പ്രളയക്കെടുതിയില്‍ നിന്നുള്ള മോചനത്തിനായി പ്രാര്‍ത്ഥിക്കാന്‍ കെസിബിസി ആഹ്വാനം

അതിവൃഷ്ടിമൂലവും വിവിധ അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടേണ്ടി വന്നതിനാലും കേരളത്തെ ബാധിച്ചിരിക്കുന്ന ഗുരുതരമായ പ്രളയക്കെടുതിയില്‍നിന്ന് കേരളജനതയ്ക്കു മോചനം ലഭിക്കാനും ദുരന്തമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം ലഭിക്കാനും ദൈവസന്നിധിയിലേക്ക് പ്രാര്‍ത്ഥനയുടെ കരങ്ങളുയര്‍ത്താന്‍ എല്ലാ മനുഷ്യരെയും കെസിബിസി ആഹ്വാനം ചെയ്തു. എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും സ്ഥാപനങ്ങളി ലും ഈ നിയോഗത്തിനുവേണ്ടി ദിവ്യകാരുണ്യസന്നിധിയില്‍ സമൂഹപ്രാര്‍ത്ഥന നടത്തണമെന്ന് മെ ത്രാന്‍ സമിതി ആവശ്യപ്പെട്ടു. വിശുദ്ധബലിയര്‍പ്പണം, ദിവ്യകാരുണ്യ ആരാധന, ജപമാല, പരിത്യാഗ പ്രവൃത്തികള്‍ തുടങ്ങിയ ഭക്താഭ്യാസങ്ങളിലൂടെ അവശത അനുഭവിക്കുന്നവരുടെ ആശ്വാസത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണം.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു നേരത്തെ ഉപവാസത്തിലൂടെയെങ്കിലും, 2018 ആഗസ്റ്റ് മാസം 26-ാം തീയതിയോടുകൂടി പിരിച്ചെടുക്കുന്ന തുക കെസിബിസി സെക്രട്ടറിയേറ്റില്‍ എത്തിക്കണമെന്നും ഇതു സംബന്ധിച്ചു മെത്രാന്‍ സമിതി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. എല്ലാ സന്ന്യസ്തസമൂഹങ്ങളും കത്തോലിക്കാസ്ഥാപനങ്ങളും ഇടവകകളും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായി സഹകരിക്കണം. ഇത്തരത്തില്‍ കെസിബിസി സമാഹരിക്കുന്ന തുക ഭാരതത്തിലെ എല്ലാ രൂപതകളില്‍നിന്നും ശേഖരിക്കുന്ന സംഭാവനകളുമായി കൂട്ടിച്ചേര്‍ത്ത് സിബിസിഐയുടെ ആഭിമുഖ്യത്തില്‍ കാരിത്താസ് ഇന്ത്യ വഴി കേരളത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.

കത്തോലിക്കാ സ്ഥാപനങ്ങളില്‍ നല്ലൊരു പങ്കും ഇപ്പോള്‍ത്തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ടെന്നും വലിയ തോതില്‍ സാമ്പത്തികവും അല്ലാതെയുമുള്ള സമാഹരണങ്ങള്‍ ദുരിതബാധിതര്‍ക്കായി ഇടവകതോറും നടക്കുന്നുണ്ടെന്നും അനുസ്മരിപ്പിക്കുന്ന സര്‍ക്കുലറില്‍, കഴിയുന്ന എല്ലാവിധത്തിലും സര്‍ക്കാരിന്‍റെയും മറ്റു സന്നദ്ധ സംഘടനകളുടെയും ദുരിതനിവാരണ പരിപാടികളോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സഭയുടെ എല്ലാ സംവിധാനങ്ങളും പ്രാദേശികതലത്തില്‍ ശ്രദ്ധ വയ്ക്കണമെന്നു നിര്‍ദേശിക്കുന്നു.

കെസിബിസിയുടെ സാമൂഹിക ക്ഷേമവിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറവും കാരിത്താസ് ഇന്ത്യയും രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളും സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ത്തന്നെയുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും, സര്‍ക്കാരുമായി സഹകരിച്ച് ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായി പങ്കുചേരാനും എല്ലാവരും പരിശ്രമിക്കണമെന്നും കെസിബിസി ആഹ്വാനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org