തുവിനെയും ക്രൈസ്തവികതയെയും ഒറ്റിക്കൊടുത്തിട്ടുണ്ട്; മുപ്പത് വെള്ളിക്കാശ് കൈപ്പറ്റിയിട്ടുണ്ട്; അക്കൽദാമകൾ വാങ്ങിയിട്ടുമുണ്ട്. പക്ഷേ, അനുഭവിക്കാൻ യോഗമുണ്ടാവില്ലെന്ന് മാത്രം!

ഡാനിഷ് തത്വചിന്തകനായ സോറൻ കീർക്കേഗാർഡ് എഴുതി: “ഇന്ന് യേശു ഒറ്റിക്കൊടുക്കപ്പെടുന്നത് ചുംബനങ്ങൾ കൊണ്ടല്ല, വ്യാഖ്യാനങ്ങൾ കൊണ്ടാണ്.” മരക്കൊമ്പിൽ യൂദാസിനൊപ്പം തൂങ്ങിയാടുന്ന ചോദ്യമിതാണ്: ചുംബനം കൊണ്ടോ വ്യാഖ്യാനം കൊണ്ടോ ഞാൻ ക്രിസ്തുവിനെ ഒറ്റിക്കൊടുത്തിട്ടുണ്ടോ? ദൈവത്തിനും മനുഷ്യർക്കും ഞാൻ വിലയിടാറുണ്ടോ? യൂദാസിന്റെ വിൽപത്രത്തിൽ എന്റെയും നിന്റെയും പേരുണ്ടോ? പേരുണ്ടെങ്കിൽ പേര് വെട്ടാൻ പറ്റിയ സമയമാണ് ഈ നോമ്പുകാലം; ജീവന്റെ പുസ്തകത്തിൽ പേരെഴുതിച്ചേർക്കാനും!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org