കര്‍ണാടകയില്‍ മിഷണറിമാരെ കുറിച്ചു സര്‍വേ; സഭ ഉത്കണ്ഠ രേഖപ്പെടുത്തി

കര്‍ണാടകയില്‍ മിഷണറിമാരെ കുറിച്ചു സര്‍വേ; സഭ ഉത്കണ്ഠ രേഖപ്പെടുത്തി

ക്രിസ്ത്യന്‍ മിഷണറിമാരെ കുറിച്ചു സര്‍വേ നടത്താനുള്ള കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ നീക്കം അപകടകരമാണെന്നു സഭാനേതാക്കള്‍ പ്രസ്താവിച്ചു. അനാവശ്യവും നിഷ്ഫലവുമാണ് ഇത്തരമൊരു സര്‍വേയെന്ന് ബംഗളുരു ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ പറഞ്ഞു. സംസ്ഥാന പിന്നാക്ക, ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷണറിമാരെ കുറിച്ചു സര്‍വേ നടത്താന്‍ ഒരുങ്ങുന്നത്.
മതപരിവര്‍ത്തനത്തെ കുറിച്ചുള്ള വ്യാജപ്രചാരണങ്ങളുടെയും ക്രൈസ്തവ സന്യസ്തരോടുള്ള വിരോധത്തിന്റെയും പശ്ചാത്തലത്തില്‍ ഇത്തരം സര്‍വേകള്‍ അപകടകരമായി മാറുമെന്ന് ആര്‍ച്ചുബിഷപ് മുന്നറിയിപ്പു നല്‍കി. ക്രിസ്ത്യന്‍ ആരാധനാലയങ്ങളെയും സ്ഥാപനങ്ങളെയും വൈദികരെയും സന്യസ്തരെയുമെല്ലാം അക്രമകാരികള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനും ഉന്നമിടാനുമാണ് ഇത്തരം സര്‍വേകള്‍ സഹായിക്കുക. ഉത്തരേന്ത്യയിലും കര്‍ണാടകയിലും ക്രൈസ്തവര്‍ക്കെതിരായ ഇത്തരം അക്രമസംഭവങ്ങള്‍ ഇപ്പോള്‍ തന്നെ വര്‍ദ്ധിച്ചുവരികയാണ്. -ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി.
ക്രൈസ്തവസമൂഹത്തിന്റെ പുരോഹിതരെയും ആരാധനാലയങ്ങളെയും കുറിച്ചു മാത്രം സര്‍വേ നടത്തുന്നതിന്റെ പ്രസക്തി എന്താണെന്ന് ആര്‍ച്ചുബിഷപ് ചോദിച്ചു. സഭയുടെ ശുശ്രൂഷകരാരും ഒളിവില്‍ പ്രവര്‍ത്തിക്കുന്നവരല്ല. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ജനങ്ങള്‍ക്കിടയില്‍ നിന്നു പ്രവര്‍ത്തിക്കുന്നവരാണ് അവരെല്ലാവരും. സര്‍ക്കാരിനും ഇതറിയാവുന്നതാണ്. ക്രൈസ്തവര്‍ അനിയന്ത്രിതമായി മതംമാറ്റങ്ങള്‍ നടത്തുന്നവരാണെങ്കില്‍ കര്‍ണാടകയില്‍ ഇപ്പോഴും ക്രൈസ്തവരുടെ ജനസംഖ്യ ഇത്രയും കുറവായിരിക്കുന്നത് എന്തുകൊണ്ടാണ്? -ആര്‍ച്ചുബിഷപ് മച്ചാഡോ ആരാഞ്ഞു.
കര്‍ണാടകയിലെ 6.1 കോടി ജനങ്ങളില്‍ 84 ശതമാനം ഹിന്ദുക്കളും 13 ശതമാനം മുസ്ലീങ്ങളുമാണ്. ക്രൈസ്തവര്‍ 2 ശതമാനം മാത്രമാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org