കോട്ടാര്‍ രൂപതയുടെ പുതിയ മെത്രാനായി ഫാ. നസറേന്‍ സൂസയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിലവിലുള്ള മെത്രാന് 78-കാരനായ ബിഷപ് പീറ്റര്‍ റെമജിയൂസ് വിരമിക്കുന്ന ഒഴിവിലേക്കാണ് 54-കാരനായ പുതിയ മെത്രാന്റെ നിയമനം. കോട്ടാര്‍ രൂപതയുടെ വൈദിക സമിതി സെക്രട്ടറിയും സെമനാരി പ്രൊഫസറുമാണ് നിയുക്ത മെത്രാന് നസറേന്‍ സൂസ.
കന്യാകുമാരി ജില്ലയിലെ രാജക്കമംഗലംതുറയില് 1963 ഏപ്രില്‍ 13-നാണു ജനനം. പൂനമല്ലി സെമിനാരിയില്‍ തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി 1989 ഏപ്രില്‍ 2-ന് വൈദികനായി. ബെല്‍ജിയത്തിലെ ലുവെയിന് യൂണിവേഴ്സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.