വിശാല കാഴ്ചപ്പാടുകളോടെ സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ സജീവമാക്കണം -കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

വിശാല കാഴ്ചപ്പാടുകളോടെ സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ സജീവമാക്കണം -കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

മാറുന്ന കാലഘട്ടത്തിന്‍റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടു സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കേണ്ടതുണ്ടെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സീറോ മലബാര്‍ സഭാദിനാഘോഷം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുമപ്പുറം, വിശ്വാസത്തില്‍ അടിയുറച്ച ബോധ്യങ്ങള്‍ അനേകരിലേക്കു പകരുകയാണു പ്രേഷിതപ്രവര്‍ത്തനങ്ങളുടെ കാതല്‍. പ്രേഷിതവര്യനായ വിശുദ്ധ തോമാശ്ലീഹായുടെ വഴികളെ പുതിയ കാലഘട്ടത്തില്‍ ഫലപ്രദമായി അടയാളപ്പെടുത്താന്‍ സാധിക്കേണ്ടതുണ്ട്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളോടു കൂടുതല്‍ സ്നേഹവും കരുണയും നമുക്കുണ്ടാകണം. സഭയുടെ തലങ്ങളില്‍ നിന്നു സമൂഹത്തിന്‍റെ വ്യത്യസ്ത മേഖലകളിലേക്കു പ്രേഷിത ചൈതന്യം വ്യാപിക്കണം. സമൂഹത്തിന്‍റെ സമഗ്രമായ വളര്‍ച്ചയില്‍ സഭാശുശ്രൂഷകളുടെ നന്മയും പ്രതിഫലിക്കേണ്ടതുണ്ട് – മേജര്‍ ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു.

ഛാന്ദാ രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ് മാര്‍ വിജയാനന്ദ് നെടുംപുറം പതാക ഉയര്‍ത്തി. മേജര്‍ ആര്‍ച്ച്ബിഷപ്പിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ റാസ കുര്‍ബാനയില്‍ സത്ന രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ വചനസന്ദേശം നല്‍കി. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആര്‍ച്ച്ഡീക്കനായി. ഉച്ചയ്ക്കുശേഷം മേജര്‍ ആര്‍ച്ച്ബിഷപ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ ഹൃദയശസ്ത്രക്രിയ വിദഗ്ധനും എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം മുഖ്യപ്രഭാഷണം നടത്തി. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ബിഷപ് മാര്‍ ജോസഫ് കുന്നത്ത്, ബിഷപ് മാര്‍ വിജയാനന്ദ് നെടുംപുറം, കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്‍റണി കൊള്ളന്നൂര്‍, സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. മാത്യു പുളിമൂട്ടില്‍, ജനറല്‍ കണ്‍വീനര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ മുട്ടം തൊട്ടില്‍, ഫാ. മൈക്കിള്‍ കാരികുന്നേല്‍, സിസ്റ്റര്‍ എല്‍സി സേവ്യര്‍, ബിജു പറയന്നിലം, ഡോ. കെ.വി. റീത്താമ്മ, അഞ്ജന ട്രീസ ജോസ്, സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സീറോ മലബാര്‍ രൂപതകളില്‍ നിന്നും സന്യാസ സമൂഹങ്ങളില്‍ നിന്നും പ്രതിനിധികള്‍ സഭാദിനാഘോഷത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org