അന്ധേരിയ മോഡ് പള്ളി അന്യായമായി തകര്‍ത്തതിനെതിരെ പ്രതിഷേധം തുടരുന്നു

അന്ധേരിയ മോഡ് പള്ളി അന്യായമായി തകര്‍ത്തതിനെതിരെ പ്രതിഷേധം തുടരുന്നു

ന്യൂഡല്‍ഹിയിലെ അന്ധേരിയ മോഡ് പള്ളി അന്യായമായി തകര്‍ത്തതിനെതിരെ സമാധാനപരമായ പ്രതിഷേധം തുടരണമെന്ന് ആഹ്വാനം ചെയ്ത് ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര

അന്ധേരിയ മോഡിലെ സിറോ മലബാര്‍ ദേവാലയം അന്യായമായി അധികൃതര്‍ തകര്‍ത്തത് സംബന്ധിച്ച് ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഇടയലേഖനം പുറത്തിറക്കി. പള്ളി തകര്‍ത്ത നിര്‍ഭാഗ്യകരമായ സംഭവത്തില്‍ അദ്ദേഹം വേദനയും ദുഖവും പ്രകടിപ്പിക്കുകയും അധികാരികളുടെ അതിക്രമങ്ങള്‍ നിമിത്തം ദേവാലയം നഷ്ടപ്പെട്ട വിശ്വസ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

പള്ളി തകര്‍ത്തതില്‍ അധികൃതരുടെ ഭാഗത്തുനിന്ന് നിയമനടപടി ക്രമങ്ങളുടെ ഗുരുതരമായ ലംഘനമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.ശരിയായ രീതിയില്‍ നോട്ടീസ് പോലും നല്‍കാതെയാണ് ജൂലൈ 12 തിങ്കളാഴ്ച രാവിലെ അവര്‍ ഈ ക്രൂരകൃത്യം നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂലൈ 9 വെള്ളിയാഴ്ച വൈകുന്നേരം പള്ളിയുടെ ഗേറ്റില്‍ ബിഡിഒ ഒപ്പിട്ട ഒരു നോട്ടീസ് പതിപ്പിക്കുകയായിരുന്നു. ഇടവക വികാരിയോ ഇടവകയിലെ ഉത്തരവാദിത്വപ്പെട്ട മറ്റാരെങ്കിലുമോ അത് ഒപ്പിട്ട് കൈപ്പറ്റിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ ഒന്‍പതാം തിയതി വെള്ളിയാഴ്ച വൈകുന്നേരം ഗേറ്റില്‍ നോട്ടീസ് പതിപ്പിച്ചതിലൂടെ തുടര്‍ന്നുള്ള ദിവസങ്ങളായ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും അവധി ദിവസങ്ങളായതിനാല്‍ നിയമ സഹായം തേടുന്നതില്‍ അധികൃതര്‍ മനപൂര്‍വം തടസം സൃഷ്ടിക്കുകയായിരുന്നു എന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഇടവകക്കാരില്‍ ഒരാള്‍ ഇടവകയ്ക്ക് ഇഷ്ടദാനം നല്‍കിയതാണ് ഈ ഭൂമി എന്നും അദ്ദേഹം മുന്‍ ഉടമയില്‍ നിന്ന് വില നല്‍കി നിയമപരമായി ഇത് വാങ്ങിയതാണെന്നും അതിനാല്‍ ഭൂമി കൈയേറ്റം ചെയ്യപ്പെട്ടുവെന്ന സോഷ്യല്‍ മീഡിയയില്‍ അടുത്തിടെയായി നടക്കുന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം തന്റെ ലേഖനത്തിലൂടെ വ്യക്തമാക്കി. രണ്ടായിരത്തിലധികം അംഗങ്ങളുള്ള ഈ ഇടവക പത്ത് വര്‍ഷത്തിലേറെയായി ആത്മീയ ആവശ്യങ്ങള്‍ക്കായി ഈ ദേവാലയം ഉപയോഗിച്ചിരുന്നു എന്നും അതിന്റെ നിയമപരമായ എല്ലാ നികുതികളും വൈദ്യുതി, വെള്ളം എന്നിവയുടെ ബില്ലുകളും കൃത്യമായി അടച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംഭവത്തില്‍ തലസ്ഥാന നഗരത്തിലുള്ള പ്രവാസി സമൂഹത്തിന് നീതി നിഷേധിക്കപ്പെട്ടുവെന്നത് നഗ്‌നസത്യമാണെന്നും സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതാക്കളുടെയും ഇടപെടലിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ രൂപത പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്യായമായി പള്ളി തകര്‍ത്ത അധികൃതരുടെ ഈ നടപടിക്കെതിരെ രൂപത തലത്തിലും രൂപതയിലെ ഇടവകകള്‍ വഴിയും സംഘടനകള്‍ വഴിയും പ്രതിഷേധങ്ങള്‍ക്ക് പദ്ധതി ഒരുക്കിയിട്ടുണ്ടെന്നും രൂപതയുടെ എല്ലാ പരിശ്രമങ്ങളിലും ഏവരും സഹകരിക്കണമെന്നും എല്ലാത്തിലും ഉപരിയായി പ്രശ്‌ന പരിഹാരത്തിനായി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രവാസി സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത സഭാ അധികാരികളെയും കേരളത്തിലും പുറത്തുമുള്ള രൂപതകളെയും ഇടവകകളെയും സംഘടനകളെയും മറ്റെല്ലാവരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org