പരേതനായ ഫാ. സ്റ്റാന്‍ സ്വാമിയെ ഒരു ഭീകവാദക്കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കേസ് കേള്‍ക്കുന്നതില്‍ നിന്ന് മഹാരാഷ്ട്ര ഹൈക്കോടതിയിലെ എട്ടാമത്തെ ജഡ്ജിയും പിന്മാറി.
കേസില്‍ നിഷ്പക്ഷത പാലിക്കാന്‍ കഴിയില്ലെന്ന സംശയമുണ്ടെങ്കില്‍ കേസ് കേള്‍ക്കേണ്ടതില്ലെന്ന വ്യവസ്ഥ ഉപയോഗിച്ച് ഈ കേസ് ഒഴിവാക്കുന്ന തുടര്‍ച്ചയായ എട്ടാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് രേവതി മൊഹിതെ ദെരെ.
പ്രധാനമന്ത്രിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഭീമ കോറെഗാവ് കേസില്‍ സ്റ്റാന്‍ സ്വാമിയടക്കം പതിനാറ് സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ ഏഴു വര്‍ഷം മുമ്പു ചുമത്തപ്പെട്ടത്.
ഫാ. ഫ്രേസര്‍ മസ്‌ക്രിനാസ് എസ് ജെ യെ ആണ് ഈശോസഭ ഈ കേസ് നടത്തുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. കേസ് തികച്ചും ഫാ. സ്റ്റാന്‍ സ്വാമിക്കനുകൂലമായതുകൊണ്ടാണ് എട്ടു ജഡ്ജിമാര്‍ ഇതില്‍ നിന്നു പിന്മാറിയതെന്ന് ഫാ. മസ്‌ക്രിനാസ് ആരോപിച്ചു.
ഭരണകൂടത്തിന്റെ അപ്രീതി ഭയക്കുകയാണ് ജഡ്ജിമാര്‍. സ്റ്റാന്‍ സ്വാമിക്കു നീതി നിഷേധിക്കപ്പെടുന്നതിന്റെ വ്യക്തമായ തെളിവാണ് ഈ കേസിന്റെ മാറ്റിവയ്ക്കല്‍, അദ്ദേഹം വിശദീകരിച്ചു.
84 കാരനായ ഫാ. സ്റ്റാന്‍ സ്വാമിയെ രാജ്യദ്രോഹമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ജാര്‍ഖണ്ഡില്‍ നിന്ന് അറസ്റ്റ് ചെയ്തു മുംബൈയില്‍ തടവിലാക്കിയത് 2020 ലാണ്. പാര്‍കിന്‍സണ്‍സ് രോഗിയായിരുന്ന അദ്ദേഹത്തിനു വെള്ളം കുടിക്കാനുള്ള സൗകര്യം പോലും നിഷേധിക്കപ്പെട്ടു.
മതിയായ ചികിത്സകളും ലഭിച്ചില്ല. തടവില്‍ കിടന്നുള്ള അദ്ദേഹത്തിന്റെ മരണം ഭരണകൂടം നടത്തിയ കൊലപാതകമാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.