ഖാണ്ഡുവ രൂപതയിലെ യുവജനസമ്മേളനം ഹിന്ദുത്വവാദികള്‍ തടസ്സപ്പെടുത്തി

ഖാണ്ഡുവ രൂപതയിലെ യുവജനസമ്മേളനം ഹിന്ദുത്വവാദികള്‍ തടസ്സപ്പെടുത്തി

മധ്യപ്രദേശിലെ ഖാണ്ഡുവ രൂപതയിലെ കത്തോലിക്കാ യുവജനപ്രസ്ഥാനം നടത്താനിരുന്ന സമ്മേളനം ഹിന്ദുത്വ വര്‍ഗീയവാദികളുടെ അക്രമങ്ങളെ തുടര്‍ന്ന് റദ്ദാക്കേണ്ടി വന്നു. സമ്മേളനത്തിനു യുവജനങ്ങളെയും കൊണ്ടു വരികയായിരുന്ന വാഹനങ്ങള്‍ വര്‍ഗീയവാദികള്‍ വഴിയില്‍ തടഞ്ഞു. മതപരിവര്‍ത്തനത്തിനുള്ള ശ്രമമാണ് സമ്മേളനമെന്നാരോപിച്ചായിരുന്നു അക്രമം. ഖാണ്ഡുവ രൂപത എല്ലാ വര്‍ഷവും യുവജനസമ്മേളനം നടത്താറുണ്ടെന്നും കോവിഡ് മൂലം രണ്ടു വര്‍ഷം മുടങ്ങിയ ശേഷം സംഘടിപ്പിച്ച സമ്മേളനമായിരുന്നു ഇതെന്നും ഖാണ്ഡുവ രൂപതാ വക്താവ് ഫാ. ജയന്‍ അലക്‌സ് പറഞ്ഞു.

450 പേര്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിച്ച സമ്മേളനത്തിലേയ്ക്ക് ഇരുനൂറോളം പേര്‍ എത്തിക്കഴിഞ്ഞ ശേഷമാണ് അക്രമങ്ങളുണ്ടായത്. വര്‍ഗീയവാദികള്‍ സ്ഥലത്തേക്ക് പോലീസിനെ വിളിച്ചു വരുത്തുകയും യുവജനങ്ങളെ വിദ്യാഭ്യാസ ഓഫീസറുടെ ഓഫീസിലേയ്ക്കു കൊണ്ടു പോകുകയും ചെയ്തു. തങ്ങള്‍ കത്തോലിക്കാ മാതാപിതാക്കള്‍ക്കു ജനിച്ചു വളര്‍ന്നവരാണെന്നും മതംമാറ്റത്തിനു വന്നവരല്ലെന്നും യുവജനങ്ങള്‍ അവിടെ സത്യവാങ്മൂലങ്ങള്‍ നല്‍കി. അതിനു ശേഷം അവരെ വിട്ടയക്കുകയായിരുന്നു.

സൗകര്യപ്രദമായ ഒരു സമയത്ത് ഈ സമ്മേളനം രൂപത വീണ്ടും സംഘടിപ്പിക്കുമെന്നു ഫാ. ജയന്‍ അലക്‌സ് പറഞ്ഞു. യുവജനങ്ങള്‍ക്കു വ്യക്തിത്വവികസന പരിശീലനം നല്‍കാനും ദേശസ്‌നേഹം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവരെ പഠിപ്പിക്കാനുമാണ് ഇത്തരം സമ്മേളനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. സമ്മേളനം തടഞ്ഞവര്‍ക്കെതിരെ ശക്തമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണം. -ഫാ. ജയന്‍ ആവശ്യപ്പെട്ടു.

മതംമാറ്റമെന്ന ആരോപണമുയര്‍ത്തി ക്രൈസ്തവരെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നു മധ്യപ്രദേശ് കത്തോലിക്കാസഭാ വക്താവ് ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു. ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും ആക്രമിക്കാന്‍ ഹിന്ദുവര്‍ഗീയവാദികള്‍ മതംമാറ്റം ഒരു മറയാക്കുകയാണ്. ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. -ഫാ. മരിയ സ്റ്റീഫന്‍ ആവശ്യപ്പെട്ടു.

മധ്യപ്രദേശിലെ 7 കോടിയില്‍ പരം ജനങ്ങളില്‍ വെറും 0.29 ശതമാനം മാത്രമാണു ക്രൈസ്തവരെന്നും ആക്രമങ്ങള്‍ അഴിച്ചു വിടുന്നതിനു മുമ്പ് വസ്തുതകള്‍ പരിശോധിക്കാന്‍ വര്‍ഗീയവാദികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org