ദൈവത്തിന്റെ നിശബ്ദതയിൽ മനുഷ്യർ എന്തുചെയ്യണം?

ദുഃഖശനിയിലെ റൂട്ട് മാപ്പുകൾ!
ദൈവത്തിന്റെ നിശബ്ദതയിൽ മനുഷ്യർ എന്തുചെയ്യണം?
Published on
  • ആത്മാവിന്റെ ഇരുണ്ട ശനി?

സുവിശേഷത്തിൽ ഒന്നും തന്നെ കാര്യമായി രേഖപ്പെടുത്താത്ത ദിവസമാണ് ദുഃഖ ശനി. പലരെ സംബന്ധിച്ചും വി. കൊച്ചുത്രേസ്യ തന്റെ ആത്മകഥയിൽ സൂചിപ്പിക്കുന്നതുപോലുള്ള “ശൂന്യതയുടെ ഇരുണ്ട രാത്രി!”യാണത്. ദൈവവും മനുഷ്യരും ഒരുപോലെ നിശബ്ദരായെന്ന് തോന്നുന്ന ദിവസം. ദൈവപുത്രൻ കല്ലറയ്ക്കുള്ളിലാണ്; കല്ലറയ്ക്ക് പുറത്തെ കാത്തുനിൽപ്പാകട്ടേ, ന്യൂ ജനറേഷൻ ഭാഷയിൽ പറഞ്ഞാൽ, മൊത്തം ശോകമാണ്. ശരിയാണ്, ഉടൻ മറുപടികൾ ആവശ്യപ്പെടുന്ന ഒരു ലോകത്തിൽ ഒരുപാട് ചോദ്യങ്ങളവശേഷിപ്പിക്കുന്ന ദുഃഖവെള്ളിയും ദുഃഖ ശനിയും പ്രശ്നം പിടിച്ചതാണ്.

സത്യത്തിൽ നിശബ്ദത കൊണ്ട് പൂരിപ്പിക്കപ്പെടേണ്ട ദിവസമാണോ ദുഃഖ ശനി? എല്ലാ നിലവിളിക്കും ഉടനെ മറുപടി ലഭിക്കണമെന്നുണ്ടോ? എല്ലാ ഇരുട്ടും ഉടൻതന്നെ സൂര്യോദയമായി മാറുന്നില്ലല്ലോ! അങ്ങനെയാകുമ്പോൾ, ദൈവം നിശബ്ദനാണെന്ന് തോന്നുന്നിടത്ത് മനുഷ്യർക്ക് എന്ത് ചെയ്യാൻ കഴിയും എന്നതാണ് ദുഃഖ ശനി ഉയർത്തുന്ന ചോദ്യം?

  • ദുഃഖ ശനിയിലെ റൂട്ട് മാപ്പുകൾ!

1909ൽ ബോസ്റ്റണിൽ ജനിച്ച നോർമ ഫാർബറുടെ (Norma Farber) Compassion (കാരുണ്യം) എന്ന കവിത ചിന്തോദ്ദീപകമാണ്. ദുഃഖ വെള്ളിയാഴ്ച വൈകുന്നേരം മറിയത്തെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തിയതാണ് ബന്ധുക്കളും സുഹൃത്തുക്കളും. എന്നാൽ മറിയത്തെ കാണാനില്ല; മറിയം വീട്ടിലില്ല. മറിയം എവിടെ എന്ന് അന്വേഷിച്ച് പലവഴിക്കും പോയ ബന്ധുക്കളും സുഹൃത്തുക്കളും മറിയത്തെ കണ്ടുമുട്ടുന്നത് തീർത്തും അപരിചിതമായ ഇടത്തിൽ വച്ചാണ്. യൂദാസിന്റെ ഭവനത്തിൽ! ആത്മഹത്യ ചെയ്ത യൂദാസിന്റെ അമ്മയെ ആശ്വസിപ്പിച്ച് കൂടെയിരിക്കുന്ന മറിയം! വ്യാകുല സമുദ്രത്തിൽ മുങ്ങിത്താഴുമ്പോഴും മറ്റൊരമ്മയുടെ വേദനയ്ക്ക് കൂട്ടിരിക്കുന്ന മറിയം! ദൈവത്തെ നിശബ്ദനാക്കിയ യൂദാസിന്റെ ഭവനത്തെ നിശബ്ദകാരുണ്യം കൊണ്ട് ചേർത്തുപിടിക്കുന്ന അമ്മമനസ്സ്! ജറുസലേം സ്ത്രീകളെ ആശ്വസിപ്പിച്ച, പ്രാണവേദനയുടെ ഇടയിലും നല്ല കള്ളന് പറുദീസ കൊടുക്കുന്ന ക്രിസ്തുവിന്റെ അമ്മയുടെ റൂട്ട് മാപ്പ് അല്ലേ, ദൈവം നിശബ്ദനാണെന്ന് തോന്നിപ്പിക്കുന്ന ദുഃഖ ശനികളിൽ ഒരാൾ സെലക്ട് ചെയ്യേണ്ടത്? ദൈവത്തിനുവേണ്ടി മനുഷ്യൻ ഇറങ്ങി പ്രവർത്തിക്കേണ്ട ദിവസമാണ് ദുഃഖ ശനി.

