ഭരണഘടനയെ ഉയർത്തിപ്പിടിക്കണമെന്ന് രാഷ്ട്രീയ നേതാക്കളോട് സി ബി സി ഐ

ഭരണഘടനയെ ഉയർത്തിപ്പിടിക്കണമെന്ന് രാഷ്ട്രീയ നേതാക്കളോട് സി ബി സി ഐ

നീതിയോടും സ്വാതന്ത്ര്യത്തോടും സമത്വത്തോടും സാഹോദര്യത്തോടും പ്രതിബദ്ധമായ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ വിശേഷിപ്പിക്കുന്ന ഭരണഘടനയുടെ അടിസ്ഥാന ഘടന സംരക്ഷിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തണമെന്ന് രാഷ്ട്രീയ നേതാക്കളോട് സിബിസിഐ അഭ്യർത്ഥിച്ചു. ഭരണഘടനാമൂല്യങ്ങളോട് പ്രതിബദ്ധതയുള്ളവരും ദരിദ്രരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരും ആയ നേതാക്കളെ തിരഞ്ഞെടുക്കാൻ വോട്ടവകാശം ഉത്തരവാദിത്വപൂർവ്വം വിനിയോഗിക്കണമെന്ന് പൗര സമൂഹത്തോടും മെത്രാന്മാർ ആവശ്യപ്പെട്ടു.

രാജ്യത്തെ സമാധാനത്തിനും സൗഹാർദ്ദത്തിനും വേണ്ടിയുള്ള ഉപവാസ പ്രാർത്ഥന ദിനമായി മാർച്ച് 22 വെള്ളി എല്ലാ രൂപതകളിലും ആ ചരിക്കണമെന്നും ബാംഗ്ലൂരിൽ ചേർന്ന സമ്മേളനത്തിൽ സിബിസിഐ ആവശ്യപ്പെട്ടു.

നമ്മുടെ രാജ്യത്തിൻറെ സാമ്പത്തിക വികസനം വളരെ ചെറിയൊരു വിഭാഗത്തിന് മാത്രമേ പ്രയോജനം ചെയ്തിട്ടുള്ളൂ എന്നു മെത്രാന്മാർ വിലയിരുത്തി. തൊഴിലില്ലായ്മ വൻതോതിൽ വർദ്ധിച്ചു. വൻതോതിൽ ഉള്ള കുടിയേറ്റം അനേകർക്ക് ദുരിതത്തിന് കാരണമായി. ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ നമ്മുടെ ഗ്രാമീണ മേഖലകളിലേക്ക് എത്തിയിട്ടില്ല. പരിസ്ഥിതിക്ക് നാശമുണ്ടാക്കി കൊണ്ടാണ് നമ്മുടെ വികസനം പലപ്പോഴും നടക്കുന്നത്. ഭൂരഹിതരായ ആദിവാസികൾക്ക് പ്രത്യേകിച്ചും ഇത് ദോഷകരമാകുന്നുണ്ട്. തീരപ്രദേശങ്ങളിലെ മത്സ്യബന്ധന ജനതയും കർഷകരും ദുരിതത്തിലാണ്.

വിഭാഗീയ പ്രവണതകളും വിദ്വേഷ പ്രസംഗങ്ങളും മതമൗലികവാദ പ്രസ്ഥാനങ്ങളും നമ്മുടെ രാജ്യത്തിൻറെയും ഭരണഘടനയുടെയും മുഖമുദ്രകളായ ബഹുസ്വതിയെയും മതേതര സ്വഭാവത്തെയും തകർക്കുന്നുണ്ടെന്നു സിബിസിഐ കുറ്റപ്പെടുത്തി. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷാവകാശങ്ങളും ഒരിക്കലും ലംഘിക്കപ്പെടരുത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരെ ആക്രമങ്ങൾ വർദ്ധിക്കുന്നു. പള്ളികളും വീടുകളും തകർക്കപ്പെടുകയും അനാഥാലയങ്ങളിലും ഹോസ്റ്റലുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആതുര സേവന കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്നവർക്കെതിരെ ദുരാരോപണങ്ങൾ ഉന്നയിച്ച് അവരെ അധിക്ഷേപിക്കുകയും ചെയ്യുന്നു. തെറ്റായ മതപരിവർത്തന ആരോപണങ്ങൾ പതിവായിരിക്കുന്നു. മണിപ്പൂരിൽ സംഘർഷം തുടരുന്നത് ഭയജനകമാണ്.

