സീറോ-മലബാര്‍ സഭാദിനാഘോഷം

സീറോ-മലബാര്‍ സഭാദിനാഘോഷം
Published on

കത്തോലിക്കാസഭയിലും സമൂഹത്തിലും ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവരാണു സഭാമക്കളെന്നു സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. ഭാരതത്തിനു ക്രിസ്തുവി ശ്വാസം പകര്‍ന്നുനല്‍കിയ മാര്‍ ത്തോമാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയോടെ സഭയോടു കൂടുതല്‍ ചേര്‍ന്നു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന സീറോ-മലബാര്‍ സഭാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍.
വിവിധ രൂപതകളില്‍നിന്നുള്ള പ്രതിനിധികളുമായി മേജര്‍ ആര്‍ച്ച് ബിഷപ് ആശയവിനിമയം നടത്തി. റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍ മോഡറേറ്ററായിരുന്നു. തുര്‍ന്ന് നടന്ന ആഘോഷമായ വി. കുര്‍ബാനയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി വചനസന്ദേശം നല്‍കി. കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പുളിക്കലായിരുന്നു ആര്‍ച്ച്ഡീക്കന്‍. ബിഷപ് മാര്‍ വിജയാനന്ദ് നെടുംപുറവും വിവിധ രൂപതകളിലെയും സന്യസ്ത സഭകളിലെയും വൈദികരും സഹകാര്‍മികത്വം വഹിച്ചു.
പൊതുസമ്മേളനത്തില്‍ കോട്ടയം നവജീവന്‍ ട്രസ്റ്റിലെ പി.യു. തോമസ്, സാമൂഹ്യപ്രവര്‍ത്തക ദയാബായി എന്നിവര്‍ കാരുണ്യ വര്‍ഷ സന്ദേശം നല്‍കി. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മുതിര്‍ന്ന വൈദികരായ ഫാ.ജോസ് തച്ചില്‍, ഫാ. സെബാസ്റ്റ്യന്‍ തുരുത്തേല്‍ എന്നിവരെ സീറോ-മലബാര്‍ സഭയുടെ വൈദികരത്നം ബഹുമതി നല്‍കി ആദരിച്ചു. പി.ടി. തോമസ് എംഎല്‍ എ, കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്‍റണി കൊള്ളന്നൂര്‍, പ്രൊക്യുറേറ്റര്‍ ഫാ. മാത്യു പുളിമൂട്ടില്‍, ആഘോഷങ്ങളുടെ ജനറല്‍ കണ്‍വീനര്‍ റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴ, റവ.ഡോ. ജോസ് ചിറമേല്‍, ഫാ. കുര്യന്‍ അമ്മനത്തുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരതത്തിനകത്തും പുറത്തുമുള്ള സീറോ മലബാര്‍ രൂപതകളിലെയും സന്യാസ സഭകളിലെയും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org