  • കേൾക്കാൻ പഠിപ്പിക്കുന്ന ദുഃഖ ശനികൾ!

ഒരു ശിഷ്യൻ അബ്ബാ ആന്റണിയോട് ചോദിച്ചു: “ദൈവം എന്തുകൊണ്ട് എന്നോട് സംസാരിക്കുന്നില്ല” അബ്ബാ ആന്റണി മറുപടി പറഞ്ഞു: “നീ കേൾക്കാൻ ഇനിയും പഠിച്ചിട്ടില്ല.” സംസാരിക്കുന്ന, വഴികാട്ടുന്ന, ഇടപെടുന്ന ദൈവത്തേയാണ് നമുക്ക് പരിചയം. പക്ഷേ നിശ്ശബ്ദനായ ദൈവത്തെ അധികം പേർക്കും അത്ര താത്പമില്ല. നമ്മളെ അസ്വസ്ഥപ്പെടുത്തുന്ന ദൈവത്തിന്റെ നിശബ്ദത ചിലപ്പോൾ നമ്മുടെ കേൾവിയുടെ കുറവായിരിക്കാം. ശരിയായി ട്യൂൺ ചെയ്യാത്ത റേഡിയോവിൽ നിന്ന് എങ്ങനെ പാട്ടുകേൾക്കും? ദൈവത്തിന്റെ നിശബ്ദത വാക്കുകളുടെ അഭാവമല്ല, ദൈവസാനിധ്യത്തിന്റെ ഭാഷ തന്നെയാണത് എന്ന് നമ്മെ ഓർമിപ്പിക്കുന്നില്ലേ ദുഃഖ ശനി?

സ്വിസ് ദൈവ ശാസ്ത്രജ്ഞനായ ഹാൻസ് ഉർസ് വോൺ ബാൽത്തസാർ എഴുതിയതുപോലെ “ഉത്തരങ്ങളില്ലാതെ ഉപേക്ഷിക്കപ്പെട്ട സകല മനുഷ്യരോടു മുള്ള ദൈവത്തിന്റെ ഐക്യദാർഢ്യത്തിന്റെ പ്രതീകമാണ് ദുഃഖ ശനി.”

സിമോൺ വെയിൽ മനോഹരമായ ഒരു ഉപമ പറയുന്നുണ്ട്. ഒരു കുഞ്ഞ് നടക്കാൻ പഠിക്കുമ്പോൾ അമ്മ നിശബ്ദമായി നോക്കി നിൽക്കുന്നതുപോലെയാണ് ചിലപ്പോൾ ദൈവത്തിന്റെ നിശബ്ദത. ഓരോ തെന്നലിലും, ഓരോ പ്രാവശ്യവും വീഴാൻ പോകുമ്പോഴും അമ്മ ഇടപെട്ടാൽ കുഞ്ഞ് ഒരിക്കലും നടക്കാൻ പഠിക്കില്ല; ആത്മ വിശ്വാസത്തോടെ നിവർന്നു നിൽക്കില്ല. അതുകൊണ്ട് അമ്മയുടെ നിശബ്ദത അവഗണനയല്ല, വളർത്താനുള്ള വഴി ആണ്.

  • ദൈവത്തിന്റെ നിശബ്ദത സാന്നിധ്യമാണ്, അഭാവമല്ല!

ഹിറ്റ്ലറിന്റെ തടവറയിലെ ഏകാന്ത നിശബ്ദതക്കിടെ ജർമൻ ദൈവശാസ്ത്രജ്ഞനായ ഡിട്രീച്ച് ബൊനോഫർ ദൈവത്തിന്റെ നിശബ്ദതയെക്കുറിച്ച് ചിന്തിച്ചു. “എന്തുകൊണ്ടാവാം ദുഃഖവെള്ളിയിലും ദുഃഖ ശനിയിലും ദൈവം നിശബ്ദനായത്? ബൊനോഫറിന് ആദ്യമൊന്നും ഉത്തരം കിട്ടിയില്ല. അവസാനം തടവറയിലെ ഏകാന്ത നിശബ്ദതയുടെ കാൽവരി കയറുമ്പോൾ കിട്ടിയ വെളിച്ചത്തിൽ അദ്ദേഹം മനപ്പലകയിലെഴുതി : “വേദനയിൽ ദൈവം അകലെയല്ല, അവൻ ഉള്ളിലാണ്; പക്ഷെ നിശബ്ദനാണ്.” “ദൈവം എന്തുകൊണ്ട് നിശബ്ദനാകുന്നു” എന്ന ചോദ്യത്തിന് ഉത്തരമായി ബൊനോഫർ പറഞ്ഞു: “ദൈവത്തിന്റെ നിശബ്ദത ശൂന്യതയല്ല, ഒരുതരത്തിലുള്ള സാന്നിധ്യമാണ്.” അത് ഉപേക്ഷിക്കുന്ന നിശബ്ദതയല്ല, കൂടെയിരിക്കുന്ന സാന്നിധ്യമാണ്.

