
ക്രിസ്മസ് ദിനങ്ങളില്‍ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കര്‍ണാടകയിലും ക്രിസ്ത്യന്‍ പള്ളികളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. ജയ് ശ്രീറാം വിളികളുമായി ഹിന്ദുത്വ വര്‍ഗീയവാദികളാണ് അക്രമങ്ങള്‍ നടത്തിയത്. കര്‍ണാടകയില്‍ മതപരിവര്‍ത്തനനിരോധന നിയമം കൊണ്ടുവന്നത് അവിടത്തെ ഹിന്ദുത്വവാദികള്‍ക്കു പുതിയ ഊര്‍ജം പകര്‍ന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലും ഹരിയാനയിലും ഒന്നിലേറെയിടങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ ഇക്കഴിഞ്ഞ ആഴ്ചകളില്‍ അരങ്ങേറി.
യു പിയിലെ ആഗ്രയില്‍ മൂര്‍ദാബാദ് വിളിച്ചുകൊണ്ട് ക്രിസ്മസ് പപ്പായുടെ കോലം കത്തിക്കുകയാണു ചെയ്തത്. വാരണാസിയില്‍ മാത്രിധാം ആശ്രമത്തിനു മുമ്പില്‍ പ്രക്ഷോഭങ്ങള്‍ നടന്നു. ഹരിയാനയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുകയായിരുന്ന ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്കു മുമ്പില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കുരുക്ഷേത്രയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി തയ്യാറാക്കിയിരുന്ന വേദി ബജ്‌റംഗ്ദളുകാര്‍ കൈയേറുകയും അവരുടെ പരിപാടികള്‍ നടത്തുകയും ചെയ്തു. അംബാലയില്‍ ക്രിസ്തുവിന്റെ പ്രതിമ തകര്‍ക്കുകയും ഗുരുഗ്രാമില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ അലങ്കോലമാക്കുകയും ചെയ്തു. അസ്സമിലെ സില്‍ച്ചാറില്‍ പാതിരാകുര്‍ബാനയ്ക്കു നേരെയായിരുന്നു അതിക്രമം. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിര്‍മ്മല സ്‌കൂളിന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നേരെ കൈയ്യേറ്റമുണ്ടായി.
ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ ക്രൈസ്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായ അക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ക്രിസ്മസ് ഒരു അവസരമായി ഹിന്ദുത്വവര്‍ഗീയവാദികള്‍ കണക്കാക്കുകയായിരുന്നെന്നു വിമര്‍ശനമുയരുന്നു.