കര്‍ണാടകയില്‍ മതംമാറ്റനിരോധനനിയമം നിയമസഭ പാസ്സാക്കി

കര്‍ണാടകയില്‍ മതംമാറ്റനിരോധനനിയമം നിയമസഭ പാസ്സാക്കി

സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പോലും ഭീഷണിയുടെ നിഴലില്‍ ആക്കാന്‍ കഴിയുന്ന തരത്തിലുള്ള കര്‍ക്കശമായ മതംമാറ്റനിരോധന ബില്‍ കര്‍ണാടക നിയമസഭ പാസ്സാക്കി. അസംബ്ലിയില്‍ ഇത് 2021 ല്‍ പാസ്സാക്കിയിരുന്നു. എന്നാല്‍ കൗണ്‍സിലില്‍ ആവശ്യമായത്ര പിന്തുണ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഓര്‍ഡിനന്‍സായി നിയമം നടപ്പാക്കിയിരുന്നു. ഇപ്പോള്‍ കൗണ്‍സിലിലും ആവശ്യമായ ഭൂരിപക്ഷം എത്തിയതിനെ തുടര്‍ന്ന് അവിടെയും അവതരിപ്പിച്ചു നിയമമാക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് മതസ്വാതന്ത്ര്യസംരക്ഷണാവകാശമെന്ന പേരിലുള്ള ബില്‍ അവതരിപ്പിച്ചത്.

ആഴമേറിയ അസ്വസ്ഥതയും വേദനയും ഉളവാക്കുന്നതാണ് കര്‍ണാടകയിലെ ക്രൈസ്തവസമൂഹത്തിനാകെ ഈ നിയമമെന്നു ബംഗളുരു അതിരൂപത പത്രക്കുറിപ്പില്‍ പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസേവനം എന്നീ തലങ്ങളിലെല്ലാം സമൂഹത്തിനു നല്‍കിയ നിസ്വാര്‍ത്ഥസേവനങ്ങളുടെ പേരില്‍ തങ്ങള്‍ ചതിക്കപ്പെട്ടുവെന്ന വികാരമാണ് ക്രൈസ്തവസമൂഹത്തിനുള്ളത്. രാജ്യത്തിന്റെ മതേതരഘടന ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊപ്പം ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഇതിനകം തന്നെ സുപ്രീം കോടതിയില്‍ ഈ നിയമത്തിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. -പ്രസ്താവന വിശദീകരിക്കുന്നു.

നിയമസഭയില്‍ ഭരണകക്ഷി ഭൂരിപക്ഷം സമ്പാദിച്ചപ്പോള്‍ തന്നെ ബില്‍ നിയമമാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കര്‍ണാടക കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ വക്താവ് ഫാ. ഫൗസ്റ്റിന്‍ ലോബോ പറഞ്ഞു. മതസ്വാതന്ത്ര്യസംരക്ഷണമെന്നാണു നിയമത്തിന്റെ പേരെങ്കിലും അതിനു നേരെ എതിരായ വിധത്തിലാണ് ഇതു പ്രവര്‍ത്തിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും രൂപത്തിലുള്ള മതപരിവര്‍ത്തനത്തില്‍ ആരോപണവിധേയരാകുന്നവര്‍ക്കെതിരെ പോലും കര്‍ക്കശമായ നടപടികളാണ് ബില്‍ വ്യവസ്ഥ ചെയ്യുത്. ബിജെപി ഭരിക്കുന്ന ഇതരസംസ്ഥാനങ്ങളില്‍ കൊണ്ടുവന്നിട്ടുള്ള സമാനനിയമങ്ങളേക്കാള്‍ ക്രൂരമായ വ്യവസ്ഥകളാണ് കര്‍ണാടകയിലെ നിയമത്തിലുള്ളത്. നിയമം കൈയിലെടുക്കാന്‍ ആള്‍ക്കൂട്ടത്തിന് അവസരം നല്‍കുന്നതും സഭയുടെ സേവനങ്ങളെയെല്ലാം മതംമാറ്റലക്ഷ്യത്തോടെയാണെന്നു ആരോപിക്കാനിടയാക്കുന്നതുമാണ് നിയമവ്യവസ്ഥകള്‍. - അദ്ദേഹം വിശദീകരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org