
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് വരാനിരിക്കെ, വോട്ടര്‍ പട്ടികയില്‍ നിന്ന് ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും പേരുകള്‍ വന്‍തോതില്‍ നീക്കം ചെയ്യുന്നതായി ക്രൈസ്തവനേതാക്കള്‍ ചൂണ്ടിക്കാട്ടി. ബംഗളുരു നഗരത്തിലെ ശിവാജിനഗര്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 9195 പേരുകളാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതില്‍ എണ്ണായിരത്തിലധികം ക്രൈസ്തവരും മുസ്ലീങ്ങളുമാണ്. സംസ്ഥാനം ഭരിക്കുന്ന ബി ജെ പി, ഭരണം നിലനിറുത്തുന്നതിനു വേണ്ടിയാണ് ഇതു ചെയ്യുന്നതെന്നു സംശയിക്കാവുന്നതായി ക്രൈസ്തവനേതാക്കള്‍ പറഞ്ഞു. ശിവാജിനഗര്‍ മണ്ഡലത്തിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി, ബംഗളുരു അതിരൂപതയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ സന്ദര്‍ശിച്ചു. ബംഗളുരു നഗരത്തിലെ മറ്റു നിരവധി മണ്ഡലങ്ങളില്‍ ഇതേ കുറ്റകൃത്യം നടന്നതായി തങ്ങള്‍ ഭയപ്പെടുന്നതായി അതിരൂപതാ വക്താവ് ജെ എ കാന്ത് രാജ് പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നു പരിശോധിക്കാന്‍ എല്ലാ കത്തോലിക്കരോടും ആവശ്യപ്പെടുന്ന ഒരു പ്രചാരണപരിപാടി ഇടവകകള്‍ തോറും നടത്തി വരികയാണ് ഇതേതുടര്‍ന്ന് അതിരൂപത.
ശിവാജിനഗര്‍ മണ്ഡലത്തിലെ ഇപ്പോഴത്തെ എം എല്‍ എ, കോണ്‍ഗ്രസ് നേതാവായ റിസ്വാന്‍ അര്‍ഷദ് വോട്ടര്‍ പട്ടികയിലെ തിരിമറിക്കെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെടുത്തുന്ന പരിപാടിയാണിതെന്നും ഇതിനെതിരെ കര്‍ക്കശ നടപടികളുണ്ടാകണമെന്നും ബംഗളുരു ഹൈക്കോടതിയിലെ റിട്ട. ജസ്റ്റിസ് മൈക്കള്‍ സല്‍ദാന പ്രസ്താവിച്ചു.