സര്‍ഫാസിയുടെ മറവില്‍ ഭൂമാഫിയകള്‍ കര്‍ഷകഭൂമി തട്ടിയെടുക്കുന്നു: ഇന്‍ഫാം

സര്‍ഫാസി നിയമത്തിന്‍റെ മറവിലും റവന്യൂ രേഖകളില്‍ കൃത്രിമം കാട്ടിയും ബാങ്കുകളും റവന്യൂ വകുപ്പും ഭൂമാഫിയകളും ചേര്‍ന്ന് കര്‍ഷകഭൂമി തട്ടിയെടുക്കുന്നുവെന്ന് ഇന്ത്യന്‍ ഫാര്‍മേഴ്സ് മൂവ്മെന്‍റ് (ഇന്‍ഫാം) ആരോപിച്ചു. ദേശസാല്‍കൃതബാങ്കുകളിലേയും റവന്യൂ വനം ഡിപ്പാര്‍ട്ടുമെന്‍റുകളിലെയും ഉദ്യോഗസ്ഥരും ക്വാറി ഖനന ഭൂമാഫിയകളും ഒത്തുചേര്‍ന്നുള്ള വന്‍ സംഘം സംസ്ഥാനത്തുടനീളം കര്‍ഷകഭൂമി കയ്യേറുമ്പോള്‍ അന്വേഷണവും നടപടികളുമില്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒത്താശ ചെയ്യുന്നത് ഭരണവൈകല്യമാണ് സൂചിപ്പിക്കുന്നത്. ബാങ്ക് വായ്പകളിന്മേല്‍ 2018 ഒക്ടോബര്‍ 12 മുതല്‍ ഒരു വര്‍ഷത്തേയ്ക്കുള്ള മോറട്ടോറിയം ഉത്തരവ് നിലനില്‍ക്കുമ്പോള്‍ തന്നെ ബാങ്കുകള്‍ ജപ്തിനടപടികള്‍ സ്വീകരിക്കുന്നത് സര്‍ക്കാര്‍ ഉത്തരവിന്‍റെ ലംഘനമാണ്. ദേശസാല്‍കൃതബാങ്കുകളുടെ സര്‍ഫാസി നിയമപ്രകാരമുള്ള നടപടികള്‍ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നുള്ള സര്‍ക്കാര്‍ പ്രസ്താവന നിരുത്തരവാദിത്വപരമാണ്. കിടപ്പാടങ്ങള്‍ ജപ്തിചെയ്ത് ജനങ്ങളെ തെരുവിലേയ്ക്കിറക്കി വിടരുതെന്നുള്ള മാനുഷികപരിഗണനയും നിര്‍ദ്ദേശവും അവഗണിച്ച് കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്നവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കുവാന്‍ ബന്ധപ്പെട്ട ഭരണവകുപ്പുകള്‍ തയ്യാറാകണം. മോറട്ടോറിയം കാലയളവില്‍തന്നെ 32 കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തത് ബാങ്കുകളുടെ ജപ്തിഭീഷണി മൂലമാണ്.

പ്രളയദുരന്തവും വിലത്തകര്‍ച്ചയും കടക്കെണിയും മൂലം ജീവി തം വഴിമുട്ടുമ്പോള്‍ ഭീഷണിയല്ല, തിരിച്ചടവിനുള്ള സാവകാശമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. മോറട്ടോറിയം സംബന്ധിച്ച് 2019 മാര്‍ച്ച് 5-ലെ മന്ത്രിസഭാതീരുമാനവും അട്ടിമറിച്ചത് ഈ മാഫിയകളുടെ പിന്‍ ബലത്തിലാണ്. ചെറുകിട കര്‍ഷകരുള്‍പ്പെടെ 5 ലക്ഷത്തില്‍ താഴെ വായ്പ കുടിശിഖയുള്ള ജനവിഭാഗത്തിന്‍റെ തിരിച്ചടവിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുകയും ഇതിനായി പ്രകടനപത്രിക ഇറക്കി അധികാരത്തിലിരിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇന്‍ഫാം ആവശ്യപ്പെട്ടു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org