ക്രൈസ്തവരുടെ അരക്ഷിതാവസ്ഥ: ക്രിസ്ത്യന്‍ നേതാക്കള്‍ രാഷ്ട്രപതിക്കു നിവേദനം നല്‍കി

ക്രൈസ്തവരുടെ അരക്ഷിതാവസ്ഥ: ക്രിസ്ത്യന്‍ നേതാക്കള്‍ രാഷ്ട്രപതിക്കു നിവേദനം നല്‍കി

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്തവനേതാക്കളുടെ ഒരു പ്രതിനിധിസംഘം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ചു നിവേദനം നല്‍കി. ക്രൈസ്തവര്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ രാഷ്ട്രപതി ഇതു സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് പ്രതിനിധിസംഘത്തിന് ഉറപ്പു നല്‍കി.

ഡല്‍ഹി കത്തോലിക്കാ ആര്‍ച്ചുബിഷപ് അനില്‍ ജോസഫ് കൂട്ടോ, മെത്തോഡിസ്റ്റ് ബിഷപ് സുബോധ് മണ്ഡല്‍, പ്രൊട്ടസ്റ്റന്റ് ബിഷപ് പോള്‍ സ്വരൂപ് തുടങ്ങിയവരാണ് പ്രതിനിധിസംഘത്തിനു നേതൃത്വം നല്‍കിയത്. ഉത്തര്‍പ്രദേശിലെയും ഛത്തീസ്ഗഡിലെയും അക്രമസംഭവങ്ങള്‍ നേതാക്കള്‍ പ്രത്യേകമായി രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും ഏതാനും പേര്‍ മാത്രമാണ് ഇത്തരം അക്രമങ്ങള്‍ ചെയ്യുന്നതെന്നാണു തന്റെ വിശ്വാസമെന്നും ഇത് രാഷ്ട്രത്തിന്റെ മതേതരസ്വഭാവത്തിനു ഭീഷണിയാണെന്നും രാഷ്ട്രപതി വിശദീകരിച്ചു.

2023-ന്റെ ആദ്യ മൂന്നു മാസങ്ങളില്‍ തന്നെ ക്രൈസ്തവര്‍ക്കെതിരായ 187 അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്ക്. ഇവ ഓരോന്നും നിശ്ചിത മാനദണ്ഡങ്ങളുപയോഗിച്ച്, മതത്തിന്റെ പേരിലുള്ള മര്‍ദനങ്ങളാണെന്നു പരിശോധിച്ചുറപ്പാക്കിയവയാണ്.

മതത്തില്‍ വിശ്വസിക്കാനും ജീവിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ക്രൈസ്തവസമൂഹത്തിന് കേന്ദ്ര, സംസ്ഥാന ഭരണ കൂടങ്ങള്‍ ഉറപ്പാക്കണമെന്നു നിവേദനം ആവശ്യപ്പെടുന്നു. മനുഷ്യാവകാശ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശലംഘനങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ദേശീയ, സംസ്ഥാനതലങ്ങളില്‍ ഉണ്ടാകുകയും വേണം. ക്രൈസ്തവര്‍ക്കെതിരെ എടുത്തിട്ടുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണം. നിയമ വിരുദ്ധമായി തകര്‍ത്ത ക്രിസ്ത്യന്‍പള്ളികള്‍ പുനഃ നിര്‍മ്മിക്കണം. അക്രമം നടത്തുന്ന ആള്‍ക്കൂട്ടങ്ങള്‍ക്കെതിരെ കര്‍ക്കശ നടപടികള്‍ സ്വീകരിക്കണം. മത വിശ്വാസത്തിന്റെ പേരിലുണ്ടായ അക്രമങ്ങള്‍ മൂലം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുണ്ടായ നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണം - നിവേദനം ആവശ്യപ്പെട്ടു.

നിവേദകസംഘത്തിന്റെ വാക്കുകള്‍ രാഷ്ട്രപതി അനുഭാവപൂര്‍വം ശ്രവിക്കുകയും ക്രൈസ്തവസമൂഹം നല്‍കുന്ന സേവനങ്ങളെ ശ്ലാഘിക്കുകയും ചെയ്തു. ഒഡിഷയില്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്ത സംഭവം അവര്‍ ദുഃഖത്തോടെ അനുസ്മരിക്കുകയും അവര്‍ തന്റെ അയല്‍ക്കാരായിരുന്നു എന്നു വെളിപ്പെടുത്തുകയും ചെയ്തു.

ന്യൂഡല്‍ഹിയില്‍ ഫെബ്രുവരി 19-ന് ക്രൈസ്തവര്‍ നടത്തിയ സംയുക്ത പ്രതിഷേധവേദിയില്‍ എടുത്ത തീരുമാനപ്രകാരമാണ് നേതാക്കളുടെ പ്രതിനിധിസംഘം രാഷ്ട്രപതിയെ നേരിട്ടു സന്ദര്‍ശിച്ചു നിവേദനം നല്‍കിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org