പ്രവാസി വിശ്വാസിസമൂഹത്തിന്റെ നീതിക്കു വേണ്ടിയുള്ള പോരാട്ടം

പ്രവാസി വിശ്വാസിസമൂഹത്തിന്റെ നീതിക്കു വേണ്ടിയുള്ള പോരാട്ടം

അന്ധേരിയ മോഡില്‍ ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം തകര്‍ത്തതിനെതിരെ തലസ്ഥാന നഗരിയില്‍ പ്രതിഷേധങ്ങള്‍ വ്യാപിക്കുന്നു.

ഡല്‍ഹിയിലെ അന്ധേരിയ മോഡില്‍ ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം തകര്‍ത്ത അധികൃതരുടെ ക്രൂര നടപടിക്കെതിരെ ഡല്‍ഹിയിലും പുറത്തും പ്രതിഷേധം വ്യാപിക്കുന്നു. ഈ ക്രൂരമായ നടപടിക്കെതിരെ ശക്തമായും ക്രിയാത്മകമായും പ്രതീകരിക്കാനും പ്രതിഷേധിക്കാനും ഫരീദാബാദ്-ഡല്‍ഹി രൂപതയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കി. ഇതനുസരിച്ച് രൂപതയിലെ എല്ലാ ഇടവകകളിലും മിഷന്‍ സ്റ്റേഷനുകളിലും പല പ്രതിഷേധ പരിപാടികള്‍ നടത്തിവരുന്നു. ഉപവാസം, കരിദിനാചരണം, നിരാഹാരം, ധര്‍ണ, പ്രാര്‍ത്ഥനയജ്ഞം, ജപമാല പ്രദക്ഷിണം, തുടങ്ങിയ പ്രതിഷേധ-പ്രതീകരണ പരിപാടികളാണ് നടത്തിവരുന്നത്. ഫൊറോനളുടെയും ഇടവകകളുടെയും നേതൃത്വത്തില്‍ ഇതിനോടകംപല പ്രാവശ്യം ധര്‍ണ്ണയും പ്രതിഷേധ റാലികളും പ്രാര്‍ത്ഥന യജ്ഞങ്ങളും സംഘടിപ്പിച്ചു. ഇടവകകളുടെ നേതൃത്വത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വരുന്നു.

രൂപതയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികള്‍ അരങ്ങേറി. യുവജന സംഘടനയായ ഡി എസ് വൈ എം കരിദിനമാചരിച്ചും പ്രാര്‍ത്ഥനയജ്ഞം നടത്തിയും നിരാഹാരം പ്രഖ്യാപിച്ചും പ്രതിഷേധം അറിയിച്ചു. ഡി എസ് വൈ എം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ ജിതിന്‍ വടക്കേല്‍, പ്രസിഡന്റ് ഗ്ലോറി എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മറ്റ് സംഘടനകളും സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും വിവിധ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

രൂപതയിലെ പല കുടുംബങ്ങളും ഈ ക്രൂരകൃത്യത്തെ അപലപിച്ചു കൊണ്ട് പ്രതിഷേധിക്കുകയും തിരി കൊളുത്തി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പങ്കുവച്ച് പ്രതികരിച്ചു. വിവിധ ഇടവകകളില്‍ നിന്നും ആളുകള്‍ തകര്‍ക്കപ്പെട്ട പള്ളി സന്ദര്‍ശിക്കുകയും അവിടെ പ്രാര്‍ത്ഥന നടത്തുകയും തങ്ങളുടെ ദേവാലയം നഷ്ടപ്പെട്ട ലാഡോ സരായ് ഇടവകയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇടവക തലത്തിലും സംഘടന തലത്തിലും അല്ലാതെയും ധാരാളം ആളുകള്‍ എല്ലാ ദിവസവും സ്ഥലം സന്ദര്‍ശിച്ച് വരുന്നു. ജനപ്രതിനിതികള്‍ രാഷ്ട്രീയകക്ഷി നേതാക്കള്‍, മത നേതാക്കള്‍ തുടങ്ങിയ പ്രമുഖരും ദിനംപ്രതി തകര്‍ക്കപ്പെട്ട ദേവാലയം സന്ദര്‍ച്ചിച്ച് സംഭവത്തെ അപലപിക്കുകയും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും രാജ്യത്തിന് പുറത്തുമുള്ള രൂപതകളും ഇടവകകളും മറ്റ് സംഘടനകളും പ്രതികരണങ്ങള്‍ നടത്തിയതും ശ്രദ്ധേയമാണ്. ഈ സംഭവത്തിലെ അനീതി മനസ്സിലാക്കി ഇതിനെ അപലപിച്ചുകൊണ്ടും പ്രതീകരിച്ചു കൊണ്ടും പല മാധ്യമങ്ങളും മുന്നോട്ട് വന്നു. യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ ഗൂഢലക്ഷ്യങ്ങളോടെ പള്ളി തകര്‍ത്ത ഈ അനീതിക്കെതിരെ നീതി ബോധമുള്ള വ്യക്തികളും ഗ്രൂപ്പുകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതീകരിക്കുന്നതും ദേവാലയം നഷ്ടപ്പെട്ട ഡല്‍ഹിയിലെ പ്രവാസി വിശ്വാസ സമൂഹത്തിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org