മദ്യം കുടില്‍വ്യവസായമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനദ്രോഹപരം – കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

Published on

പഴവര്‍ഗങ്ങളില്‍നിന്നുകൂടി മദ്യം ഉല്‍പ്പാദിപ്പിച്ച് മദ്യം കുടില്‍ വ്യവസായമാക്കി ചെറുകിട യൂണിറ്റുകള്‍ക്ക് അബ്കാരി ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അപക്വവും ജനദ്രോഹപരവുമാണെന്ന് കെ.സി.ബി.സി. മദ്യവി രുദ്ധസമതി സംസ്ഥാന ഉന്നതാധികാര സമിതി യോഗം. മദ്യ-മയക്കുമരുന്നുകള്‍ മൂലം പൊതുസമൂഹത്തിന്‍റെ മാനസികാരോഗ്യ നിലവാരം തകര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ 'ചങ്ങലയ്ക്കും ഭ്രാന്തുപിടിച്ചതിന്' തുല്യമായ നടപടിയാണിത്. എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമായ ഈ ഭ്രാന്തന്‍ നയം പിന്‍വലിച്ചേ തീരു. സര്‍ക്കാര്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് മനുഷ്യന്‍റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. പ്രകടനപത്രികയില്‍ വീറോടെ അവതരിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതു മുന്നണിയുടെ മദ്യവര്‍ജ്ജന നയമാണോ ഇതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

കഴിഞ്ഞ 9 മാസങ്ങള്‍കൊണ്ട് 70 ബാറുകള്‍ അനുവദിച്ച് മദ്യവര്‍ജ്ജനം നയമാക്കിയ സര്‍ക്കാരാണിത്. യഥേഷ്ടം ഹെറിറ്റേജ് ലൈസന്‍സുകളും ഈ സര്‍ക്കാര്‍ നല്‍കുകയാണ്. ബാര്‍ കോഴയുടെ പേരില്‍ വിപ്ലവം സൃഷ്ടിച്ചവര്‍ മദ്യശാലകള്‍ വ്യാപകമാക്കി അരങ്ങു തകര്‍ക്കുകയാണ്. സമ്പൂര്‍ണ്ണ മദ്യ നിരോധനത്തിന് തുടക്കം കുറിച്ച പ്രതിപക്ഷമുന്നണിയും നേതൃത്വവും ഇതിനെതിരെ മൗനം അവലംബിക്കുന്നു.

നവംബര്‍ ആദ്യവാരം വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെയും സംഘടനകളെയും സംഘടിപ്പിച്ച് എറണാകുളത്ത് പ്രക്ഷോഭ സമര പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ബിഷപ് മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, യോഹന്നാന്‍ ആന്‍റണി, ഫാ പോള്‍ കാരാച്ചിറ, ജോസ് ചെമ്പിശ്ശേരില്‍, സി. റോസ്മിന്‍ സിഎസ്എന്‍, ഷിബു കാച്ചപ്പള്ളി, തങ്കച്ചന്‍ വെളിയില്‍, തോമസുകുട്ടി മണക്കുന്നേല്‍, തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍, ആന്‍റണി ജേക്കബ്, വി.ഡി. രാജു, രാജന്‍ ഉറുമ്പില്‍, വൈ. രാജു, ബനഡിക്ട് ക്രിസോസ്റ്റം എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org