ഷംഷാബാദ് രൂപത സ്ഥാപനവും മാര്‍ തട്ടിലിന്‍റെ സ്ഥാനാരോഹണവും

ഷംഷാബാദ് രൂപത സ്ഥാപനവും മാര്‍ തട്ടിലിന്‍റെ സ്ഥാനാരോഹണവും

സീറോ മലബാര്‍ സഭയുടെ ഇന്ത്യയിലെ 31-മത്തെ രൂപതയായ ഷംഷാബാദ് രൂപതയുടെ സ്ഥാപനവും പ്രഥമ മെത്രാനായി മാര്‍ റാഫേല്‍ തട്ടിലിന്‍റെ സ്ഥാനാരോഹണവും നടന്നു. 55 ബിഷപ്പുമാര്‍ പങ്കെടുത്ത തിരുക്കര്‍മ്മങ്ങളില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരുന്നു. വത്തിക്കാന്‍ പ്രതിനിധികളും നൂറുകണക്കിനു വൈദികരും സന്യാസികളും വിശ്വാസികളും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.

2010 ല്‍ തൃശൂര്‍ സഹായ മെത്രാനായി നിയമിതനായ ബിഷപ് റാഫേല്‍ തട്ടില്‍ 2014 മുതല്‍ ഇന്ത്യയിലെ സീറോമലബാര്‍ രൂപതാതിര്‍ത്തികള്‍ക്കു പുറത്തുള്ള സഭാംഗങ്ങളുടെ അജപാലനാവശ്യങ്ങള്‍ക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2017 ഒക്ടോബര്‍ 7 ന് ഷംഷാബാദ് രൂപത സ്ഥാപിച്ചുകൊണ്ട് സീറോ മലബാര്‍ രൂപതകള്‍ ഇല്ലാത്ത മേഖലകളില്‍ സഭാവിശ്വാസികള്‍ക്കായി സ്വതന്ത്രമായ അജപാലന സംവിധാനങ്ങള്‍ ഒരുക്കാനുള്ള അനുമതി വത്തിക്കാന്‍ നല്‍കി. രൂപതയുടെ അധ്യക്ഷനായി മാര്‍ തട്ടിലിനെ നിയമിക്കുകയും ചെയ്തു. 23 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പുതിയ രൂപതയുടെ കീഴില്‍ നൂറു നഗരങ്ങളിലായി കഴിയുന്ന ഒന്നേകാല്‍ ലക്ഷത്തോളം സീറോ മലബാര്‍ വിശ്വാസികളുണ്ട്. ഭാരതത്തിലെ മൂന്നു കത്തോലിക്കാ റീത്തുകള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്‍റെയും ധാരണയുടെയും പശ്ചാത്തലത്തിലാണ് പുതിയ രൂപത നിലവില്‍ വന്നതെന്നും, പരസ്പര ബഹുമാനത്തോടും സഹകരണത്തോടും സഭയില്‍ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുകയാണു ദൗത്യമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. സുവിശേഷത്തിന്‍റെ സുഗന്ധം രാജ്യം മുഴുവന്‍ പ്രസരിപ്പിക്കാനുള്ള ദൈവാനുഗ്രഹത്തിന്‍റെ ചരിത്ര മുഹൂര്‍ത്തമാണ് ഷംഷാബാദ് രൂപതയുടെ സ്ഥാപനമെന്ന് ദിവ്യബലിമധ്യേയുള്ള സുവിശേഷ സന്ദേശത്തില്‍ സിബിസിഐ പ്രസിഡന്‍റും മലങ്കര സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമ്മിസ് കാതോലിക്കാ ബാവ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org