റവ. ഡോ. ജോസഫ് ഓടനാട്ട് : ഫരീദാബാദ്-ഡല്‍ഹി രൂപത വികാരി ജനറാള്‍

റവ. ഡോ. ജോസഫ് ഓടനാട്ട് : ഫരീദാബാദ്-ഡല്‍ഹി രൂപത വികാരി ജനറാള്‍

ഫരിദാബാദ്: ഫരീദാബാദ്-ഡല്‍ഹി രൂപതാ വികാരി ജനറാളായി ഫാദര്‍ ജോസഫ് ഓടനാട്ട് 2020 ജൂലൈ 31-ന് ചുമതലയേറ്റു. എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ. ജോസഫ് ഓടനാട്ട് 1992-ല്‍ കര്‍ദിനാള്‍ ആന്റണി പടിയറയില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചശേഷം തന്റെ പൗരോഹിത്യ ശുശ്രൂഷകള്‍ ആരംഭിക്കുന്നത് മുംബൈയിലെ കല്യാണ്‍ രൂപതയിലാണ്. കല്യാണ്‍രൂപത മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന്റെ സെക്രട്ടറിയായും, രൂപത മതബോധന ഡയറക്ടറായും, അതോടൊപ്പം വിവിധ ഇടവകകളില്‍ വികാരിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഉപരിപഠനാര്‍ത്ഥം റോമിലേക്ക് പോയ ഫാ. ജോസഫ് ഓടനാട്ട് ദൈവശാസ്ത്രത്തില്‍ റോമിലെ ലാറ്ററന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ലൈസന്‍ഷിയേറ്റും, ഉര്‍ബന്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. തുടര്‍ന്ന് എറണാകുളം അതിരൂപതയില്‍ തിരിച്ചെത്തി കാഞ്ഞൂര്‍, സാന്‍ജോപുരം, ഉദയംപേരൂര്‍, തുതിയൂര്‍, കടവന്ത്ര, അയിരൂര്‍, വൈക്കം നടേല്‍ എന്നീ ഇടവകകളില്‍ സേവനമനുഷ്ഠിച്ചു. ഇതിനിടെ 2004-2006 വര്‍ഷങ്ങളില്‍ ഡല്‍ഹി സീറോ മലബാര്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഡല്‍ഹി മിഷന്‍ കേന്ദ്രത്തിലും, വിവിധ ഇടവകകളിലും സേവനം ചെയ്തിട്ടുണ്ട്. 2000-2003 വര്‍ഷങ്ങളില്‍ സേവ് എ ഫാമിലി പ്ലാന്‍ ഇന്ത്യയുടേയും, കാനഡയുടെയും ഡയറക്ടറായി സേവനം അനുഷ്ഠിച്ചു. 2017 മുതല്‍ കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ അധ്യാപകനായി സേവനം ചെ്തുവരുമ്പോഴാണ് ഫരീദാബാദ് രൂപതയുടെ വികാരി ജനറാളായി ഫാ. ജോസഫ് ഓടനാട്ട് നിയമിതനായിരിക്കുന്നത്. ഇതു രണ്ടാം തവണയാണ് ഡല്‍ഹിയില്‍ മോണ്‍. ജോസഫ് ഓടനാട്ട് ഫരീദാബാദ് രൂപതയിലെ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്കു വേണ്ടി സേവനം ചെയ്യാന്‍ എത്തുന്നത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org