
ഒഡിഷയിലെ സിന്ദുരപ്പള്ളി സാന്‍ ദാമിയാനോ കപ്പുച്ചിന്‍ മൈനര്‍ സെമിനാരിയില്‍ മൂന്നു യുവാക്കള്‍ കപ്പുച്ചിന്‍ വൈദികരായി പട്ടമേറ്റപ്പോള് അവര്‍ക്കത് അക്രമങ്ങളെ അതിജീവിച്ച് കാത്തുസൂക്ഷിച്ച ക്രൈസ്തവവിശ്വാസത്തിനു മേല്‍ ചാര്‍ത്തിയ മകുടമായി മാറി. നവാഭിഷിക്തനായ ഫാ. ആസ്പിന്‍ ഡിഗാള്‍ കാന്ധമാലിലെ ജാഗെരിമഹ ഗ്രാമത്തിലെ ജോസഫ്, എംജിനി ഡിഗാള്‍ ദമ്പതികളുടെ മകനാണ്. 2008 ല്‍ വര്‍ഗീയവാദികള്‍ കാന്ധമാലിലെ ക്രൈസ്തവരെ ആക്രമിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ കാടുകളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു അന്നു പതിനാലുകാരനായിരുന്ന ആസ്പിന്‍ ഡിഗാള്‍. നിരവധി രാത്രികളും പകലുകളും ആ ബാലന് കാടിനുള്ളില്‍ തന്നെ ചെലവഴിച്ചു. ഹേറോദോസില്‍ നിന്നു രക്ഷപ്പെടാന്‍ പലായനം ചെയ്ത തിരുക്കുടുംബത്തെയാണ് ആ ദിനങ്ങള്‍ തന്നെ ഓര്‍മ്മിപ്പിച്ചതെന്നു ഫാ. ഡിഗാള്‍ പറഞ്ഞു.
ഫാ. ഡിഗാളിനൊപ്പം പട്ടമേറ്റ ഫാ. രമേഷ് പരിച്ച, ഫാ. സാമന്ത് നായക് എന്നിവരും വര്‍ഗീയതയുടെയും ക്രൈസ്തവവിരുദ്ധതയുടെയും അനുഭവങ്ങള്‍ നേരിട്ടവരാണ്. 2008 ലെ കാന്ധമാല്‍ കലാപകാലത്ത് അയല്ജില്ലക്കാരായിരുന്ന തങ്ങളുടെ പരിസരത്തേക്കും വിദ്വേഷത്തിന്റെ അലകള്‍ എത്തിയിരുന്നതായി അവര്‍ പറഞ്ഞു.
തിരുപ്പട്ടച്ചടങ്ങുകളില് ബെറാംപൂര്‍ രൂപതാ ബിഷപ് ശരത് ചന്ദ്ര നായക് മുഖ്യകാര്‍മ്മികനായി. മൂവരുടെയും നൊവിഷ്യേറ്റ് പരിശീലനം കേരളത്തിലെ തൃശൂര്‍ ജില്ലയിലായിരുന്നു. ആന്ധ്രയിലെ ഏലുരുവിലായിരുന്നു തുടര്‍ന്നുള്ള സെമിനാരി പഠനം. കപ്പുച്ചിന്‍ സന്യാസസമൂഹത്തിന്റെ ഒഡിഷ-ആന്ധ്ര-തെലങ്കാന പ്രവിശ്യയില്‍ ഒഡിഷയില്‍ നിന്നുള്ള 31 കപ്പുച്ചിന്‍ വൈദികര്‍ ഇപ്പോഴുണ്ട്. ഒഡിഷയിലെ മൂന്നു രൂപതകളിലായി എട്ടു ഭവനങ്ങള്‍ ഇവര്‍ക്കുണ്ട്. ഇന്ത്യയിലാകെ 12 പ്രൊവിന്‍സുകളിലായി ആകെ 1200 ഓളം കപ്പുച്ചിന്‍ വൈദികരുണ്ട്.