ദളിത് ക്രൈസ്തവര്‍ക്കു വേണ്ടി സിബിസിഐയുടെ പുതിയ നയരേഖ

Published on

കത്തോലിക്കാ സഭയിലെ ദളിതരുടെ സമുദ്ധാരണം ലക്ഷ്യമിട്ട് പുതിയ നയരേഖ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. ദളിതരുടെ ശക്തീകരണത്തിനായുള്ള സഭയുടെ നയങ്ങള്‍ വിശദീകരിക്കുന്ന നയരേഖയുടെ പ്രകാശന വേളയില്‍ സിബിസിഐ പ്രസിഡന്‍റ് കാര്‍ഡിനല്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ്, സെക്രട്ടറി ജനറല്‍ ബിഷപ് തിയോഡര്‍ മസ്ക്കരിനാസ്, ഫരീദാബാദ് ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുള്‍പ്പെടെ പ്രമുഖ വ്യക്തികള്‍ സന്നിഹിതരായിരുന്നു.

സഭയിലെയും സമൂഹത്തിലെയും എല്ലാ രംഗങ്ങളില്‍ നിന്നും ജാതിചിന്തയും വിവേചനങ്ങളും നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുവേണ്ടിയുള്ള മുന്നൊരുക്കമായിട്ടാണ് നയരേഖ അവതരിപ്പിക്കപ്പെട്ടത്. ദളിതരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ദളിത് ക്രൈസ്തവര്‍ക്ക് നിയമപരിരക്ഷയും നീതിയും ലഭ്യമാക്കുന്നതിനും അനിവാര്യമായതെല്ലാം ചെയ്യണമെന്ന് നയരേഖ ആവശ്യപ്പെടുന്നു.

സാമൂഹിക പദ്ധതികളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും വര്‍ഷങ്ങളായി കത്തോലിക്കാ സഭ ദളിതരുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദളിതര്‍ക്കു വേണ്ടിയുള്ള സിബിസിഐ കമ്മീഷന്‍ സെക്രട്ടറി ഫാ. സഖറിയാസ് ദേവസഹായരാജ് പറഞ്ഞു. നയരേഖ പ്രകാരം ദളിതരെ പ്രതിബദ്ധതയുള്ളവരാക്കി കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ സജ്ജരാക്കുന്ന മാര്‍ഗ്ഗങ്ങളാണ് സഭ അവലംബിക്കാനാഗ്രഹിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ പുതിയ സമീപനം സഭയിലെ ദളിത് കത്തോലിക്കര്‍ക്കിടയില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിതുറക്കും. പൊതുസമൂഹത്തിനു ദളിതരോടു നവമായൊരു ആഭിമുഖ്യമുണ്ടാകുമെന്നും ദരിദ്രരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും കൂടുതല്‍ പരിഗണ ഉണ്ടാകുമെന്നും ഫാ. ദേവസഹായരാജ് പ്രത്യാശിച്ചു.

ഭാരതത്തിലെ 171 രൂപതകളിലും ദളിതരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു ക്രോഡീകരിച്ച ആശയങ്ങളും പദ്ധതികളുമാണ് 44 പേജുള്ള പുതിയ നയരേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

logo
Sathyadeepam Online
www.sathyadeepam.org