നമ്മുടെ രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളും ഫെഡറൽ ഘടനയും ബലഹീനമാക്കപ്പെടുന്നു. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണെന്ന ദൗത്യം നിറവേറ്റുന്നില്ലെന്നും പരാതികൾ ഉണ്ട്. ഒരിക്കലും ഉണ്ടാകാത്ത തരത്തിലുള്ള മതധ്രുവീകരണം ഇപ്പോൾ ഉണ്ടായിട്ടുണ്ട്. ഇത് നമ്മുടെ രാജ്യത്തെ സാമൂഹ്യ സൗഹൃദത്തെയും ജനാധിപത്യത്തെ തന്നെയും അപകടത്തിലാക്കുന്നു.

ഈ സാഹചര്യത്തിൽ, എല്ലാ കുടുംബങ്ങളും സമൂഹങ്ങളും സ്ഥാപനങ്ങളും ഭരണഘടനാ മൂല്യങ്ങൾ സ്വാംശീകരിക്കുകയും ഉയർത്തിപ്പിടിക്കുകയും വേണം.

ക്രൈസ്തവർക്ക് പട്ടികജാതി പദവി നൽകുക, ആദിവാസി ക്രൈസ്തവർക്ക് പട്ടികവർഗ്ഗ പദവി നിഷേധിക്കാനുള്ള നീക്കങ്ങൾ ഉപേക്ഷിക്കുക ഭരണഘടന നൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സിബിസിഐ ഉന്നയിച്ചു.

പരിസ്ഥിതി സൗഹാർദപരമായ പ്രവർത്തനങ്ങൾ നടത്തണമെന്നും ജനങ്ങളെ ബോധവൽക്കരിക്കണമെന്നും ഇടവകളോടും രൂപതകളോടും ആവശ്യപ്പെട്ടു.

നിർമ്മിത ബുദ്ധിയാണ് സിബിസിഐ സമ്മേളനം ചർച്ച ചെയ്ത മറ്റൊരു പ്രധാന വിഷയം. നിർമ്മിത ബുദ്ധിയുടെ ഉത്തരവാദിത്വപൂർണ്ണമായ ഉപയോഗത്തെക്കുറിച്ച് എല്ലാവരെയും ബോധവൽക്കരിക്കാൻ രൂപതാ തല മാധ്യമ കാര്യാലയങ്ങൾ ശ്രമിക്കണമെന്ന് സിബിസിഐ നിർദ്ദേശിച്ചു. ഫലപ്രദമായ വിശ്വാസ രൂപീകരണത്തിനും സുവിശേഷ പ്രചാരണത്തിനും നിർമ്മിത ബുദ്ധി ഉപയോഗിക്കണം. നിർമ്മിതബുദ്ധി വിപ്ലവം നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുവജനങ്ങളെ പ്രാപ്തരാക്കണം.

സിബിസിഐ പ്രസിഡണ്ടായി തൃശൂർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ വീണ്ടും തിരഞ്ഞെടുത്തു. ഡൽഹി ആർച്ച് ബിഷപ്പ് അനിൽകുട്ടോ ആണ് സെക്രട്ടറി ജനറൽ. മദ്രാസ് മൈലാപ്പൂർ ആർച്ച് ബിഷപ്പ് ജോർജ് ആന്റണിസ്വാമി, ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവർ വൈസ് പ്രസിഡണ്ടുമാരായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org