മോണ്‍. ജോര്‍ജ് ഓലിയപ്പുറം വൈദികരത്നം പ്രഫ. മാത്യു ഉലകംതറ സഭാതാരം

മോണ്‍. ജോര്‍ജ് ഓലിയപ്പുറം വൈദികരത്നം പ്രഫ. മാത്യു ഉലകംതറ സഭാതാരം
Published on

സീറോ മലബാര്‍ സഭ സിനഡിന്‍റെ വൈദികരത്നം പുരസ്കാരം കോതമംഗലം രൂപത പ്രോട്ടോ സിഞ്ചല്ലൂസ് മോണ്‍. ജോര്‍ജ് ഓലിയപ്പുറത്തിന്. സിനഡിന്‍റെ സഭാതാരം പുരസ്കാരത്തിനു സാഹിത്യകാരന്‍ പ്രഫ. മാത്യു ഉലകംതറ അര്‍ഹനായി. സഭയ്ക്കും സമൂഹത്തിനും വിവിധ മേഖലകളില്‍ നല്‍കിയ സമഗ്രസംഭാവനകള്‍ക്കുള്ള ആദരമായാണു പുരസ്കാരങ്ങള്‍ നല്‍കുന്നത്.

74 കാരനായ മോണ്‍. ജോര്‍ജ് ഓലിയപ്പുറം കോതമംഗലം സെന്‍റ് ജോര്‍ജ് കത്തീഡ്രല്‍ ഇടവകാംഗമാണ്. ആലുവ പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍, പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫി പ്രസിഡന്‍റ്, രൂപത ചാന്‍സലര്‍, സിഎംഎല്‍, കെസിഎസ്എല്‍, വിജ്ഞാനഭവന്‍, കാത്തലിക് ചാരിറ്റീസ് എന്നിവയുടെ രൂപത ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2015 മുതല്‍ പ്രോട്ടോ സിഞ്ചല്ലൂസായി സേവനം ചെയ്യുന്ന മോണ്‍. ഓലിയപ്പുറം ധ്യാനഗുരുവും വാഗ്മിയുമാണ്.

ചങ്ങനാശേരി അതിരൂപതയിലെ കോട്ടയം കുടമാളൂര്‍ ഇടവകാംഗമാണു 88 കാരനായ പ്രഫ. മാത്യു ഉലകംതറ. മൂന്നു പതിറ്റാണ്ടിലധികം തേവര എസ്എച്ച് കോളജില്‍ മലയാളം അധ്യാപകനായിരുന്നു. കേരള, എംജി സര്‍വകലാശാലകളുടെ പരീക്ഷാ ബോര്‍ഡിന്‍റെയും ബോര്‍ഡ് ഓഫ് സ്റ്റഡീസിന്‍റെയും ചെയര്‍മാന്‍, ടെക്സ്റ്റ്ബുക്ക് കമ്മിറ്റി, ഓറിയന്‍റല്‍ ഫാക്കല്‍ട്ടി കമ്മിറ്റി എന്നിവയില്‍ അംഗം, സംസ്കൃത സര്‍വകലാശാലയില്‍ ഓണററി പ്രഫസര്‍, വിവിധ സെമിനാരികളില്‍ അധ്യാപകന്‍, സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ കലാസമിതി പ്രസിഡന്‍റ് എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.

ക്രിസ്തുഗാഥ മഹാകാവ്യത്തിന്‍റെ രചയിതാവായ പ്രഫ. ഉലകംതറ 37 ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. കെസിബിസി പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചു.

logo
Sathyadeepam Online
www.sathyadeepam.org