ഒരു മനുഷ്യൻ മരണശയ്യയിൽ കിടക്കുന്ന തന്റെ സുഹൃത്തിനരികിൽ മണിക്കൂറുകളോളം ഇരുന്നു. ആദ്യം ആശ്വാസവാക്കുകൾ പറയാൻ ശ്രമിച്ചു. പലതും പറഞ്ഞു. എന്നാൽ ഒന്നും മതിയായതായി തോന്നിയില്ല. അവസാനം, അവൻ മിണ്ടാതെയിരുന്നു, രോഗിയായ സുഹൃത്തിന്റെ കൈ പിടിച്ചു. പിന്നീട് സൗഖ്യപ്പെട്ട ആ സുഹൃത്ത് പറഞ്ഞു: “നിന്റെ നിശ്ശബ്ദതയാണ് എനിക്ക് ഏറ്റവും ആശ്വാസമായത്.” ആ നിമിഷത്തിൽ നിശ്ശബ്ദത അഭാവമല്ലായിരുന്നു, അതായിരുന്നു ഏറ്റവും സത്യസന്ധമായ സാന്നിധ്യം.

സ്വിസ് ദൈവശാസ്ത്രജ്ഞനായ ഹാൻസ് ഉർസ് വോൺ ബാൽത്തസാർ എഴുതിയതുപോലെ “ഉത്തരങ്ങളില്ലാതെ ഉപേക്ഷിക്കപ്പെട്ട സകലമനുഷ്യരോടുമുള്ള ദൈവത്തിന്റെ ഐക്യദാർഢ്യ ത്തിന്റെ പ്രതീകമാണ് ദുഃഖ ശനി.” “എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു” എന്ന നിലവിളി മനുഷ്യന് മനസ്സിലാക്കാൻ പറ്റാത്ത ആകാശകുസുമം അല്ലാ; ദൈവപുത്രന്റെ ജീവിതാനുഭവ മാണത്. ഈ നിലവിളിയിൽ പുത്രൻതന്നെ ദൈവത്തിന്റെ നിശ്ശബ്ദത അനുഭവിക്കുന്നു. ഈ അർത്ഥത്തിൽ ദുഃഖ ശനി അനന്യമായ ഒരു ദൈവ-മനുഷ്യ ദർശനം നൽകുന്നുണ്ട്. ദൈവം ഉപേക്ഷിക്കപ്പെട്ടവന്റെ അനുഭവത്തിന് പുറത്തു നിൽക്കുന്നില്ല; അവൻ തന്നെ ഉപേക്ഷയുടെ അനുഭവത്തിലേക്ക് പ്രവേശിക്കുകയാണ്. ദൈവം കൂടെ സഹിക്കുന്നവൻ ആണ്.

അതേ, ദൈവത്തിന്റെ നിശബ്ദത അവന്റെ അഭാവത്തിന്റെ ശൂന്യതയല്ല, മറിച്ച് ആഴത്തിലുള്ള അറിവടയാളങ്ങൾ പതിപ്പിക്കലാണ്. ശ്ലീഹൻമാരുടെ വിശ്വാസ പ്രമാണത്തിൽ നമ്മൾ ഇങ്ങനെ ചൊല്ലുന്നു: “അവൻ പാതാളങ്ങളിൽ ഇറങ്ങി.” ദൈവം നിശബ്ദനെന്ന് നമ്മൾ കരുതുന്ന സമയങ്ങളിലും അവൻ പ്രവർത്തന നിരതനായിരിക്കാം. ഒരുപക്ഷേ, നമ്മളറിയാതെ നമ്മുടെ ജീവിതത്തിന്റെ ആഴത്തിലേക്കിറങ്ങി ദൈവം ഇടപെടുന്ന സമയങ്ങളുണ്ട് എന്ന തിരിച്ചറിവിന്റെ വെട്ടം കിട്ടുന്ന ദിവസമാണ് ദുഃഖ ശനി. അത് ഉയിർപ്പിന്റെ വെട്ടമാണ്!

  • പിൻകുറിപ്പ്: മുള പൊട്ടൽ!

പല മനുഷ്യരേയും നിശബ്ദ സഹനത്തിന്റെ കല്ലറിയിൽ അടക്കിയിട്ട് അധികാരം എല്ലാക്കാലത്തും ചില പാറാവുകാരെ കാവൽ നിർത്തും. എന്നാൽ, കുന്തം പിടിച്ച് നിൽക്കുന്ന ഈ ശുംഭൻമാർക്കറിയില്ലല്ലോ, അവർ കുഴിച്ചിട്ടത് ഉള്ളിൽ ജീവനുള്ള വിത്തുകളെ ആണെന്ന്! പുനലൂർ ബാലനെന്ന കവി പാടുന്നതെത്രയോ സത്യം!

“അറ്റുപോം കൊമ്പിൽ കളിക്കും കിളികളുണ്ട്

അസ്ഥിത്തറകളിൽ ജീവിത സ്പന്ദമുണ്ട്

ഇനി നാളെയെന്ന് മിഴിപൂട്ടുന്ന

മതിലേഖയിൽ തൂവെളിച്ചമുണ്ട്.”

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org