വംശീയത ഇല്ലാതാക്കുന്നതിനു മുന്‍ഗണനയെന്നു മിസോറാമിലെ പുതിയ മെത്രാന്‍

വംശീയത ഇല്ലാതാക്കുന്നതിനു മുന്‍ഗണനയെന്നു മിസോറാമിലെ പുതിയ മെത്രാന്‍

ബരാക് താഴ്‌വരയിലെ വിവിധ വംശീയസമൂഹങ്ങളില്‍ ഐക്യം സ്ഥാപിക്കുക എന്നതിനായിരിക്കും തന്റെ മുന്‍ഗണനയെന്നു മിസോറാമിലെ ഐസ്വാള്‍ രൂപതയുടെ നിയുക്ത സഹായമെത്രാന്‍ ജോവാക്കിം വാള്‍ഡര്‍ പ്രസ്താവിച്ചു. മിസോറാം സംസ്ഥാനം മുഴുവനും അസ്സമിലെ മൂന്നു ജില്ലകളും ഉള്‍പ്പെടുന്നതാണ് ഐസ്വാള്‍ രൂപത. അസ്സമിലെ മൂന്നു ജില്ലകള്‍ ഉള്‍പ്പെടുന്ന ബരാക് താഴ്വരയുടെ എപ്പിസ്‌കോപ്പല്‍ വികാരിയായി സേവനം ചെയ്തു വരികയായിരുന്നു ബിഷപ് വാള്‍ഡര്‍ ഇതുവരെ.

അസ്സമിലെ മൂന്നു ജില്ലകള്‍ക്കു വേണ്ടിയാണു പ്രധാനമായും പുതിയ സഹായമെത്രാന്‍ നിയമിതനായിരിക്കുന്നതെന്നു ഐസ്വാള്‍ രൂപതാദ്ധ്യക്ഷനായ ബിഷപ് സ്റ്റീഫന്‍ റോട്ട്‌ലുവാംഗ സൂചിപ്പിച്ചു. ഈ പ്രദേശത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ സഭ നിരവധി ശ്രമങ്ങള്‍ നടത്തിക്കൊണ്ടാണിരുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നിയുക്ത ബിഷപ് വാള്‍ഡര്‍ കര്‍ണാടകയിലെ മംഗളുരു സ്വദേശിയാണ്. 1976 മുതല്‍ വടക്കു കിഴക്കനിന്ത്യയില്‍ സേവനം ചെയ്യുന്നു. ഈ പ്രദേശങ്ങളില്‍ വികാരിയായും സ്‌കൂള്‍ പ്രിന്‍സിപ്പലായും മറ്റും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമായും ഏഴു വംശീയവിഭാഗങ്ങളാണ് ഈ പ്രദേശത്തുള്ളതെന്നു ബിഷപ് പറഞ്ഞു. ഏതാണ്ട് അത്രത്തോളം തന്നെ ഭാഷകളുമുണ്ട്. 12 രൂപതാ വൈദികരും 10 സന്യാസവൈദികരുമാണ് ബരാക് മേഖലയിലുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org