സ്പെഷ്യല്‍ സ്കൂള്‍ പാക്കേജ് ഉടന്‍ നടപ്പിലാക്കണം: കെ.സി.ബി.സി.

Published on

സ്പെഷ്യല്‍ സ്കൂള്‍ മേഖല നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ സ്പെഷ്യല്‍ സ്കൂള്‍ പാക്കേജ് ഉടന്‍ നടപ്പിലാക്കുകയും അര്‍ഹതയുള്ള സ്ഥാപനങ്ങളുടെ പദവി എയ്ഡഡ് ആയി ഉയര്‍ത്തുകയും ചെയ്യണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയും പരിശീലനവും വേണ്ടിവരുന്ന മാനസിക വെല്ലുവിളികളുള്ള കുട്ടികളുടെ പരിശീലനത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തില്‍ 288 അംഗീകൃത സ്പെഷ്യല്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഒന്നു മാത്രമാണ് സര്‍ക്കാര്‍ നേരിട്ട് നടത്തുന്നത്. സ്പെഷ്യല്‍ സ്കൂള്‍ നടത്തിപ്പില്‍ സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാല്‍ സന്നദ്ധ സംഘടനകള്‍ ഈ സംരംഭം മുന്‍പോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. സ്പെഷ്യല്‍ സ്കൂള്‍ ജീവനക്കാര്‍ക്ക് ക്ഷേമനിധിയോ, പെന്‍ഷനോ മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ഒരു കുട്ടിക്ക് 6500 രൂപ മാത്രമാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇത് തികച്ചും അപര്യാപ്തമാണ്. അധ്യാപകര്‍ക്കാകട്ടെ 6500 രൂപയില്‍ താഴെ മാത്രമാണ് മാസവരുമാനം. സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നാളിതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ സമഗ്ര പാക്കേജ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സ്പെഷ്യല്‍ സ്കൂള്‍ ജീവനക്കാര്‍ നടത്താന്‍ പോകുന്ന അനിശ്ചിതകാല സമരത്തിന് കെസിബിസി പിന്തുണ അറിയിച്ചു. സ്പെഷ്യല്‍ സ്കൂള്‍ ജീവനക്കാരെ തെരുവിലേക്കു തള്ളിവിടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെസിബിസി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

logo
Sathyadeepam Online
www.sathyadeepam.org